കാളവണ്ടിയില്‍ ഒരു പെരുന്നാള്‍
എനിക്ക് നറുക്ക് വീണ ദിവസമായിരുന്നു അന്ന്. കീഴൂര്‍ പോകാന്‍ ലഭിച്ച നറുക്ക്. അഞ്ചാം ക്ലാസുകാരനായ എന്നോട് പെരുന്നാള്‍ ദിവസം ഇഞ്ഞാനെ (മൂത്ത സഹോദരി) കൂട്ടിക്കൊണ്ട് വരാന്‍ ഉത്തരവിട്ടത് ഉപ്പ. എളയ നാട്ടിലില്ല. കീഴൂര്‍ യാത്ര നറുക്കാണെന്ന് പറയാന്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് കടത്ത് കാണാം. രണ്ട് എളയാന്റെ സ്‌നേഹമയിയായ ഉമ്മയെ കാണാം. സംസാരത്തിലും പെരുമാറ്റത്തിനും നിറയെ സ്‌നേഹത്തിന്റെ മധുരം നിറച്ച ഉമ്മ. പിന്നീടാണ് ഉപ്പ ആവേശകരമായ മറ്റൊരു പ്രഖ്യാപനം നടത്തിയത്. യാത്ര കാളവണ്ടിയിലായിരിക്കും. ഞാന്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. മാങ്ങാട്ടെ കൊട്ടേട്ടന്റെ കാളവണ്ടിയില്‍ യാത്ര ചെയ്യുന്നത് ഒരു ഗമ തന്നെ.
സുബ്രഹ്മണ്യത്ത് നിന്ന് കൊണ്ട് വന്ന കൊമ്പില്‍ മണി കെട്ടിയ വെള്ളക്കാളകള്‍. വാര്‍ത്തയറിഞ്ഞ് ആച്ചിബി (തൊട്ട് മൂത്ത സഹോദരി) അസൂയ കൊണ്ട് കലി തുള്ളി. തന്നെയും കൊണ്ട് പോകണമെന്ന് ആച്ചിബി ഉമ്മമാനെകൊണ്ട്( രണ്ടാമത്തെ മൂത്ത സഹോദരി) ശുപാര്‍ശ പറയിപ്പിച്ചെങ്കിലും ഉപ്പ വീറ്റോ ചെയ്തു. പെണ്‍കുട്ടികള്‍ മുതിര്‍ന്നവരില്ലാതെ ദൂരം പോകേണ്ടെന്നായിരുന്നു ഉപ്പാന്റെ വിധി പ്രസ്താവന.
പെരുന്നാള്‍ തലേന്ന് പുതുവസ്ത്രം അയലില്‍ തൂക്കിയിട്ടു, ആച്ചിബി പ്രതിഷേധിച്ചത് പാവാടയും കുപ്പായവും എന്റെ വസ്ത്രത്തിന് മുകളില്‍ ഇട്ടുകൊണ്ടായിരുന്നു. അവള്‍ കുശുമ്പ് കാട്ടി കുറേ നേരം മൂലയില്‍ ചെന്നിരുന്നു. ഉമ്മമാരും ഉമ്മാഞ്ഞിയും (മൂത്ത സഹോദരിമാര്‍) നെയ്യപ്പം ചുടുന്ന തിരക്കിലും. മുട്ട വിളക്കിന്റെ വെളിച്ചത്തില്‍ നെയ്യപ്പം പൊങ്ങിവരുന്നത് നോക്കി നില്‍ക്കുമ്പോഴും അടുത്ത ദിവസം വരാനിരിക്കുന്ന കാളവണ്ടിയാത്രയെക്കുറിച്ചുള്ള ചിന്തയായിരുന്നു മനസ് നിറയെ. ഭക്ഷണം കഴിച്ചെന്ന് വരുത്തി കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ആച്ചിബി അപ്പോഴും പരിഭവത്തില്‍ തന്നെ.
