കുടിയിറക്കപ്പെടുന്ന ഗള്‍ഫ് പ്രവാസം
ഗള്‍ഫ് പ്രവാസത്തിന്റെ നാളുകള്‍ ഏറെക്കുറെ എണ്ണപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥാ വിശേഷമാണ് അറബ് രാഷ്ട്രങ്ങളില്‍ സംജാതമായിക്കൊണ്ടിരിക്കുന്നത്. 1970കളില്‍ പായ്കപ്പലില്‍ കയറിയുള്ള ഗള്‍ഫ് കുടിയേറ്റം ഇന്നും അനുസ്യുതം തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. എണ്ണപ്പാടത്തിന്റെ പ്രൗഢി നമ്മെപ്പോലെ ഒരു പാട് രാജ്യങ്ങളിലെ ജനകോടികള്‍ക്കാണ് പ്രതീക്ഷകളുടെ നാമ്പുകള്‍ നല്‍കിയത്. ഉണ്ണാനും, ഉടുക്കാനും, ഉറങ്ങാനും ഞെരുക്കം അനുഭവപ്പെട്ട അനുഭവങ്ങള്‍ പഴങ്കഥകളായി സമ്പല്‍ സമൃദ്ധമായ ജീവിത സാഹചര്യങ്ങള്‍ സൃഷ്ടിച്ചെടുത്തതില്‍ ഗള്‍ഫ് പ്രവാസത്തിന് നിര്‍ണായകമായ പങ്കുണ്ട്. ഉടുതുണിക്ക് മറു തുണിയില്ലാത്തൊരു കാലം മലയാളികള്‍ക്കുണ്ടായിരുന്നു. പരിമിതമായ വസ്ത്രങ്ങള്‍ മാത്രം തേച്ചു തേച്ചു തയഞ്ഞു തീരുന്നത് വരെ ഉടുത്തതും, പഴങ്കഞ്ഞികള്‍ ദൈനംദിന ഡിഷായിരുന്നതും എല്ലാം പുതുതലമുറക്ക് കഥകളായി മാത്രം കേട്ടറിവുള്ളതായി മാറുന്നതിന് കാരണം ഗള്‍ഫിന്റെ പ്രൗഢി ഒന്നുതന്നെയാണ്.
ജീവിതത്തിലെ സ്വപ്‌നങ്ങള്‍ക്ക് നിറം ചാര്‍ത്താന്‍ എല്ലാവരും ആശ്രയിക്കുന്ന ആശാ കേന്ദ്രം പ്രവാസം തന്നയാണ്. നൂറുകൂട്ടം സ്വപ്‌നങ്ങളുമായി പ്രവാസലോകത്തേക്ക് യാത്ര തിരിക്കുന്നവരിലധികവും സ്വപ്‌ന ലോകത്ത് വിരാചിക്കുന്നവരാണ്. സ്വന്തമായൊരു വീട്, മക്കളുടെ കല്യാണം, വിദ്യാഭ്യാസം, അതുമല്ലെങ്കില്‍ നാട്ടിലൊരു സ്വന്തമായ സ്ഥിരവരുമാനത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെ നീണ്ടുപോകുന്ന വലിയ സ്വപ്‌നങ്ങള്‍. ഉറ്റവരെയും ഉടയവരെയും വേര്‍പിരിഞ്ഞുള്ള ജീവിത സാഹചര്യമാണെങ്കിലും ഏറെക്കുറെ സ്വപ്‌ന സാക്ഷാത്കാരം സാധ്യമാകുന്നുണ്ട്.
പണ്ടൊക്കെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ കുട്ടികളോട് ഭാവിയില്‍ എന്താകാനാണ് ആഗ്രഹം എന്ന് ചോദിച്ചാല്‍ അധികമാളുകളും പറയുന്ന മറുപടി ഗള്‍ഫില്‍ പോകണം എന്നാണ്.
