അത്യുത്തര കേരളത്തിന്റെ പത്ര പൈതൃകം
മലയാളത്തില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചിട്ട് 165 വര്‍ഷം പൂര്‍ത്തിയായി. കേരളത്തിലെ പത്രപ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചതാകട്ടെ ഉത്തര മലബാറില്‍ നിന്നും. സര്‍ക്കസ്സിനും ക്രിക്കറ്റിനും ബേക്കറിക്കും പേരുകേട്ട തലശ്ശേരി തന്നെയാണ് പത്ര പ്രവര്‍ത്തനത്തിന്റെയും ഉത്ഭവ കേന്ദ്രം. തലശ്ശേരിക്ക് സമീപമുള്ള ഇല്ലിക്കുന്നില്‍ നിന്ന് ജര്‍മ്മന്‍കാരനായ ഹെര്‍മന്‍ഗുണ്ടര്‍ട്ടാണ് മലയാളത്തിലെ ആദ്യ പത്രം പുറത്തിറക്കിയത്. ആരെയും വിസ്മയിപ്പിക്കുന്നു ആ ചരിത്ര കൗതുകം.
1847 ജൂണില്‍ പ്രസിദ്ധീകരണമാരംഭിച്ച 'രാജ്യസമാചാര'മാണ് പ്രഥമ കേരളീയ പത്രം. തൊട്ടടുത്ത വര്‍ഷം അവിടെ നിന്നു തന്നെ മറ്റൊരു പത്രം കൂടി പുറത്തിറങ്ങി. - 'പശ്ചിമോദയം'. ഉത്തര മലബാറിലെ ക്രൈസ്തവ മത പ്രചാരണാര്‍ത്ഥം ബാസല്‍മിഷനാണ് ഈ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്. 1874-ല്‍ മംഗലാപുരത്തെ ബാസല്‍ മിഷന്‍ പ്രസ്സില്‍ നിന്ന് 'കേരളോപകാരി' എന്ന മാസികയും പ്രസിദ്ധീകരിക്കുകയുണ്ടായി. അത്യുത്തര കേരളത്തിലെ വൃത്താന്ത പത്രമണ്ഡലം അങ്ങനെ ക്രമേണ വികസിച്ചു വന്നു. ദേശീയ പ്രസ്ഥാനവും സ്വാതന്ത്ര്യ സമരവും പുരോഗമനാശയങ്ങളും നാടെമ്പാടും അലയടിച്ചപ്പോള്‍ അത്യുത്തര കേരളത്തിന്റെ പത്ര പ്രവര്‍ത്തന മേഖലയേയും അത് ആഴത്തില്‍ സ്വാധീനിച്ചു. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയെന്ന അദ്വിതീയ പ്രതിഭയുടെ തേജസ്സ് വടക്കന്‍ മണ്ണിലെ പത്രപ്രവര്‍ത്തന മണ്ഡലത്തിന് അക്കാലത്ത് ശക്തിയും ചൈതന്യവും പകര്‍ന്നു. കൊടികുത്തി വാണ അനീതിക്കും അധര്‍മ്മത്തിനുമെതിരെ വിരല്‍ചൂണ്ടി എക്കാലവും സധൈര്യം ശബ്ദിക്കുകയും എഴുതുകയും ചെയ്തതിന്റെ പേരില്‍ തിരുവിതാംകൂറില്‍ നിന്ന് നാടുകടത്തപ്പെട്ട ഉത്തുംഗശീര്‍ഷനായ ആ പത്രപ്രവര്‍ത്താനാചാര്യന്റെ ജീവിതാന്ത്യം കണ്ണൂരിലായിരുന്നുവല്ലോ. തത്ത്വാധിഷ്ഠിതമായ പത്രപ്രവര്‍ത്തനശൈലിയാല്‍ അത്തരം പത്രപ്രവര്‍ത്തകര്‍ നാടിന്റെ പ്രകാശഗോപുരങ്ങളായി. ബഹുമുഖ പ്രതിഭയായ മൂര്‍ക്കോത്ത് കുമാരന്‍, അദ്ദേഹത്തിന്റെ കീര്‍ത്തിമാനായ പുത്രന്‍ മൂര്‍ക്കോത്ത് കുഞ്ഞപ്പ, സഞ്ജയന്‍ എന്ന തൂലികാനാമത്തില്‍ കേരളീയ ഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയ എം.