അനന്തതയിലേക്കുള്ള പ്രയാണം
'എന്നാണ് ഞാന്‍ ജനിച്ചതെന്നറിയില്ല! കുഞ്ഞു കണങ്ങളായി ചിതറിത്തെറിച്ച് നിഗൂഢമായ പ്രപഞ്ചത്തില്‍ അലഞ്ഞതോര്‍ക്കുന്നു, ചുറ്റും പ്രകാശത്തിന്റെ നിരവധി കോടി സ്ഫുലിംഗങ്ങള്‍! എവിടെയോ ഉജ്ജ്വലമായി പ്രകാശിക്കുന്ന ഒരു ഒരു നക്ഷത്രം എന്നെ നോക്കി പുഞ്ചിരിക്കുന്നു, കൈകള്‍ നീട്ടി എന്നെ ആലിംഗനം ചെയ്യാനൊരുങ്ങുന്നു. ആ വെളിച്ചത്തില്‍ ഞാന്‍ അലിഞ്ഞു ചേര്‍ന്നതേ എനിക്കോര്‍മ്മയുള്ളൂ.
ഞാനിതെവിടെയാണ്? എന്റെ ചുറ്റിലും പച്ചപ്പ് തിളങ്ങുന്നത് ഞാനറിയുന്നുണ്ട്, എവിടെ നിന്നോ കിളികളുടെ സ്വര്‍ഗീയമായ നാദം എനിക്ക് കേള്‍ക്കാം. തണുപ്പായി എന്റെ ശരീരത്തില്‍ സ്പര്‍ശിക്കുന്ന ഇളം കാറ്റിനെയറിയാം. ആകാശങ്ങളില്‍ നിന്ന് കൊരിച്ചൊരിയുന്ന മഴയ്ക്ക് കീഴെ നില്‍ക്കുമ്പോള്‍ അന്നാദ്യമായി ഞാനാശിച്ചു.
എനിക്ക് ഒരു ശരീരം വേണം, എന്നെ ഞാനെന്ന് വിളിക്കാന്‍ ഒരു ശരീരം!
പ്രീത് നമ്പ്യാരുടെ അനന്തതയിലേക്കുള്ള പ്രയാണം എന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിലെ ആദ്യ കവിത തുടങ്ങുന്നതിങ്ങനെയാണ്. പത്തു ഭാഗങ്ങളുള്ള കവിതയിലെ ഓരോ ഭാഗവും കവിയുടെ ഓരോ ജന്മങ്ങളുടെയും കഥ പറയുന്നു. ചെടികളായും, പക്ഷികളായും, നാസ്തികനായും സൂഫിയായും കവിയുടെ രൂപാന്തരണങ്ങള്‍ വായിക്കുമ്പോള്‍, സമാഹാരത്തെക്കുറിച്ചുള്ള ഇംഗ്ലണ്ടിലെ പ്രശസ്ത കവിയും നിരൂപകനുമായ ഡോ. അലന്‍ ജേക്കബ് അഭിപ്രായപ്പെട്ടത് പോലെ അഭൗമമായ ഒരു തലത്തിലേക്കാണ് വായനക്കാര്‍ എത്തിപ്പെടുന്നത്. ഒരുപക്ഷെ സമകാലീന കവികളില്‍ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും ആഖ്യാനത്തിലെ ഈ സൗന്ദര്യവും അതിലുപരി നിഗൂഢതയുമാണ്.
ആധുനിക ഇംഗ്ലീഷ് സാഹിത്യത്തിലെ കാല്‍പനിക, യോഗാത്മക വിഭാഗത്തില്‍ ശ്രദ്ധേയനായ എഴുത്തുകാരനും, തത്വചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമാണ് പ്രീത് നമ്പ്യാര്‍ . കേരളത്തില്‍ വടക്കേ മലബാറിലെ പുരാതനമായ ഒരു കുടുംബത്തില്‍ ജനിച്ച അദ്ദേഹം വളരെ ചെറു പ്രായത്തില്‍ തന്നെ സാഹിത്യലോകത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിലെ മുഖ്യധാരാ സമ്പ്രദായങ്ങളില്‍ നിന്നും മാറി കവിതകളില്‍ സൗന്ദര്യത്തിന്റെയും നിഗൂഢാത്മകതയുടെയും സൂക്ഷ്മദര്‍ശനങ്ങളെ ആവാഹിച്ച അദ്ദേഹം ഗദ്യസാഹിത്യത്തില്‍ പുതിയ തലമുറയ്ക്ക് ഒരു പുതിയ അനുഭവമായി കരുതപ്പെടുന്നു.
