ചേരികളുടെ ഫുട്‌ബോള്‍
സമ്പന്നരിലെ അലസന്മാര്‍ക്ക് വിനോദത്തിനായി ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്ത ഫുട്‌ബോള്‍ പിന്നീട് സര്‍വത്ര പൂവണിഞ്ഞത് ചേരികളിലായിരുന്നു. ഇതിന് പണം ആവശ്യമില്ല എന്നതാണ് ഈ കളിയുടെ ഒരു പ്രത്യേകത. കളിക്കാനുള്ള കടുത്ത ആഗ്രഹം മാത്രം മതിയായിരുന്നു. ഒരാള്‍ക്ക് ആകാശത്തോളം ചില്ല ഉയര്‍ത്തി നില്‍ക്കാനും പൂക്കാനും കായ്കാനും ഇടക്കു ഞെട്ടറ്റു നിലം തൊടാനും. മൈതാനങ്ങളില്‍, തെരുവുമൂലകളില്‍, കുന്നിന്‍ പുറങ്ങളില്‍, പുരമുറ്റങ്ങളില്‍, പുഴയരികില്‍, എന്ന് വേണ്ട, നാടന്‍ കുട്ടികളും കുടിയേറ്റക്കാരായ യുവാക്കളും ഒക്കെച്ചേര്‍ന്ന് പഴയ ചാക്കുകളില്‍ കീറത്തുണിയും കടലാസും കുത്തിനിറച്ചു പന്തുണ്ടാക്കി, പെറുക്കി വെച്ച കല്ലുകളെ ഗോള്‍ പോസ്റ്റുകളാക്കി സകലേടത്തും തട്ടിക്കൂട്ട് കളി കളിച്ചു തുടങ്ങി. ഇതിന്റെ ഭാഷ താമസിയാതെ ഫുട്‌ബോളിനെ ലോകം മുഴുവന്‍ വ്യാപിപ്പിച്ചു. സുന്ദരമായ ഒരു യാത്രയായിരുന്നു സോക്കറിന്റേത്. ആദ്യം ഇംഗ്ലണ്ടിലെ കോളേജുകളിലും സ്‌കൂളുകളിലും സംഘടിക്കപ്പെട്ട അത് ഒരിക്കലും പള്ളിക്കൂടത്തിന്റെ പടി കാണാത്ത തെക്കേ അമേരിക്കക്കാരുടെ ജീവിതങ്ങളില്‍ ആഹ്ലാദം നിറക്കുമെന്നോ ബ്യുനെസ് അയേഴ്‌സിലെയും മൊന്‍ഡിവിഡിയോയിലെയും മൈതാനങ്ങളില്‍ ഒരു ശൈലിക്ക് നാന്ദി കുറിക്കപ്പെടുമെന്നോ അന്നാരും നിനച്ചിരുന്നില്ല. പിന്നീടതങ്ങോട്ട് ഒരു നാട്ടു രീതിയിലേക്കതു പരിവര്‍ത്തിക്കപ്പെടുമെന്നും
മിലോങ്കാ ക്ലബ്ബുകളില്‍ നൃത്തത്തിന്റെ ഒരു നാടന്‍ രീതി ഉരുത്തിരിഞ്ഞു വന്നത് പോലെ നര്‍ത്തകര്‍ നടന വേദിയില്‍ ചിത്ര വേലകള്‍ അവതരിപ്പിക്കുന്നത് പോലെ സോക്കര്‍ കളിക്കാര്‍ ഇടുങ്ങിയ സ്ഥലത്ത് തങ്ങളുടേതായ ഭാഷ സൃഷ്ടിച്ചു. അവിടെ പന്തടിക്കുന്നതിന് പകരം അവരുടെ കാലുകള്‍ തുകലില്‍ അലങ്കാരത്തുന്നല്‍ നടത്തുകയായിരുന്നു. ആദ്യത്തെ ക്രിയോളിന്റെ പാദങ്ങളില്‍ നിന്ന് സ്പര്‍ശം ജനിച്ച പന്ത് ഒരു ഗിറ്റാര്‍ രൂപത്തില്‍ സംഗീതോപകരണമായി മീട്ടിപ്പാടുകയായിരുന്നു .
സുഖിയന്മാരുടെ കളി എന്നതില്‍ നിന്നും ഇറങ്ങി വന്ന് പിന്നീടത് ദരിദ്രരുടെ കളി ആയി മാറി.
