ചരക്ക് സേവന നികുതി: ഇ. വേ. ബില്‍ നിലവില്‍ വരുന്നു
ചരക്ക് സേവന നികുതി നിയമം നിലവില്‍ വന്നതോടെ നിര്‍ത്തലാക്കിയ ചെക്ക് പോസ്റ്റുകള്‍ക്ക് പകരമായി പുതിയ ഇ.വേ. ബില്‍ സംവിധാനം ഫെബ്രുവരി മുതല്‍ നടപ്പില്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും കേരള സര്‍ക്കാര്‍ അതൊരു പടി മുന്‍ കൂട്ടി ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ എന്ന പേരില്‍ നടപ്പിലാക്കുകയാണ്.
സാധാരണ വിദ്യാഭ്യാസം മാത്രം കൈമുതലായിട്ടുള്ള കച്ചവടക്കാരെയും സാങ്കേതിക വിദ്യ ഇല്ലാത്തവരെയും കുറേ ഏറെ ഇത് ബുദ്ധിമുട്ടിക്കും. അവരുടെ കച്ചവടം സുഗമമായി നടത്തികൊണ്ട് പോകുന്നത്, സാങ്കേതിക വിദഗ്ധരെ നിയമിക്കുകയോ ടാക്‌സ് കണ്‍സള്‍ട്ടന്‍സിനെ സ്ഥിരമായി ആശ്രയിക്കുകയോ വേണ്ടിവരും.
നേരത്തെ സംസ്ഥാനാന്തര ചരക്ക് നീക്കത്തിന് വേണ്ടി മാത്രം 'ഇ' ഡിക്ലറേഷന്‍ വേണ്ടിവന്നിരുന്നുവെങ്കില്‍ ഇനി 'ഇ' വേ ബില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചരക്ക് നീക്കത്തിന് നിര്‍ബന്ധമാക്കിയിരിക്കുകയാണ്.
നിര്‍മ്മാതാവില്‍ നിന്ന് ചില്ലറ വിതരണക്കാര്‍ വരെയുള്ള ചരക്ക് നീക്കത്തിനായിരുന്നു ഇത് വരെ 'ഇ' ഡിക്ലറേഷന്‍ വേണ്ടിയിരുന്നതെങ്കില്‍ ഇനിമേല്‍ ഓരോ ഘട്ടത്തിലുമായി നിര്‍മ്മാതാവില്‍ നിന്ന് വിതരണക്കാരനിലേക്ക് ചില്ലറ വ്യാപാരിക്കും ഉപഭോക്താവിലേക്കുമുള്ള നീക്കങ്ങള്‍ക്ക് അപ്പപ്പോള്‍ 'ഇ' വേ ബില്‍ നിര്‍ബന്ധമാവും.
ജി.എസ്.ടി. പോര്‍ട്ടലില്‍ നിന്ന് ചരക്ക് അയക്കുന്ന ആള്‍ക്കോ സ്വീകരിക്കുന്ന ആള്‍ക്കോ ചരക്ക് നീക്കും നടത്തുന്ന ആള്‍ക്കോ 'ഇ' വേ ബില്ലും എടുക്കാവുന്നതാണ്. വിവരം അപ്പപ്പോള്‍ ബന്ധപ്പെടുന്ന ആളുകള്‍ക്ക് എസ്.എം.എസ്. സംവിധാനം മൂലം അറിയിക്കുന്നതായിരിക്കും.
ബില്ലിന് രണ്ട് ഭാഗങ്ങളാണുള്ളത്. ആദ്യത്തെ പാര്‍ട്ട് എ യില്‍ ചരക്ക് സ്വീകരിക്കുന്ന ആളുടെ വിവരങ്ങള്‍. അതായത് ജി.എസ്.ടി. നമ്പര്‍, സാധനങ്ങള്‍ സ്വീകരിക്കുന്ന സ്ഥാപനത്തിന്റെ പേര്, പിന്‍കോഡ് നമ്പര്‍ ഉള്‍പ്പെടെയുള്ള മേല്‍ വിലാസം, ഇന്‍വോയ്‌സ് നമ്പര്‍, തീയതി, ചരക്കുകളുടെ മൂല്യം, വക തിരിച്ചുള്ള പേരു വിവരങ്ങള്‍. എച്ച്.എസ്.എന്‍. നമ്പര്‍ സഹിതം ട്രാന്‍സ്‌പോര്‍ട്ട് അല്ലെങ്കില്‍ റെയില്‍വേ ചരക്ക് നീക്ക രശീതി, പിന്നെ ഏത് ആവശ്യത്തിനാണോ ഈ പ്രക്രിയ നടത്തുന്നത് എന്ന് കൂടി കാണിച്ചിരിക്കണം.
