ചെറിയ പെരുന്നാള്‍ ലോക സമൂഹത്തിന്റെ ആഘോഷം
ഈദുല്‍ ഫിത്തര്‍ അഥവാ ചെറിയ പെരുന്നാള്‍ ഉയര്‍ത്തിക്കാട്ടുന്ന മാനവികതയുടെ സന്ദേശം നാള്‍ക്കുനാള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത് ഇത് മുസ്‌ലിങ്ങളുടെ മാത്രമല്ല, മറിച്ച് ലോക സമൂഹത്തിന്റെ ഒന്നാകെയുള്ള ആഘോഷമെന്നതാണ്.
ഒരു മാസത്തെ ചിട്ടയായ റമദാന്‍ വ്രതത്തിന് ശേഷം വിശുദ്ധമായ മനസ്സോടെ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നവരില്‍ മുസ്‌ലിങ്ങള്‍ മാത്രമല്ല ഉള്ളത്. റമദാന്‍ വ്രതം നല്‍കുന്ന സഹനത്തിന്റെയും ത്യാഗത്തിന്റെയും ജീവിത രീതികള്‍ മനസ്സിനും ശരീരത്തിനും ഒരു പോലെ ആരോഗ്യപ്രദമാണെന്ന തിരിച്ചറിവില്‍ ഇതര മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ പോലും ഈ വ്രതത്തില്‍ പങ്കാളികളാകുന്ന കാഴ്ചയാണ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കാണുന്നത്. ഒരിക്കല്‍ ഈ വ്രതമെടുത്താല്‍ എല്ലാ വര്‍ഷത്തെയും ഒരു മാസക്കാലം ശാരീരികേഛകളെ അതിജീവിച്ചും അന്ന പാനീയങ്ങള്‍ ഉപേക്ഷിച്ചും നോമ്പെടുക്കുന്ന ശീലം ഉപേക്ഷിക്കാന്‍ ഇതര വിഭാഗത്തില്‍പ്പെട്ടവരായാല്‍ പോലും സാധിക്കുകയില്ലെന്നതാണ് വാസ്തവം. കാരണം അതിന്റെ ഗുണഫലങ്ങള്‍ അത്രയ്ക്കും അനുഭവഭേദ്യമാകുന്നവര്‍ക്ക് റമദാന്‍ വ്രതം ജീവിതത്തിലെ ഒരു പ്രധാന ഘടകമാണെന്ന് നോമ്പെടുക്കാറുള്ള അമുസ്‌ലിംങ്ങളായ ആളുകള്‍ പോലും സാക്ഷ്യപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്.
ഒരു വ്യക്തിയെ ദുഷ്ചിന്തകളില്‍ നിന്നും ദുഷ്‌കര്‍മ്മങ്ങളില്‍ നിന്നും അകറ്റി അവനില്‍ ശുദ്ധീകരണത്തിന്റെ പ്രക്രിയകള്‍ പ്രദാനം ചെയ്യുന്ന വ്രതമാസത്തിന് ശേഷമുള്ള ചെറിയ പെരുന്നാള്‍ നന്മയുടെ ആഘോഷമാണ്. സ്‌നേഹം സൗഹാര്‍ദ്ദം, കാരുണ്യം, സേവനം തുടങ്ങി അടിസ്ഥാനപരമായ മാനുഷിക ഗുണങ്ങളുടെ സംഗമം കൂടിയാണ് ചെറിയ പെരുന്നാള്‍. ഇസ്‌ലാം മത വിശ്വാസികള്‍ക്കൊപ്പം മറ്റ് മത വിഭാഗങ്ങളില്‍പ്പെട്ടവരും പെരുന്നാള്‍ ആഘോഷത്തില്‍ സൗഹാര്‍ദ്ദത്തിന്റെ കണ്ണികളായി ഒത്തു ചേരുന്നു. എല്ലാ വിഭാഗം ജനങ്ങളും ഇടകലര്‍ന്നും ഇടപഴകിയും പെരുന്നാള്‍ ആഘോഷത്തില്‍ സജീവമാകുമ്പോള്‍ അവിടെ മാനവിക ഐക്യത്തിന്റെ പങ്കാളിത്തം കൂടി ഊട്ടിയുറപ്പിക്കപ്പെടുന്നു. ജീവിതത്തില്‍ സ്വാര്‍ത്ഥത വര്‍ധിക്കുകയും സ്‌നേഹവും കാരുണ്യവും ചോര്‍ന്നു പോവുകയും ചെയ്യുന്നുവെന്ന