പെരുന്നാള്‍ ദിവസം പതിവിലും നേരത്തെ എണീറ്റു. പുത്തന്‍ വസ്ത്രമണിഞ്ഞത് ഉപ്പാന്റെ കൂടെ പള്ളിയില്‍ പോയി തിരിച്ച് വരുമ്പോഴേക്കും കൊട്ടേട്ടന്റെ കാള വണ്ടി റെഡി. മുളയും പുല്ലും കൊണ്ടുണ്ടാക്കിയ മേല്‍ക്കൂരയുള്ള തകര്‍പ്പന്‍ വണ്ടി. നല്ല ഉയരവും ശരീരപുഷ്ടിയുമുള്ള വെള്ളക്കാളകള്‍കൊമ്പുകുലുക്കി യാത്രക്ക് റെഡിയായി നില്‍ക്കുന്നു. വണ്ടിയുടെ പിറകില്‍ തൂക്കിയിട്ട ചാക്കില്‍ നിന്ന് വൈക്കോല്‍എടുത്ത് കൊട്ടേട്ടന്‍ കാളകളെ തീറ്റിക്കുന്നു. ഇടക്ക് അവയുടെ മുതുകില്‍ തട്ടി ഉഷാറാക്കുന്നുമുണ്ട്. കൊട്ടേട്ടന്‍ എന്നെ പൊക്കിയെടുത്ത് വണ്ടിയില്‍ കയറ്റി. ഇരുവശത്തും യാത്രക്കാര്‍ക്ക് ഇരിക്കാന്‍ ചെറിയ ബെഞ്ചുകള്‍. പിറക് വശം കര്‍ട്ടണ്‍ ഇട്ട് മറച്ചിരിക്കുന്നു. മനോഹരമായി നെയ്തുണ്ടാക്കിയ ചാട്ടവാര്‍ കൊണ്ട് കൊട്ടേട്ടന്‍ വായുവില്‍ ചുഴറ്റിയപ്പോള്‍ ശക്തിയായി കാളകള്‍ മുന്നോട്ടാഞ്ഞു. ഞാന്‍ ഒരു ബലത്തിന് വേണ്ടി മുകളില്‍ പിടിച്ചു. മുന്നില്‍ നിന്നും വീശിയടുക്കുന്ന കാറ്റില്‍ എന്റെ പെരുന്നാള്‍ കുപ്പായം ഇളകിയാടി.
ചോയിച്ചിങ്കലും കഴിഞ്ഞ് കളനാട് ഇറക്കത്തിലെത്തിയപ്പോള്‍ കൊട്ടേട്ടന്‍ കാളകളുടെ മൂക്ക് കയറില്‍ ആഞ്ഞുവലിച്ച് വണ്ടിയുടെ വേഗം നിയന്ത്രിച്ചു. കയറ് കൊണ്ട് ബന്ധിപ്പിച്ച ബ്രേക്കില്‍ ചവിട്ടി എഴുന്നേറ്റ് നിന്നു. ഉമ്മാനെ ഖബറടക്കിയ കളനാട് ജമാഅത്ത് പള്ളിയില്‍ നിന്നു പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞ് ആളുകള്‍ വീടുകളിലേക്ക് തിരിച്ച് പോകുന്നു. പെരുന്നാള്‍ ആഘോഷിക്കാന്‍ ഉമ്മയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ കണ്ണില്‍ വെള്ളം നിറഞ്ഞു.
ഉമ്മയോട് മനസില്‍ മൗനാനുവാദം ചോദിച്ച് പുത്തന്‍ തൂവാല കൊണ്ട് കണ്ണ് തുടച്ചു. സ്വര്‍ഗ്ഗത്തിലും പെരുന്നാള്‍ ആഘോഷം നടക്കുന്നുണ്ടാവണം.
ഇടുവുങ്കാല്‍ 'ലക്കേശരി' (രക്തേശ്വരി) അമ്പലവും കഴിഞ്ഞ് ø'കിള' (ഇടവഴി)യിലേക്ക് കടന്നപ്പോള്‍ വണ്ടി ആടിയുലയാന്‍ തുടങ്ങി. കയറ്റം കഴിഞ്ഞ് സമതലത്തിലെത്തിയപ്പോള്‍ കടല്‍ക്കാറ്റ് വീശാന്‍ തുടങ്ങിയിരുന്നു. പാറ വഴിയില്‍ കാളവണ്ടി പോയുണ്ടായ പാളത്തില്‍ കൂടി വണ്ടി മുന്നോട്ട്. ക്ഷീണിച്ചു തുടങ്ങിയ കാളകളെ കൊട്ടേട്ടന്‍ വിചിത്ര ശബ്ദമുണ്ടാക്കി തെളിക്കുന്നു. വണ്ടി ഒതുക്കി നിര്‍ത്തി എന്നോടിറങ്ങാന്‍ പറഞ്ഞു. ഇഞ്ഞാനെയും കൂട്ടി തിരിച്ചെത്താന്‍ തന്ന സമയം ഒരു മണിക്കൂര്‍. പിന്നെ നടത്തം. പടിഞ്ഞാറ് കടല്‍ കാണാം. കടലും ചക്രവാളവും ഒന്നാകുന്ന കാഴ്ച. തുരങ്കത്തിനരികത്തുള്ള നടവഴിയില്‍ കൂടി താഴോട്ടിറങ്ങി. റെയില്‍ പാളത്തിനിരുവശവും തെളിനീരൊഴുകുന്നു. പാളം കടന്ന് പൂഴി നിറഞ്ഞ പാതയിലെത്തി. വഴിയരികില്‍ നിരയായി ചുവന്ന ബോഗന്‍ വില്ലകള്‍ പൂത്ത് നില്‍ക്കുന്നു. കടല്‍ കരയില്‍ വെയിലത്ത് മീന്‍ ഉണക്കുമ്പോഴുള്ള രൂക്ഷ ഗന്ധം മൂക്കില്‍ അടിച്ചു കയറി. മാങ്ങാട്ടേക്ക് വരാന്‍ ഇഞ്ഞ തയ്യാറായി നില്‍ക്കുന്നു. റോസ് നിറത്തിലുള്ള സാരിയില്‍ നീലയും ചുവപ്പും ആലിലകളുള്ള പ്രിന്റ്. നെയ്‌ച്ചോര്‍ കഴിച്ച് പോയാല്‍ മതിയെന്ന് പറഞ്ഞ് എളയാന്റെ ഉമ്മ എന്റെ കൈപിടിച്ച് നടുവിലെ മുറിയില്‍ ഇരുത്തി. മെലിഞ്ഞ് നീണ്ട് ഇരുനിറമുള്ള ഉമ്മ. വാക്കുകളില്‍ പൊതിഞ്ഞ് വെച്ച സ്‌നേഹവും കരുതലും. ഉമ്മ എന്റെ മുടിയില്‍ വിരലുകളോടിച്ച് പഴം പൊരി വായില്‍വെച്ച് തന്നു.