1978 ആഗസ്ത് 27ന് കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് അജാനൂര്‍ ഗ്രാമത്തില്‍ സരസ്വതി അമ്മയുടെയും കാനാ പത്മനാഭന്‍ നമ്പ്യാരുടെയും മകനായി ജനിച്ച പ്രീത് പയ്യന്നൂരിലെ വെള്ളൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലും വെള്ളിക്കോത്ത് മഹാകവി പി. സ്മാരക ഗവണ്‍മെന്റ് ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദ പഠനം ചെയ്തു. പിന്നീട് മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ്, ചിക്കമഗളൂര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം തുടര്‍ന്നു. ശ്രിംഗേരി മഠത്തില്‍ ശ്രീ ഗിരിധര ശാസ്ത്രികളുടെ ശിഷ്യനായി വേദപഠനം ചെയ്തശേഷം ഇംഗ്ലീഷ് ഭാഷാധ്യയനത്തിലെക്കു പ്രവേശിക്കുകയായിരുന്നു.
കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം തലവനായി മാലിദ്വീപില്‍ സേവനമനുഷ്ഠിച്ച പ്രീത് നമ്പ്യാര്‍ ഡല്‍ഹി ആസ്ഥാനമായ ദ പോയെട്രി സൊസൈറ്റി ഓഫ് ഇന്ത്യ, ഗ്ലോബല്‍ ഫ്രറ്റെര്‍നിറ്റി ഓഫ് പോയെറ്റ്‌സ്, എര്‍ത്ത് വിഷന്‍ പബ്ലിക്കേഷന്‍ എന്നീ സ്ഥാപനങ്ങളുടെയും, പനോരമ ലിറ്ററേറിയ എന്ന അന്താരാഷ്ട്ര ഗവേഷണ പ്രസിദ്ധീകരണത്തിന്റെയും എഡിറ്ററാണ്. സാഹിത്യ വിദ്യാഭ്യാസ മേഖലകളില്‍ അനേകം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫിയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
പ്രഥമ കവിതാസമാഹാരമായ ദ വോയേജ് റ്റു എറ്റെണിറ്റി (അനശ്വരതയിലേക്കുള്ള പ്രയാണം) എന്ന പുസ്തകത്തിന് ഡോ. എം.ജി ഗാന്ധി അന്താരാഷ്ട്ര കവിതാ പുരസ്‌കാരം ലഭിച്ചു. ഡല്‍ഹിയില്‍ വെച്ച് നടന്ന അന്താരാഷ്ട്ര കവി സമ്മേളനത്തില്‍വെച്ച് ചീഫ് ജസ്റ്റീസ് ഡി.എസ് ദിവേതിയയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. ഇംഗ്ലീഷ് സാഹിത്യത്തിലെ നിഗൂഢാത്മക കവിതാ വിഭാഗത്തിലാണ് പുരസ്‌കാരം. കബീര്‍ദാസും തുളസീദാസും ഭക്ത മീരയും ഉള്‍പ്പെടുന്ന പുരാതന കവികളുടെ ആദ്ധ്യാത്മിക യോഗ ദര്‍ശനത്തിന്റെയും ആധുനിക സാഹിത്യത്തില്‍ ശ്രീ ടാഗോര്‍ പ്രതിനിധാനം ചെയ്യുന്ന നിഗൂഢാത്മക സാഹിത്യത്തിന്റെയും അപൂര്‍വ്വ മിശ്രണമാണ് പ്രീത് നമ്പ്യാരുടെ കവിതകളെന്ന് ജൂറി അഭിപ്രായപ്പെട്ടത്.