ആര്‍ നായര്‍, കേസരിനായനാര്‍, മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, മഹാകവി കുട്ടമത്ത്, താഴക്കാട്ടുമനയില്‍ ഉണ്ണികൃഷ്ണന്‍ തിരുമുമ്പ്, മഹാകവി ടി. എസ്. തിരുമുമ്പ്, സി.എച്ച്. കുഞ്ഞപ്പ, വി.കരുണാകരന്‍ നമ്പ്യാര്‍, പാമ്പന്‍ മാധവന്‍, ഇ.കെ. നായനാര്‍, പവനന്‍, സി.പി.ശ്രീധരന്‍, ഡോ.സുകുമാര്‍ അഴീക്കോട്, എ.സി.കണ്ണന്‍ നായര്‍, ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍,
പി.വി.കെ നെടുങ്ങാടി, സി.എച്ച് കണാരന്‍, ടി. ഉബൈദ് സാഹിബ്, അതിയാമ്പൂര്‍ വി. കുഞ്ഞികൃഷ്ണന്‍, മേലത്ത് നാരായണന്‍ നമ്പ്യാര്‍, തുടങ്ങിയ നിരവധി പ്രതിഭാശാലികള്‍ അത്യുത്തരകേരളത്തിന്റെ പത്രപ്രവര്‍ത്തന മേഖലയ്ക്ക് ഊടും പാവും നെയ്തു. ഉത്തര മലബാറിനെ സ്വാതന്ത്ര്യ സമരത്തിന്റെയും ദേശീയ പ്രസ്ഥാനത്തിന്റെയും തട്ടകമാക്കി മാറ്റിയതില്‍ ഈ മനീഷികള്‍ വഹിച്ച പങ്ക് വലുതാണ്. രാഷ്ട്രീയത്തോടൊപ്പം സാഹിത്യ- സാംസ്‌കാരിക പത്ര പ്രവര്‍ത്തന മണ്ഡലങ്ങളുടെ സമന്വയങ്ങളിലൂടെ അവര്‍ ഈ നാടിനെ ഉഴുതു മറിച്ചു. അതുവഴി മൂല്യാധിഷ്ഠിത രാഷ്ട്രീയത്തില്‍ ഊന്നിയ ദിശാബോധവും പ്രതിബദ്ധതയുമുള്ള ഉജ്ജ്വലമായ പത്ര പ്രവര്‍ത്തനശൈലി ഈ മണ്ണില്‍ ഉയിര്‍ കൊണ്ടു.
പില്‍ക്കാലത്ത് അത്യുത്തരകേരളം സംഭാവന ചെയ്ത പ്രതിഭാധനരായ പത്രപ്രവര്‍ത്തകരുടെ ഗണത്തില്‍ അഖിലേന്ത്യാ പ്രശസ്തര്‍ വരെയുണ്ട്. ലിങ്ക് വാരികയുടെയും പാട്രിയറ്റ് ദിനപത്രത്തിന്റെയും തലപ്പത്തുണ്ടായിരുന്ന എടത്തട്ട നാരായണനും ചെറുകുന്ന് സ്വദേശിയായ ടി.വി.കെ.യും മറ്റും അതില്‍ ഉള്‍പ്പെടുന്നു. ഏറെക്കാലം ഇന്ദ്രപ്രസ്ഥത്തില്‍ നിറഞ്ഞു നിന്ന പത്രപ്രവര്‍ത്തന കുലപതികളാണവര്‍. ഇന്ത്യയുടെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചവര്‍. കേരളീയ പത്രപ്രവര്‍ത്തന മേഖലക്ക് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച പത്രപ്രവര്‍ത്തകര്‍ ഏറെയാണ് ഉത്തരകേരളത്തിലുള്ളത്. ബാലകൃഷ്ണന്‍ മാങ്ങാട് (മലയാള മനോരമ), കെ.എം. അഹ്മദ് (മാതൃഭൂമി), റഹ്മാന്‍ തായലങ്ങാടി(ചന്ദ്രിക), മംഗലാട്ട് രാഘവന്‍, കെ.പി. വിജയന്‍, വി.രവീന്ദ്രനാഥ്, കെ.പി. മോഹനന്‍, എം. അബ്ദുല്‍റഹ്മാന്‍... അങ്ങനെ എത്രയെത്ര പ്രഗത്ഭ വ്യക്തിത്വങ്ങള്‍!
