അമീറേ, കണ്ണടച്ചുതുറക്കുമ്പോഴേക്കും നീ പോയ്ക്കളഞ്ഞല്ലോ...
ചില സംഭവങ്ങള്‍ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. പച്ചക്കാട്ടെ അമീറിന്റെ മരണം അത്തരത്തിലായിരുന്നു. മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഇന്നലെ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിന് തുടക്കം കുറിക്കുന്നതിനിടയിലാണ് പ്രിയ സ്‌നേഹിതന്‍ ഖാലിദ് പച്ചക്കാടിന്റെ ഫോണ്‍ കോള്‍.
അമീര്‍ പച്ചക്കാട് കുഴഞ്ഞ് വീണ് നുള്ളിപ്പാടിയിലെ ഹോസ്പിറ്റലിലാണെന്നും സ്ഥിതി അല്‍പം മോശമാണെന്നും പറഞ്ഞു. അല്‍പസമയത്തിനുള്ളില്‍ വീണ്ടും ഖാലിദിന്റെ വിളി അമീര്‍ പോയി. 'ഇന്നാലില്ലാഹി...' വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവസാനമായി അമീറിനെ കണ്ടത് വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ റിലീഫ് സംഗമം ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോഴാണ്. പുതിയ ഓഫീസില്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചിരുന്നില്ല. വൈകീട്ട് 7 മണിക്കായിരുന്നു പരിപാടി. അവിടെ വെളിച്ചമുണ്ടാക്കാന്‍ ഓടി നടന്നത് അമീറായിരുന്നു.
അമീര്‍ പാര്‍ട്ടിക്ക് പലതുമായിരുന്നു. ഭാരവാഹി, പാര്‍ട്ടിയുടെ കര്‍മ്മഭടന്‍, വിശ്വസിച്ച് എന്തും ഏല്‍പിക്കാന്‍ പറ്റുന്ന ഉത്തമ പ്രവര്‍ത്തകന്‍, അതിലേറെ നാട്ടിലെ എല്ലാ കാര്യങ്ങളിലും ആത്മാര്‍ത്ഥതയോടെ ഇടപെടുന്ന പൊതുപ്രവര്‍ത്തകന്‍. ചെറുപ്പക്കാരെ വഴിതെറ്റാതെ പാര്‍ട്ടിക്കു പിന്നില്‍ അണിനിരത്തിയ സംഘാടകന്‍...
ചെറുപ്പത്തിലേ മുസ്ലിം ലീഗ് അമീറിന് ഒരു ലഹരിയായിരുന്നു. യൂത്ത് ലീഗ്, മുസ്ലിം ലീഗ് കമ്മിറ്റികളില്‍ സജീവ പ്രവര്‍ത്തനം, പാര്‍ട്ടിയുടെ വൈറ്റ്ഗാര്‍ഡ്, ഗ്രീന്‍ഗാര്‍ഡ് അംഗം. പാര്‍ട്ടി പരിപാടികള്‍ വിജയിപ്പിക്കാന്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത ആത്മാര്‍ത്ഥ പ്രവര്‍ത്തകന്‍...
മുനിസിപ്പല്‍ പതിനാറാം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റിക്ക് സ്വന്തമായി ഓഫീസുണ്ടാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച പാര്‍ട്ടി പ്രവര്‍ത്തകരില്‍ അമീര്‍ മുന്‍പന്തിലായിരുന്നു. മുസ്ലിം ലീഗ് സമ്മേളനങ്ങളും മറ്റു പരിപാടികളും നടക്കുമ്പോള്‍ നഗരവും പരിസര പ്രദേശങ്ങളും അലങ്കരിക്കുന്ന ഒരു ടീം എപ്പോഴും പാര്‍ട്ടിക്കുണ്ട്. പച്ചക്കാട്, കൊല്ലമ്പാടി ഭാഗത്ത് നിന്നുള്ളവരാണ് ടീമിലധികവും. അവരായിരുന്നു കൊടിയും തോരണങ്ങളും സ്ഥാപിക്കാറ്, അവരുടെ അമീറായിരുന്നു അദ്ദേഹം.
ഭാര്യ ഹസീന നഗരസഭാ കൗണ്‍സിലറായതോടെ വാര്‍ഡിന്റെ വികസന പ്രവര്‍ത്തനങ്ങളിലും ജനസേവന രംഗത്തും അമീര്‍ സജീവ സാന്നിധ്യവുമായിരുന്നു. ക്ഷേമ പെന്‍ഷനുകള്‍ തരപ്പെടുത്തി കൊടുക്കുന്നതിലും മറ്റു അനുകുല്യങ്ങള്‍ ലഭ്യമാക്കുന്നതിലും ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്നതിലും ഖാലിദ് പച്ചക്കാടിനൊടൊപ്പം അമീറുമുണ്ടായിരുന്നു.
നല്ല അച്ചടക്കവും ദീനി ബോധവുമുള്ള ചെറുപ്പക്കാരുള്ള ഒരു നാടാണ് പച്ചക്കാട്. മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ശക്തികേന്ദ്രം കൂടിയാണ് ഈ പ്രദേശം. പാര്‍ട്ടി പ്രയാസങ്ങളും പ്രതിസന്ധികളും നേരിട്ട ഘട്ടത്തിലെല്ലാം പാര്‍ട്ടിക്ക് പിന്നില്‍ പാറപോലെ ഉറച്ച് നിന്ന പ്രവര്‍ത്തകമാരാണ് പച്ചക്കാട്ടുള്ളത്.
വളരെയേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനും വളരെ ഉയരത്തില്‍ എത്തിച്ചേരാനുമുള്ള സമയത്താണ് അമീര്‍ സര്‍വശക്തനായ അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി നമ്മെ വിട്ട് പിരിഞ്ഞിരിക്കുന്നത്. മുസ്ലിംലീഗ് പാര്‍ട്ടിക്ക് അമീറിന്റെ വിടവ് വലിയ നഷ്ടമാണ്.
നാടിന് വേണ്ടി പ്രവര്‍ത്തിച്ച്, പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച് മുതിര്‍ന്നവരുടെയും യുവാക്കളുടെയും കുട്ടികളുടെയും സ്‌നേഹവും ആദരവും ഏറ്റുവാങ്ങിയിരുന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരനായിരുന്ന അമീറിന്റെ മരണവാര്‍ത്ത കേട്ട് ഒരു നാട് മുഴുവന്‍ തേങ്ങുകയാണ്.
വിവരമറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജാതി മത വ്യത്യാസമില്ലാതെ ജനങ്ങള്‍ ഒന്നടങ്കം പച്ചക്കാട്ടുള്ള അമീറിന്റെ വീട്ടിലേക്ക് ഒഴുകുകയായിരുന്നു. പരിശുദ്ധ റമദാന്‍ മാസത്തിലെ അവസാന പത്തിലെ ലൈലത്തുല്‍ ഖദറിന്റെ രാവ് പ്രതീക്ഷിക്കുന്ന ദിവസമാണ് അമീറിന്റെ യാത്ര.
ഞങ്ങളുടെ പ്രിയങ്കരനായ സഹപ്രവര്‍ത്തകന് സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കണമേ നാഥാ.

