ശിശുദിനം അര്‍ത്ഥപൂര്‍ണമാവണമെങ്കില്‍
ഇന്നത്തെ കുട്ടികളാണ് നാളത്തെ രാഷ്ട്ര ശില്‍പികളെന്ന് ബോധ്യമുള്ള ഒരു ഭരണാധികാരിയായിരുന്നു ചാച്ചാജി. കുട്ടികള്‍ക്കായി അദ്ദേഹം ഗ്രാമങ്ങള്‍തോറും വിദ്യാലയങ്ങള്‍, ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍, കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് നികത്താന്‍ സൗജന്യ ഭക്ഷണം തുടങ്ങി കുട്ടികള്‍ക്കായി നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയിട്ടുള്ള വ്യക്തിയാണ് ജവഹര്‍ലാല്‍ നെഹ്‌റു.
ഇന്ന് ശിശുദിനം ആയി നാം കൊണ്ടാടുമ്പോള്‍ അതിനോടൊപ്പം പ്രാധാന്യം ഉള്ള മറ്റൊരു ദിനം കൂടിയാണ് -ലോക പ്രമേഹരോഗ ദിനം
എല്ലാ ദിവസവും കുട്ടികള്‍ക്കാവണമെന്നതാണ് ഈ ശിശുദിനത്തിന്റെ സന്ദേശം. വിരിയുന്ന ഓരോ
പൂവിനും, പുലരുന്ന ഓരോ പ്രഭാതത്തിന്നും ഓരോ സന്ദേശം ഉള്ളതുപോലെ ഓരോ ശിശുദിനത്തിനും മഹത്തായ സന്ദേശമുണ്ട്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തിലാണ് നാം ഇന്ത്യയില്‍ ശിശുദിനം കൊണ്ടാടുന്നത്. പണ്ഡിറ്റ്ജി തന്റെ സകല പിരിമുറുക്കങ്ങളും പ്രയാസങ്ങളും മറന്നിരുന്നത് കുഞ്ഞുങ്ങളോടൊപ്പം കളിച്ച് രസിച്ച് ഉല്ലസിക്കുമ്പോഴായിരുന്നു. ജീവിതാന്ത്യം വരെ ആ മഹാന്‍ ഇന്ത്യയിലെ 'വലിയ കുട്ടി ' തന്നെയായിരുന്നു. ഗൗരവമാര്‍ന്ന രാജ്യകാര്യങ്ങള്‍ക്കിടയിലും അദ്ദേഹത്തിന് മനസിന് ശാന്തിയും സമാധാനവും സന്തോഷവും നല്‍കിയിരുന്നത് കുട്ടികളോടോപ്പം കളിച്ച് രസിച്ച് നടക്കുമ്പോഴായിരുന്നു. ഇന്ന് ഇന്ത്യയിലെ കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. ബാലവേലകൊണ്ടുള്ള പീഡനം, പട്ടിണി, രോഗങ്ങള്‍, പോഷകാഹാരങ്ങളുടെ കുറവ്, സുരക്ഷിതത്വമില്ലായ്മ, വിദ്യാഭ്യാസത്തിന്റെ അപര്യാപ്തത... ഇങ്ങനെ നീണ്ടുപോകുന്നു ആ പട്ടിക. മാത്രമല്ല ഇന്ന് കുട്ടികള്‍ക്കുനേരെയുള്ള ലൈംഗീക പീഡനങ്ങള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. കൂടാതെ തീവ്രവാദികളും കുട്ടികളെ അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി വ്യാപകമായി ഉപയോഗിക്കുന്നു. ശിശുദിനം അര്‍ത്ഥപൂര്‍ണമാകണമെങ്കില്‍ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചക്കും അവരുടെ ക്ഷേമത്തിന്നും പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് കഴിയണം, അതിനായിട്ട് നമുക്ക് പ്രാര്‍ത്ഥിക്കാം.
കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും വാത്സല്യവുമാണ് അദ്ദേഹത്തിന്റെ ജന്മദിനം തന്നെ കുട്ടികളുടെ ആഘോഷത്തിനുവേണ്ടി തിരഞ്ഞെടുക്കുവാനുള്ള കാരണം. കൂടാതെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള തന്റെ നീണ്ട സമരങ്ങള്‍ക്കൊടുവില്‍ ആദ്യത്തെ പ്രധാനമന്ത്രിയായ രാജ്യത്തിന്റെ ഒരു വിശിഷ്ട ശിശുവായി പണ്ഡിറ്റ് നെഹ്‌റു പരിഗണിക്കപ്പെടുന്നുണ്ട്.