പത്രപ്രവര്‍ത്തന-സാമൂഹ്യ- സാംസ്‌കാരിക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കെ.എം. അഹ്മദ് സ്ഥാപക പത്രാധിപരായി ആരംഭിച്ച 'ഉത്തരദേശം' കാസര്‍കോട് ജില്ല യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച പത്രമാണ്. ദീര്‍ഘകാലം പ്രമുഖ പത്രങ്ങളെല്ലാം കോഴിക്കോട് എഡിഷനില്‍ ഒതുങ്ങി നിന്ന് വടക്കോട്ടു നീങ്ങാതിരുന്നപ്പോള്‍ ഈ ഭൂമികയിലെ കഴിവുറ്റ പത്രപ്രവര്‍ത്തകര്‍ അക്ഷീണ പ്രയത്‌നങ്ങളിലൂടെ ഈ പ്രദേശത്തെയും മുഖ്യധാരയിലേക്കുയര്‍ത്തി. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം പത്രപ്രവര്‍ത്തന മേഖലയ്ക്ക് വലിയ രൂപപരിണാമങ്ങള്‍ വന്നു. ശാസ്ത്ര സാങ്കേതിക പുരോഗതി പത്രപ്രവര്‍ത്തന രംഗത്തെയും മാറ്റി മറിച്ചു. പില്‍ക്കാലത്ത് മിക്ക പ്രമുഖ പത്രങ്ങളും കണ്ണൂരില്‍ വേരുകളാഴ്ത്തി. എഴുപതുകള്‍ക്കു ശേഷം സായാഹ്ന പത്രങ്ങള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണായി മാറി അത്യുത്തരകേരളം. കാസര്‍കോട്ട് നിന്ന് പ്രസിദ്ധീകരിക്കുന്ന 'ഉത്തരദേശം', 'കാരവല്‍' എന്നിവയും കാഞ്ഞങ്ങാട്ട് നിന്നുള്ള 'ലേറ്റസ്റ്റും', 'ജന്മദേശ'വും, അടുത്തകാലത്ത് തുടങ്ങിയ 'മലബാര്‍ വാര്‍ത്ത'യുമെല്ലാം കാലത്തിന്റെയും ദേശത്തിന്റെയും ദീപ്ത മുദ്രകള്‍ ചാര്‍ത്തിയ മധ്യാഹ്ന-സായാഹ്ന പത്രങ്ങളാണ്. ഗള്‍ഫ്‌നാടുകളില്‍ പോലും പ്രചാരമുള്ള പത്രങ്ങലാണ് ഉത്തരദേശവും ലേറ്റസ്റ്റും.
കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സായാഹ്നപത്രങ്ങളും ജനങ്ങളെ ഏറെ സ്വാധീനിച്ചു.
കേരളീയ പത്രപ്രവര്‍ത്തന ചരിത്രത്തിന്റെ വേരുകള്‍ തേടിപ്പോകുമ്പോള്‍ നമുക്ക് തെക്ക് തലശ്ശേരി മുതല്‍ വടക്ക് മംഗലാപുരം വരെ യാത്ര ചെയ്യേണ്ടി വരും.
