ജില്ലയില്‍ ഇനി രാപ്പകല്‍ ടൂര്‍ണ്ണമെന്റുകളുടെ നാളുകള്‍..
ജില്ലയില്‍ കളിക്കളങ്ങള്‍ ഉണര്‍ന്നു. മഴ മാറിയതോടെ പലയിടത്തും കളി പരിശീലനം അരങ്ങുതകര്‍ക്കുകയാണ്. വിവിധ സ്‌പോര്‍ട്‌സ് ക്ലബ്ബുകളുടെയും സംഘടനകളുടെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തിലാണ് പരിശീലനങ്ങളും ടൂര്‍ണമെന്റുകളും. ഒക്‌ടോബര്‍ മുതല്‍ മെയ് അവസാനം വരെ 350ല്‍പരം ടൂര്‍ണമെന്റുകളാണ് മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെയുള്ള ജില്ലയ്ക്കകത്ത് വര്‍ഷാവര്‍ഷം അരങ്ങേറുന്നത്. അത് കാല്‍പ്പന്ത് കളിയും ക്രിക്കറ്റും വോളിബോളും കബഡിയും അടങ്ങിയതാണ്. അതില്‍ തന്നെ ഫുട്‌ബോളും ക്രിക്കറ്റുമാണ് ഏറെ മുന്നില്‍.
കൊയ്ത്ത് കഴിഞ്ഞ പാടങ്ങളും പുറമ്പോക്ക് ഭൂമിയുമാണ് ടൂര്‍ണമെന്റിന്റെ പ്രധാന കളരി. മത്സരക്കളരി ഉണര്‍ന്നിട്ടുണ്ടെങ്കിലും ജനുവരി മുതലാണ് സജീവമാകുക. ടൂര്‍ണമെന്റുകളില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് ടിക്കറ്റ് വെച്ച് നടത്തുന്നുള്ളൂ. മറ്റുള്ളവക്ക് സ്‌പോണ്‍സര്‍ഷിപ്പിലൂടെയോ, സംഭാവനയിലൂടെയോ ആണ് ഫണ്ട് കണ്ടെത്തുന്നത്. രജിസ്‌ട്രേഷന്‍ ഫീസ്, വ്യക്തികളും സ്ഥാപനങ്ങളും നല്‍കുന്ന തുക, സംഭാവന കൂപ്പണ്‍, നെഹ്‌റു യുവകേന്ദ്രയുടെ സഹായം, ഒരു കളി വ്യക്തിയെക്കൊണ്ടോ, സ്ഥാപനങ്ങളെക്കൊണ്ടോ സ്‌പോണ്‍സര്‍ ചെയ്യിക്കുക എന്നിവയിലൂടെയാണ് മിക്ക ടൂര്‍ണമെന്റുകളും വിജയകരമായി നടത്തിവരാറ്. ടൂര്‍ണമെന്റിന് ആവശ്യമുള്ള പന്തും മറ്റ് സാധന സാമഗ്രികളും നല്‍കി വ്യക്തികളും സ്ഥാപനങ്ങളും സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്നുണ്ട്.
ഒരുതരത്തിലും ജില്ലാ അസോസിയേഷനുകളുമായി ബന്ധമില്ലെങ്കിലും അസോസിയേഷന്‍ ഭാരവാഹികളുടെ സഹായ സഹകരണങ്ങളും ആശീര്‍വാദങ്ങളും ഈ രാപ്പകല്‍ ടൂര്‍ണമെന്റുകള്‍ക്കുണ്ട്. ടൂര്‍ണമെന്റ് ഉദ്ഘാടകരായും ട്രോഫികള്‍ വിതരണം ചെയ്യാനും എം.പിയും എം.എല്‍.എമാരും മറ്റ് ജനപ്രതിനിധികളെല്ലാം എത്താറുണ്ട്. അതുകൊണ്ടായിരിക്കണം ജില്ലയിലങ്ങോളമിങ്ങോളം നടക്കുന്ന രാപ്പകല്‍ ടൂര്‍ണമെന്റുകള്‍ അത് ഫുട്‌ബോള്‍ ആണെങ്കിലും ക്രിക്കറ്റാണെങ്കിലും വോളിയാണെങ്കിലും കബഡിയാണെങ്കിലുമെല്ലാം ജനകീയമായിത്തീരുന്നത്. ടൂര്‍ണമെന്റുകള്‍ വെളിച്ചത്തിന്റെ വേലിയേറ്റത്തില്‍ സംഘടിപ്പിക്കാന്‍ സംഘാടകര്‍ ശ്രദ്ധിക്കാറുണ്ട്.
കാസര്‍കോട് നഗര പരിസരത്ത് ഏറെയും ക്രിക്കറ്റും ഫുട്‌ബോളുമാണ് മത്സര ഇനമായുള്ളത്. കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബും മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബും ഫുട്‌ബോള്‍ രംഗത്ത് വലിയ കുതിപ്പ് നടത്തിയ ക്ലബ്ബുകളാണ്. മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് 100 വര്‍ഷം പിന്നിട്ടു. നിരവധി സംസ്ഥാന-യൂണിവേഴ്‌സിറ്റി താരങ്ങളെയാണ് മൊഗ്രാല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് വാര്‍ത്തെടുത്തത്. തളങ്കരയുടെ മഹത്തായ ഫുട്‌ബോള്‍ പാരമ്പര്യത്തിന് കാലം എന്നും നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിനോട് കടപ്പെട്ടിരിക്കുന്നു. ഇന്നും സജീവമായി ഫുട്‌ബോള്‍ രംഗത്ത് നിലകൊള്ളുന്ന ക്ലബ്ബാണ് നാഷണല്‍. പഴയകാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ നാഷണലിന്റെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാണ്. വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കുക വഴി നാഷണല്‍ നടത്തുന്ന പ്രോത്സാഹന പരിപാടികള്‍ വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് ഏറെ പ്രചോദനമാകുന്നുണ്ട്. ചെര്‍ക്കള, ചെമനാട്, ബോവിക്കാനം, മുള്ളേരിയ, കാഞ്ഞങ്ങാടിന്റെയും നീലേശ്വരത്തിന്റെയും കിഴക്കന്‍ പ്രദേശങ്ങള്‍ മുതലായ ഇടങ്ങളിലെല്ലാം വോളിബോളിന് തനതായ പ്രാധാന്യം രാപ്പകല്‍ ടൂര്‍ണമെന്റില്‍ ലഭിക്കുന്നുണ്ട്. കുഞ്ചത്തൂര്‍, ഹൊസങ്കടി, കുമ്പള, ബദിയടുക്ക, പെരഡാല, കൂഡ്‌ലു, പാലക്കുന്ന്, പരവനടുക്കം, ചെറുവത്തൂര്‍, മയ്യിച്ച മുതലായിടങ്ങളിലെല്ലാം കബഡിയിലാണ് മിന്നലാട്ടം നടത്തുന്നത്. പഴയകാലങ്ങളില്‍ കാസര്‍കോട് നഗരത്തിലും കര്‍ണാടക ബെല്‍ത്തങ്ങാടിയിലും കബഡിയായിരുന്നു ടൂര്‍ണ്ണമെന്റുകളിലെ മുഖ്യ കായിക ഇനം. വീരകേസരി, സുമന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്, വൈ.