മൂസ എന്ന നന്മ മരം
ബെള്ളിപ്പാടിയിലെ മരം കൊത്തുന്ന മൂസയെ അറിയാത്തവര്‍ തുലോം പരിമിതമായിരിക്കും. അത്രയ്ക്ക് പേരും പെരുമയും ഉള്ള ആളാണ് മൂസ. ആര് വീട് പണി തുടങ്ങുമ്പോഴും ആദ്യമന്വേഷിക്കുന്നത് മൂസയെയാണ്. അദ്ദേഹത്തിന്റെ സഹായമില്ലാതെ ആരും തന്റെ വളപ്പിലുള്ള മരമോ തെങ്ങോ കവുങ്ങോ കൊത്തിയെടുത്തിട്ടുണ്ടാവില്ല. അത്രമാത്രം മരംകൊത്തലില്‍ കൈവിരുതുള്ളയാളാണ് അദ്ദേഹം. നാട്ടിലും പുറംനാട്ടിലും എല്ലാവര്‍ക്കും വേണ്ടപ്പെട്ടയാളായി മൂസ മാറിയതിന് പിന്നിലെ ചരിത്രമിതാണ്. എടുക്കുന്ന പണിയില്‍ ഇത്രമാത്രം ആത്മാര്‍ത്ഥത പുലര്‍ത്തുന്ന ഒരു മരംവെട്ടുകാരനെ വേറെയെവിടെനിന്നുകിട്ടും? ഞാനൊരിക്കല്‍ ബളാലില്‍ പോയപ്പോള്‍ എവിടെയാണ് സ്ഥലം എന്നന്വേഷിച്ചപ്പോള്‍ ബെള്ളിപ്പാടിയാണെന്ന് പറഞ്ഞപ്പോള്‍ മൂസയുടെ വീട്ടിന്നരികിലോ എന്ന് ചോദിക്കുകയുണ്ടായി. ഒരു ദിവസവും അദ്ദേഹത്തിന് വിശ്രമമില്ല. എപ്പോഴും തിരക്കോട് തിരക്ക്. അതിരാവിലെയും രാത്രി വൈകിയും മൂസയുടെ വീട്ടില്‍ ആള്‍ക്കാര്‍ അദ്ദേഹത്തെ അന്വേഷിച്ചുവരും. ഒരുമാസം മുമ്പെ ബുക്ക് ചെയ്താല്‍ മാത്രമേ അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടുകയുള്ളൂ. ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ മൂസയുടെ ഇമ്മിണി വലുപ്പം.
മൂസ വെറും മരംകൊത്തുകാരന്‍ മാത്രമല്ല. ഏതുപണിയും അദ്ദേഹത്തിന് പഥ്യം. കിളയ്ക്കാനും കോരാനും വാരാനും പാചകത്തിനും ഒക്കെ അദ്ദേഹം റെഡി. പക്ഷേ ഇപ്പോള്‍ മരപ്പണി വിട്ട് വേറൊന്നിനും അദ്ദേഹത്തിന് നേരമില്ല. അതുകൊണ്ട് മറ്റ് പണികള്‍ ആലോചിക്കാനേയാവില്ല. എങ്കിലും സര്‍വ്വോപകാരിയാണ് മൂസ്ച്ചാ. അയല്‍പക്കക്കാര്‍ക്ക് എന്തുസഹായം വേണമെങ്കിലും ചെയ്യും. രാത്രി ജെ.സി.ബി, ബോര്‍വെല്‍ വണ്ടി ഒക്കെ വന്നാല്‍ അദ്ദേഹം നേരം വെളുക്കുവോളം അതിന്റെ പുരോഗതി വിലയിരുത്തി അവിടെ നില്‍ക്കും. ഞാന്‍ 2006ല്‍ വീടുപണിക്കായി നീക്കം വലിയ്ക്കുമ്പോള്‍ മൂസ്ച്ച രാവിലെ വരെ അവിടെ ഉറക്കമൊഴിഞ്ഞുനിന്നു. നാലാളെക്കൂട്ടി ചെയ്യേണ്ട ഓരോ പണിക്കും അദ്ദേഹത്തിന്റെ സപ്പോര്‍ട്ട് വേണ്ടത്ര കിട്ടി. ഇങ്ങനെ ഓരോ ആള്‍ക്കാര്‍ക്കും പറയാനുണ്ടാകും അദ്ദേഹത്തെ സംബന്ധിച്ചുള്ള നല്ല ചില വര്‍ത്തമാനങ്ങള്‍.
കര്‍ണ്ണാടകയിലെ സുള്ള്യ താലൂക്കിലെ കുമ്പക്കോട് ആലട്ടി ഗ്രാമത്തിലാണ് അമ്പത്തൊമ്പതുകാരനായ മൂസയുടെ ജനനം. മൈലാട്ടി ഇബ്രാഹിംച്ചയാണ് ഉപ്പ. ഉമ്മ പരേതയായ ആമിനയുമ്മ. ഉമ്മ മുപ്പത് കൊല്ലം മുമ്പേ അസുഖം മൂലം മരിച്ചിരുന്നു. അഞ്ച് സഹോദരന്മാരും ഒരു സഹോദരിയുമാണ് ആ കുടുംബത്തിലുണ്ടായിരുന്നത്. ഉപ്പ വലിയ കൃഷിപ്പണിക്കാരനായിരുന്നു. തന്റെ പതിനഞ്ചാമത്തെ വയസിലാണ് കൂപ്പില്‍ മരംവെട്ടുകാര്‍ക്ക് കഞ്ഞിവെക്കാനായി മൂസ്ച്ച പോകുന്നത്. കുടുംബത്തിന്റെ അല്ലലും അലട്ടലും തീര്‍ക്കാന്‍ വേണ്ടിയാണ് ഇത്രയും ചെറുപ്പത്തില്‍ നേരാംവണ്ണം വിദ്യാഭ്യാസം നേടാതെയുള്ള ഈ തൊഴില്‍തേടി പോകല്‍. ഇന്നും പ്രാരാബ്ധങ്ങള്‍ക്കിടയില്‍ തന്നെയാണ് മൂസയുടെ ജീവിതം. കഞ്ഞിവെക്കുന്നതിനിടെ മരംവെട്ടുജോലിയിലെ അത്ഭുതപ്രതിഭാസമായ മേസ്തിരി കുണ്ടാര്‍ ഈസുച്ചാന്റെ കൂടെയാണ് വാളെടുത്തും മഴുവെടുത്തും മരപ്പണി മെല്ലെമെല്ലെ പഠിച്ചെടുക്കുന്നത്. കര്‍ണ്ണാടകയിലെ സകലേഷ്പുരത്തെ കൊടുംകാട്ടില്‍ ആനകളുടെയും കാട്ടുപോത്തുകളുടേയും നടുവില്‍ നിന്നായിരുന്നു ജോലി ചെയ്യേണ്ടിയിരുന്നത്. വിഷപ്പാമ്പുകളും മറ്റ് വന്യജീവികളും നിറഞ്ഞിരുന്ന ഘോരവനത്തിന്‍ നടുവിലുള്ള മരംവെട്ട് പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു. അങ്ങനെ തീക്കനലും തീച്ചൂടും ഏറ്റാണ് മൂസ്ച്ച മരംവെട്ടുവിദ്യയിലെ പെരുന്തച്ചനായി മാറുന്നത്. കല്ലും മുള്ളും നിറഞ്ഞ ജീവിതപ്പാതയില്‍ പല മേസ്ത്രിമാരുടെയും മരം കച്ചവടക്കാരുടേയും കൂടെ ജോലി ചെയ്യാന്‍ അദ്ദേഹത്തിന് അവസരമുണ്ടായിട്ടുണ്ട്. ബെള്ളിപ്പാടി അബ്ദുല്‍റഹ്മാന്‍ ഹാജിയുടെ കൂടെ കാഞ്ഞങ്ങാട്ടെ മരം ഡിപ്പോയില്‍ മൂന്ന് കൊല്ലവും അദ്ദേഹത്തിന്റെ സഹോദരന്‍ മൊയ്തു ഹാജിയുടെ കൂടെ പതിനഞ്ച് കൊല്ലത്തോളവും മൂസ്ച്ച മരപ്പണിയെടുത്തിട്ടുണ്ട്. പിന്നീട് കൂടെ നില്‍ക്കുന്നത് മതിയാക്കി സ്വന്തം നിലയില്‍ തന്നെ ഓരോ വ്യക്തികളുടെ വീട്ടാവശ്യത്തിനുള്ള മരംമുറിയും മറ്റ് അവശ്യസേവനതൊഴിലുമായും കഴിഞ്ഞുകൂടുകയാണ്. കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം ജോലിയാവശ്യാര്‍ത്ഥം സഞ്ചരിച്ചിട്ടുണ്ട്. ഉദയപുരം, പരപ്പ, ബളാല്‍, പാണത്തൂര്‍, ചുള്ളിക്കര, തലപ്പാടി എന്നിവിടങ്ങളിലൊക്കെ. ഒരുകൊല്ലക്കാലം കോഴിക്കോട് കുറ്റ്യാടി പദ്ധതിയുടെ ഭാഗമായി പെരുവണ്ണാമൂഴി അണക്കെട്ടിന്റെ മരംവെട്ടുമായി ബന്ധപ്പെട്ട് കൂടാളി എസ്റ്റേറ്റില്‍ പോയി പണിയെടുത്തിട്ടുണ്ട്.
