പൊരിവെയിലില്‍ ഇന്ദ്രന്‍സും സുരഭിയും
ഇന്ദ്രന്‍സിനെയും സുരഭിയേയും കാണാന്‍ നാട്ടുകാര്‍ മത്സരിക്കുകയാണ്. മൊഗ്രാല്‍പുത്തൂരിന്റെ വിവിധ ഭാഗങ്ങളിലാണ് പൊരിവെയില്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.
വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമാണ് കഴിഞ്ഞ 25 വര്‍ഷത്തിനുളളില്‍ കാസര്‍കോടും പരിസരങ്ങളിലും വെച്ച് ചിത്രീകരിച്ചത്. ദേശീയ സംസ്ഥാന അവാര്‍ഡുകളില്‍ തിളങ്ങിയ ദിലീഷ് പോത്തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് മുഴുവനായും ചിത്രീകരിച്ചത്. കാസര്‍കോട്ടെ ഷേണിയിലായിരുന്നു. പ്രകൃതി രമണീയമായ സ്ഥലങ്ങളുണ്ടായിട്ടും ചെലവ് ചുരുക്കി ചിത്രീകരിക്കാനുള്ള ചുറ്റുപാടുമുണ്ടായിട്ടും സിനിമക്കാരില്‍ പലരും കാസര്‍കോട് വരാന്‍ താല്‍പര്യപ്പെടുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇതാ ഒരു കൊച്ചു ചിത്രമായ പൊരിവെയിലിന്റെ ചിത്രീകരണം കാസര്‍കോടും പരിസരങ്ങളിലും നടക്കുകയാണ്. നഗരത്തിന് തൊട്ടു സമീപത്തെ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പ്രധാനമായും ചിത്രീകരണം നടക്കുന്നത്.
കാഞ്ഞങ്ങാടിന്റെ സ്വന്തം കവിയായ പി. കുഞ്ഞിരാമന്റെ കവിതയായ കളിയച്ഛന്‍ അതേ പേരില്‍ സിനിമയാക്കി ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഫാറൂഖ് അബ്ദുള്‍ റഹ്മാനാണ് പൊരിവെയില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സംസ്ഥാന അവാര്‍ഡ് ജേതാവ് ഇന്ദ്രന്‍സ്, മുന്‍ദേശീയ അവാര്‍ഡ് ജേതാവ് സുരഭിലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം പുലിക്കുന്ന് ഗസ്റ്റ്ഹൗസിന് മുന്‍വശത്തേ റോഡിലായിരുന്നു ചിത്രീകരണം. ഇന്ദ്രന്‍സും നാരായണന്‍ കാഞ്ഞങ്ങാടുമുളള സീന്‍ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു സംവിധായകനും ക്യാമറാമനും. ഷൂട്ടിങ്ങ് കാണാന്‍ റോഡരികില്‍ നിറയെ ആളുകളുണ്ട്. ഒരു ഷോട്ട് കഴിഞ്ഞതോടെ ഇന്ദ്രന്‍സിനെ കാണാനും സെല്‍ഫിയെടുക്കാനും ആളുകള്‍ തിരക്ക് കൂട്ടുകയാണ്.
തട്ടുകടയിലെ ജോലിക്കാരനാണ് ബാബു. ഭാര്യ ലളിത മകള്‍ ലക്ഷ്മി ഇവരുടേതാണ് ലോകം. നഗരത്തില്‍ ജീവിക്കുന്നുണ്ടെങ്കിലും ഇവര്‍ ഒറ്റപ്പെടുകയാണ്. കുടുംബ പാശ്ചാത്തലത്തില്‍ ഒരുക്കുന്ന പൊരിവെയിലിന്റെ കൂടുതല്‍ കഥ പറഞ്ഞ് സസ്‌പെന്‍സ് കളയുന്നില്ലെന്ന് സംവിധായകന്‍ പറഞ്ഞു.
ബാബുവായി ഇന്ദ്രന്‍സും ലളിതയായി സുരഭിയും മകള്‍ ലക്ഷ്മിയായി ബാലതാരം അനഘയും അഭിനയിക്കുന്നു. ഷിബിന്‍രാജ്, ശ്രീകുമാര്‍, നാരായണന്‍ കാഞ്ഞങ്ങാട്, രമാദേവി, ബാലതാരം, ഷെറിന്‍ അന്ന, രമ്യാ രാഘവന്‍, ഇന്ദിര കോഴിക്കോട് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു.
മധൂര്‍, മൊഗ്രാല്‍, വിദ്യാനഗര്‍, തളങ്കര ഹാര്‍ബര്‍ എന്നിവിടങ്ങളിലായാണ് സിനിമയുടെ മുഴുവന്‍ ഭാഗങ്ങളും ചിത്രീകരിക്കുന്നത്.
വൈഡ്‌ഫ്രെയിമുകള്‍ കൂടുതലായുള്ള സിനിമയാണ് 'പൊരിവെയില്‍' ഇവിടെ ലഭിക്കുന്നതും വൈഡ്‌ഫ്രെയിമുകളാണ്. അതുകൊണ്ടാണ് സിനിമ ചിത്രീകരിക്കാന്‍ കാസര്‍കോട് തിരഞ്ഞെടുത്തതെന്ന് സംവിധായകന്‍ ഫാറൂഖ് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു.
പാലക്കാട് മൂവി കോണേയിഴ്‌സ് സൊസൈറ്റിയാണ് ചിത്രം നിര്‍മിക്കുന്നത്. അവരുടെ ആദ്യ സംരഭമാണിത്. സിനിമ റിലീസിങ്ങിന് സൊസൈറ്റിയുടെ അംഗങ്ങള്‍ തന്നെ പല തിയേറ്ററുകളിലായി കാണാനെത്തും.
അതുകൊണ്ടുതന്നെ പുറത്തിറങ്ങുന്നതിനു മുമ്പ് തന്നെ പ്രേക്ഷകരെ ഉറപ്പിച്ച ചിത്രമാണിതെന്നും സംവിധായകന്‍. ഛായാഗ്രഹണം എം.ജെ. രാധാകൃഷ്ണന്‍, രചന: റഫീഖ് അഹ്മദ് സംഗീതം: ബിജിബാല്‍, ചിത്രസംയോജനം ബിജിത്ത് ബാല, ചീഫ് അസോസിയേറ്റ് ഡയരക്ടര്‍ ഗിരീഷ് ജി. മാരാര്‍, അസോസിയേറ്റ് ഡയരക്ടര്‍: ബിന്‍സ് ജോസഫ്, ശ്യാം ലിന്‍ ജേക്കബ് ജോര്‍ജ്, രതീഷ് കക്കോട്ട മേക്കപ്പ്: റഷീദ്, കോസ്റ്റ്യൂംസ്: ഷമിന, കല: പ്രമോദ് പള്ളിയില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി, പ്രൊഡക്ഷന്‍ മാനേജര്‍: ഷാജി. സ്റ്റില്‍സ് ശ്രീശന്‍ രാജ്.
Shafi Theruvath
writerOther Articles