എം.എസ്.എ, ടി.വൈ.എസ്.എ മുതലായവ സംസ്ഥാന മത്സരങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച ക്ലബ്ബുകളായിരുന്നു. പഴയകാലത്ത് നഗരമധ്യത്തിലെ മല്ലികാര്‍ജുന ക്ഷേത്രപരിസരമായിരുന്നു കബഡിയുടെ തിരുമുറ്റം. ഒരുവര്‍ഷം മുമ്പ് താളിപ്പടുപ്പില്‍ നടന്ന അഡ്വ. സുഹാസ് മെമ്മോറിയല്‍ രാപ്പകല്‍ മെഗാ കബഡി ടൂര്‍ണ്ണമെന്റ് കബഡി കളി പ്രേമികള്‍ക്ക് പുത്തനുണര്‍വ്വും ആവേശവും സമ്മാനിച്ചാണ് സമാപിച്ചത്.
ക്രിക്കറ്റ് രംഗത്ത് ഇന്ന് ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ക്ലബ്ബുകളിലൊന്ന് തളങ്കര ക്രിക്കറ്റ് ക്ലബ്ബാണ്. രഞ്ജിയില്‍ തിളങ്ങിക്കൊണ്ടിരിക്കുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയടക്കം വാര്‍ത്തെടുത്തത് ടി.സി.സിയാണ്. ജില്ലാ ക്രിക്കറ്റില്‍ തിളങ്ങുന്ന മറ്റനവധി ക്രിക്കറ്റ് ടീമുകളും ജില്ലയിലുണ്ട്. എല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ട നിലയിലാണ് കളിമികവ് കാണിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പള്ളിക്കാല്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ മെഗാ രാപ്പകല്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്. മുന്‍ ഇന്ത്യന്‍ താരം യൂസുഫ് പത്താനാണ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തത്. ഒന്നാംസ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപ കാഷ് അവാര്‍ഡും മാന്‍ ഓഫ് ദി സീരീസ് താരത്തിന് 65,000 രൂപ വിലവരുന്ന പുതുപുത്തന്‍ മോട്ടോര്‍ ബൈക്കും സമ്മാനിച്ചു. കളി കാണാന്‍ കാസര്‍കോടിന്റെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് കൂടി ആയിരങ്ങളാണ് തളങ്കരയിലേക്ക് ഒഴുകിയത്. ഇവിടെ നഗരത്തില്‍ തന്നെ പത്തോളം രാപ്പകല്‍ ടൂര്‍ണ്ണമെന്റുകള്‍ ക്രിക്കറ്റിലും ഫുട്‌ബോളിലുമായി സംഘടിപ്പിക്കുന്നുണ്ട്. കാസര്‍കോട് പള്ളം ബ്രദേര്‍സ് ഗ്രൗണ്ടില്‍ ഒരു സീസണില്‍ ഒരു ഡസനോളം രാപ്പകല്‍ ടൂര്‍ണ്ണമെന്റുകളാണ് ഫുട്‌ബോളിലായും ക്രിക്കറ്റിലായും അരങ്ങ് തകര്‍ക്കുന്നത്. ചെറുതും വലുതുമായ പല ക്ലബ്ബുകളുടെയും ആഭിമുഖ്യത്തില്‍ ഇവിടെ മത്സരങ്ങള്‍ സജീവമാണ്. തായലങ്ങാടിയില്‍ ഇന്ന് കളിസ്ഥലത്തിന്റെ അഭാവം ഉണ്ടെങ്കിലും 'യഫാ'യുടെ ആഭിമുഖ്യത്തില്‍ നിരവധി മത്സരങ്ങളും ടൂര്‍ണമെന്റുകളും സംഘടിപ്പിക്കുന്നു. മുള്ളേരിയയില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന അഖിലേന്ത്യാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് കാസര്‍കോട്ടുകാര്‍ക്ക് ഇന്ത്യക്ക് വേണ്ടി ജേഴ്‌സിഅണിഞ്ഞ നിരവധി താരങ്ങളുടെ കളി മികവ് കാണാനാനുള്ള അപൂര്‍വ്വ അവസരമാണ് ഒരുക്കിയത്. പ്രൊകബഡി താരങ്ങള്‍ തമ്മില്‍ മാറ്റുരച്ച മത്സരം കാസര്‍കോടിന് വോളിയുടെ അപൂര്‍വ്വ വിരുന്നാണ് സമ്മാനിച്ചത്.
ചെര്‍ക്കളയില്‍ പോന്ന വര്‍ഷം നടന്ന അഖിലേന്ത്യാ വോളിബോള്‍ ടൂര്‍ണമെന്റ് വന്‍ വിജയമായിരുന്നു. ചെര്‍ക്കള പ്രദേശം മുഴുവന്‍ ആഹ്ലാദത്തോടെയാണ് ഫഌഡ് ലൈറ്റ് ടൂര്‍ണമെന്റിനെ വാരവേറ്റത്. വനിതകളുടെ വിഭാഗത്തിലും മത്സരങ്ങളുണ്ടായിരുന്നു. ചെമനാട് മുണ്ടാങ്കുലം പാലത്തിനടുത്ത് വോളിബോള്‍ ടൂര്‍ണമെന്റ് സ്ഥിരം കാഴ്ചയാണ്. ജില്ലാതലത്തിലുള്ള രാപ്പകല്‍ ടൂര്‍ണമെന്റുകളാണ് അവിടെ സ്ഥിരമായി സംഘടിപ്പിക്കാറുള്ളത്. ചെമനാട് പ്രദേശം ഒരുകാലത്ത് വോളിബോളിന് സമ്മാനിച്ചത് മികച്ച ഒരുപാട് താരങ്ങളെയാണ്.
Abu Kasaragod
writerOther Articles