എന്നാല്‍ രണ്ടാം ഭാഗത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് സംബന്ധിച്ച വിവരങ്ങള്‍ മാത്രം കാണിച്ചാല്‍ മതിയാവും. അറുപതിനായിരത്തില്‍ കൂടുതല്‍ വില വരുന്ന ചരക്ക് നീക്കത്തിന് മാത്രമാണ് ഈ സംവിധാനം വേണ്ടതെങ്കില്‍ കരകൗശല വസ്തുക്കള്‍ക്ക് എത്ര ചുരുങ്ങിയ തുകയ്ക്കാണെങ്കിലും ബില്ല് നിര്‍ബന്ധമാണ്.
ആവശ്യമായ വിവരങ്ങള്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതോടെ നമുക്ക് ഇ വേ ബില്ല് നമ്പര്‍ ചരക്ക് അയക്കുന്ന ആള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്കും ലഭ്യമാവും. എന്നാല്‍ സ്വീകര്‍ത്താവ് ചരക്ക് സ്വീകരിക്കുന്ന വിവരമോ നിരാകരിക്കുന്ന വിവരമോ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിരിക്കണം. 72 മണിക്കൂറുകള്‍ക്കകം വിവരം നല്‍കിയില്ലെങ്കില്‍ അവ സ്വീകരിച്ചതായി കണക്കാക്കപ്പെടും.
ഇത്തരം വേ ബില്ലുകള്‍ക്ക് 100 കിലോ മീറ്റര്‍ വരെ ദൂരത്തേക്കുള്ള നീക്കത്തിന് ഒരു ദിവസത്തെ കാലാവധിയും 100 മുതല്‍ 300 കിമോമീറ്റര്‍ വരെയ്ക്ക് മൂന്ന് ദിവസവും ആയിരം കിലോമീറ്ററിന് മുകളില്‍ 15 ദിവസവുമായി കണക്കാക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെ എടുക്കുന്ന ബില്ല് പ്രകാരം ചരക്ക് നീക്കം ഏതെങ്കിലും കാരണവശാല്‍ നടത്താന്‍ പറ്റാത്ത അവസ്ഥയില്‍ 24 മണിക്കൂറിനകം ഇത്തരം ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്യാവുന്നതാണ്.
ട്രാന്‍സ്‌പോര്‍ട്ട് കമ്പനികള്‍ വിവിധ വാഹനങ്ങളില്‍ ഇടക്ക് വെച്ച് മാറ്റി മാറ്റി ചരക്ക് നീക്കം നടത്തുന്നുവെങ്കില്‍ ആ വിവരം ട്രാന്‍സ്‌പോര്‍ട്ടുടമകള്‍ അപ്പപ്പോള്‍ അപ്‌ഡേറ്റ് ചെയ്തിരിക്കണം. സ്വന്തം വാഹനങ്ങളിലോ, വാടകക്കെടുത്ത വാഹനങ്ങളിലോ ആണ് ചരക്ക് നീക്കം നടക്കുന്നതെങ്കില്‍ അത് മാത്രം കാണിച്ചാല്‍ മതിയാവും. നിയമാനുസൃതമല്ലാതെയോ ഇ.വേ ബില്ല് തീരേ ഇല്ലാതെയോ ഉള്ള ചരക്ക് നീക്കം പിടിക്കപ്പെട്ടാല്‍ ചരക്ക് വെട്ടിക്കപ്പെടുന്ന നികുതി തുകയോ, പതിനായിരം രൂപയോ ഏതാണ് കൂടുതല്‍ അത്രകണ്ട് ഫൈന്‍ ഈടാക്കാന്‍ നിയമം അനുശാസിക്കുന്നു.
ചരക്ക് സേവന നികുതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യാത്ത വ്യക്തികള്‍ക്കും ഇത്തരത്തില്‍ വേ ബില്ലുകള്‍ പോര്‍ട്ടലില്‍ നിന്ന് എടുക്കാവുന്നതാണെങ്കിലും അവ ഒരു രജിസ്റ്റേര്‍ഡ് വ്യാപാരിക്ക് കൈമാറ്റം ചെയ്യപ്പെടുകയാണെങ്കില്‍ സ്വീകര്‍ത്താവ് നിയമപ്രകാരമുള്ള കാര്യം ഉറപ്പ് വരുത്തേണ്ടതാണ്.