ഘട്ടമെത്തുമ്പോള്‍ തന്നെയാണ് മനുഷ്യമനസ്സിനെ നേര്‍ദിശയിലേക്ക് തിരിച്ചുവിടുന്ന ശിക്ഷണമായി പ്രവാചക ഉദ്‌ബോധനത്തിന്റെ റമദാന്‍ ജീവിത മൂല്യങ്ങള്‍ കടന്നു വരാറുള്ളത്. ആയുഷ്‌കാലം ഈ മൂല്യങ്ങളില്‍ ചിട്ടപ്പെടുത്തിയ ജീവിതം നില നിര്‍ത്താന്‍ കഴിഞ്ഞാല്‍ ആവ്യക്തി എത്തിപ്പെടുക ഔന്നത്യമാര്‍ന്ന മാനവിക നിലവാരത്തിലായിരിക്കും. അത്തരം ജീവിതമാതൃകകളിലൂടെ മാത്രമേ ഉദാത്തമായ സമൂഹത്തെ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ.
റമദാന്‍ വ്രതമാസക്കാലത്തെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ മനുഷ്യ സമൂഹത്തിന് ആകമാനം നല്‍കുന്ന നന്മയുടെ വലിയൊരു സന്ദേശമുണ്ട്. ഉള്ളവന്‍ ഇല്ലാത്തവന് നല്‍കുക എന്നതിലപ്പുറം മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനമില്ല. ജീവിക്കാനും ജീവന്‍ നിലനിര്‍ത്താനും ഭക്ഷണവും വെള്ളവും അത്യാവശ്യമാണെന്നിരിക്കെ അതിന് നിര്‍വ്വാഹമില്ലാത്തവന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുക എന്ന പ്രപഞ്ചനീതിയാണ് റമദാന്‍ വ്രതത്തിലൂടെ പ്രായോഗികമാക്കപ്പെടുന്നത്. ഭക്ഷണത്തിനും വെള്ളത്തിനും പുറമെ വസ്ത്രവും പാര്‍പ്പിടവും എല്ലാ മനുഷ്യര്‍ക്കും ലഭ്യമാക്കുക എന്ന സമത്വ ചിന്താഗതിയെ ഉത്തേജിപ്പിക്കുന്ന കര്‍മ്മ പദ്ധതികള്‍ കൂടി ഈ മാസത്തിന്റെ ലക്ഷ്യമാര്‍ഗ്ഗങ്ങള്‍ക്ക് മാറ്റുകൂട്ടുന്നുണ്ട്.
ജാതി-മത-വര്‍ഗ്ഗ വര്‍ണ്ണവ്യത്യാസങ്ങളില്ലാതെയുള്ള ഇഫ്താര്‍ സംഗമങ്ങള്‍ മാനവികതയുടെ ചാതുര്യം വര്‍ധിപ്പിക്കുന്നു. ഈ ലോകത്തെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ സ്വാധീനത്തില്‍ കഴിയുന്ന മനുഷ്യവര്‍ഗ്ഗങ്ങളെയെല്ലാം സ്‌നേഹത്തിന്റെ ഒരു കുടത്തണലില്‍ നിര്‍ത്തുന്ന പെരുന്നാളിന്റെ സൗന്ദര്യം വാക്കുകള്‍ക്കും വര്‍ണ്ണനകള്‍ക്കും അതീതമാണ്.

ടി.കെ. പ്രഭാകരന്‍

Other Articles

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍

  ജീവിത വിജയം ഖുര്‍ആനിലൂടെ

  പശ്ചാത്താപത്തിന്റെ പകലിരവുകള്‍

  സമ്പത്ത്; അത് അല്ലാഹുവിന്റെ സ്വത്ത്

  പ്രപഞ്ചമെന്ന പാഠപുസ്തകം

  വിശുദ്ധ ഖുര്‍ആന്‍ എന്ന വിളക്ക്

  റമദാന്‍ നന്മയുടെ വീണ്ടെടുപ്പ് കാലം

  വിശുദ്ധ ഖുര്‍ആനില്‍ നീന്തിത്തുടിക്കാനുള്ള അവസരം

  ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം

  ബലിതര്‍പ്പണം