അവരതിനെ പോഷിപ്പിക്കുകയും സ്വാംശീകരിക്കുകയും ചെയ്തു. അവരുടെ സര്‍ഗാത്മക ഊര്‍ജ്ജത്താല്‍ വിഭ്രംജിക്കപ്പെട്ട് പിന്നീടത് ബ്രസീലിയനായി മാറി. അങ്ങനെയാണ് അരക്കെട്ടിന്റെ നടനങ്ങളാല്‍, നെഞ്ചിന്റെയും കാലുകളുടെയും തലയുടെയും ദ്രുതവേഗത്തിലുള്ള തിരയനക്കങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട ലോകത്തെ അതീവ ചാരുതയേറിയ ഫുട്‌ബോളായി അത് പിറന്നത്. ഇവയൊക്കെ കാപോഎയ്‌റയില്‍ നിന്ന് കറുത്ത അടിമകളുടെ പോരാട്ട നൃത്തങ്ങളില്‍ നിന്ന്, വാന്‍ നഗരചേരികളിലെ ആനന്ദനൃത്തങ്ങളില്‍ നിന്നൊക്കെ വന്നതാണ്.
'ഫ്രാന്‍സ് 38 ' ലോക കപ്പില്‍ ഇറ്റലി ജേതാക്കളായി. ഹങ്കറി രണ്ടാം സ്ഥാനക്കാരും. പക്ഷേ, അന്ന് കപ്പ് കൊണ്ട് പോകേണ്ടിയിരുന്നത് ബ്രസീലായിരുന്നു. ടീം മാനേജരും കോച്ചുമായ അടിമേര്‍ വിമെന്റോയുടെ ഒടുക്കത്തെ വെളിവില്ലായ്മ എല്ലാം നശിപ്പിച്ചു കളഞ്ഞു. ലിയോണിഡ്‌സ് ഡാസില്‍വ എന്ന താരത്തെ ഇറ്റലിക്കെതിരെ സെമിയില്‍ പുറത്തിരുത്തുകയായിരുന്നു അയാള്‍ ചെയ്തത്. ആദ്യത്തെ രണ്ട് റൗണ്ടുകളില്‍ ആറു ഗോളടിച്ച ലിയോനിഡ്‌സിനെ ഫൈനലിലേക്ക് കരുതി വെക്കാനായിരുന്നു കോച്ചിന്റെ തന്ത്രം. പക്ഷേ, അത് പാളി. ബ്രസീല്‍ തോറ്റു തൊപ്പിയിട്ടു. കിരീട പ്രതീക്ഷയുമായെത്തിയ ടീമിന് ഒടുവില്‍ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. അന്ന് അങ്ങനെ ഒരു മണ്ടന്‍ തീരുമാനം കോച്ച് എടുത്തില്ലായിരുന്നെങ്കില്‍ ബ്രസീലിന്റെ ആദ്യ ലോകകപ്പായി അന്നത് കൈകളില്‍ പതിച്ചേനെ.
ഇപ്രാവശ്യം 'ഗ്രൂപ് ഋ' യിലാണ് ബ്രസീല്‍. കൂടെ കളിക്കുന്നത്. സ്വിറ്റ്‌സര്‍ലന്റ്, കോസ്റ്റാറിക്ക, സെര്‍ബിയ ഇവരുടെ കൊച്ചു കൊച്ചു വിശേഷങ്ങളിലേക്ക്.
ബ്രസീല്‍: ഒരു കൊട്ട ഗോളുകള്‍ക്ക് (1-7) സ്വന്തം നാട്ടില്‍ നടന്നു കഴിഞ്ഞ പ്രാവശ്യത്തെ ലോകകപ്പില്‍ ജര്‍മനിയോടേറ്റ കടുത്ത പരാജയത്തിന്റെ കയ്പ് നീരുമായാണ് റഷ്യയില്‍ എത്തുന്നത്. ഇരുട്ട്, വിഷാദം, മൂകത യൊക്കെ ഇപ്പോഴും തളം കെട്ടി നില്‍പ്പുണ്ട്. അന്നത്തെ തോല്‍വിക്ക് സാക്ഷിയായ മിനെയ്‌റോ സ്റ്റേഡിയത്തില്‍ ഈയിടെ അര്‍ജന്റീനയോടു നേടിയ മൂന്നേ ഒന്നിന്റെ വിജയം പ്രതീക്ഷകള്‍ക്ക് ചിറകു മുളപ്പിച്ചിട്ടുണ്ട്. സൗഹൃദ മത്സരങ്ങളില്‍ 13 വിജയം. മൂന്ന് സമാസമം. ഒരു തോല്‍വി. നെയ്മറാണ് ഇക്കുറിയും തുറുപ്പു ചീട്ട്. ബ്രസീല്‍ കപ്പ് സ്വന്തമാക്കുകയാണെങ്കില്‍ മെസ്സിയെയും ക്രിസ്റ്റ്യാനോയെയും പിന്നിലാക്കി ഏറ്റവും നല്ല കളിക്കാരനുള്ള പൊന്‍തൂവല്‍ നെയ്മറിന്റെ തൊപ്പിയിലാകും. അഞ്ചു തവണ ലോക കിരീടം ചൂടിയ ബ്രസീലിന്റെ ഇപ്പോഴത്തെ മാനേജരും കോച്ചും പഴയ 'പായും പുലി' ടൈറ്റ് ആണ്. 4-1, 4-1 ഫോര്‍മേഷന്റെ പ്രധാനി. ടൈറ്റ്‌ന്റെ ശിക്ഷണത്തില്‍ ബ്രസീല്‍ പുതിയ അധ്യായങ്ങള്‍ തുന്നിച്ചേര്‍ക്കും എന്ന് തന്നെ കരുതാം. പുതിയ ഒരു താരോദയം ഗാബ്രിയേല്‍ ജീസസിലൂടെ പിറക്കുമെന്നും പ്രത്യാശിക്കാം. കാസിമീറോ, അഗസ്റ്റോ, കോണ്‍ഡീഞ്ഞോ, പൗളീഞ്ഞോ, വില്യന്‍, നെയ്‌റ്റോ... എല്ലാവരും പതം വന്ന കളിക്കാര്‍. ഫിഫ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന അവരുടെ ആദ്യത്തെ കളി ജൂണ്‍ 17ന് സ്വിറ്റ്‌സര്‍ലാന്റിനോടാണ്. ജൂണ്‍ 25ന് കോസ്റ്റാറിക്കയോടും ജൂണ്‍ 27ന് സെര്‍ബിയയോടും.
സ്വിറ്റ്‌സര്‍ലാന്റ്: 2009ലെ 'അണ്ടര്‍ സെവന്റീന്‍' ചാമ്പ്യന്‍മാരായ പിള്ളേരാണ് ഇന്ന് മൂത്തു വലുതായി കളം നിറഞ്ഞു നില്‍ക്കുന്നത്. 1954ലെ ലോക കപ്പിന്റെ ആതിഥേയത്വം സ്വിസ്സിനായിരുന്നു. അന്ന് കഷ്ടിച്ച് രണ്ടാം റൗണ്ട് കണ്ടിരുന്നു. ക്യാപ്റ്റന്‍ വാലന്‍ ബഹ്‌റാമിയുടെ നാലാമത്തെ ലോക കപ്പാണിത്. പഴയ ബോസ്‌നിയന്‍ കോച്ചായ വ്‌ളാഡിമിര്‍ പെട്‌കോയാണ് പരിശീലകന്‍. ഫിഫ റാങ്കിങ്ങില്‍ എട്ടാമത് സ്ഥാനം. രണ്ടാം സ്ഥാനം കാണുമോ, അല്ല മുമ്പേ മുട്ട് കുത്തുമോ മുന്നോട്ടു കുതിക്കുമോ എന്നൊക്കെ അറിയാനിരിക്കുന്നതേയുള്ളു.
കോസ്റ്റാറിക്ക: മധ്യ അമേരിക്കയിലെ അമ്പത് ലക്ഷം ജനസംഖ്യയുള്ള വളരെ ചെറിയ ഈ രാജ്യം കഴിഞ്ഞ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തി എന്നത് ആരെയും അതിശയിപ്പിക്കുന്ന കളി വൈഭവം കൊണ്ട് തന്നെയാണ്. അന്ന് പെനാല്‍റ്റി ഷൂട്ട്ഔട്ടില്‍ നെതെര്‍ലാന്റിനോട് പിടിച്ചു നില്‍ക്കാനായില്ല. ലോക കപ്പില്‍ ഇത് അഞ്ചാമത്തെ പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. റിയല്‍ മാഡ്രിഡിന്റെ വിശ്വേത്തര ഗോള്‍ കീപ്പര്‍ കെയ്‌ലര്‍ നവാസ് കോസ്റ്റാറിക്കയുടെ പുത്രനാണ്. ബ്രയാന്‍ റൂയിസ് ആണ് പ്രധാന പോരാളി. മധ്യ നിരയില്‍ എല്ലാ പന്തടക്കത്തോടും കൂടി സെന്‍സോ ബോര്‍ഗസുണ്ട്. കോച്ച് ഓസ്‌കാര്‍ റാമിറസ്‌ന്റെ കുട്ടികള്‍ അറിഞ്ഞു കളിക്കുമെന്ന് തന്നെയാണ് കരുതുന്നത്.

