സണ്‍ഡേ തിയറ്റര്‍ നാടക ക്യാമ്പ് കുട്ടികള്‍ക്ക് പൂക്കാലമായി
നീലക്കുറുഞ്ഞികള്‍ പൂത്തപോലെ… നാടകവീടും കളിമുറ്റവും വര്‍ണാഭമായി.. കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയ മഴപോലെ…പരിശീലന കളരിയിലെത്തിയ കുട്ടികളുടെ മനസില്‍ മതിമറന്ന ആഹഌദം… കനല്‍വഴികളും മുള്ളുകളും പ്രതിസന്ധികളും പൂക്കളമാക്കിമാറ്റാന്‍ കലയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയവും കളിചിരിയും പാട്ടുകളുമായി നടന്ന ഈ അവധിക്കാല നാടകക്യാമ്പും കുട്ടികള്‍ക്ക് പുത്തന്‍ അനുഭവം ഒരുക്കി. മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെ ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും വിവിധ പ്രായത്തിലുള്ള 80 ഓളം കൂട്ടികളാണ് എത്തിയത്.
നാടകം മാത്രമല്ല കുട്ടികള്‍ പഠിക്കുന്നത്. സര്‍വവിജ്ഞാന കലവറ തേടിയുള്ള യാത്ര തന്നെയാണ്... ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സണ്‍ഡേ തിയറ്ററില്‍ ത്രിദിന അവധിക്കാല നാടകകളരിയില്‍ അഭിനയം, സംവിധാനം, അവതരണം, രചന, ദീപവിതാനം, വസ്ത്രചാരുത, രംഗസജീകരണം, വ്യക്തിത്വവികസനം തുടങ്ങി നിരവധി കാര്യങ്ങളാണ് കുട്ടികള്‍ സ്വായത്തമാക്കിയത്. കുട്ടികളുടെ നാടകവേദിയില്‍ സജീവമായ ഗോപി കുറ്റിക്കോലാണ് ക്യാമ്പ് ഡയറക്ടര്‍. ജില്ലയുടെ മലയോര ഗ്രാമത്തില്‍ ആധുനിക നാടകസംസ്‌കാരത്തിന് പുതിയ മാനം തീര്‍ക്കുകയാണ് ഒരുകൂട്ടം കലാപ്രവര്‍ത്തകര്‍.
മെയ് മാസം രണ്ടാംവാരത്തില്‍ നടന്ന ക്യാമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഓമന രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഇ.പി രാജഗോപാലന്‍ (നാടക എഴുത്ത്), മണിപ്രസാദ് (ചില്‍ഡ്രന്‍സ് തീയറ്റര്‍), ദിലീപ് ചിലങ്ക (മൂവ്‌മെന്റ്‌സ് ഓഫ് ആര്ട്ട്), രാജേഷ് മാധവന്‍, ജയമോഹന്‍ (സിനിമ), സജീന്ദ്രന്‍ കാറഡുക്ക (ചിത്രം), ബാലന്‍ നീലേശ്വരം (മാജിക്), കെ.പി ശശികുമാര്‍ (ആക്ടിങ്), മനുപ്രസാദ് (സോഷ്യല്‍ മീഡിയ), ഉണ്ണിരാജ (മൈംആക്ടിങ്), ശ്യാം, അനന്തകൃഷ്ണന്‍ (തിയറ്റര്‍ പരിശീലനം) തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. ഉദയന്‍ കാടകത്തിന്റെ 'മരദൈവം', കിരണ്‍ ഇരിയണ്ണിയും സംഘവും അവതരിച്ച നാടന്‍ പാട്ടുകള്‍ എന്നിവ ക്യാമ്പിനെ സജീവമാക്കി. ഹരിദാസ് കുണ്ടംകുഴി, ജയമോഹന്‍, അനീഷ് കുറ്റിക്കോല്‍ എന്നിവരവതരിപ്പിച്ച നാടകം (ചൂട്), കെ.പി ശശികുമാറിന്റെ ഒറ്റയാള്‍ നാടകം (രാവണപുത്രി), വിപിന്‍രാജ് മടിക്കൈയുടെ (ഞാന്‍ ആരാണ്) എന്ന ഒറ്റയാള്‍ നാടകവും അവതരിപ്പിച്ചു.
ജി.സുരേഷ് ബാബു, സുനില്‍ പുലരി, വേണു മാങ്ങാട്, സതീഷ് ബാബു, പ്രകാശ് ചാടകം, അരവിന്ദാക്ഷന്‍, അനില്‍ രാമന്‍, മണി കാവുങ്ങല്‍, രാഘവന്‍, സുമ, സനിത പ്രകാശ്, രജിത, സുകുമാരി മാങ്ങാട്, മിനി തുടങ്ങിയവര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിയറ്ററിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ സജിത്ത് ലൂക്കോസ്, മനുപ്രസാദ്, ഹരി പായം, ശരത്, അര്‍ജുന്‍, രഞ്ജിത്, സുശീല്‍ കണ്ണന്‍, ലികേഷ്, അനശ്വരത്ത്, കൃഷ്ണപ്രിയ, സാങ്കേതിക സഹായം നല്‍കി. ഞായറാഴ്ച വൈകുന്നേരം നടന്ന സമാപന പരിപാടിയില്‍ കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിസി ജോസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പി. ദിവാകരന്‍ അധ്യക്ഷനായി. നാടക നടന്‍ മധു ബേഡകം സംസാരിച്ചു.
ഭൂപടമില്ലാത്ത ഭൂമിക്ക് മുകളിലൂടെ അതിരുകളെ കുറിച്ച് ആശങ്കയില്ലാതെ പറന്നു പോകുന്ന കുട്ടികളുടെ സര്‍ഗവാസനകള്‍ തൊട്ടുണര്‍ത്തുന്നതിന് ഇത്തരം ഒത്തുചേരലുകള്‍കൊണ്ട് സാധ്യമാകുന്നുവെങ്കില്‍ നാമെന്തിനാണ് ഇളം മനസുകളെ കളിയരങ്ങിന്റെ ഇളവെയിലിന്‍ തുമ്പത്ത് സമാധാനത്തോടെ, ഒന്നിരിക്കാന്‍ പോലും സമ്മതിക്കാതിരിക്കുന്നത്? അന്ധകാരത്തിന്റെ കറുപ്പുതുണിയാല്‍ കണ്ണ് മൂടിക്കെട്ടിയവര്‍ മനസില്‍ സര്‍വ്വനാശത്തിന്റെ പന്തം കൊളുത്തി ലോകം കത്തിച്ച് ചാമ്പലാക്കുന്ന ഇക്കാലത്ത് നന്മ വെന്തുമരിക്കാതിരിക്കാന്‍ ഇത്തരം നാടകകളരികളെ നമുക്ക് പാടിയുണര്‍ത്താം.… മതിവരുവോളം… മനസ്സില്‍ പൂമ്പാറ്റകളുള്ളവരുടെ കൂടെ മാത്രമേ പൂക്കള്‍ വരികയുള്ളൂ.. 'നാടക പരിശീലനത്തിന്റെ വേനല്‍മഴ കഴിഞ്ഞു... വരാന്‍ പോകുന്നത് നാടകോത്സവങ്ങളുടെ കാലവര്‍ഷം തന്നെയായിരിക്കും.' സംഘാടകര്‍ പറഞ്ഞു.

പീതാംബരന്‍ കുറ്റിക്കോല്‍

Other Articles

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം