കാസര്‍കോട്ടുമുണ്ട് എഴുത്ത് നിര്‍ത്തിയ ഒരു പെരുമാള്‍ മുരുകന്‍
ഒരു എഴുത്തുകാരനെയും കലാകാരനെയും സംബന്ധിച്ച് സര്‍ഗാത്മകജീവിതം എന്നത് പ്രാണവായുവിന് തുല്യമാണ്. അത് നഷ്ടപ്പെടുത്തി ജീവിക്കുകയെന്നുപറഞ്ഞാല്‍ ആതാമഹത്യാപരവുമാണ്. തമിഴ്‌നാട്ടില്‍ ഹിന്ദുത്വസംഘടനകള്‍ക്ക് അനഭിമതനായ എഴുത്തുകാരന്‍ പെരുമാള്‍മുരുകന്‍ ഈ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് തന്റെ എഴുത്ത്ജീവിതം അവസാനിപ്പിച്ച സംഭവം വന്‍ വാര്‍ത്താപ്രാധാന്യം നേടുകയും കേരളത്തിലടക്കം ആ എഴുത്തുകാരന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്ത കാര്യം നമുക്കറിയാം. പെരുമാള്‍ മുരുകന്‍ എഴുത്ത് നിര്‍ത്തിയ വിഷയത്തില്‍ ഇതിന് കാരണക്കാരായവര്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത് പുരോഗമനപ്രസ്ഥാനങ്ങളാണ്. എഴുത്തുകാരന്റെയും കലാകാരന്റെയും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്നുവെന്നവകാശപ്പെടുന്ന പാര്‍ട്ടികളും സംഘടനകളും തങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ സ്വീകരിക്കുന്ന നിലപാട് എന്താണെന്നതിനെക്കുറിച്ചും പൊതുസമൂഹത്തിന് നന്നായറിയാം. പെരുമാള്‍ മുരുകന്റെ ആവിഷ്‌കാരസ്വാതന്ത്യം സംരക്ഷിക്കാന്‍ വാദിച്ച പാര്‍ട്ടിയില്‍പെട്ടവരുടെ ഭീഷണി കാരണം എഴുത്ത് നിര്‍ത്തേണ്ടിവന്ന ഒരു പെരുമാള്‍ മുരുകന്‍ കാസര്‍കോട് ജില്ലയിലുണ്ട്. കവിയും എഴുത്തുകാരനും കഥാകൃത്തും ഒക്കെയായി സമീപകാലം വരെ ആനുകാലികങ്ങളില്‍ നിറഞ്ഞുനിന്ന രാധാകൃഷ്ണന്‍ പുത്തൂര്‍. മൂന്നുവര്‍ഷത്തോളമായി അദ്ദേഹം ഒന്നും എഴുതാറില്ല. ഭരണകക്ഷിയുടെ പ്രാദേശികനേതൃത്വത്തിന്റെ വധഭീഷണിയും ഊരുവിലക്കും കാരണം പേന താഴെവെച്ച രാധാകൃഷ്ണന്‍ ഇപ്പോള്‍ ഒന്നും എഴുതാതെ തന്റെ പ്രതിഷേധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
കണ്ണൂര്‍ ജില്ലയിലെ പുത്തൂരില്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന രാധാകൃഷ്ണന്‍ സമൂഹത്തിലെ അനീതികള്‍ക്കെതിരെ നിരവധി ലേഖനങ്ങളും കവിതകളും എഴുതിയിരുന്നു. പ്രാദേശികപത്രങ്ങളിലും ആനുകാലികങ്ങളിലും ഒട്ടേറെ ലേഖനങ്ങളും കവിതകളും രാധാകൃഷ്ണന്റെ പേരില്‍ അച്ചടിച്ചുവന്നു. കഥകള്‍ എഴുതാനും സര്‍ഗധനനായ ഈ എഴുത്തുകാരന്‍ സമയം കണ്ടെത്തിയിരുന്നു. രാധാകൃഷ്ണന്‍ 2006ല്‍ പ്രതിധ്വനി എന്ന കവിതാസമാഹാരവും 2009ല്‍ ചതുരംഗം എന്ന കവിതാസമാഹാരവും പുറത്തിറക്കി. 2011ല്‍ തടവറയിലെ നാഴികമണി എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചു. 2014ല്‍ മറന്നുവെച്ച വഴികള്‍ എന്ന കവിതാസമാഹാരവും രാധാകൃഷ്ണന്റെ പേരില്‍ വായനക്കാരുടെ കൈകളിലെത്തി.വായനക്കാരെ പിടിച്ചിരുത്തുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ആഖ്യാനശൈലിയിലൂടെ രാധാകൃഷ്ണന്‍ എന്ന എഴുത്തുകാരന്‍ പടിപടിയായി സാമൂഹികാംഗീകാരം നേടിയെടുത്തുവരികയായിരുന്നു. സമകാലിക രാഷ്ട്രീയസാമൂഹികപ്രശ്‌നങ്ങളും അക്കാര്യങ്ങളിലെ ഉറച്ചനിലപാടുകളും പ്രതിഫലിക്കുന്ന രാധാകൃഷ്ണന്റെ ലേഖനങ്ങള്‍ വായിച്ചിട്ടുള്ളവരുടെ മനസില്‍ ഇപ്പോഴും ആ വരികള്‍ ഉണര്‍ത്തുന്ന തീഷ്ണമായ ചിന്തകള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടാകണം. ഇടതുപക്ഷ സഹയാത്രികനാണെങ്കിലും തെറ്റ് ആരുചെയ്താലും എഴുത്തിലൂടെ കടുത്ത വിമര്‍ശനം ഉന്നയിക്കാനുള്ള ധീരത അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എഴുത്തിലെ ആ ചങ്കൂറ്റം രാധാകൃഷ്ണനെ ചിലരുടെ കണ്ണിലെ കരടാക്കിമാറ്റാന്‍ അധികനാള്‍ വേണ്ടിവന്നില്ല. റബ്ബര്‍ ടാപ്പിംഗും കൃഷിയും അടക്കമുള്ള ജോലികള്‍ ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന കാലത്ത് ഉത്തരവാദിത്വബോധമുള്ള കുടുംബനാഥനാണെന്നതിനപ്പുറം സാമൂഹിക തിന്മകളെ എതിര്‍ക്കുന്ന ഒരു പോരാളിയായും രാധാകൃഷ്ണന്‍ വാര്‍ത്തെടുക്കപ്പെട്ടു. എഴുത്തിനൊപ്പം തന്നെ സാമൂഹ്യപ്രവര്‍ത്തനവും തന്റെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ രാധാകൃഷ്ണന്‍ ആഗ്രഹിച്ചു. 