  ഉണ്ടയുമായി മമ്മുട്ടി കാസര്‍കോട്ട്

  മറഞ്ഞു, വയലിന്‍ വിസ്മയവും ഹിറ്റുകളുടെ ഇന്ദ്രജാലകനും

  താരപുത്രന്‍ തിരക്കിലേക്ക്; കാത്തിരിക്കുന്നത് നിരവധി ചിത്രങ്ങള്‍...

  വിട പറഞ്ഞത് അറബി അക്ഷരമാലകളും ഖുര്‍ആന്‍ ആയത്തുകളും പകര്‍ന്ന് നല്‍കിയ ഗുരുനാഥന്‍

  മമ്മൂട്ടിയുടെ ചിത്രത്തിലും തിളങ്ങി കാസര്‍കോട്ടുകാരി ശ്രീവിദ്യാനായര്‍

  കാസര്‍കോട് നിന്നൊരു സിനിമ ലോകസിനിമാ ഫെസ്റ്റിവലുകളില്‍

  ചെര്‍ക്കളം അബ്ദുല്ലയും 786 നമ്പര്‍ ഫിയറ്റ് കാറും

  ശ്രീനിവാസന്‍ ധ്യാന്‍ ശ്രീനിവാസനൊപ്പം ചിരിപ്പിക്കാന്‍ എത്തുന്നു

  കാഞ്ഞങ്ങാട്ട് മൊട്ടിട്ട മുല്ലകള്‍ ചിത്രീകരണം തുടങ്ങി

  ഇത് മലയാള സിനിമയാണ് നന്മ സ്‌ക്രീനില്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി.

  മനസ്സില്‍ നിന്ന് മായുന്നില്ല; മിനാര്‍ താജുവിന്റെ ചിരിക്കുന്ന മുഖം...

  പുരസ്‌കാര നിറവില്‍ ഇന്ദ്രന്‍സ് , പാര്‍വ്വതിക്കും അംഗീകാരം

  കണ്‍ മറഞ്ഞ കണ്ണേ കലൈമാന്‍...

  മുംബൈയില്‍ മോഹന്‍ലാലിനെ കാണാന്‍ മലയാളികള്‍

  മലയാള സിനിമക്ക് ഉണര്‍വ്വേകി യുവ സംവിധായകര്‍