നിങ്ങളെന്നെ ബി.ജെ.പിയാക്കി
2009ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വടകരയില്‍ നറുക്ക് വീണത് മുല്ലപ്പള്ളി രാമചന്ദ്രനാണ്. വടകരക്കൊരു ചരിത്രമുണ്ട്. 1980ല്‍ ഇതേ മുല്ലപ്പള്ളി വടകരയില്‍ മത്സരിച്ചിരുന്നു. അന്ന് ക്ലീനായി തോറ്റു. പോരാതെ തുടര്‍ന്നുവന്ന ഏഴ് തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന്റെ തടി സലാമത്തായില്ല.
2004ല്‍ ആണെങ്കില്‍ സി.പി.എമ്മിലെ സതീദേവിക്ക് 1,30,598 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് കിട്ടിയത്. ആ വടകരയിലാണ് മുല്ലപ്പള്ളിയെ കൊണ്ടിട്ടത്. നോമിനേഷന്‍ കൊടുക്കുമ്പോഴും ഞാന്‍ പെട്ടു എന്ന് മുല്ലപ്പള്ളിക്ക് തോന്നിയിട്ടുണ്ടാകും. പക്ഷേ, തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടെണ്ണിയപ്പോള്‍ ഫക്കീര്‍ സുല്‍ത്താനായി, സുല്‍ത്താന്‍ ഫക്കീറായി. 70,000 വോട്ടിനാണ് മുല്ലപ്പള്ളി ജയിച്ചത്. തലക്കടികൊണ്ടതുപോലെ ഒന്നും തിരിയാത്ത പരാജയമായിരുന്നു സതീദേവിയുടേതും സി.പി.എമ്മിന്റേതും. മുല്ലപ്പള്ളിയെ ജയിപ്പിച്ചത് പോസിറ്റീവ് വോട്ടുകളല്ല. നെഗറ്റീവ് വോട്ടാണ്. ആര് ജയിക്കണമെന്നല്ല വടകരക്കാര്‍ തീരുമാനിച്ചത്. ആര് തോല്‍ക്കണമെന്നതാണ്.
ത്രിപുരയിലും സംഭവിച്ചത് ഇതുതന്നെ.
കാല്‍നൂറ്റാണ്ടായി സി.പി.എം. ഭരിക്കുന്ന സംസ്ഥാനം. കേരളത്തിലെ രണ്ടോ മൂന്നോ ജില്ലകള്‍ ചേര്‍ന്നതുപോലെ നാട്. 26 ലക്ഷം വോട്ടര്‍മാര്‍. ശരാശരി 40,000 വോട്ടര്‍മാര്‍ ഉണ്ടാവും ഒരു മണ്ഡലത്തില്‍. 1993 തൊട്ട് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ വീക്ക്‌നസ് അറിയാമല്ലോ. രണ്ടുതവണ തോറ്റുപോയാല്‍ തോല്‍ക്കുന്ന പഞ്ചായത്തിനെയോ മണ്ഡലത്തേയോ സംസ്ഥാനത്തെയോ ദാനാധാരം നടത്തിയേക്കും. എന്തുകൊണ്ട് തോറ്റു എന്ന് പഠിക്കാന്‍ മെനക്കെടില്ല. കാസര്‍കോടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ഹണേബാറമാണിത്. ഇതേ ഹണേബാറം തന്നെ ത്രിപുരയിലേതും. സി.പി.എമ്മിന്റെ വീക്ക്‌നസ്സ് മറ്റൊന്ന്. രണ്ടാം തവണ അധികാരത്തിലെത്തിയാല്‍ പിന്നെ ചെവിയും കേള്‍ക്കില്ല, കണ്ണും കാണില്ല. ഒരുതരം മോണോപൊളിയാണ് പിന്നെ. തദ്ദേശസ്ഥാപനങ്ങളില്‍ ഇതുകാണാം. 25 വര്‍ഷമായ പഞ്ചായത്താണെങ്കില്‍ പറയാതിരിക്കുന്നതാണ് നല്ലത്. അഞ്ചുവര്‍ഷത്തിനപ്പുറം തുടരാനാവില്ല എന്ന് ബോദ്ധ്യമുള്ള ഇതേ സംസ്ഥാനത്ത് തന്നെ ആ മോണോപോളി കാണാം. പാര്‍ട്ടിക്കാര്‍ കസായിപ്പണിയാണ് എടുക്കുന്നത്. മനുഷ്യരെ പച്ചക്ക് തരിച്ച് പീസ് പീസാക്കുന്നു. പീസ് സ്‌കൂള്‍ പൂട്ടിക്കണം, അക്ബറെ പൂട്ടണം, ഹാദിയ പ്രേമിച്ചാല്‍ ലൗജിഹാദ് എന്ന് സ്ഥാപിക്കണം. എന്ത് വെറുപ്പിക്കലാണ് ഭായി ഇതെന്ന് ആരും ചോദിച്ചുപോവും. തുടര്‍ച്ചയായി ഭരിച്ച ത്രിപുരയില്‍ എന്തൊക്കെ തരത്തില്‍ വെറുപ്പിച്ചു എന്ന് ആ നാട്ടിലെ മക്‌ലൂക്കിനേ അറിയൂ.