എന്നാല്‍ ഇന്ന് ഗള്‍ഫിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയാണ്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. ആഗോള വിപണിയില്‍ എണ്ണ വിലയിലുണ്ടായ ഇടിവാണ് അതില്‍ പ്രധാന കാരണം. എണ്ണയെ മാത്രം വലിയൊരളവില്‍ ആശ്രയിച്ചിരുന്ന രാജ്യത്ത് അതിന്റെ ഇടിവ് നിര്‍മ്മാണ മേഖലകളിലടക്കം ഒരു പാട് ജോലി സാധ്യതകളെ ഇല്ലാതാക്കി. ഒരിക്കലും പേടിക്കാനില്ലെന്ന് കരുതിയിരുന്ന ഓയില്‍ കമ്പനികളില്‍ നിന്നുവരെ വലിയ ശതമാനം ആളുകളെ പിരിച്ചു വിട്ടു.
ദൈനംദിനം ഒരുപാട് വലിയ വലിയ കമ്പനികള്‍ പൂട്ടിക്കൊണ്ടിരിക്കുന്നു. ജോലിയുള്ളവര്‍ക്ക് തന്നെ മാസങ്ങളായി ശമ്പളം കിട്ടാത്ത അവസ്ഥ. ഇങ്ങനെ ദുരിതക്കയത്തില്‍ ജീവിത പ്രതീക്ഷകള്‍ നഷ്ടപ്പെട്ട് വേവലാതിപ്പെടുകയാണ് പ്രവാസികള്‍.
മറ്റൊരു പ്രധാന കാരണം ഗള്‍ഫ് രാജ്യങ്ങളിലെ സ്വയം പര്യാപ്തതയാണ്. ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളിലും സ്വദേശിവത്കരണം ത്വരിതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പിന്നീടങ്ങോട്ട് സ്വകാര്യ മേഖലയിലേക്കും ശക്തമായ സ്വദേശി വല്‍ക്കരണ നടപടികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നു.
അവരവരുടെ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിദഗ്ദ്ധ പരിശീലനവും വിദ്യാഭ്യാസവും നല്‍കി സ്വയം പര്യാപ്തരാക്കി വിദേശികള്‍ക്ക് പകരം അവരെ നിയമിച്ചു കൊണ്ടിരിക്കുന്നു. ഒമാനില്‍ വരുന്ന മൂന്നു മാസത്തിനുള്ളില്‍ 25,000 തൊഴിലവസരങ്ങളാണ് സ്വകാര്യമേഖലയില്‍ നടപ്പിലാക്കാന്‍ മാനവ വിഭവ ശേഷി മന്ത്രാലയം പദ്ധതിയിട്ടിട്ടുള്ളത്. നിശ്ചിത ശതമാനം ഒമാനിവത്കരണം നടത്താത്ത കമ്പനികളെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തിക്കൊണ്ടിരിക്കുന്നു. കൂടാതെ കഴിഞ്ഞ ദിവസം എണ്‍പത്താറോളം തസ്തികളില്‍ വിദേശികള്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തി വെച്ചുകൊണ്ടുള്ള ഉത്തരവും വന്നു.
നമ്മള്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന, ഐ.ടി, പുരുഷ നഴ്‌സുമാര്‍, ഫര്‍മസി അസിസ്റ്റന്റ്, ഫൈനാന്‍സ്, എഞ്ചിനീര്‍സ്, ടെക്‌നിഷ്യന്‍സ്, തുടങ്ങി സുപ്രധാനമായ പോസ്റ്റുകളിലേക്കെല്ലാം വിദേശി നിയമനം നിര്‍ത്തുക വഴി ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടപ്പെടുന്നത്.
വിദഗ്ദ്ധ തൊഴിലുകള്‍ക്ക് മാത്രമല്ല മറ്റു പല സ്വയം തൊഴിലുകള്‍ക്കും, കച്ചവടക്കാര്‍ക്കും പുതിയ പുതിയ നിയമങ്ങള്‍ കല്ലുകടിയായിക്കൊണ്ടിരിക്കുന്നു.
