വിചാരണ
എന്തിനീ മരങ്ങളും നദിയുമെന്ന് ചോദിപ്പു
മന്ത്, മനസ്സിനെ ബാധിച്ച ചിലര്‍
എന്തും വെട്ടിപ്പിടിക്കാനുള്ളതായ് മാറും
ചിന്തയ്ക്ക് കുഷ്ഠം പിടിച്ച് കഴിഞ്ഞാല്‍...!

ചക്കയും മാങ്ങയും തേങ്ങയും കനിക-
ളൊക്കെയും വേണമെന്നും ഭുജിക്കാന്‍
ഒക്കുകില്ലെന്നാലും മുറ്റത്തെങ്ങാണ്ടൊരു
പുല്‍ക്കൊടി നീണ്ടാല്‍ പിഴുതെടുക്കാതെ...!

പുഴയുടെ മാറ് മാന്തിക്കീറി പാഴ്-
ക്കുഴികളായ് മാറീ ജലാശയങ്ങള്‍
മഴയ്ക്ക് പകരം പൊടിക്കാറ്റിന്‍ താണ്ഡവം
മഴുവിനിനിയും വിശ്രമമറിഞ്ഞിട്ടില്ല...!

പറവകള്‍ കൂട്‌തേടി മേഘങ്ങളില്‍ മറയുന്നു
പൊരിയുന്ന ചൂടേറ്റ് പൈതങ്ങള്‍ കേഴുന്നു
മരുഭൂമിയായ് മണ്ണും മനസ്സും നീറുന്നു
മരണ നൃത്തം കണ്ട് കാലം വിതുമ്പുന്നു...!

പച്ചപ്പൊക്കെയും തുടച്ച് നീക്കുമീക്കൂട്ടര്‍
പിച്ചതെണ്ടുമൊരിറ്റ് ദാഹനീരിനായ്
നിശ്ചയമെങ്കിലും, നമുക്കിവരെ നാളെയ്ക്ക് വേണ്ടി
നിഷ്‌കരുണം നിറുത്താം, നീതിവേദിക്ക് മുന്നില്‍...!
P.S.Hameed
writerOther Articles