2000 മുതല്‍ തന്റെ നാട്ടിലെ പരിസ്ഥിതിധ്വംസകരായ മാഫിയകള്‍ക്കെതിരെ രാധാകൃഷ്ണന്‍ വലിയൊരു കൂട്ടായ്മക്ക് നേതൃത്വം നല്‍കി. പ്രസംഗങ്ങളിലൂടെയും എഴുത്തിലൂടെയും ഇത്തരം ശക്തികള്‍ക്കെതിരെ രാധാകൃഷ്ണന്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. കുന്നിടിച്ചുള്ള മണ്ണ് കടത്തിനെതിരെയുള്ള ജനകീയസമരങ്ങളിലും പങ്കാളികളായി.ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയുടെ പ്രാദേശികനേതാക്കളില്‍ ചിലര്‍ക്ക് മണ്ണുമാഫിയയുമായി അവിഹിതബന്ധമുണ്ടായിരുന്നു. ഇവര്‍ സ്വാഭാവികമായും രാധാകൃഷ്ണനെതിരെ തിരിഞ്ഞു. മണ്ണുഖനനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍മാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രകൃതിയെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയായിരുന്ന രാധാകൃഷ്ണന്‍ അതൊന്നും മുഖവിലക്കെടുത്തില്ല. ഇതോടെ മാഫിയകളുടെയും ഇവരെ സഹായിക്കുന്ന രാഷ്ട്രീയക്കാരുടെയും ഭീഷണി രാധാകൃഷ്ണന്‍ നേരിട്ടുതുടങ്ങി. എന്നാല്‍ ഭീഷണിക്കൊന്നും വഴങ്ങുന്ന ആളല്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ രാധാകൃഷ്ണനെയും കുടുംബത്തെയും ഒറ്റപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി. പാര്‍ട്ടി ബന്ധമുള്ളവരുടെ വിവാഹചടങ്ങുകളില്‍ നിന്നും ഈ കുടുംബത്തെ അകറ്റിനിര്‍ത്താന്‍ തുടങ്ങി. വീട്ടിലേക്കുള്ള പൊതുവഴികളെല്ലാം അടച്ചു. നാട്ടിലെ പൊതുപരിപാടികളിലേക്കും രാധാകൃഷ്ണനെ അടുപ്പിച്ചില്ല.അങ്ങനെ എല്ലാവിധത്തിലും അദൃശ്യമായ ഒരു ഊരുവിലക്ക് രാധാകൃഷ്ണനും കുടുംബവും അനുഭവിക്കുകയായിരുന്നു. രാധാകൃഷണനെതിരായ നീക്കങ്ങളില്‍ അദ്ദേഹം വേണ്ടപ്പെട്ടവരായി കരുതിയിരുന്നവര്‍ പോലും ഉള്‍പ്പെട്ടത് ആ കവിയുടെ മനസിനെ ഏറെ വേദനിപ്പിച്ചു. അതോടെ രാധാകൃഷ്ണന്‍ ഒരു തീരുമാനമെടുത്തു.എഴുത്തിന്റെ ലോകത്തോടും പൊതുപ്രവര്‍ത്തനമേഖലയോടും വിടപറയുക.അങ്ങനെ രാധാകൃഷ്ണന്റെ സര്‍ഗാത്മക ജീവിതത്തിന് വിരാമമായി. പുത്തൂര്‍ ഗ്രാമത്തില്‍ ജീവിക്കാനുള്ള സാഹചര്യം നഷ്ടമായതോടെ ആ കുടുംബം രണ്ടുവര്‍ഷം മുമ്പ് അവിടെ നിന്നും പലായനം ചെയ്തു. ഇപ്പോള്‍ കാസര്‍കോട്ടെ മുളിയാറിലാണ് രാധാകൃഷ്ണനും കുടുംബവും താമസിക്കുന്നത്. ഇവിടെ സ്വന്തമായി സ്ഥലം വാങ്ങി പുതിയ വീട് നിര്‍മാണ ത്തിനുള്ള ഒരുക്കം നടക്കുകയാണ്. ചട്ടഞ്ചാലിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുകൊണ്ടാണ് രാധാകൃഷ്ണന്‍ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. എന്നാല്‍ നിര്‍ത്തിയ എഴുത്ത് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല. എങ്കിലും ആ കണ്ണുകളില്‍ കഥകളോടും കവിതകളോടുമുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ തിളക്കം പ്രകടമായിരുന്നു. അധികനാള്‍ തന്റെ ഇപ്പോഴത്തെ തീരുമാനത്തില്‍ ആ എഴുത്തുകാരന് ഉറച്ചുനില്‍ക്കാനാകില്ലെന്ന് തോന്നുന്നു. കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ കവിയരങ്ങുകളിലും കഥാചര്‍ച്ചകളിലും മറ്റു സാംസ്‌കാരിക പരിപാടികളിലും സജീവസാന്നിധ്യമായിരുന്ന ആ പഴയ രാധാകൃഷ്ണന്റെ സാന്നിധ്യം വീണ്ടും ഉണ്ടാകണമെന്ന് കാലം ആഗ്രഹിക്കുന്നുണ്ട്. ഇന്നത്തെ നിശബ്ദത സൃഷ്ടിച്ചിരിക്കുന്ന വിടവ് അത്രക്കും ആഴമേറിയതാണ്.

