കഅ്ബയുടെ ചാരത്ത്, റമദാന്റെ വിശുദ്ധി നുകര്‍ന്ന്
ഒരു റമദാന്‍ കാലം കൂടി വിട പറയുന്നു. ഓരോ റമദാനും പെരുന്നാളും ഏറെ മധുരമുള്ള ഓര്‍മ്മകളാണ്. കുഞ്ഞുകാലത്തെ ആ മധുര നാളുകള്‍ ഒരിക്കല്‍ കൂടി തിരിച്ചുകിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.
29-ാം നോമ്പിന്റെ സന്ധ്യാനേരത്ത് ബാപ്പയുടെ വിരലില്‍ തൂങ്ങി പള്ളിഖത്തീബിനും നാട്ടുപ്രമുഖരോടുമൊപ്പം മാനത്ത് ദൃശ്യമാകുന്ന ശവ്വാല്‍ മാസപ്പിറവി കാണാന്‍ നുള്ളിപ്പാടി പട്ടേല്‍ മുത്തയ്യ ഷെട്ടി റോഡിലെ സായിച്ചയുടെ വീട്ടുപറമ്പിന്റെ വരമ്പില്‍ കയറി ആകാംക്ഷയോടെ മാനംനോക്കിയിരിക്കുമ്പോഴും അത്തര്‍പൂശി തേച്ച്‌വെച്ച പുത്തനുടുപ്പും ബാപ്പ വാങ്ങിത്തന്ന പടക്കങ്ങളുമായിരുന്നു മനസ് നിറയെ. അപ്പോഴും ഉമ്മ പള്ളിയില്‍ നിന്നുമുള്ള ഈദ് വിളംബരത്തിന്റെ തക്ബീര്‍ ധ്വനികള്‍ക്കായി കാതോര്‍ത്ത് തെങ്ങോലയും ചകിരിയും അടുപ്പിലിട്ട് തീ ഊതിക്കത്തിച്ച് പെരുന്നാള്‍ അപ്പങ്ങള്‍ ചുടുന്ന തിരക്കിലായിരിക്കും.
ജീവിതവഴി തേടി 19-ാം വയസില്‍ പുണ്യഭൂമിയിലേക്ക് വിമാനം കയറിയപ്പോള്‍ മുതല്‍ നഷ്ടപ്പെട്ടുപോയ ഇത്തരം മധുരമുള്ള അനുഭവങ്ങള്‍ ഇന്നും എന്റെ നഷ്ട വസന്തങ്ങളുടെ കണക്കുപുസ്തകത്തിലാണെങ്കിലും ഓര്‍ത്തെടുക്കാന്‍ ഏറെയുണ്ട്. ഇസ്‌ലാമിക ചരിത്രങ്ങള്‍ തുടിച്ചുനില്‍ക്കുന്ന പ്രവാചക തിരുമേനിയുടെ കാല്‍പാടുകള്‍ പതിഞ്ഞ വിശുദ്ധ ഭൂമിയിലെ റമദാന്‍ ഈദ് ഓര്‍മ്മകള്‍. പുണ്യഭൂമിയില്‍ റമദാന്‍ ചെലവിടാന്‍ അവസരം ലഭിക്കുക എന്നത് വിശ്വാസിയുടെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണ്. ശാന്തിയുടെയും സാന്ത്വനത്തിന്റെയും സ്‌നേഹത്തിന്റെയും നഗരമായ ആ ഭൂമിയില്‍ നീണ്ട 31 വര്‍ഷക്കാലം വ്രതത്തിന്റെ പരിശുദ്ധിയും ഈദിന്റെ സുഗന്ധവും ഏറെ അനുഭവിച്ചറിയാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. ആ നാടിന്റെ സംസ്‌ക്കാരവും അവിടത്തെ മണ്ണിന്റെ മണവും ആവോളം എന്നില്‍ അലിഞ്ഞു ചേര്‍ന്നിട്ടുമുണ്ട്. ശാന്തിയാണവിടം നിറയെ. വെള്ളി നൂലുകള്‍ പോലെ വീഴുന്ന മഴയുടെ ശീതളിമയാണ് അവിടത്തെ മനുഷ്യരുടെ ഉള്ളം നിറയെ. ഓര്‍മ്മകള്‍ വീണ്ടും ഭക്തിയുടെ സൗരഭ്യം പരത്തി പ്രശോഭിച്ചുനില്‍ക്കുന്ന വിശുദ്ധ മക്കയിലേക്ക് എന്നെ നയിക്കുകയാണ്. റമദാനിലെ ഉംറക്ക് ഹജ്ജിന്റെ പ്രതിഫലമെന്ന് പ്രവാചക വചനം. ആ പ്രതിഫലം ആവോളം നുകരാന്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമെത്തിയ വിശ്വാസികളില്‍ ഞാനുമൊരാളായി മാറുന്നു.
പ്രവാചകന്‍ ഇബ്രാഹിം, പത്‌നി ഹാജറ, മകന്‍ ഇസ്മായില്‍, അവരുടെ വിശ്വാസങ്ങള്‍ ഏറ്റുവാങ്ങിയ വിശുദ്ധ കഅ്ബ, തവാഫ്... സഫാ-മര്‍വ്വ, ഉംറ ഞാന്‍ ഭക്തിയില്‍ ലയിച്ചലിയുകയാണ്.
പാപമോചനവും മോക്ഷവും നരക വിമുക്തിയും തേടി കരങ്ങള്‍ ആകാശത്തേക്കുയര്‍ത്തി മനസിന്റെ ഭാരങ്ങള്‍ വിശുദ്ധ മാസത്തിന്റെ വിശുദ്ധിയില്‍ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന പുണ്യനാളില്‍ കണ്ണീര്‍ ചാലുകളാക്കി ദൈവീക സമക്ഷത്തിലേക്ക് ഇറക്കിവെച്ച് ചുട്ടുപൊള്ളുന്ന കൊടും വെയിലില്‍ ഉംറ ചെയ്ത് തളര്‍ന്നവശനായി വരണ്ടുണങ്ങിയ തൊണ്ടയിലേക്ക് മസ്ജിദുല്‍ ഹറമിലെ മിനാരങ്ങളില്‍ നിന്ന് പരന്നൊഴുകുന്ന മഗ്‌രിബ് ബാങ്കിനൊപ്പം സംസം നുകരാന്‍ വെമ്പല്‍ കൊള്ളുകയാണ് ഞാന്‍.
വ്രതവിശുദ്ധിയുടെ ചൈതന്യം ഹറമില്‍ എങ്ങും അലതല്ലുകയാണ്. വിവിധ ദേശക്കാര്‍, ഭാഷക്കാര്‍ വെളുത്തവനും കറുത്തവനും. ദൈവീക ഭവനത്തില്‍ എല്ലാവരും തുല്യരാണ്. വിശ്വാസികളുടെ ശ്രുതിമധുരമായ ഖുര്‍ആന്‍ ആലാപനങ്ങളാല്‍ പൂത്തുലയുകയാണ് മസ്ജിദുല്‍ ഹറം.
കഅ്ബയുടെ ചാരത്ത് ലോകത്തിലെ ഏറ്റവും വലിയ ഘടികാരം പേറുന്ന സംസം ടവറിന്റെ നിഴല്‍ തണലാക്കി ഞാനൊരല്‍പം വിശ്രമം കണ്ടെത്തുന്നു. ഹൃദയം വിങ്ങുകയാണ്. ഖുര്‍ആന്റെ അവതരണം കൊണ്ട് അനുഗ്രഹീതമായ ലൈലത്തുല്‍ ഖദ്ര്‍ എന്ന പുണ്യരാവാണിന്ന്. റമദാനില്‍ വിശ്വാസികള്‍ കാത്തിരിക്കുന്ന അമൂല്യമായ ഒരു സൗഭാഗ്യം. ആയിരം മാസങ്ങളേക്കാള്‍ മഹത്വം നല്‍കിയാണ് പ്രപഞ്ചനാഥന്‍ ഈ രാവിനെ അടയാളപ്പെടുത്തിയിരിക്കുന്നത്.
അസറും കഴിഞ്ഞ് സൂര്യന്‍ പടിഞ്ഞാറോട്ട് ചാഞ്ഞ് തുടങ്ങിയിരിക്കുന്നു. എങ്ങും പാപമോചനത്തിനായി കണ്ണീരോടെയുള്ള പ്രാര്‍ത്ഥനകളാണ്.