പല കാലങ്ങളിലൂടെയുള്ള ആ സഞ്ചാരപഥം ഏറെ അറിവും അനുഭവവും പകരുന്നു. കല്ലച്ചില്‍ നിന്ന് കമ്പ്യൂട്ടറിലേക്കുള്ള വഴിത്താരയിലൂടെയാണ് ഇവിടത്തെ പത്രങ്ങള്‍ സഞ്ചരിച്ചത്. സ്വാതന്ത്ര്യ സമരത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും ചൂടും ചൂരും ഉള്‍ക്കൊണ്ട ആദ്യകാല പത്രപ്രവര്‍ത്തനവും സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള മാറിയ മുഖവും അടിയന്തിരാവസ്ഥ തൊട്ട് ആഗോളവല്‍ക്കരണം വരെ നീളുന്ന പരിണാമങ്ങളും വടക്കിന്റെ പത്രപ്രവര്‍ത്തന മേഖലയെയും ആഴത്തില്‍ സ്വാധീനിച്ചു. സ്വാതന്ത്ര്യലബ്ധിക്കു മുമ്പും ശേഷവുമുള്ള രണ്ടുകാലങ്ങളുടെ അനുഭവ സാക്ഷ്യമാണ് അത് നമുക്ക് കാട്ടിത്തരുന്നത്. 1930കളില്‍ മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ കണ്ണൂരില്‍ നിന്ന് പ്രസിദ്ധീകരിച്ച 'നവജീവന്‍' വാരിക ദേശീയ പ്രസ്ഥാന കാലത്തെ കണ്ണൂരിന്റെ മുഖപത്രം പോലെയാണ് വര്‍ത്തിച്ചത്. ബ്രിട്ടീഷുകാരുടെ കണ്ണിലെ കരടായിരുന്നു അത്. കവിയും പണ്ഡിതനുമായിരുന്ന എം. കെ. കുഞ്ഞിരാമന്‍ വൈദ്യരുടെ ഉടമസ്ഥതയില്‍ കണ്ണൂരില്‍ നിന്ന് പ്രസിദ്ധീകരിച്ച 'കേരള ചന്ദ്രിക' എന്ന വാര്‍ത്താധിഷ്ഠിത മാസികയുടെ പത്രാധിപര്‍ മഹാകവി കുട്ടമത്തായിരുന്നു. പി.വി.കെ. നെടുങ്ങാടിയുടെ 'ദേശമിത്രവും' പില്‍ക്കാലത്ത് ശ്രദ്ധനേടി. വിഖ്യാത സാമൂഹിക പരിഷ്‌കര്‍ത്താവും ദേശീയ പ്രസ്ഥാന നായകനുമായിരുന്ന മുഹമ്മദ് ശെറുല്‍ സാഹിബ്ബ് 1930 കളില്‍ കന്നഡയിലും മലയാളത്തിലും പത്ര മാസികകള്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. മഹാകവി ടി. ഉബൈദിന്റെ നേതൃത്വത്തില്‍ 1960കളില്‍ കാസര്‍കോട്ടു നിന്നും പ്രസിദ്ധീകരിച്ച 'മലയാള ശബ്ദം' സാഹിത്യസാംസ്‌കാരിക മണ്ഡലങ്ങളുടെ പരിച്ഛേദമായിരുന്നു. ശൂരനാട് കുഞ്ഞന്‍ പിള്ള, മഹാകവി പി, സി.പി. ശ്രീധരന്‍ തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാരും പുതിയ എഴുത്തുകാരും 'മലയാളരാജ്യ'ത്തെ സമ്പന്നമാക്കി. മുന്‍ മന്ത്രിയും പ്രമുഖ സഹകാരിയും സ്വാതന്ത്ര്യ സമര നായകനുമായ എന്‍.കെ. ബാലകൃഷ്ണന്‍ പത്രാധിപര്‍ എന്ന നിലയിലും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച 'ക്രാന്ത ദര്‍ശി' എന്ന പത്രം ഒരു കാലത്ത് ഉത്തരകേരളത്തിലുടനീളം ശ്രദ്ധ നേടിയിരുന്നു. കാഞ്ഞങ്ങാട്ട് നിന്ന് അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ 'കാരവല്‍' എന്ന വാരിക പില്‍ക്കാലത്ത് യശ:ശരീരനായ കെ.