പ്രീത് നമ്പ്യാര്‍ എന്ന് ലോകമറിയുന്ന എഴുത്തുകാരനും ഒട്ടേറെ അവസ്ഥാന്തരങ്ങളിലൂടെയാണ് കടന്നുപോയിരിക്കുന്നത്. പുരാതനമായ ഒരു കുടുംബത്തില്‍ സൈനികനായ കെ. പത്മനാഭന്‍ നമ്പ്യാരുടെയും സരസ്വതി അമ്മയുടെയും ഏക മകനായി ജനനം. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണത്തില്‍ തുടങ്ങിയ മറുനാടന്‍ ജീവിതം. ഒടുവില്‍ പയ്യന്നൂരിലെ വെള്ളൂരിലെ വിശാലമായ വീട്ടിലെ ഏകാന്തവാസം. മുത്തശ്ശിയും അമ്മയും പ്രാരാബ്ദങ്ങളുമായി മല്ലിടുമ്പോള്‍ പറമ്പിലെ പടര്‍ന്നുപന്തലിച്ച മാവിന്റെ ശിഖരങ്ങളില്‍ ചാഞ്ഞുകിടന്ന് ആകാശത്തേക്ക് നോക്കി. അവിടെ തന്റെ ചിന്തകളെപ്പോലെ അനാഥരായി അലയുന്ന മേഘങ്ങളുണ്ടായിരുന്നു, സ്വപ്‌നങ്ങളെപ്പോലെ ആകാശത്തിന്റെ അതിരുകളിലേക്ക് പറന്നകലുന്ന പറവകളുണ്ടായിരുന്നു. ഒരു പക്ഷെ കുഞ്ഞു മനസ്സില്‍ കവിതയുടെ ഉറവ് പൊട്ടുന്നത് അവിടെ വെച്ചായിരുന്നു.
കവിതയെന്നോ, കഥയെന്നോ ഒന്നും തിരിച്ചറിയുവാനുള്ള പ്രായമായിരുന്നില്ല. ആരും അതൊട്ട് ശ്രദ്ധിച്ചതുമില്ല. തൊട്ടടുത്ത വെള്ളൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലേക്കുള്ള യാത്രകള്‍ പ്രിയപ്പെട്ടതായിരുന്നു, സ്‌കൂളില്‍ ഉച്ചനേരത്ത് വരിയായി നിന്ന് ചൂടുള്ള കഞ്ഞിയും ചെറുപയറും വാങ്ങുന്നതാകും രാവിലെ മുതല്‍ ചിന്ത. പലപ്പോഴും ആരുമറിയാതെ തനിക്കെന്ന വ്യാജേന ചെറുപയര്‍ വാങ്ങി വീട്ടിലേക്കോടി പറമ്പിലെ പച്ചിലകളും കപ്പളങ്ങയും വേവിച്ച് മുളക് വാട്ടിച്ചേര്‍ത്ത് ഉച്ചഭക്ഷണമാസ്വദിക്കുന്ന മുത്തശ്ശിയുടെ അടുത്തേക്ക്. അതേ മുത്തശ്ശി തന്നെയാണ് കഥകളിലൂടെ ആ ബാലന്റെ മനസ്സിനെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചത്.
തറവാട് പൊളിച്ച് കുടുംബാംഗങ്ങള്‍ തറക്കല്ലുവരെ ഭാഗം വെച്ചപ്പോള്‍, ആ ബാല്യം കാഞ്ഞങ്ങാട്ടെ മാതൃഗൃഹത്തിലെത്തി. ഒട്ടേറെ സാംസ്‌കാരിക നായകര്‍ക്ക് പിറവിയേകിയ വെള്ളിക്കോത്ത് എന്ന ഗ്രാമം കവിക്കും ആതിഥ്യമേകി. മഹാകവി പി. സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം, കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ ഇംഗ്ലീഷ് സാഹിത്യ പഠനം, ഒടുവില്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജില്‍ വിവര സാങ്കേതിക വിദ്യയിലെത്തി നിന്ന വിദ്യാഭ്യാസം. പക്ഷെ എന്നോ മനസ്സില്‍ താലോലിച്ച സ്വപ്‌നങ്ങളെ തേടി ചിക്കമഗളൂരിലെ ലക്ഷ്മീ നാരായണ റാവു ആയുര്‍വേദ കോളേജിലെത്തുകയായിരുന്നു നിയോഗം.
