'ഗഡ്ബഡ് നഗരം' നല്‍കുന്ന വായനാമധുരം
യാത്ര, ഓര്‍മ്മ, അനുഭവം, ചരിത്രം തുടങ്ങിയ ഗണങ്ങളില്‍ ഇന്ന് ധാരാളം പുസ്തകങ്ങള്‍ പുറത്തിറങ്ങാറുണ്ട്. ഏതെങ്കിലുമൊരു വിഭാഗത്തില്‍പെടുത്തിയിറങ്ങുന്ന പുസ്തകങ്ങളില്‍ ചിലപ്പോഴൊക്കെ മേല്‍ പറഞ്ഞ ഗണങ്ങളൊക്കെ സമ്മേളിച്ച് കാണാനാവും. യാത്രാവിവരണം വായിക്കുമ്പോള്‍ ഇടക്കിടെ ചരിത്രം കടന്നു വരും. ആ പ്രദേശത്തിന്റെ പേരിന് പിന്നിലെ കൗതുക കഥകളും ചരിത്രം സൃഷ്ടിച്ച മഹാരഥന്മാരുടെ ത്യാഗസ്മരണകളും മുന്നില്‍ തെളിയും. അവിടത്തെ വിചിത്രമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും വിവരിച്ചുതരും. അങ്ങിനെയൊക്കെ ചില യാത്രാ വിവരണങ്ങള്‍ ചരിത്ര പുസ്തകമായി, ഓര്‍മ്മക്കുറിപ്പുകളായി ഒക്കെ മാറാറുണ്ട്. അടുത്തിടെ കൈരളി ബുക്‌സ് പുറത്തിറക്കിയ കെ.എം. ഇര്‍ഷാദിന്റെ 'ഗഡ്ബഡ് നഗരം' എന്ന പുസ്തകത്തില്‍ ഇത്തരം വിശേഷ ഗുണങ്ങള്‍ കാണാനാവും. ലളിതമായ ആഖ്യാനവും ആലങ്കാരിക പ്രയോഗങ്ങളില്ലാത്ത എഴുത്തു ശൈലിയിലുമുള്ള ഈ പുസ്തകം വായനക്കാരന്റെ മനസ് എളുപ്പത്തില്‍ കീഴടക്കും. കാസര്‍കോട് ജില്ലയിലെ ചന്ദ്രഗിരിപ്പുഴ മുതല്‍ കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ കല്ല്യാണപുര വരെ നീണ്ടു കിടക്കുന്ന പഴയ തുളുനാട് സാമ്രാജ്യത്തിന്റെ ഭാഗമായ പ്രദേശങ്ങളെയാണ് ഇര്‍ഷാദ് 'ഗഡ്ബഡ് നഗര'ത്തിലൂടെ ഹൃദ്യമായ ഭാഷയില്‍ വരച്ചുകാട്ടുന്നത്. നമ്മളെന്നും കാണുന്ന പ്രദേശങ്ങളുടെ സൗന്ദര്യത്തെ ചരിത്രത്തിന്റെ മേമ്പൊടിയോടെയാണ് എഴുത്തുകാരന്‍ പരിചയപ്പെടുത്തുന്നത്. ഉത്തരകേരളത്തിലേയും കര്‍ണാടകയിലേയും എട്ട് വീതം സ്ഥലങ്ങളില്‍ നടത്തിയ യാത്രകളെയാണ് പതിനാറ് കുറിപ്പുകളിലായി ഇര്‍ഷാദ് വിവരിക്കുന്നത്. യാത്രകളുടെ പര്യായമായി മാറിയ ലോക സഞ്ചാരി സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. പ്രകൃതി വര്‍ണനയും നാട്ടറിവുകളും ചരിത്രവും ഇന്നിന്റെ നേര്‍കാഴ്ചകളും ഈ പുസ്തകത്തിന്റെ എല്ലാ അധ്യായത്തിലുമുണ്ടെന്ന് അദ്ദേഹം പറയുന്നു.'ഗഡ്ബഡ് നഗരം' വായിച്ചു തീരുമ്പോള്‍ തുളുനാട് സാമ്രാജ്യത്തിന്റെ ഇന്നലെകളുടെ ചിത്രം മനസിലേക്ക് കടന്ന് വരുന്നതായും യാത്രകള്‍ അറിവ് നേടാനുള്ളതാണെന്ന ചിന്തക്ക് അടിവരയിടുകയാണ് എഴുത്തുകാരനെന്നും അവതാരികയില്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര സാക്ഷ്യപ്പെടുത്തുന്നുണ്ട്. 'തളങ്കരത്തൊപ്പി' എന്ന തലക്കെട്ടിലുള്ള ആദ്യ അധ്യായത്തില്‍ പഴയ തുളുനാടിന്റെ തെക്കേതലയായ തളങ്കരയുടെ വശ്യസുന്ദരമായ കാഴ്ചകളും മാലിക് ദീനാര്‍ ജുമാ മസ്ജിദിന്റെ ചരിത്രവുമൊക്കെ വിവരിച്ചുതരുന്നു. നൂറ്റാണ്ടുകളുടെ പെരുമ പറയുന്ന തളങ്കരത്തൊപ്പിയും തളങ്കര ശാസനവും ഈ പ്രദേശത്തിന് അറബികളുമായുണ്ടായ ബന്ധവും ഉരുനിര്‍മ്മാണവുമൊക്കെ ഈ അധ്യായത്തില്‍ കടന്നു വരുന്നു. 'ബബ്ബിയ്യ' എന്ന പേരിലുള്ള രണ്ടാം അധ്യായത്തില്‍ കേരളത്തിലെ ഒരേയൊരു തടാക ക്ഷേത്രമായ കുമ്പള അനന്തപുരം ക്ഷേത്രത്തിന്റെയും ഇവിടത്തെ കുളത്തിലുള്ള ബബ്ബിയ്യ എന്ന മുതലയുടെയും ചരിത്രവും പ്രത്യേകതയുമാണ് വരച്ചുകാട്ടുന്നത്. കുമ്പള ആരിക്കാടിയിലുള്ള കോട്ടയെക്കുറിച്ചും ഈ കുറിപ്പില്‍ ലളിതമായി പ്രതിപാതിച്ചിട്ടുണ്ട്.
നാവിക പാരമ്പര്യം കൊണ്ടും ഭാഷകളുടെ വൈവിധ്യങ്ങളാലും വേറിട്ട് നില്‍ക്കുന്ന ഉപ്പളയുടെ ഗതകാല പ്രൗഢിയാണ് 'കപ്പല്‍ ഗ്രാമം' എന്ന അധ്യായത്തില്‍ തുറന്ന് കാട്ടുന്നത്. ഹനഫി കല്ല്യാണവും വസ്ത്ര വിശേഷങ്ങളും സ്ഥലപ്പേരിന് പിന്നിലെ കൗതുകവും ഇവിടെ ഉപയോഗത്തിലുള്ള ഭാഷകളുടെ പ്രാധാന്യവും ഈ അധ്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്. കാനത്തൂര്‍ കയത്തിലെ ചന്ദ്രന്‍പാറയില്‍ നിന്നുത്ഭവിച്ച് മൊഗ്രാലിനോട് ചേര്‍ന്ന് അറബിക്കടലില്‍ സംഗമിക്കുന്ന മധുവാഹിനി പുഴയുടെയും മൊഗ്രാല്‍ ദേശത്തിന്റെയും പെരുമയാണ് 'മധുവാഹിനി പുഴയുടെ ഇശല്‍ തീരങ്ങള്‍' എന്ന അധ്യാത്തില്‍ പറയുന്നത്. മൊഗ്രാല്‍ പുഴയിലെ ജൈവവൈവിധ്യങ്ങളെ കുറിച്ചും അപൂര്‍വ്വങ്ങളായ കണ്ടല്‍കാടുകളെ പറ്റിയും പറഞ്ഞ് തരുന്നതിനൊപ്പം എഴുത്തുകാരന് പുഴ സമ്മാനിച്ച ബാല്യകാലാനുഭവങ്ങളും ഒഴുകി വരുന്നുണ്ട്. ഇശല്‍ ഗ്രാമത്തിന്റെ പാട്ട് പെരുമയും പക്ഷിപ്പാട്ടിന്റെ പോരിശയും ഒപ്പം ഈ ഗ്രാമം നെഞ്ചിലേറ്റി കൊണ്ട് നടക്കുന്ന കാല്‍പന്തുകളിയുടെ ചരിത്രവും വര്‍ത്തമാനവുമൊക്കെ പാടിപ്പതിഞ്ഞ പാട്ടുവരികള്‍ പോലെ വായനക്കാരന്റെ മനസില്‍ കടന്നു കൂടും.
