റസാഖിന്റെ പൂങ്കാവനത്തിലൂടെ...
സപ്തതിയുടെ നിറവിലും കവിതയുടെ ലോകത്ത് വ്യാപാരിച്ചു മുന്നേറുകയാണ് കവി കെ.ജി. റസാഖ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവചരിത്രപുസ്തകം 540 ഓളം പേജുകള്‍ വരുന്ന ബൃഹദ് ഗ്രന്ഥമാണ്. ആയത് അദ്ദേഹത്തിന്റെ രചനാവൈഭവത്തിന്റെ നേര്‍ സാക്ഷ്യമാണ്. കാസര്‍കോട്ടെ സാംസ്‌കാരിക ഭൂമികയില്‍ തന്റേതായ ഇടം നേടിയ റസാഖിച്ച രോഗത്തിന്റെ അവശതകള്‍ക്കിടയിലും സ്‌നേഹത്തിനും മതസാഹോദര്യത്തിനും കവിതയ്ക്കും വേണ്ടി തളരാത്ത തൂലിക നിതാന്തമായി ചലിപ്പിക്കുന്നു. ഊഷ്മളമായ വ്യക്തിത്വവും വിനയവും കൊണ്ട് ആര്‍ക്കും വശ്യമാണ് അദ്ദേഹം. വിണ്ടുകീറിയ മനുഷ്യ മനസ്സിനെ എങ്ങനെ പാകപ്പെടുത്തി ഉര്‍വ്വരമാക്കാം എന്നാണ് അദ്ദേഹത്തിന്റെ കവിതയും എഴുത്തും നിരന്തരം സംവദിക്കുന്നത്. കാസര്‍കോട്ടെ പ്രമുഖ വ്യാപാരിയായ അദ്ദേഹത്തിന് എഴുത്തില്‍ കച്ചവട മനസ്സേയില്ല; മറിച്ച് ഒരു സൗജന്യ ദാതാവിന്റെ നേരായ പൊരുള്‍സാക്ഷ്യമാണ് പകരാനുള്ളത്.
ശുദ്ധമായ അറബിപദങ്ങളും മലയാളവും ചേര്‍ന്നുള്ള ഒരുമണിപ്രവാള ഭാഷയാണ് അദ്ദേഹത്തിന്റെ കവിതകള്‍. പുതുകിരണം എന്ന മാപ്പിളപ്പാട്ടോടെയാണ് അദ്ദേഹത്തിന്റെ പൂങ്കാവനം എന്ന കവിതാസമാഹാരം ആരംഭിക്കുന്നത്. തുടര്‍ന്നുള്ള ഇരുപത്തിനാലുകവിതകള്‍ ഓരോ കാലികവിഷയങ്ങളുടേയും പ്രതികരണവും പ്രധാന വ്യക്തിത്വങ്ങളുടെ അനുസ്മരണവുമാണ്. മണ്ണുതറയും പനയോലയും കൊണ്ട് കെട്ടിയുണ്ടാക്കി ചോര്‍ന്നൊലിക്കുന്ന പള്ളിയില്‍ നിന്നും പഞ്ചലോഹങ്ങളും ടൈല്‍സും മാര്‍ബിളുമിട്ട് ശീതീകരിച്ച പള്ളിയിലേക്കുള്ള മാറ്റത്തെ കവി കാണുകയാണ് 'പള്ളി'എന്ന കവിതയിലൂടെ. രാവിലെ എഴുന്നേറ്റ് പള്ളിയില്‍ പോയി നിസ്‌ക്കരിക്കാന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. വരികയും ദാനധര്‍മ്മങ്ങളും പുണ്ണ്യകൃത്യങ്ങളും കൊണ്ട് പരിപാലിക്കപ്പെടേണ്ട പള്ളി ഇന്ന് മറ്റുപലതിനുമായി ചിലരെങ്കിലും ഉപയോഗിക്കുന്നതിലെ നൊമ്പരം കവി നമ്മോട് പങ്കുവെക്കുന്നു. ഭീകരതയ്ക്കും ഗ്രൂപ്പിസത്തിനും വേണ്ടി ആരാധനാലയങ്ങളെ ദുരുപയോഗം ചെയ്യുകയും സ്‌നേഹവും സാഹോദര്യവും വെറും പ്രഹേളികയായി മാറി എന്നാണ് കവി വ്യാകുലപ്പെടുന്നത്. ഇതിനായി ക്രാന്തദര്‍ശിയായ കവി ഉബൈദിന്റെ തീപിടിച്ച പള്ളിയിലെ വരികളെ കവി കടംകൊള്ളുകയും ഓര്‍ക്കുകയും ചെയ്യുന്നു. എല്ലാ മര്‍ത്യ ചിത്തത്തിലും കവിത കുടികൊള്ളുന്നുണ്ടെന്നും കവിത വിരിയുമ്പോള്‍ തൂലികക്കും ഹൃദയത്തിനും കരങ്ങള്‍ക്കും സര്‍ഗ ഭാവനയ്ക്കും ഉണ്ടാകുന്ന ആത്മപ്രഹര്‍ഷത്തെ കവിത വിരിയുമ്പോള്‍ എന്ന കവിതയില്‍ കുറിക്കുന്നു. പൂമൊട്ട് വിടര്‍ന്നുള്ള പരിമളം വഹിച്ചുകൊണ്ടുപോകുന്ന പൂങ്കാറ്റിനുള്ള ആഹ്ലാദവും പൂവിന്റെ മധു നുകര്‍ന്നാടുവാന്‍ കരിവണ്ടിനുള്ള ഉന്മാദവും കാണുമ്പോള്‍ കവി വാചാലനാകുന്നു; ആനന്ദദുന്ദുഭിയാ ടുന്നു. കുമാരനാശാന്റെ പ്രസിദ്ധമായ വീണപൂവിനും വെളിച്ചം കാണാതെപോയ അക്ഷരക്കൂട്ടിനും അവസാനം കദനഭാരത്തോടെ ഒരുപിടി ചാരമായി മാറുക എന്നതിനപ്പുറം എന്തുണ്ടെന്നാണ് കവി ആക്ഷേപഹാസ്യരൂപേണ ചോദിക്കുന്നത്. കരഞ്ഞു നാവുനീട്ടുന്ന കുട്ടിക്ക് സര്‍ലാക്കും ഫാരക്ഷും ലാക്ടോജനും കൊടുക്കുന്ന അമ്മമാരുടെ ക്രൂരതയെ വറ്റിപ്പോവാത്തത് എന്ന കവിതയിലൂടെ കവി തുറന്നുകാണിക്കുന്നു. പലതരത്തിലുള്ള ഒരു തരമാക്കി പുതുവഴിതേടി പറക്കാന്‍ കവി ആഹ്വനം ചെയ്യുന്നു. 'മധുരമെന്‍ മലയാളം'എന്ന കവിതയിലൂടെ. 'കല്ലും ചില്ലും' എന്ന കവിതയില്‍ ക്രൂരനായ മനുഷ്യന്‍ ഒരു കരിങ്കല്‍ ചീളുകൊണ്ട് കാസര്‍കോടിന്റെ സപ്തഭാഷാ സംഗമഭൂമിയെ തോണ്ടുകയും സ്‌നേഹവും മതസൗഹാര്‍ദ്ദവും തകര്‍ത്തുതരിപ്പണമാക്കാന്‍ നടത്തുന്ന കുത്സിത ശ്രമങ്ങളെ തിരിച്ചറിയുകയും ജാഗ്രവത്താകാന്‍ നമ്മോട് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. പാര്‍ക്കിന്‍സണ്‍സ് എന്ന രോഗത്തില്‍ പൊറുതിമുട്ടുന്ന കവി മിഴിപൊട്ടി ഉള്ളില്‍ നിന്നൊഴുകുന്ന കണ്ണീരാണ് തന്റെ കവിതകള്‍ എന്നു പറഞ്ഞുകൊണ്ട് വിധിയെ പഴിക്കുന്നു. ഇനി നന്മകള്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് കാലം കഴിക്കാമെന്നാണ് കവി കരുതുന്നത്. 