ബാലവേലയും ബാലപീഡനവും ചൂഷണവും തുടരുമ്പോഴും ഒരു ശിശുദിനം കൂടി കടന്നുപോകുന്നു. കുട്ടികളോടുള്ള സ്‌നേഹ വാത്സല്യങ്ങളുടെ ആധിക്യംകൊണ്ട് മരിക്കുന്നതിന് മുമ്പേ നെഹ്‌റുവിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കാന്‍ തുടങ്ങിയിരുന്നു. ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ ഭദ്രത കുട്ടികളുടെ കൈകളിലാണെന്ന തിരിച്ചറിവുണ്ടായിരുന്നു. സര്‍ഗാത്മകത തളിരിടേണ്ട ബാലഹൃദയങ്ങളെ വര്‍ഗീയവാദികളും മതഭ്രാന്തന്മാരും തീയിട്ട് തകര്‍ക്കുന്ന വാര്‍ത്തകളാണ് പത്രപംക്തികളില്‍ അനുദിനം വായിക്കാന്‍ കിട്ടുന്നത്. അനുനിമിഷം വികസിക്കുന്ന അറിവിന്റെ ലോകത്തേക്ക് കുട്ടികള്‍ക്ക് നീന്തിത്തുടിക്കാനാകണം. കാറ്റില്‍ കെടാത്ത കൈത്തിരിയുമായി യുക്തിബോധത്തിന്റെയും ശാസ്ത്രീയ ചിന്തയുടെയും മലകള്‍ ചവിട്ടിക്കയറാന്‍ സാധിക്കണം. തമസിലേക്കല്ല ജ്യോതിസിലേക്കാണ് നമുക്കെല്ലാം പ്രയാണം തുടരാനുള്ളത്. ഒന്നാമതായി കുട്ടികളില്‍ പരസ്പര സഹകരണവും സഹവര്‍ത്തിത്വവും വളര്‍ത്താനും രണ്ടാമതായി ലോകത്തിലെ കുട്ടികളുടെ ക്ഷേമത്തെ ഉദ്ധരിക്കുന്നതിനും പ്രയോജനകരമാക്കുന്നതിനുമുള്ള പ്രവര്‍ത്തനം തുടങ്ങുന്നതിനുമായി ഒരു ദിവസം നിര്‍ണ്ണയിക്കുവാന്‍ എല്ലാ രാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ഈ ദിനം. നമ്മള്‍ ഓരോരുത്തര്‍ക്കും കുട്ടികളുടെ ക്ഷേമത്തെപ്പറ്റിയുള്ള നമ്മുടെ അര്‍പ്പണബോധത്തെ നവീകരിക്കേണ്ടതിനും അവരുടെ ചാച്ചാ നെഹ്‌റുവിന്റെ നിലവാരത്തിലും മാതൃകയിലും വളരുവാന്‍ അവരെ പഠിപ്പിക്കേണ്ടതിനും വേണ്ടിയുള്ള ഓര്‍മ്മപ്പെടുത്തലായിട്ടാണ് ശിശുദിനത്തെ കാണേണ്ടത്.
കുട്ടികളുടെ മാനസികവും കായികവുമായ വികസനം കുടുംബത്തില്‍ നിന്നുള്ള സ്‌നേഹം എന്നിവ വ്യക്തിത്വ വികസനത്തിന് മുഖ്യമായിരിക്കേ ഇന്നത്തെക്കാലത്ത് കുട്ടികള്‍ക്കുള്ള വെല്ലുവിളി വളരെയേറെയാണ്. സൗകര്യങ്ങളുള്ള വീട്ടിലെ മാതാപിതാക്കള്‍ ജോലി, ധനസമ്പാദനം എന്നിവക്കായി നെട്ടോട്ടമോടുമ്പോള്‍ സമയക്കുറവുകാരണം കുട്ടികളെ വേണ്ടപോലെ ശ്രദ്ധിക്കാതെ വരികയും ചെയ്യുന്നു. അധികമായ പഠനഭാരം, ടി.വി., കമ്പ്യൂട്ടര്‍ എന്നിവയില്‍ കൂടുതല്‍ സമയം ചിലവഴിക്കല്‍ എന്നിവ കുട്ടിയുടെ കായികക്ഷമതക്ക് തടസമാകുന്നു. കാലം മാറുമ്പോള്‍ കളികളും മാറുന്നു, പക്ഷേ അത് കുട്ടികളില്‍ ക്രിമിനല്‍ വാസനയുണര്‍ത്തുന്ന തരത്തിലുള്ളതാവരുത്...
പാവപ്പെട്ട കുട്ടികളുടെ കാര്യമാണെങ്കില്‍ ഇതിലേറെ കഷ്ടമാണ്. മിക്ക കുട്ടികളും ചെറുപ്രായത്തില്‍ തന്നെ വിദ്യാഭ്യാസം നിര്‍ത്തേണ്ടിവരികയും കുടുംബത്തെ സഹായിക്കാനായി ബാലവേലകളില്‍ ഏര്‍പ്പെടേണ്ടിവരികയും ചെയ്യുന്നു. ചെറുപ്രായത്തില്‍ തന്നെ ചുമതലകള്‍ ചെറുതായെങ്കിലും ഏല്‍ക്കേണ്ടിവരുന്ന അവസ്ഥ.
തെരുവു കുട്ടികളുടെയും അനാഥക്കുട്ടികളുടെയും കാര്യമാണെങ്കിലോ മിക്കവരും പീഡനത്തിനും ചൂഷണത്തിനും വിധേയരാകാന്‍ വിധിക്കപ്പെട്ടവര്‍. മതിയായ പോഷകാഹാരം ലഭിക്കാത്തവര്‍. ഈ കുട്ടികള്‍ നാളെ വളരുമ്പോള്‍ വഴിതെറ്റിപ്പോയില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഒറ്റയടിക്ക് ഇതൊന്നും മാറ്റാനാവില്ലെങ്കിലും കുറേശ്ശെയെങ്കിലും ഇതിന് കുറവുവന്നെങ്കില്‍, അതിന് ശ്രമിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇന്ന് നാം പകര്‍ന്നുനല്‍കുന്ന ശ്രദ്ധയും സ്‌നേഹവും ഓരോ കുട്ടിക്കും നാളത്തെ നല്ല പൗരന്മാരാവാന്‍ സഹായകമാവട്ടെ...
നിസാം പളളത്തടുക്ക
writerOther Articles