സൗദിയിലടക്കം കച്ചവട സ്ഥാപനങ്ങളില്‍ വന്ന നിയമങ്ങള്‍ കടകള്‍ പൂട്ടി നാട്ടില്‍ കുടിയേറാന്‍ പ്രവാസികളെ നിര്‍ബന്ധിതരാക്കുന്നു. ഒമാനടക്കമുള്ള പല രാജ്യങ്ങളിലും ഡ്രൈവര്‍ പോലുള്ള പല സുപ്രധാന ജോലികളിലും സ്വദേശികള്‍ക്ക് മാത്രമേ തൊഴിലവസരമുള്ളു. അഭ്യസ്ത വിദ്യരായ ലക്ഷക്കണക്കിന് സ്വദേശി ഉദ്യോഗാര്‍ത്ഥികളാണ് ഇവിടങ്ങളില്‍ തൊഴില്‍ രഹിതരായുള്ളത്. അവര്‍ക്ക് ജോലി നല്‍കുക എന്ന അതാതു രാജ്യങ്ങളുടെ ഉത്തര വാദിത്വം നടപ്പാക്കുക വഴി ലക്ഷക്കണക്കിന് പ്രവാസികളാണ് മടക്കയാത്ര പ്രതീക്ഷിക്കുന്നത്.
കുറച്ചു കാലം മുമ്പ് വരെ വിദേശത്തേക്കൊരു വിസിറ്റ് വിസ എടുത്ത് തൊഴിലന്വേഷകരായി വരുന്ന ആളുകള്‍ക്ക് എന്തെങ്കിലും തൊഴില്‍ ലഭ്യമാകുന്ന സാഹചര്യമുണ്ടായിരുന്നു. ഇന്ന് നിരവധി വിസിറ്റുകള്‍ മാറിമാറി വന്നിട്ടും നിരാശരായി മടങ്ങിപ്പോകുന്ന കാഴ്ചകളാണ്.
പ്രതീക്ഷകള്‍ അസ്തമിക്കുന്ന ദയനീയ കാഴ്ചകള്‍.
ഇത്രമാത്രം രൂക്ഷമായിക്കൊണ്ടിരിക്കുന്ന തൊഴില്‍ ക്ഷാമവും, കച്ചവട മാന്ദ്യവുമെല്ലാം പ്രവാസികളെ വേട്ടയാടുമ്പോള്‍, നമ്മുടെ നാട്ടിലെ ജീവിത സാഹചര്യങ്ങള്‍ പഴമയിലേക്ക് മാറേണ്ടതായിട്ടുണ്ട്.
ഹാഷ് പോഷ് ജീവിത ശൈലിയില്‍ നിന്നും എളിമയാര്‍ന്ന സാധാരണ ജീവിത നിലവാരത്തിലേക്ക് നമ്മള്‍ക്ക് മാറാന്‍ സാധിക്കണം.
ഗള്‍ഫ് പണം പ്രതീക്ഷിച്ചു നമ്മള്‍ കാട്ടിക്കൂട്ടുന്ന മാമൂലകളും, അനാവശ്യ ചെലവുകളും നിയന്ത്രണ വിധേയമാക്കണം. ഉപഭോഗ സംസ്‌കാരത്തില്‍ നിന്ന് ഉല്‍പാദന സ്വഭാവത്തിലേക്ക് നമ്മള്‍ മാറണം.
ഏതു സമയത്തും തിരിച്ചു വരാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന പ്രവാസികളെ ഉള്‍ക്കൊള്ളാനുള്ള മാനസിക അവസ്ഥ പാകപ്പെടുത്തിയെടുക്കണം. ഗള്‍ഫ് പണത്തെ അമിതമായി ആശ്രയിച്ചിരുന്ന നമ്മുടെ എല്ലാ മേഖലകളും ചെലവ് ചുരുക്കല്‍ രീതി തുടരേണ്ടതുണ്ട്.
rafeeq ermalam
writterOther Articles