തുളുനാട്ടിലെ ആദിവാസി വിഭാഗമായ കൊറഗര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിചിത്രമായ ആചാരങ്ങളെ, ചടങ്ങുകളെ വിശദമായി പരിചയപ്പെടുത്തുകയാണ് 'കമ്പളക്കണ്ടത്തിലെ കൊറഗന്‍' എന്ന അധ്യായം. വേഷവിദാനങ്ങളിലെ കൗതുകവും തൊഴിലിലുള്ള നൈപുണ്യവും വരച്ച് കാട്ടുന്നതിനൊപ്പം ഈ വിഭാഗത്തോട് അധികൃതര്‍ കാട്ടുന്ന അവഗണനയെക്കുറിച്ചും പറയുന്നുണ്ട്. തുളുനാടന്‍ ഗ്രാമങ്ങളുടെ മഹോത്സവങ്ങളിലൊന്നായ കമ്പള(പോത്തോട്ടം)ത്തെക്കുറിച്ച് വായിക്കുമ്പോള്‍ പ്രത്യേകമായൊരു വായനാസുഖം ലഭിക്കും. എന്‍ഡോസള്‍ഫാന്‍ വിഷലിപ്തമാക്കിയ എന്‍മകജെ സ്വര്‍ഗയില്‍ നരകതുല്യമായി ജീവിക്കുന്ന അരജീവിതങ്ങളെക്കുറിച്ചാണ് 'ഒരു സ്വര്‍ഗയാത്ര' എന്ന അധ്യായത്തില്‍ കണ്ണീര്‍ നനവുള്ള ഭാഷയില്‍ വിവരിക്കുന്നത്. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ പ്രദേശത്ത് വേരുറപ്പിച്ചത് തൊട്ട് പിന്നീടുണ്ടായ സംഭവവികാസങ്ങളെയെല്ലാം ഈ അധ്യായത്തില്‍ പരാമര്‍ശിക്കുന്നു. തുളുനാടന്‍ മലയോര ഗ്രാമങ്ങള്‍ക്ക് ദാഹജലം നല്‍കുന്ന സുരങ്കങ്ങളെ കുറിച്ചാണ് 'ആയിരം സുരങ്കങ്ങളുടെ നാട് ' എന്ന അധ്യായത്തില്‍ വിശദീകരിക്കുന്നത്. പൊസഡി ഗുംപെ കുന്നിന്‍ ചെരിവിന്റെ ഭംഗിയെ ഈ അധ്യായത്തില്‍ വരച്ചുകാട്ടിയിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയെ പോലെ ഒരിടം എന്ന് താരതമ്യം ചെയ്ത് ബങ്കര മഞ്ചേശ്വരത്തിന്റെ പ്രകൃതിഭംഗിയേയും സാംസ്‌കാരിക, ചരിത്രാവശേഷിപ്പുകളെയും 'ഗിളിവിണ്ടു' എന്ന അധ്യായത്തിലൂടെ ആകര്‍ഷകമായ ഭാഷയില്‍ വിവരിക്കുന്നുണ്ട്.
ഉള്ളാളിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ സയ്യിദ് മദനി എന്ന സൂഫിവര്യന്റെ മഖ്ബറയിലേക്ക് നേര്‍ച്ചയാക്കപ്പെടുന്ന ആടുകള്‍ക്കൊപ്പം വായനക്കാരനേയും കൈപിടിച്ച് കൊണ്ട് പോവുകയാണ് 'ഉള്ളാളിലെ കുട്ടന്‍' എന്ന അധ്യായം. ഉള്ളാളിന്റെ ചരിത്രവും എഴുത്തുകാരന്‍ പറഞ്ഞ് തരുന്നുണ്ട്. ഒരുപാട് വൈവിധ്യങ്ങളെ ഒരു കുടക്കീഴില്‍ നിര്‍ത്തുന്ന മംഗളുരു നഗരത്തെ മധുരമുള്ള ഭാഷയില്‍ പരിചയപ്പെടുത്തുകയാണ് 'ഗഡ്ബഡ് നഗരം' എന്ന അധ്യായം. ഈ വന്‍ നഗരത്തിന്റെ കാലാന്തര വിശേഷങ്ങള്‍ ഇവിടെ വായിച്ചെടുക്കാനാകും. 'കിഴക്കിന്റെ റോം' എന്ന തലക്കെട്ടിലുള്ള അധ്യായത്തില്‍ മംഗളുരുവിലെ ചര്‍ച്ചുകളെകുറിച്ചും.
കൃസ്തുമതസ്തരുടെ ആഗമനത്തെക്കുറിച്ചും വിദ്യാഭ്യാസ മുന്നേറ്റത്തെ കുറിച്ചും വിവരിക്കുന്നു. ബ്യാരി ഭാഷയെക്കുറിച്ചും ലഘുവായി പരാമര്‍ശിക്കുന്നു. 18 ക്ഷേത്രങ്ങളും അത്ര തന്നെ തടാകങ്ങളും ഗ്രാമങ്ങളും ജൈന ബസതികളുമുള്ള, 18 എന്ന മാന്ത്രിക സംഖ്യയുമായി ബന്ധപ്പെട്ട് കിടക്കുന്ന മൂഡബിദ്രി എന്ന ചെറുനഗരത്തെ പരിചയപ്പെടുമ്പോള്‍ വിസ്മയം ജനിക്കും.
ഹാജ്ജബ്ബ എന്ന ഓറഞ്ച് വില്‍പനക്കാരനായ സാധാരണക്കാരനുണ്ടാക്കിയ ഹരാര്‍ക്കളയിലെ ന്യൂപദപ്പ് സ്‌കൂളും അദ്ദേഹത്തിലെ മഹാമനീഷിയുമാണ് 'ഹരാര്‍ക്കള ഹാജ്ജബ്ബ' എന്ന അധ്യായത്തിലെ വിഷയം. ഇന്ത്യയുടെ അടുക്കള എന്നറിയപ്പെടുന്ന ഉഡുപ്പിയെക്കുറിച്ചാണ് 'ഉഡുപ്പി ഹോട്ടല്‍' എന്ന അധ്യായത്തില്‍. സസ്യാഹാര ഹോട്ടലുകളെയും ഇവിടങ്ങളെ ശ്രദ്ധേയമാക്കുന്ന വിവിധ തരം ദോശകളെ കുറിച്ചും വായിച്ചെടുക്കുമ്പോള്‍ വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ചൊരു പ്രതീതിയുണ്ടാവും. മള്‍പെ ബീച്ചിന്റെയും സെന്റ് മേരീസ് ഐലാന്റിന്റേയും മനോഹാരിതയെ അഴകോടെ കാട്ടിത്തരുകയാണ് 'ചിപ്പികള്‍ കൊണ്ടൊരു ദ്വീപ് ' എന്ന അധ്യായം. മണിപ്പാല്‍ എന്ന വിദ്യാഭ്യാസ നഗരത്തെക്കുറിച്ചാണ് 'മണിപ്പാല്‍ കുന്നിന്‍ മുകളിലെ യൂണിവേഴ്‌സിറ്റി നഗരം' അധ്യായത്തില്‍ വിവരിക്കുന്നത്. ഇവിടവുമായി ബന്ധപ്പെട്ടുള്ള ശ്രദ്ധേയമായ നേട്ടങ്ങളും ഈ കുറിപ്പില്‍ ഇടം പിടിച്ചിട്ടുണ്ട്. മണിപ്പാലിനടുത്തുള്ള എന്‍ഡ് പോയിന്റ് എന്ന പ്രദേശമാണ് 'ഗഡ് ബഡ് നഗര'ത്തിന്റെയും എന്‍ഡ് പോയിന്റ്. മൂന്ന് ഭാഗത്തും മനോഹര കാഴ്ചകളൊരുക്കുന്ന ശ്രദ്ധേയ ടൂറിസ്റ്റ് കേന്ദ്രമായ എന്‍ഡ് പോയിന്റിനെ കുറിച്ച് ചെറിയ കുറിപ്പിലൊതുക്കിയെങ്കിലും അതില്‍ ഉപയോഗിച്ച ഭാഷ വേറിട്ടതാണ്. പൊതുവെ 'ഗഡ്ബഡ് നഗരം' എന്ന പുസ്തകത്തിലുടനീളം വേറിട്ട ഭാഷാശൈലി കാണാനാകും.
Jabir kunnil
writerOther Articles