ദൈവഭക്തിയില്‍ ഹൃദയമാലിന്യങ്ങള്‍ കഴുകിക്കളയാന്‍ വെമ്പല്‍കൊള്ളുകയാണ് വിശ്വാസികള്‍. ഭൂമിയെ നനക്കുന്ന പ്രാര്‍ത്ഥനകള്‍, കഅ്ബാലയത്തിന്റെ ഓരങ്ങളെപ്പോലെ കണ്ണീര്‍ വീണ് കുതിരുന്ന മണ്ണ് ഭൂമുഖത്ത് വേറെയുണ്ടാവില്ല. ഈ കണ്ണീര്‍ ചാലുകള്‍ക്ക് മുന്നില്‍ ആകാശകവാടങ്ങള്‍ തുറക്കപ്പെടുന്നു. വാനലോകങ്ങളില്‍ മാലാഖമാര്‍ ഭൂമിയിലെ മനുഷ്യര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനാ നിരതരാവുന്നു.
സൃഷ്ടികളുടെ വിളിയാളങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കരുണാമയനായ സ്രഷ്ടാവ് കാത്തിരിക്കുന്ന നിമിഷങ്ങള്‍...
പ്രവാചക വചനങ്ങള്‍ വീണ്ടും ഹൃദയത്തെ തൊട്ടുണര്‍ത്തുകയാണ് (അന്നാളില്‍ അല്ലാഹു സ്വര്‍ഗത്തോട് കല്‍പിക്കും, എന്റെ ദാസന്മാര്‍ക്ക് വേണ്ടി അണിഞ്ഞൊരുങ്ങിക്കൊള്ളുക, ഭാതിക ജീവിതത്തിന്റെ ക്ലേശങ്ങളില്‍ നിന്ന് എന്റെ ഭവനത്തിലേക്കും ഔദാര്യത്തിലേക്കും വിശ്രമത്തിന് കടന്നുവരാന്‍ അവര്‍ക്ക് സമയമായിരിക്കുന്നു.)
ബിലാലിന്റെ സുന്ദരവും മാധുര്യവുമായ ബാങ്കൊലിയെ ഓര്‍മ്മിപ്പിച്ച് വിശുദ്ധ ഭവനത്തിലെ മിനാരങ്ങളില്‍ നിന്നും മഗ്‌രിബിന്റെ ബാങ്കൊലി മുഴങ്ങുന്നു.
അല്ലാഹു അക്ബര്‍... അല്ലാ.......ഹു അക്ബര്‍...
വീട്ടിലേക്ക് വിരുന്നെത്തിയവരെപ്പോലെ തങ്ങള്‍ വിരിച്ച സുപ്രയിലേക്ക് തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ മത്സരിക്കുന്ന മക്കാവികള്‍, മസ്ജിദുല്‍ ഹറം നിറഞ്ഞു കവിയുന്ന സ്‌നേഹത്തിന്റെ പരവതാനികള്‍ വിശ്വാസികളെ വികാരഭരിതരാക്കുന്ന രംഗമാണ് ഹറമിലെ നോമ്പ് തുറ. സംസം, ഈത്തപ്പഴം, ഗഹ്‌വ, തൈര്, റൊട്ടി, ചായ എന്നിവയാണ് ഹറമിനകത്തെ നോമ്പ് തുറ വിഭവങ്ങള്‍. ഹറമിന്റെ മുറ്റത്ത് ഇതിനു പുറമെ ബ്രോസ്റ്റ്, ബിരിയാണി, ഇറച്ചിക്കറി, അണ്ടിപ്പരിപ്പ്, മുന്തിരി, ബദാം, ജ്യൂസ്, ഫ്രൂട്ട്‌സുകള്‍ തുടങ്ങി സമൃദ്ധമായ ഭക്ഷണമാണ് സുപ്രയിലുള്ളത്. 10 മിനുട്ട് കൊണ്ട് നോമ്പുതുറ കഴിഞ്ഞ് ഹറമും പരിസരവും വൃത്തിയാക്കിക്കഴിഞ്ഞു.
ഓരോ പുണ്യത്തിനും ആയിരക്കണക്കിന് ഇരട്ടിപ്രതിഫലം കാത്തുവെച്ചിരിക്കുന്ന ഹറം മഗ്‌രിബ് നമസ്‌കാരത്തിനായി ജനനിബിഡമായികഴിഞ്ഞു. പുണ്യഭൂമി 27-ാം രാവിന്റെ വിശുദ്ധ ഛായയിലേക്ക് കടക്കുകയാണ്.