  പ്രതാപം നഷ്ടപ്പെട്ട തായലങ്ങാടി

  കേരളത്തിന്റെ ആറാം സന്തോഷ് ട്രോഫി ജയവും ഫുട്‌ബോള്‍ അക്കാദമി സ്‌കൂളിന്റെ ഉദ്ഘാടനവും

  കളിക്കാരനല്ലെങ്കിലും കളിക്കളത്തില്‍ തിളങ്ങാം

  ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സൂചന!

  തായലങ്ങാടിയും മജീദ് തളങ്കരയും

  ഫുട്‌ബോള്‍ ദൈവവും ക്രിക്കറ്റ് ദൈവവും ദുബായിലെത്തിയപ്പോള്‍

  2016 ഇന്ത്യന്‍ ക്രിക്കറ്റിന് സുവര്‍ണ്ണ വര്‍ഷം എല്ലാം കോഹ്‌ലിമയം

  പറങ്കിപ്പടയാളികള്‍ക്ക് വീണ്ടും ബാലന്റീയന്‍ അവാര്‍ഡ്

  ഇന്ത്യ ഐ.എസ്.എല്‍ ലഹരിയില്‍; ഇന്ത്യന്‍ ഫുട്‌ബോള്‍ ഇനിയെങ്കിലും രക്ഷപ്പെടുമോ?

  പൊന്‍മുട്ട ഇടുന്ന താറാവിന്റെ ഉടമസ്ഥര്‍ തമ്മില്‍ ഈഗോ വാദം

  മാരക്കാനയില്‍’ഉദ്ഘാടന ചടങ്ങും ആമസോണിന്റെ പരിസ്ഥിതി സംരക്ഷണവും

  മലയാളികള്‍ക്ക് ലഹരി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനോട്

  യൂറോ 2016 ഫൈനല്‍ ഇന്ന്

  റിയോ ഒളിംബിക്‌സ്: അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ശുഷ്‌കാന്തിക്കുറവ്

  ട്വന്റി-20 ലോകകപ്പ് 2016 ചരിത്രം ആവര്‍ത്തിക്കാന്‍ അനുവദിക്കാതെ ഇന്ത്യന്‍ വിജയം