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന കവിതയില്‍ ലഹരിയ്ക്കുവേണ്ടി മലയാളി തന്റെ സമ്പാദ്യം വൃഥാ ചെലവഴിക്കുന്നതും മന്ത്രിമാര്‍ അഴിമതി കൊണ്ട് ചീഞ്ഞുനാറുന്നതും നെല്‍ക്കതിര്‍ വിളയേണ്ട മണ്ണിന്റെ മാറില്‍ അംബരചുംബികളായ കെട്ടിടങ്ങള്‍ വാനംതുളക്കുമാറ് പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നതും അമ്പലങ്ങളും പള്ളികളും ചര്‍ച്ചുകളും കൊലവിളിച്ച് ഉന്മാദനൃത്തം ചവിട്ടുന്നതില്‍ കവിഹൃദയം പിടയുന്നു. സ്ത്രീധനത്തില്‍പ്പെട്ട് ആടിയുലയുന്ന ജീവിതത്തെ കവി വരച്ചുകാട്ടുന്നു സ്ത്രീധനം എന്ന കവിതയിലൂടെ. ഉത്തരദേശത്തോട് എന്ന കവിതയില്‍ ഒരു ദേശത്തിന്റെ കാവലാളായി, കാസര്‍കോട് ജില്ലയുടെ പടവാളായി, നാവായി, വര്‍ഗ്ഗീയതയെ അകറ്റിനിര്‍ത്തുന്ന മാറിയതിന്റെ കഥ കവി കാണുന്നു. കെ.എം. അഹ്മദ് മാഷിന്റെ തണലില്‍ കാസര്‍കോടിനെ മാറ്റിമറിച്ചതിന്റെ കഥ ഭംഗിയംതരേണ കവി ഓര്‍ത്തെടുക്കുന്നുണ്ട്. ഓരോ കവിതയും റസാഖിന്റെ സ്വത്വബോധത്തിന്റെ മുന്‍വിളികളായും അകംപൊരുളായും മാറുന്നുണ്ട്. കെ.പി. കുഞ്ഞിമ്മൂസ്സയുടെ ഭംഗിയുള്ള അവതാരികയില്‍ പറയുന്നതുപോലെ പ്രതിഭാശാലിയായ കവിയും ഉള്‍ക്കാഴ്ചയുള്ള സാഹിത്യ തത്വചിന്തകനുമാണ് കെ. ജി. റസാഖ്. അദ്ദേഹത്തിന്റെ അഞ്ചുപുസ്തകങ്ങളും അറിവിന്‍ കയങ്ങളില്‍ മുങ്ങിയെടുത്ത മുത്തുകളാണ്. കാഴ്ച്ചയും ഉള്‍ക്കാഴ്ച്ചയും കൊണ്ട് സമൃദ്ധമാണ് അദ്ദേഹത്തിന്റെ കവിതകള്‍. നാടിന്റെ നിലവിട്ട പോക്കില്‍ പരിതപിക്കുന്ന അദ്ദേഹം നമ്മോട് കര്‍മ്മനിരതനാകാനും ജാഗ്രതയോടെ നാടിനെ കാത്തുരക്ഷിക്കാനുമാണ് തന്റെ കവിതകളിലൂടെ ആവശ്യപ്പെടുന്നത്. നന്മയുള്ള ഹൃദയത്തിനേ ഈ വിധത്തില്‍ നമ്മോട് ആവശ്യപ്പെടാനാവൂ. കാലത്തിന്റെ കയ്പ്പുരസം മോന്തിക്കുടിക്കുവാന്‍ വിധിക്കപ്പെട്ട പുതുതലമുറയുടെ നിയോഗത്തില്‍ കവി ബേജാറാകുന്നുണ്ട്. സ്‌നേഹത്തിന്റെ അവില്‍പ്പൊതി നമുക്ക് വെച്ചുനീട്ടുന്നുണ്ട്. സര്‍ഗാത്മക പ്രവര്‍ത്തനം വെറും ചടങ്ങുകളും ജാഡയുടെ ലേപനങ്ങളുമാകാതെ കാര്യഗൗരവത്തിന്റെ വിചാരവേദികളാകണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. പ്രായത്തിനും ആരോഗ്യത്തിനുമപ്പുറം ജീവസ്സുറ്റ പ്രമേയങ്ങളും ചിന്താശകലങ്ങളും കൊണ്ട് മലയാളകവിതയുടെ ഈടുവെയ്പുകളായി മാറുവാന്‍ റസാഖിന്റെ കവിതകള്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു.
Raghavan bellippady
WriterOther Articles