സി.ആര്‍. -സ്‌നേഹാര്‍ദ്രമായ ഒരോര്‍മ്മ...
മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ദീര്‍ഘകാലം കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സാരഥിയുമായിരുന്ന സി.ആര്‍. രാമചന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായത് കേരളത്തിന്റെ പൊതു ജീവിതത്തില്‍ പകരംവെക്കാനില്ലാത്ത ഒരു സമുന്നത വ്യക്തിത്വത്തെയാണ്. കീര്‍ത്തിമാനായ പത്രപ്രവര്‍ത്തകനെന്നപോലെ സംസ്ഥാനത്തെ പത്രപ്രവര്‍ത്തക സമൂഹത്തിന്റെ നായകനും നേതാവുമായി ദീര്‍ഘ സംവത്സരങ്ങള്‍ ചൈതന്യഭാസുരമായ പ്രവര്‍ത്തനം കാഴ്ചവെച്ച കര്‍മ്മകുശലനായ ആ മനുഷ്യന്റെ തിരോധാനം വരുത്തിവെച്ച ശൂന്യത ഒരിക്കലും നികത്താനാവാത്തതാണ്. പത്രപ്രവര്‍ത്തനമേഖലക്കും പത്രപ്രവര്‍ത്തക സമൂഹത്തിനും അദ്ദേഹം അര്‍പ്പിച്ച സേവനങ്ങളും സംഭാവനകളും വിലപ്പെട്ടതാണ്. എക്കാലവും കൃതജ്ഞതയോടുകൂടിയേ നമുക്ക് അദ്ദേഹത്തെ സ്മരിക്കാന്‍ സാധിക്കൂ.
സി.ആര്‍. എന്ന രണ്ടക്ഷരം പത്രപ്രവര്‍ത്തക സമൂഹത്തിന്റെ ആശയും ആവേശവുമായിരുന്നു. കരുത്തുറ്റ നേതൃപാടവവും സംഘാടന മികവും സ്‌നേഹനിര്‍ഭരമായ പെരുമാറ്റ ശൈലിയും കാര്യനിര്‍വഹണശേഷിയും അദ്ദേത്തിന്റെ സവിശേഷതയായിരുന്നു. പരിചയപ്പെടുന്നവരിലെല്ലാം സി.ആര്‍. സ്‌നേഹത്തിന്റെ മുദ്രകള്‍ ചാര്‍ത്തി. കേരളമാകെ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മമണ്ഡലം. കേരള പത്രപ്രവര്‍ത്തക യൂണിയനെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റുന്നതിന് സി.ആര്‍. വഹിച്ച പങ്ക് നിസ്തുലമാണ്. അദ്ദേഹത്തിലെ ട്രെയിഡ് യൂണിയനിസ്റ്റ് അത്രമേല്‍ കരുത്തുള്ളതായിരുന്നു. പത്രപ്രവര്‍ത്തകരുടെ അവകാശപോരാട്ടങ്ങള്‍ക്ക് അദ്ദേഹം കാലാകാലങ്ങളില്‍ ധീരമായ നേതൃത്വം വഹിച്ചു. പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍കൈയെടുക്കുകയും സര്‍ക്കാറിനെക്കൊണ്ട് അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തതില്‍ സി.ആര്‍. മുഖ്യപങ്കാണ് വഹിച്ചത്. മലപ്പുറം പി. മൂസയും സി.ആര്‍. രാമചന്ദ്രനും ഒരേ ടീമായി അനേകം തവണയാണ് കേരള പത്രപ്രവര്‍ത്തക യൂണിയന് നേതൃത്വം പകര്‍ന്നത്. ഒരുപക്ഷെ, ഏറ്റവും ദീര്‍ഘകാലം യൂണിയന്റെ സാരഥ്യം വഹിച്ചതും ഇവര്‍ രണ്ടുപേരായിരിക്കാം.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനങ്ങളില്‍ സി.ആര്‍. എത്രയോ വര്‍ഷങ്ങള്‍ നിറഞ്ഞുനിന്നു. പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മക്ക് കരുത്തും ചൈതന്യവും പകര്‍ന്നുകൊടുത്തു.
കൊല്ലം പ്രസ്‌ക്ലബ്ബിന്റെ സെക്രട്ടറിപദത്തില്‍ നിന്ന് തുടക്കം കുറിച്ച അദ്ദേഹം പില്‍ക്കാലത്ത് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ജനറല്‍ സെക്രട്ടറിപദത്തിലേക്കുയര്‍ന്നു. പലപ്പോഴും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അത്രമാത്രം സ്വീകാര്യതയും പിന്തുണയും ലഭിച്ച നേതാവായിരുന്നു അദ്ദേഹം. ഊഷ്മളമായ പെരുമാറ്റത്തിലൂടെ സി.ആര്‍. എല്ലാവരുടെയും ഹൃദയം കീഴടക്കി. ജന്മനാടായ കൊല്ലമായിരുന്നു അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന തട്ടകം. അവിടെ 'ജനയുഗം' ദിനപത്രത്തിന്റെ ന്യൂസ് എഡിറ്ററായാണ് സര്‍വീസില്‍ നിന്ന് പിരിഞ്ഞത്. കുട്ടികളുടെ പ്രസിദ്ധീകരണമായ 'ബാലയുഗ'ത്തിന്റെ പത്രാധിപരായും സേവനമനുഷ്ഠിച്ചു.
പിരിഞ്ഞശേഷം കേരള സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ സംസ്ഥാന പ്രസിഡണ്ടായി സേവനമനുഷ്ഠിക്കുകയുണ്ടായി. സര്‍വീസില്‍ നിന്ന് പിരിഞ്ഞ മാധ്യമപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതിന് അദ്ദേഹം ശ്രമിച്ചു. കേരള പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍, പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയംഗം, പത്രപ്രവര്‍ത്തക പെന്‍ഷന്‍ കമ്മിറ്റിയംഗം, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് വര്‍ക്കിങ്ങ് ജേര്‍ണലിസ്റ്റ്‌സിന്റെ ട്രഷറര്‍, സെന്‍ട്രല്‍ റിട്ടേണിങ്ങ് ഓഫീസര്‍ എന്നീ നിലകളിലെല്ലാം സി.ആര്‍. മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. അന്ത്യനാള്‍വരെ അദ്ദേഹം കൊല്ലം ബാലഭവന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു.
1980കളിലാണ് ഞാന്‍ സി.ആറിനെ പരിചയപ്പെടുന്നത്. സ്‌നേഹോഷ്മളമായ ഒരാത്മബന്ധമായിരുന്നു ഞങ്ങളുടേത്. സി.ആറിനെ ഏറ്റവുമൊടുവില്‍ കാണുന്നത് കഴിഞ്ഞവര്‍ഷം സപ്തംബറില്‍ തിരുവനന്തപുരത്ത് നടന്ന സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം സംസ്ഥാന സമ്മേളനത്തില്‍വെച്ചാണ്. സി.ആര്‍. അപ്പോഴേ രോഗാതുരനായിരുന്നു. അനാരോഗ്യത്തെ അവഗണിച്ചുകൊണ്ടാണ് അന്ന് അദ്ദേഹം സമ്മേളനവേദിയിലെത്തിയത്. സി.ആറിന്റെ സ്‌നേഹവാത്സല്യങ്ങള്‍ അനുഭവിക്കാന്‍ അന്നും എനിക്ക് അവസരമുണ്ടായി. സി.ആറിന്റെ ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരിക്കുന്നതായി കഴിഞ്ഞ കുറേനാളുകളായി കൊല്ലത്തെ പത്രപ്രവര്‍ത്തക സുഹൃത്തുക്കളില്‍ നിന്ന് വിവരം ലഭിച്ചിരുന്നു. ഒടുവില്‍ സി.ആര്‍. മാഞ്ഞുപോയി...
മാനവികതയെയും മൂല്യങ്ങളെയും നെഞ്ചേറ്റിയ ഒരു വലിയ മനുഷ്യസ്‌നേഹികൂടിയായിരുന്നു കൃതഹസ്തനായ ആ പത്രപ്രവര്‍ത്തകന്‍. നമ്മുടെ വീഥിയിലെ വഴിവിളക്കായിരുന്നു അദ്ദേഹം.
നന്മനിറഞ്ഞ ആ സ്‌നേഹധനനായ ജ്യേഷ്ഠ സഹോദരന്റെ പാവന സ്മരണക്ക് മുന്നില്‍ ഹൃദയാഞ്ജലി അര്‍പ്പിക്കുന്നു.