റഹീം ചൂരി

Other Articles

  ജനാധിപത്യത്തിന്റെ പ്രസക്തി...

  ദിലീപ് പിന്മാറിയിട്ടില്ല: സത്യം വെളിപ്പെടുത്തി നാദിര്‍ഷ

  തണുത്ത, ആ തലോടല്‍...

  സെപ്തംബര്‍ 5 ദേശീയ അദ്ധ്യപകദിനം

  മരിക്കാത്ത ഓര്‍മ്മകളില്‍ ടി.എ. ഇബ്രാഹിം സാഹിബ്

  എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സമഗ്ര ഗവേഷണത്തിന് എയിംസ് ഉപകരിക്കും-ഗോവിന്ദന്‍ പള്ളിക്കാപ്പില്‍

  എയിംസിന്റെ കാര്യത്തില്‍ നിഷേധാത്മക സമീപനമുണ്ടായാല്‍ ചെറുക്കണം-പി.ബി.അബ്ദുറസാഖ്

  ദിലീപ് വീണ്ടും ഷൂട്ടിങ് തിരക്കുകളിലേക്ക്...

  ഹനാന്റെ കഥ വിശ്വസിച്ചു, സിനിമയ്ക്കായി നാടകം കളിച്ചതല്ല- അരുണ്‍ ഗോപി

  ഓര്‍മ്മയില്‍ നന്മയുടെ ആ പ്രകാശ ഗോപുരങ്ങള്‍

  ജനപ്രതിനിധികള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ എയിംസ് യാഥാര്‍ത്ഥ്യമാകും-ഹക്കീം കുന്നില്‍

  എയിംസ് കാസര്‍കോടിന് നഷ്ടമാകാതിരിക്കാന്‍ ആരോഗ്യമന്ത്രിയെ കാണും- അസീസ് കടപ്പുറം

  സര്‍ക്കാരില്‍ സമ്മര്‍ദ്ദം ശക്തമാക്കിയാല്‍ എയിംസ് നേടിയെടുക്കാം -അഡ്വ. കെ. ശ്രീകാന്ത്

  എയിംസ് നിര്‍ബന്ധ ബുദ്ധിയോടെ നേടിയെടുക്കണം -എം.സി.ഖമറുദ്ദീന്‍

  എയിംസ് കാസര്‍കോടിന് തന്നെ നല്‍കുന്നതിന് സര്‍ക്കാറിന് എതിര്‍പ്പില്ല-സി.എച്ച്.കുഞ്ഞമ്പു