മരുന്നിന്റെ മണമുള്ള ഇടനാഴികളും അവിടെ ഊഴം കാത്തിരിക്കുന്ന രോഗികളും നൊമ്പരമായി മാറിയപ്പോള്‍, മഞ്ഞുപെയ്യുന്ന തേയിലത്തോട്ടങ്ങളും, സുഗന്ധം പരത്തുന്ന കാപ്പിത്തോട്ടങ്ങളും പക്ഷെ പ്രീതിനു വേണ്ടി കരുതിയിരുന്നത് മറ്റൊന്നായിരുന്നു. പഠനത്തിന്റെ ഭാഗമായി തൊട്ടടുത്ത ചരിത്ര പ്രസിദ്ധമായ ശൃംഗേരിയില്‍ സംസ്‌കൃതാഭ്യസനത്തിന് എത്തിയ അദ്ദേഹം കണ്ടത് അദൈ്വതവേദാന്തത്തിലെ അഗ്രഗണ്യനും ശൃംഗേരി സംസ്‌കൃത കോളേജ് പ്രിന്‍സിപ്പലുമായ ഡോ. ഗിരിധര ശാസ്ത്രികളെ. ഒപ്പം മഠത്തിലെ സന്ന്യാസിവര്യനായ സ്വാമി നിത്യാനന്ദ ഭാരതിയുടെ സാന്നിധ്യവും ഒരു തിരിച്ചറിവിലേക്ക് അദ്ദേഹത്തെ നയിക്കുകയായിരുന്നു.
ശൃംഗേരിയിലെ അവസാന നാളുകള്‍ക്കൊടുവില്‍ ഒരു പ്രഭാതത്തില്‍ തുംഗാ നദിയില്‍ മുങ്ങിനിവര്‍ന്നപ്പോള്‍ നിത്യാനന്ദ ഭാരതി പറഞ്ഞു 'ഇനി യാത്രയാവാം. വഴിയെക്കുറിച്ച് ചിന്തിക്കേണ്ട, മുന്നിലേക്കുള്ള പ്രയാണത്തില്‍ അത് തെളിഞ്ഞു വരും. മനസ്സിനെ തെളിമയുള്ളതായി സൂക്ഷിക്കുക, അന്തരാത്മാവിന്റെ സ്വരം ശ്രവിക്കുക, അതിനെ പിന്തുടരുക അത്ര മാത്രം.' ആ വാക്കുകള്‍ ശിരസാവഹിച്ച് യാത്ര തുടര്‍ന്നു. വേദാന്തസത്യമറിഞ്ഞവന് കാഷായമെന്തിന്? അറിയേണ്ടത് ഇത് മാത്രം, താനാര്, ഇവിടെ എന്തിന്? ഇത് കണ്ടെത്തിക്കഴിഞ്ഞാല്‍ സത്യാന്വേഷിയുടെ യാത്ര അവിടെ സമാപിക്കും. പക്ഷെ അതൊരു പുതിയ തുടക്കവുമാകും. തന്റെ വീക്ഷണങ്ങളുമായി അധ്യാപനത്തിലേക്ക് തിരിഞ്ഞ പ്രീത് സ്വര്‍ഗ്ഗ തുല്യമായ മാലിദ്വീപിലായിരുന്നു എത്തിച്ചേര്‍ന്നത്. അതും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ഇ.എസ്.എല്‍ കരിക്കുലത്തിന്റെ ഫാക്കല്‍റ്റിയായി. പടവുകള്‍ ചവിട്ടി ഒടുവില്‍ അദ്ധ്യാപകസമൂഹത്തിന്റെ തന്നെ അധ്യാപകനായിത്തീരുമ്പോള്‍ ഇന്ത്യയെന്ന വിശാലമായ രാജ്യത്തിലെ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തില്‍, സംസ്ഥാനത്തിന്റെ ഒരുപക്ഷെ പിന്നോക്കമെന്ന് അറിയപ്പെടുന്ന കാസര്‍കോട് ജില്ലയിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്നുള്ള ഒരു സാധാരണക്കാരന്‍, മനുഷ്യബുദ്ധിക്ക് ഏതു പരിമിതികളെയും പ്രതി സന്ധികളെയും തരണം ചെയ്ത് മുന്നേറാന്‍ സാധിക്കുമെന്ന് തെളിയിക്കുകയായിരുന്നു. ഒപ്പം ഭാരതീയ തത്വചിന്തയില്‍ ജര്‍മ്മനി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ യൂത്ത് എക്‌സ്‌ചേഞ്ചില്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങള്‍ ജാതി-മത ചിന്തകള്‍ക്കതീതമായ ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെ ലോകജനതയ്ക്ക് മുന്നില്‍ തുറന്നുകാട്ടി.
ദ്വീപുകളില്‍ നിന്ന് ദ്വീപുകളിലേക്കുള്ള യാത്രകള്‍! പ്രശാന്തതയുടെ യഥാര്‍ത്ഥ വാക്യാര്‍ത്ഥം വെളിവാക്കിയ മാലിദ്വീപ സമൂഹങ്ങളിലെ ജീവിതം കവിതകള്‍ക്ക് പുതിയ വര്‍ണം നല്‍കി. പ്രകൃതിയുടെ വര്‍ണങ്ങളില്‍ മുക്കി ജീവിതാനുഭവങ്ങളില്‍ ചാലിച്ച ആ വരികള്‍ പതിയെ അന്താരാഷ്ട്ര സമൂഹം കവിതകള്‍ വായിച്ചു തുടങ്ങുകയായിരുന്നു. കവിതകള്‍ ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയപ്പോള്‍ ലണ്ടനിലെ സെലസ്റ്റിയല്‍ റേഡിയോ പ്രീതിന്റെ കവിതകളെ കുറിച്ച് മണിക്കൂറുകള്‍ നീണ്ട പരിപാടികള്‍ തന്നെ അവതരിപ്പിച്ചു. ഒടുവില്‍ 2013 ലാണ് ആദ്യകവിതാ സമാഹാരമായ ദ വോയേജ് റ്റു എറ്റെണിറ്റി (അനശ്വരതയിലേക്കുള്ള പ്രയാണം) എന്ന പുസ്തകം ദല്‍ഹിയിലെ ദ പോയട്രി സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്നത്. ഒപ്പം വിഖ്യാതമായ ആ സ്ഥാപനത്തിന്റെ മുഖ്യപത്രാധിപ സ്ഥാനവും നല്‍കി ആദരിച്ചു. ആദ്യസമാഹാരത്തിന് തന്നെ ഡോ. എം.ജി ഗാന്ധി അന്താരാഷ്ട്ര കവിതാ പുരസ്‌കാരം ലഭിച്ചു. തുടര്‍ന്ന് ഗ്ലോബല്‍ ഫ്രാറ്റെണിറ്റി ഓഫ് പോയറ്റ്‌സ് രണ്ടാമത്തെ കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചതോടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ അദ്ദേഹം ചിരപ്രതിഷ്ഠ നേടുകയായിരുന്നു. അതിനിടെ ഒട്ടേറെ പുസ്തകങ്ങളുടെ എഡിറ്ററായും പ്രീത് പ്രവര്‍ത്തിച്ചിട്ടുണ്ട്, ഒപ്പം സാഹിത്യ വിദ്യാഭ്യാസ മേഖലകളില്‍ അനേകം പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും. ഏറ്റവുമൊടുവിലാണ് അദ്ദേഹത്തെ ഇറ്റലി ആസ്ഥാനമായ ആഗോള കവി സംഘടനയായ വേള്‍ഡ് യൂണിയന്‍ ഓഫ് പോയറ്റ്‌സിന്റെ ഡയരക്ടറായി നിയമിക്കുന്നത്. ഒരു പക്ഷെ ഏതൊരിന്ത്യക്കാരനും അഭിമാനം തോന്നുന്ന ഒരു മുഹൂര്‍ത്തം.
ഔദ്യോഗിക അലങ്കാരങ്ങള്‍ അഴിച്ച് വച്ച് ഇന്ത്യയില്‍ തിരിച്ചെത്തുമ്പോള്‍ ഒപ്പം അധ്യാപികയായ സഹധര്‍മ്മിണിയും ആറുവയസ്സുകാരി ആദിതിയുമുണ്ട്. 'അവള്‍ നാടിന്റെ ഗന്ധമറിഞ്ഞു ജീവിക്കണം, ജന്മ നാടിന്റെ പരിലാളന മറ്റേത് നാടിന് നല്‍കാന്‍ സാധിക്കും?' പ്രീത് ചോദിക്കുന്നു. ഉപജീവനത്തിനായി ഒരു തൊഴിലും ലാളിത്യവും, സ്‌നേഹം വാരിച്ചൊരിഞ്ഞു നല്‍കാനുള്ള ഒരു മനസുമുണ്ടെങ്കില്‍ സ്വര്‍ഗം ഇവിടെത്തന്നെയാണെന്ന് അദ്ദേഹം പറയുന്നു.
നമ്മളെ, നമ്മുടെ ചുറ്റിലുമുള്ളവരെ, നമ്മുടെ പ്രകൃതിയെ സ്‌നേഹിക്കാന്‍ പ്രീത് നമ്പ്യാര്‍ ഒരു സംഘടനയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഓരോ വീട്ടിലും സ്ഥലത്ത് തന്നെ ഭൂഗര്‍ഭ മഴവെള്ള സംഭരണികള്‍ സ്ഥാപിക്കുക, ഓരോ കുടുംബങ്ങള്‍ക്കും ലഭ്യമായ ഇടത്ത് നിശ്ചിത ശതമാനം ഭൂമി വൃക്ഷ ലതാദികള്‍ക്ക് മാത്രം വേണ്ടി മാത്രം നീക്കിവെക്കുക, മാലിന്യ സംസ്‌കരണം വ്യക്തിപരമായി നടപ്പിലാക്കുക എന്നീ മുദ്രാവാക്യങ്ങളുമായി പ്രീത് നമ്പ്യാര്‍ രൂപം നല്‍കിയ ഈ അന്താരാഷ്ട്ര പരിസ്ഥിതി സംഘടന ഇതിനകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. ഇതിനായി ഓരോ നാണയവും ശേഖരിച്ചു കൂട്ടുകയാണ് അദ്ദേഹം. ഒപ്പം മണ്ണു കൊണ്ട് പണിയുന്ന തന്റെ കൊച്ചു വീടിനായി ഒരു കുരുവിയെയെന്ന പോലെ സ്വരൂക്കൂട്ടുകയും.
ഒരു കുഞ്ഞു ബീജത്തില്‍ നിന്ന് ജനനം, ഇലകളായി, പൂക്കളായി, കായ്കനികളായി ആ ജീവന്‍ വിടര്‍ന്നടരുന്നു, മണ്ണിന്റെ ഹൃദയത്തിലേക്ക് വീണ്ടുമലിഞ്ഞ് പുഴുവായോ, മറ്റൊരു ചെടിക്ക് വളമായോ, മധുരമുള്ള പഴങ്ങളായി മറ്റൊരു ജീവനായോ പരിണാമം... ആ പരിണാമം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു, അത് പ്രപഞ്ചമുള്ളിടത്തോളം കാലം തുടര്‍ന്നുകൊണ്ടേയിരിക്കും. ആ പരിണാമത്തില്‍ ജീവന് കൂടൊരുക്കാന്‍ ഒരു കുഞ്ഞു ശരീരം, അതിനപ്പുറം എന്താണ് നമ്മുടെ ജീവിതം? ജനനത്തിനും മരണത്തിനുമിടയിലെ ഈ അല്‍പനേരം നമുക്ക് സാര്‍ത്ഥകമാക്കാനായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു! എമിലി ഡിക്കിന്‍സണ്‍ എഴുതിയത് പോലെ 'ഒരു ഹൃദയത്തെയെങ്കിലും തകര്‍ച്ചയില്‍ നിന്ന് എനിക്ക് രക്ഷിക്കാന്‍ സാധിച്ചെങ്കില്‍, ഒരു കുഞ്ഞു ജീവനെയെങ്കിലും തഴുകി ആശ്വസിപ്പിക്കാന്‍ സാധിച്ചെങ്കില്‍, തളര്‍ന്നു വീണ ഒരു കിളിയെ അതിന്റെ കൂട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ സാധിച്ചെങ്കില്‍ അതുമതി, ജീവിതം സാര്‍ത്ഥകമാകാന്‍! പുതിയ തലമുറയോടും അദ്ദേഹത്തിന് പ്രാര്‍ത്ഥനയേ ഉള്ളൂ.
(പ്രീത് നമ്പ്യാരുടെ ഫോണ്‍: 9496585825)
scania bedira
writterOther Articles