എ. അബ്ദുല്‍ റഹ്മാന്‍
(മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി)

Other Articles

  ലാളിത്യം മുഖമുദ്രയാക്കിയ ഹംസ

  കോരന്‍ മാസ്റ്ററുടെ വിയോഗം ജില്ലയിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് നികത്താനാവാത്ത നഷ്ടം

  എന്തിന് വായിക്കണം ?

  ഹാത്തിഫ്: മണ്‍മറഞ്ഞത് നന്മ മരം

  രാഷ്ട്രീയ നേതാക്കള്‍ക്ക് ആതിഥ്യമരുളിയ സൈനബ ഹജ്ജുമ്മ

  ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍............

  നിയമപാലനരംഗത്തെ അവസാനിക്കാത്ത പാപക്കറകള്‍

  സോഷ്യലിസ്റ്റ് ആശയത്തിന്റെ വേര് പടര്‍ത്തിയ നേതാവ

  നിസ്വാര്‍ത്ഥം, നിശ്ശബ്ദം കടന്നുപോയൊരാള്‍...

  ചെറിയ പെരുന്നാള്‍ ലോക സമൂഹത്തിന്റെ ആഘോഷം

  കാളവണ്ടിയില്‍ ഒരു പെരുന്നാള്‍

  വ്രതാനുഷ്ഠാനം ആരോഗ്യത്തിനും ഏറെ ഗുണകരം

  ഒരു കളിഭ്രാന്തന്റെ പുലരാത്ത പ്രവചനങ്ങള്‍

  കഅ്ബയുടെ ചാരത്ത്, റമദാന്റെ വിശുദ്ധി നുകര്‍ന്ന്

  പരിശുദ്ധ റമദാന്‍ വിട പറയുമ്പോള്‍