-വി.വി. പ്രഭാകരന്‍.

Other Articles

  ലാളിത്യം മുഖമുദ്രയാക്കിയ ഹംസ

  കോരന്‍ മാസ്റ്ററുടെ വിയോഗം ജില്ലയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടം

  എന്തിന് വായിക്കണം ?

  ഹാത്തിഫ്: മണ്‍മറഞ്ഞത് നന്മ മരം

  രാഷ്ട്രീയ നേതാക്കള്‍ക്ക് ആതിഥ്യമരുളിയ സൈനബ ഹജ്ജുമ്മ

  ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍............

  നിയമപാലനരംഗത്തെ അവസാനിക്കാത്ത പാപക്കറകള്‍

  സോഷ്യലിസ്റ്റ് ആശയത്തിന്റെ വേര് പടര്‍ത്തിയ നേതാവ

  നിസ്വാര്‍ത്ഥം, നിശ്ശബ്ദം കടന്നുപോയൊരാള്‍...

  ചെറിയ പെരുന്നാള്‍ ലോക സമൂഹത്തിന്റെ ആഘോഷം

  കാളവണ്ടിയില്‍ ഒരു പെരുന്നാള്‍

  വ്രതാനുഷ്ഠാനം ആരോഗ്യത്തിനും ഏറെ ഗുണകരം

  ഒരു കളിഭ്രാന്തന്റെ പുലരാത്ത പ്രവചനങ്ങള്‍

  കഅ്ബയുടെ ചാരത്ത്, റമദാന്റെ വിശുദ്ധി നുകര്‍ന്ന്

  പരിശുദ്ധ റമദാന്‍ വിട പറയുമ്പോള്‍