എം. അഹ്മദ് സായാഹ്ന പത്രമായി പ്രസിദ്ധീകരിച്ചു. പിന്നീട് എസ്. സുരേന്ദ്രന്‍ ഏറ്റെടുത്തു. വാരാന്തപ്പതിപ്പുകളുള്ള സായാഹ്ന പത്രങ്ങളെന്ന നിലയില്‍ 'ഉത്തരദേശവും' 'ലേറ്റസ്റ്റും' 'കാരവലും' കേരളത്തിലെ പത്രലോകത്ത് വേറിട്ടു നില്‍ക്കുന്നു. പഴയകാല കവികളും എഴുത്തുകാരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പത്രപ്രവര്‍ത്തകരായിരുന്നു. ഇ.എം.എസ് ''പാടുന്ന പടവാള്‍'' എന്ന് വിശേഷിപ്പിച്ച ടി.എസ് തിരുമുമ്പിന് പത്ര പ്രവര്‍ത്തനം സ്വാതന്ത്ര്യസമരം തന്നെയായിരുന്നു. 1920- കളില്‍ പ്രസിദ്ധീകരിച്ച 'ദേശബന്ധു' മാസിക മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ മാസികയായിരുന്നു. മഹാകവി ടി.എസ് തിരുമുമ്പായിരുന്നു ഈ പ്രസിദ്ധീകരണത്തിന്റെ ശക്തിധാര. ദേശീയ പ്രസ്ഥാനകാലത്ത് ചെറുത്തുനില്‍പ്പിന്റെ പത്രപ്രവര്‍ത്തനം കാസര്‍കോട് ജില്ലയില്‍ ആഴത്തിലാണ് വേരൂന്നിയത്. പ്രമുഖസ്വാതന്ത്ര്യ സമരനായകന്‍ എ.സി. കണ്ണന്‍ നായരുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടുനിന്ന് പ്രസിദ്ധീകരിച്ച 'ശക്തി' മാസിക ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഉറക്കം കെടുത്തി. കാലാന്തരത്തില്‍ കേരളീയ പത്രപ്രവര്‍ത്തന രംഗത്തെ ക്രമാനുഗതമായ വളര്‍ച്ചയും രൂപ പരിണാമങ്ങളും വടക്കേയറ്റത്തെ പത്രപ്രവര്‍ത്തന മേഖലയെയും സ്വാധീനിച്ചു. മാറ്റത്തിന്റെ പാതയിലൂടെ കുതിപ്പും കിതപ്പും പിന്നിട്ടു കൊണ്ട് ആ യാത്ര തുടരുകയാണ് ഈ പ്രദേശത്തെ പത്രപ്രവര്‍ത്തക സമൂഹം.
സ്വാതന്ത്ര്യലബ്ധി തൊട്ട് വര്‍ത്തമാന കാലം വരെ നീളുന്ന അത്യുത്തരകേരളത്തിന്റെ പത്രപ്രവര്‍ത്തനം വാസ്തവത്തില്‍ ഐതിഹാസികമായ ഒരു വിജയഗാഥ തന്നെയാണ്. കേരളത്തിന്റെ മുഖ്യധാരയില്‍ നിന്ന് പല കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോയ ഈ ഭൂമികയുടെ വികസനത്തിനും പുരോഗതിക്കും സാമൂഹികവും സാംസ്‌കാരികവുമായ വളര്‍ച്ചയ്ക്കുമായി ചെറുതും വലുതുമായ പത്രങ്ങള്‍ വഹിച്ച പങ്ക് ഗണനീയമാണ്. മണ്‍മറഞ്ഞവരും ജീവിച്ചിരിക്കുന്നവരും അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ അനേകമനേകം പത്രപ്രവര്‍ത്തകരുടെ അക്ഷീണ പ്രയത്‌നത്തിന്റെ ഫലമായാണ് അത്യുത്തരകേരളത്തിന്റെ അവികസിതാവസ്ഥക്ക് മോചനമായത്. കാസര്‍കോട് ജില്ലയുടെ രൂപവല്‍ക്കരണത്തിനു തന്നെ കളമൊരുക്കിയത് പത്രങ്ങളുടെ ശ്രമഫലമായാണ്. മലയാള പത്രങ്ങളെന്നപോലെ ഇവിടുത്തെ കന്നഡ പത്രങ്ങളും നാടിന്റെ മുന്നേറ്റത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കാസര്‍കോട്ട് നിന്നുള്ള ആദ്യത്തെ കന്നഡ പത്രം 'നാടപ്രേമി' യാണ്. കേരളപ്പിറവിക്ക് മുമ്പ് കര്‍ണാടക സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നത് ഈ പത്രമായിരുന്നു. 