'ഏലേലള്ള പൊന്തട്ട്,
പൊന്തട്ടള്ളോ പൊന്തട്ട്
പിടിയെടാ മോനെ
ഒത്തുപിടിച്ചോ
പൊന്തട്ടങ്ങനെ പൊന്തട്ട്'
എന്നിങ്ങനെയുള്ള മരംവലി പാട്ടുമായി ഓരോ തടിച്ച, ഭാരമുള്ള മരത്തിന്റെ കഷണവുമായി ലോഡാക്കുന്ന പണിയും കൂടെ ചെയ്തിട്ടുണ്ട്. മുളിയാര്‍ ചേക്കോട്ടെ ചന്തു, കുക്ക കൃഷ്ണന്‍, കുഞ്ഞിരാമന്‍, അമ്പു, ചറവിലെ നാരായണന്‍ നായര്‍, കാട്ടിപ്പള്ളത്തെ കുഞ്ഞമ്പുനായര്‍, കൃഷ്ണന്‍ നായര്‍, കൃഷ്ണന്‍, ബാബു, അദ്രായി, മൊയ്തിച്ച, മുഹമ്മദ്, ബഷീര്‍ എന്നിവരൊക്കെ കൂടെ ജോലി ചെയ്തവരാണ്. ലോഡാക്കുകയും മുറിക്കുകയും ഒക്കെ ചെയ്യുമ്പോള്‍ കൂട്ടുവേലയുടെ ഒരു ആനന്ദലഹരി മനസ്സില്‍ എന്നും തത്തിക്കളിക്കാറുണ്ടെന്ന് മൂസ്ച്ച പറയുന്നു. ആവശ്യത്തിന് മരമില്ലാതാവുകയും പുതിയ മരം വെച്ചുപിടിപ്പിക്കാന്‍ സ്ഥലം പോലുമില്ലാതാവുകയും ചെയ്തതോടെ മരം കിട്ടാക്കനിയാവുന്നുണ്ടെന്നും കൊത്തുന്ന മരത്തിന് ആനുപാതികമായി മരം വെച്ചുപിടിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനുഷ്യന്റെ ഓരോ വികസന ഗാഥയ്ക്കുപിന്നിലും മരവും കാടും കൂടെ നിന്നിട്ടുണ്ടെന്നും അതുകൊണ്ട് മരംതന്നെയാണ് മനുഷ്യന്റേയും മറ്റു ജീവജാലങ്ങളുടേയും നിലനില്‍പിനാധാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഉപജീവനത്തിനായിട്ടാണ് താന്‍ മരം വെട്ടുന്നതെന്നും അല്ലാതെ നശിപ്പിച്ചു നന്നാവുക തന്റെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറയാതെ പറയുന്നു. നല്ലൊരു നാട്ടുനന്മയുടെ പ്രതീകാത്മകമായ സന്ദേശമാണ് മൂസ. സ്‌നേഹവും സാഹോദര്യവും വഴിമാറിപ്പോകുന്ന കാലിക പശ്ചാത്തലത്തിലെ ഒരു നന്മമരം തന്നെയാണ് മൂസ്ച്ച.
ഭാര്യ ബീഫാത്തിമയോടും ഏഴ് മക്കളോടുമൊപ്പം അധ്വാനത്തിന്റേയും സ്‌നേഹത്തിന്റേയും നേരടയാളമായി പൂത്തുനിറഞ്ഞുനില്‍ക്കുകയാണ് മൂസ; ബെള്ളിപ്പാടിയുടെ ഗരിമയ്ക്കു മാറ്റുകൂട്ടി.
Raghavan bellippady
WriterOther Articles