ചരക്ക് നീക്കം നടത്തുന്ന ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ക്കും ആവശ്യമെങ്കില്‍ വേ ബില്ല് എടുക്കാവുന്നതാണ്. ഒരു വാഹനത്തില്‍ പലയാളുകളുടെ ചരക്കുകള്‍ ഒന്നിച്ച് നീക്കം ചെയ്യുന്ന ലോജിസ്റ്റിക് കമ്പനികള്‍, ജി.എസ്.ടി. ഇ.ഡബ്ല്യു.ബി -02 എന്ന ഫോറമിലായിരിക്കും വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്.
വിതരണക്കാരനും സ്വീകര്‍ത്താവും വേ ബില്ല് നല്‍കാത്ത സാഹചര്യത്തില്‍ ട്രാന്‍സ്‌പോര്‍ട്ടര്‍മാര്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലും വില്പനയുടെ ഇന്‍വോയ്‌സ് കോപ്പിയുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലും ജി.എസ്.ടി. ഇ.ഡബ്ല്യു.ബി -01 എന്ന ഫോറമില്‍ വിവരങ്ങള്‍ നല്‍കേണ്ടതാണ്. നികുതി വെട്ടിപ്പ് സംശയിക്കപ്പെടുന്ന അവസ്ഥയില്‍ ഉചിതമായ പിഴ ചുമത്തുക, ചരക്കുകള്‍ പിരിച്ചെടുക്കാനും വാഹനങ്ങള്‍ക്ക് പിഴ ചുമത്താനുമൊക്കെ നിയമ സംരക്ഷണമുണ്ട്. ചരക്ക് നീക്കങ്ങള്‍ സംസ്ഥാനത്തിനകത്തുനിന്നുള്ളവയും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവയേയും പരിശോധിക്കാന്‍ കമ്മീഷണര്‍മാര്‍ക്കോ അദ്ദേഹം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനോ അധികാരം ഉണ്ടായിരിക്കും. അത്തരം പിഴവുകള്‍ 24 മണിക്കൂറിനകം പ്രസ്തുത ഉദ്യോഗസ്ഥന്‍ അത്തരം റിപ്പോര്‍ട്ടുകള്‍ ഓണ്‍ ലൈനില്‍ രേഖപ്പെടുത്തിയിരിക്കണമെന്നും നിയമം അനുശാസിക്കുന്നു. ഒരിക്കല്‍ ഒരിടത്ത് പരിശോധനയ്ക്ക് വിധേയമായ വാഹനം തുടര്‍ന്ന് ഉദ്ദിഷ്ട സ്ഥലത്തേക്ക് എത്തുന്നത് വരെ വീണ്ടും പരിശോധിക്കാന്‍ പാടില്ല. ഏതെങ്കിലും വാഹനം 30 മിനുട്ടില്‍ കൂടുതല്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തുകയാണെങ്കില്‍ ആ വിവരം ജി.എസ്.ടി. ഐ.എന്‍.എസ്.-04 ഫോറമില്‍ പ്രസ്തുത ട്രാന്‍സ്‌പോര്‍ട്ടര്‍ അപ്‌ലോഡ് ചെയ്തിരിക്കണം.
സംസ്ഥാനങ്ങള്‍ പിരിച്ചിരുന്ന വില്പന നികുതി, മൂല്യാധിഷ്ടിത വര്‍ദ്ധിത നികുതി എന്നിവയൊക്കെ ഏക നികുതി സംവിധാനത്തിന് കീഴില്‍ വരികയും ഇന്ത്യയിലൊട്ടുക്ക് 'ഒരിന്ത്യ ഒറ്റ നികുതി' എന്ന ആശയ പ്രചരണം ആരംഭിക്കുക യും ചെയ്തിട്ടും കച്ചവടക്കാര്‍ പണ്ട് കാലം മുതല്‍ വില്‍പന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതിന് വേണ്ടി സര്‍ക്കാരിനടച്ച സെക്യൂരിറ്റി ഡെപോസിറ്റ് തിരിച്ച് നല്‍കുന്നതിന് ഒരു നീക്കവും നാളിത് വരെ നടത്തിയിട്ടില്ല.
സെയില്‍സ്-ടാക്‌സ്-വാറ്റ് നിയമം ഇന്ന് നിലവിലില്ലാത്തതിനാല്‍ കച്ചവടക്കാരന്റെ സെക്യൂരിറ്റി ഡെപോസിറ്റുകള്‍ സര്‍ക്കാര്‍ ഖജനാവില്‍ പിടിച്ച് വെക്കുന്നതിന് ഒരു നീതീകരണവുമില്ല. ഇതിന് വേണ്ടി ജനപ്രതിനിധികളും വ്യാപാരി വ്യവസായി സംഘടനകളും ശബ്ദം ഉയര്‍ത്തേണ്ടതുണ്ട്.
P.M. Abdul khadhar
writerOther Articles