ഇഞ്ഞാനെയും കൂട്ടി തിരിച്ച് പുറപ്പെട്ടപ്പോള്‍ സൂര്യന്‍ പടിഞ്ഞാറോട്ട് ചാഞ്ഞുതുടങ്ങിയിരുന്നു. നേരം വൈകിയാല്‍ കൊട്ടേട്ടന്‍ ആശങ്കപ്പെടും. പൂഴിറോഡില്‍ കൂടി കാല് പറിച്ചെടുത്ത് നടന്നു. തുരങ്കത്തിനടുത്തെത്തിയപ്പോള്‍ ഒരു ഗുഡ്‌സ് വണ്ടി ചൂളം വിളിച്ച് കൊണ്ട് പാഞ്ഞുപോയി. തുരങ്കത്തിന് മുകളിലുള്ള കുന്നിലേക്ക് ആയാസപ്പെട്ടു കയറി. ഇഞ്ഞ മുമ്പിലാണ് നടക്കുന്നത്. വഴുതിപ്പോകാതിരിക്കാന്‍ കുട എന്നെ ഏല്‍പ്പിച്ചു. കൊട്ടേട്ടന്‍ കാളകള്‍ക്ക് ബക്കറ്റില്‍ വെള്ളം കൊടുക്കുന്നു. ഇഞ്ഞ പെരുന്നാളിന്റെ പൊരിയുണ്ട അല്പം കൊട്ടേട്ടന് നല്‍കി. ഉച്ച ഭക്ഷണം കഴിക്കാതിരുന്നതിന്റെ വിശപ്പ് കൊട്ടേട്ടന്‍ പൊരിയുണ്ട തിന്ന് ശമിപ്പിച്ചു. ഇഞ്ഞാക്ക് കയറാന്‍ വണ്ടിയുടെ മുന്‍ ഭാഗം താഴ്ത്തിക്കൊടുത്തു. കാളകളുടെ താളത്തിനനുസരിച്ച് വണ്ടിയും യാത്രക്കാരും ചലിച്ചുകൊണ്ടേയിരുന്നു. വീട്ടിലെത്തിയപ്പോഴേക്കും വൈകുന്നേരമായി. ഉപ്പയുടെ നേതൃത്വത്തില്‍ ഞങ്ങളെയും കാത്ത് ചെറിയ ഒരു സംഘം തന്നെയുണ്ട്. ഇഞ്ഞാനെ കണ്ട സന്തോഷത്തില്‍ ആച്ചിബി രാവിലത്തെ പിണക്കം മറന്ന് ഉഷാറായി. കീഴൂരെ ഉമ്മ ഏല്‍പ്പിച്ച അപ്പത്തിന്റെ കെട്ട് ഞാന്‍ ഉമ്മാഞ്ഞിയുടെ കയ്യില്‍ വെച്ച് കൊടുത്തു. അടുത്ത വീട്ടില്‍ ദൗറായും (സുഹ്‌റ), ബീവിയും അന്തുപ്പൂച്ചാന്റെ ഹനീഫയും പൊരിയുണ്ട കിട്ടിയ സന്തോഷത്തിലായിരുന്നു. ഹനീഫ കൊണ്ട് വന്ന കമ്പിത്തിരിയും ചേരട്ട പടക്കവും കത്തിക്കാനായി അടുത്ത ശ്രമം. ഓലപ്പടക്കം ചിരട്ടക്കകത്ത് വെച്ച് തിരി ചിരട്ടയുടെ ദ്വാരത്തിലൂടെ പുറത്തിട്ട് ഹനീഫ തിരിച്ച് തീ കൊടുത്തു. വെടി പൊട്ടിയപ്പോള്‍ ചിരട്ട രണ്ടാള്‍ ഉയരത്തില്‍ പൊങ്ങിയത് ഇന്നലെ കഴിഞ്ഞത് പോലെ...ഖാദര്‍ മാങ്ങാട്

Other Articles

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം