ടെലിവിഷന്‍ ചര്‍ച്ചകള്‍ വാദിച്ചു ജയിക്കാന്‍ വേണ്ടിയോ..?
ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളുടെ അതിപ്രസരം ജനങ്ങള്‍ക്ക് അരോചകമായി തോന്നിത്തുടങ്ങി എന്ന് പറഞ്ഞാല്‍ നിങ്ങളില്‍ കുറെപ്പേരെങ്കിലും ഈ അഭിപ്രായത്തോട് യോജിക്കും എന്നാണ് എനിക്ക് തോന്നുന്നത്. ചാനല്‍ ചര്‍ച്ചകള്‍ പണ്ട് വളരെ കുറവായിരുന്നുവെങ്കിലും അതൊക്കെ നല്ല നിലവാരമുള്ള ചര്‍ച്ചകളായിരുന്നു. കാര്യങ്ങള്‍ ഗൗരവമായി പഠിച്ച് സത്യസന്ധമായ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഈ ചര്‍ച്ചകള്‍ അന്ന് വളരെയധികം ഉപകാരപ്രദമായിരുന്നു. പക്ഷെ ഇന്നോ? വെറും വാദിച്ചു ജയിക്കാന്‍വേണ്ടി മാത്രം നടക്കുന്ന ചര്‍ച്ചകള്‍ ആണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു ചാനല്‍ ചര്‍ച്ചകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നത് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്കും അതിന്റെ അവതാരകര്‍ക്കും വ്യക്തമായ ഒരു ധാരണയുണ്ടായെങ്കില്‍ മാത്രമേ ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് നമുക്ക് അതായത് ജനങ്ങള്‍ക്ക് ഉപയോഗപ്രദമാവുകയുള്ളൂ.
ഒരു രാഷ്ട്രീയ നേതാവായാലും പരിസ്ഥിതി പ്രവര്‍ത്തകനായാലും മതമേധാവിയായാലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആയാലും സാമൂഹ്യപ്രവര്‍ത്തകനായാലും എല്ലാവരും സംസാരിക്കുന്നത് അവരവരുടെ പ്രവര്‍ത്തനമേഖല വളരെ മെച്ചപ്പെട്ടതാണെന്നും അവരുടെ പ്രവര്‍ത്തനമേഖലയില്‍പ്പെട്ട ആളുകള്‍ ഒരിക്കലും സാമൂഹ്യനന്മക്കെതിരായി പ്രവര്‍ത്തിക്കില്ലാ എന്നുമാണ്. അതിലുപരിയായി മറ്റുള്ളവരെ അടച്ചാക്ഷേപിക്കാനും കുറ്റം പറയാനും മാത്രം ഇത്തരം ചാനല്‍ ചര്‍ച്ചകള്‍ ഉപയോഗിക്കുമ്പോള്‍ അത് കേള്‍ക്കുന്ന പാവം ജനങ്ങളെ വഞ്ചിക്കുകയല്ലേ. സ്വന്തം ആളുകളെ രക്ഷിക്കാന്‍ വേണ്ടി ഇത്തരം ആളുകള്‍ വലിയ വലിയ തെറ്റുകളെപ്പോലും ശരികളായി ജനങ്ങളുടെ മുമ്പില്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന വൃത്തികെട്ട കാഴ്ചകള്‍ നമ്മള്‍ സ്ഥിരം കണ്ടുകൊണ്ടിരിക്കുകയാണ്.
ചില സമയങ്ങളില്‍ അവിടെ എന്താണ് നടക്കുന്നത് എന്നുപോലും നമുക്കറിയാന്‍ സാധിക്കില്ല. കാരണം രണ്ടും മൂന്നും പേര്‍ ഒന്നിച്ച് വാദിച്ചുകൊണ്ടേയിരിക്കും. അതിനിടയില്‍ അവതാരകനും പറഞ്ഞോണ്ടിരിക്കും. അങ്ങനെ ചര്‍ച്ച ഒരു അവിയല്‍ പരുവത്തില്‍ ആകും. മിക്കവാറും ഈ അവിയല്‍ പരുവം ആകുന്നതിന് മുമ്പ് തന്നെ ഒന്നുകില്‍ ചാനല്‍ മാറ്റുകയോ ടി.വി. നിര്‍ത്തുകയോ ചെയ്യുന്നതാണ് ഉചിതം. കാരണം നാട്ടില്‍ നടക്കുന്ന സംഭവവികാസങ്ങള്‍, സംസ്ഥാനത്ത് നടക്കുന്ന സംഭവവികാസങ്ങള്‍, നമ്മുടെ രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങള്‍, ദിനംപ്രതി അറിയുവാനും അതിനെക്കുറിച്ച് പഠിക്കുവാനും നമ്മുടെ നാടിന്റെ ഭാവി എങ്ങോട്ട് എന്നുള്ളതിനെക്കുറിച്ച് ഒരന്വേഷണം നടത്തുവാനും തെറ്റുകള്‍ തിരുത്തുവാനും സാമൂഹിക തിന്മകളെ ഉന്മൂലനം ചെയ്യുവാനും വേണ്ടിയുള്ള അറിവ് ആര്‍ജ്ജിക്കുക എന്ന നമ്മുടെ നല്ല ലക്ഷ്യത്തെ കൊഞ്ഞനം കുത്തുന്ന ഇത്തരം ചര്‍ച്ചകളെ നമ്മളിനിയും പ്രോത്സാഹിപ്പിക്കണോ?
ഈ ലേഖനം വായിക്കുമ്പോള്‍ ചിലരെങ്കിലും പറഞ്ഞേക്കാം ഇയാള്‍ക്ക് എന്തിന്റെ അസുഖമാ? ഇഷ്ടമില്ലെങ്കില്‍ ഇത്തരം ചര്‍ച്ചകള്‍ കാണാതിരുന്നാല്‍ പോരെയെന്ന്? പക്ഷെ അത്തരം സംശയങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ സ്വന്തം ആളുകളുടെ കുറ്റങ്ങള്‍ മൂടിവെച്ചുകൊണ്ട് എതിര്‍കക്ഷികളുമായി വാദിച്ചു ജയിക്കാനല്ല നോക്കേണ്ടത്? തെറ്റ് ആര് ചെയ്യുന്നോ അവര്‍ ആരായാലും അവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കണം എന്നുപറയാനുള്ള ആര്‍ജ്ജവം കാണിക്കണം. കുറ്റം അതാര് ചെയ്താലും കുറ്റമാണ്. അക്രമം അതാര് ചെയ്താലും അക്രമമാണ്. അത് സ്വന്തം പാര്‍ട്ടിക്കാരായാലും സ്വന്തം ജാതിക്കാരായാലും മതക്കാരായാലും അതേറ്റുപറയാനും കുറ്റങ്ങള്‍ തിരുത്താനും ഉള്ള തീരുമാനങ്ങള്‍ ഇത്തരം ചര്‍ച്ചകളിലൂടെ ഉണ്ടായാല്‍ മാത്രമേ ഇതുകൊണ്ട് ഗുണം ചെയ്യുകയുള്ളൂ.
ഇത്രയും പറഞ്ഞതുകൊണ്ട് എല്ലാ ചാനലുകളേയും രാഷ്ട്രീയ-മത നേതാക്കളെയും പരിസ്ഥിതി പ്രവര്‍ത്തകരെയും ചാനലുകാരെയും അപമാനിച്ചുവെന്ന് ആരും കരുതരുത്.
സത്യസന്ധമായ ഒരുപാട് ചാനല്‍ ചര്‍ച്ചകള്‍ മുമ്പും നമ്മള്‍ കേട്ടിട്ടുണ്ട്. പക്ഷെ എപ്പോഴും തെറ്റുകള്‍ നമ്മള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടേയിരിക്കുക, അതിനാരെയും ഭയക്കേണ്ട കാര്യമില്ല. ചിലപ്പോള്‍ ഭാവിയില്‍ ഇതെല്ലാം ശരിയായിക്കൂടായ്കയില്ല.
ഗോപിനാഥന്‍ പെരുമ്പള
writterOther Articles

newspaper,kasaragod,malayalam,entedesam,utharadesam,Utharadesham,kerala,india,northern kerala,malabar,news,live news,kasaragodnews,manglore,P.V.Krishnan,North Malabar,epaper,online news,journalist,local news,kasargod,utharadesam,Kasaragod Press Club,cinema news,Bizpages,Cartoon,Post your news,Kasaragod writers,vartha,Kasaragod vartha,Malayalam Internet News