2013ല്‍ 36 ശതമാനം വോട്ടിലൂടെ 10 സീറ്റാണ് കോണ്‍ഗ്രസിന് കിട്ടിയത്. ബി.ജെ.പിക്ക് സീറ്റൊന്നും കിട്ടിയില്ല. സി.പി.എമ്മിന് 49 ശതമാനം വോട്ടും 48 സീറ്റും കിട്ടി. 2014ലെ മോദിതരംഗം ഉണ്ടായ തിരഞ്ഞെടുപ്പില്‍പോലും ബി.ജെ.പിക്ക് 5 ശതമാനം വോട്ടേ കിട്ടിയുള്ളു. കോണ്‍ഗ്രസിന്റേത് 15 ശതമാനമായി കുറഞ്ഞപ്പോള്‍ 64 ശതമാനമായി ഉയര്‍ന്നു. 4 വര്‍ഷം കഴിഞ്ഞപ്പോള്‍ ഈ ഗണിത ശാസ്ത്രം പാടെ മാറുകയാണ്. മണിക്ക് സര്‍ക്കാര്‍ ഒരു ജനകീയനാവാം. നോ കറ നോ പാട് എന്നപോലെ ശുദ്ധനാവാം. പാര്‍ട്ടി കൊടുക്കുന്ന ശമ്പളം കൊണ്ട് ജീവിക്കുന്ന കമ്മ്യൂണിസ്റ്റാവാം. മൊബൈല്‍ ഫോണ്‍പോലും സ്വന്തമായി ഇല്ലാത്ത, സോഷ്യല്‍മീഡിയയില്‍ ഇടപെടാത്ത ഇമെയില്‍ വിലാസം പോലും ഇല്ലാത്തതുകൊണ്ടോ എന്തോ 47,000 പുതിയ വോട്ടര്‍മാരുടെ വോട്ട് കിട്ടാതെ പോയത്. ബി.ജെ.പിയുടെ സ്മാര്‍ട്ട്‌ഫോണ്‍ വാഗ്ദാനം കൂടിയായപ്പോള്‍ 64,000 വോട്ടാണ് സി.പി.എമ്മിന് നഷ്ടമായത്. സി.പി.എം. വിരുദ്ധ വോട്ടുകള്‍ ഉറഞ്ഞുകൂടുന്നത് ഈ പച്ചപ്പൈ പോലുള്ള മനുഷ്യന്‍ അറിയാന്‍ വൈകി. പക്ഷേ, സി.പി.എം. വിരുദ്ധ വോട്ടുകള്‍ കേന്ദ്രീകരിക്കുന്ന സൂചന പ്രചാരണത്തിനിടയില്‍ അദ്ദേഹത്തിന് മണത്തു എന്നത് തിരഞ്ഞെടുപ്പിന് ഒരാഴ്ച ബാക്കിനില്‍ക്കേ നടത്തിയ പ്രസ്താവനയില്‍ നിന്നും വായിച്ചെടുക്കാം. വൈരാഗ്യബുദ്ധിയോടെ കോണ്‍ഗ്രസുകാര്‍ വോട്ടുചെയ്യരുതെന്നാണ് മണിക്ക് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്തുകൊണ്ടാവാം കോണ്‍ഗ്രസുകാര്‍ വൈരാഗ്യബുദ്ധി കാണിച്ചേക്കുമെന്ന് മണിക്ക് സര്‍ക്കാറിന് തോന്നിയത്.
ത്രിപുരക്കാര്‍ ബൂത്തിലേക്ക് പോവാന്‍ 4 മാസം ശേഷിക്കേയാണ് ഡല്‍ഹിയില്‍ സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും ചേര്‍ന്നത്. ആ യോഗങ്ങളില്‍ ത്രിപുര എന്ന മൂന്നക്ഷരമോ, ത്രിപുരയില്‍ സ്വീകരിക്കേണ്ട അടവുനയങ്ങളോ അല്ല വാര്‍ത്തയായത്. ബി.ജെ.പിയുടെ മുതലാളിത്ത നയവുമല്ല. നവ ലിബറലിസം എന്ന മാറാപ്പ് കോണ്‍ഗ്രസിന്റെ തലയില്‍ വെച്ചുകെട്ടി വോട്ടെടുപ്പ് നടത്താനാണ് സമയം മെനക്കെടുത്തിയത്. ശത്രുവിന്റെ ശത്രു മിത്രം എന്ന ലോജിക് പോലും മറന്ന് കോണ്‍ഗ്രസിന് നേരെ വാതില്‍ കൊട്ടിയടച്ചുകളഞ്ഞു. ബി.ജെ.പിയാണെങ്കില്‍ ത്രിപുരയില്‍ വിത്തെറിയുന്നതിന് മുമ്പെ നിലമൊരുക്കിയിരുന്നു. കോണ്‍ഗ്രസിനില്ലാത്ത ആളും അര്‍ത്ഥവും കേന്ദ്രമന്ത്രിമാരുടെ വാഗ്ദാനങ്ങളുടെ പെരുമഴതീര്‍ത്ത ജഗപൊഗയില്‍ ത്രിപുരക്കാരെ വളക്കാന്‍ എളുപ്പമായി. ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തൃണമുല്‍ കോണ്‍ഗ്രസായതും പിന്നീടവര്‍ ബി.ജെ.പി. ആയതിനും പിന്നിലൊരു പശ്ചാത്തലമുണ്ട്. 2013ല്‍ 9 സീറ്റില്‍ മത്സരിച്ച് 8 സീറ്റ് നേടിയ ഗോത്രവര്‍ഗ്ഗ പാര്‍ട്ടിയാണ് കജഎഠ. ആ കജഎഠക്ക് 15 സീറ്റും ഞങ്ങള്‍ക്ക് 15 സീറ്റും തന്നാല്‍ സഖ്യമാവാം എന്ന ഓഫറുമായി മമതാ ബാനര്‍ജിയുടെ ദൂതന്‍ രാഹുല്‍ ഗാന്ധിയെ സമീപിച്ചിരുന്നുവത്രെ. ആ ഓഫറിനെ രാഹുല്‍ ഗാന്ധി മൈന്റ് ചെയ്തില്ല എന്നാണ് വാര്‍ത്ത. പക്ഷേ, രാഹുല്‍ ഗാന്ധി ചെയ്യാത്തത് ബി.ജെ.പി. ചെയ്തു. കജഎഠക്ക് 10 സീറ്റ് നല്‍കി സഖ്യകക്ഷിയാക്കി. ഗോത്രവര്‍ഗ്ഗ മേഖലയിലെ 19 സീറ്റില്‍ 17 സീറ്റും സി.പി.എമ്മിന് നഷ്ടമായി. ത്രിപുരയുടെ ജാതകംതന്നെ മാറ്റിയെഴുതാന്‍ ഒരു കാരണം കജഎഠ യാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള വോട്ട് വ്യത്യാസം അരശതമാനം പോലും ഇല്ല എന്ന ഗണിതശാസ്ത്രത്തില്‍ സി.പി.എമ്മിന് ആശ്വസിക്കാം. അല്ലാത്തവര്‍ക്ക് സിനിമയിലെ ശ്രീനിവാസന്‍ ഡയലോഗ് പോലെ എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന് കരുതി ആശ്വസിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ത്രിപുരയില്‍ സംഭവിച്ചത് ഇതാണ്. ത്രിപുരയില്‍ ജയിക്കാനൊന്നും പോകുന്നില്ല എന്ന മട്ടില്‍ കോണ്‍ഗ്രസ് ഗാലറിയിലെ കാഴ്ചക്കാരനായി. തോല്‍ക്കാനൊന്നും പോകുന്നില്ല എന്ന മട്ടിലായിരുന്നു സി.പി.എം. പാര്‍ട്ടി വോട്ടുകളെ മാത്രം ആശ്രയിച്ച് പാര്‍ട്ടി വിരുദ്ധ വോട്ടുകളെ ഗൗനിച്ചതേയില്ല. രണ്ട് ദൗര്‍ബല്യങ്ങളെയും മനസിലാക്കി സി.പി.എം. വിരുദ്ധവോട്ടുകളെ ബി.ജെ.പി. തന്ത്രപൂര്‍വ്വം ചാക്കിലാക്കിയപ്പോള്‍ ത്രിപുരയുടെ നിറം ചുവപ്പുമാഞ്ഞ് കാവിയായി.
കെ.എ. ഷുക്കൂര്‍
writer