'പ്രജാവാണി' പത്രഗ്രൂപ്പിന്റെ ലേഖകനായിരുന്ന എം.വി.ബള്ളുള്ളായ, 'നവഭാരത്' പത്രത്തിന്റെ ലേഖകന്‍ ദാമോദര അഗ്ഗിത്തായ, ഹിന്ദുവിന്റെ ലേഖകന്‍ കെ.എന്‍. അഡിഗ, ബാലകൃഷ്ണ പുത്തിഗെ, എം. ഗംഗാധര ഭട്ട്, പ്രൊ. വേണുഗോപാല കാസര്‍കോട് തുടങ്ങിയ ശ്രദ്ധേയരായ കന്നഡ പത്രപ്രവര്‍ത്തകര്‍. കാരവല്‍ കന്നഡയിലും മലയാളത്തിലും ഇറങ്ങുന്നു. 'ഗഡിനാഡു, 'ബയ്യെ മല്ലിെഗെ, കാസര്‍കോട് 'സമാചാര്‍', 'പ്രതിസൂര്യ' തുടങ്ങിയ കന്നഡ സായാഹ്ന പത്രങ്ങള്‍ ഒരു കാലത്ത് കാസര്‍കോട്ടെ കര്‍ണ്ണാടക സംസ്‌കൃതിയുടെ കണ്ണാടിയായിരുന്നു. മംഗലാപുരത്തും മണിപ്പാലിലും ബംഗളുരുവില്‍ നിന്നുമുള്ള കന്നഡ പ്രഭാതപത്രങ്ങള്‍ കാസര്‍കോട്ടെത്തുന്നുണ്ടെങ്കിലും ഇവിടെ നിന്ന് പ്രസിദ്ധീകരിക്കുന്ന മദ്ധ്യാഹ്ന- സായാഹ്ന കന്നഡ പത്രങ്ങള്‍ തന്നെയാണ് ഭാഷാ ന്യൂനപക്ഷത്തിന് ഇന്നും ഇഷ്ട പത്രങ്ങള്‍. കേരളീയ പത്രലോകത്തിന് അത്യുത്തര കേരളം ജന്മം നല്‍കിയ പ്രതിഭാശാലികളായ പത്രപ്രവര്‍ത്തകര്‍ നിരവധിയാണ.് തലമുതിര്‍ന്നവരെപ്പോലെ പുതുതലമുറയില്‍പ്പെട്ട മിടുക്കരായ പത്രപ്രവര്‍ത്തകരും ഏറെ യുണ്ട്. പത്രപ്രവര്‍ത്തന രംഗത്തും സാഹിത്യമണ്ഡലത്തിലും ഒരു പോലെ നിറശോഭചൊരിഞ്ഞ സി.പി. ശ്രീധരനും സുകുമാര്‍ അഴീക്കോടും വി. കരുണാകരന്‍ നമ്പ്യാരും ശ്രദ്ധേയ വ്യക്തിത്വങ്ങളാണ്. അത്യുത്തര കേരളത്തിന്റെ അഭിമാന സ്തംഭങ്ങളാണ്. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് വര്‍ഷങ്ങളോളം കാസര്‍കോട്ട് പത്രപ്രവര്‍ത്തകനായിരുന്നു. ടി.എച്ച്. കോടമ്പുഴ, മാത്യു കദളിക്കാട്, മാങ്ങാട് രത്‌നാകരന്‍, ജോണ്‍ ബ്രിട്ടാസ്, എം. വി. നികേഷ് കുമാര്‍, വെങ്കിടേഷ് രാമകൃഷ്ണന്‍, പി.പി.ശശീന്ദ്രന്‍, സി.പി. വിജയകൃഷ്ണന്‍, മനിയേരി മാധവന്‍, കെ. ബാലകൃഷ്ണന്‍, എ.വി. അനില്‍കുമാര്‍, കെ.ടി. ശശി, അന്തരിച്ച നരിക്കുട്ടി മോഹനന്‍, സുരേന്ദ്രന്‍ നീലേശ്വരം, കെ.കൃഷ്ണന്‍ തുടങ്ങിയ അനേകം പ്രതിഭാധനര്‍. ദിവംഗതരായ ടി.കെ.കെ നായര്‍, വെള്ളൂര്‍ പി.കെ. നാരായണന്‍ നമ്പ്യാര്‍, നാങ്കി അബ്ദുള്ള മാസ്റ്റര്‍, എം.വി. ദാമോദരന്‍ തുടങ്ങിയ പ്രാദേശിക ലേഖകര്‍ ഈ ഭൂമികയിലെ മുന്‍കാല പ്രാദേശിക പത്ര പ്രവര്‍ത്തന രംഗത്തെ വഴിവിളക്കുകളാണ്. ഇവിടെ പേര് പരാമര്‍ശിക്കാത്തവരായും ഏറെയുണ്ട്.
V.V.Prabhakaran
writerOther Articles