ടി.കെ പ്രഭാകരന്‍

Other Articles

  ജനാധിപത്യത്തിന്റെ പ്രസക്തി...

  ദിലീപ് പിന്മാറിയിട്ടില്ല: സത്യം വെളിപ്പെടുത്തി നാദിര്‍ഷ

  തണുത്ത, ആ തലോടല്‍...

  സെപ്തംബര്‍ 5 ദേശീയ അദ്ധ്യപകദിനം

  മരിക്കാത്ത ഓര്‍മ്മകളില്‍ ടി.എ. ഇബ്രാഹിം സാഹിബ്

  എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സമഗ്ര ഗവേഷണത്തിന് എയിംസ് ഉപകരിക്കും-ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

  എയിംസിന്റെ കാര്യത്തില്‍ നിഷേധാത്മക സമീപനമുണ്ടായാല്‍ ചെറുക്കണം-പി.ബി.അബ്ദുറസാഖ്

  ദിലീപ് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക്...

  ഹനാന്റെ കഥ വിശ്വസിച്ചു, സിനിമയ്ക്കായി നാടകം കളിച്ചതല്ല- അരുണ്‍ ഗോപി

  ഓര്‍മ്മയില്‍ നന്മയുടെ ആ പ്രകാശ ഗോപുരങ്ങള്‍

  ജനപ്രതിനിധികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ എയിംസ് യാഥാര്‍ത്ഥ്യമാകും-ഹക്കീം കുന്നില്‍

  എയിംസ് കാസര്‍കോടിന് നഷ്ടമാകാതിരിക്കാന്‍ ആരോഗ്യമന്ത്രിയെ കാണും- അസീസ് കടപ്പുറം

  സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കിയാല്‍ എയിംസ് നേടിയെടുക്കാം -അഡ്വ. കെ. ശ്രീകാന്ത്

  എയിംസ് നിര്‍ബന്ധ ബുദ്ധിയോടെ നേടിയെടുക്കണം -എം.സി.ഖമറുദ്ദീന്‍

  എയിംസ് കാസര്‍കോടിന് തന്നെ നല്‍കുന്നതിന് സര്‍ക്കാറിന് എതിര്‍പ്പില്ല-സി.എച്ച്.കുഞ്ഞമ്പു