സെര്‍ബിയ: 2006ല്‍ സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ലോക കപ്പ് കളിക്കുന്നത്. അയര്‍ലണ്ടിനെയും വെയില്‍സ്‌നെയും ഓസ്ട്രിയയെയും വിറപ്പിച്ച സമീപ കാല സംഭവങ്ങള്‍ വെച്ച് നോക്കുമ്പോള്‍ അലക്‌സാണ്ടര്‍ മിഡ്‌റോവിച്ച് മുറിവേറ്റ സിംഹമാണ്. സൗഹൃദ മത്സരങ്ങളില്‍ സെര്‍ബിയന്‍ കളി ആരാധകര്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ക്ക് ഫിഫ ഒന്നര ലക്ഷം ഡോളര്‍ പിഴ ചുമത്തിയ വലിയ ഒരു ദുരന്തവും പേറിയാണ് സെര്‍ബിയ റഷ്യയില്‍ എത്തുന്നത്. ഹൂളിഗന്മാര്‍ അവിടെ എങ്ങനെ പെരുമാറുമെന്ന് കണ്ടറിയാം. ക്യാപ്റ്റന്‍ ബ്രാനിസ്ലാവ് ഇവാനോവിച്ച് പ്രതിരോധം കൈപ്പിടിയില്‍ ഒതുക്കിയാല്‍ മുന്നോട്ടുള്ള വാതായനങ്ങള്‍ മലര്‍ക്കെ തുറക്കപ്പെട്ടേക്കാം.

Other Articles

  ലൂസിഫറിന്റെ രണ്ടാം ഭാഗം വരുന്നു ' എമ്പുരാന്‍'

  ആ കണ്ണീര്‍ അവര്‍ കണ്ടു; മോളി കണ്ണമാലിക്ക് 'അമ്മ' വീടൊരുക്കുന്നു

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം

  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്

  ശ്വാസോച്ഛാസം തസ്ബീഹില്‍ നിറയുമ്പോള്‍

  മനസ് കരയുന്ന ദിനരാത്രങ്ങള്‍

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം