മിന്നുന്ന വാക്കുകള്‍, പൊള്ളുന്ന കവിതകള്‍
രാധാബേഡകത്തിന്റെ 'നോവിന്റെ നേര്‍ക്കാഴ്ച്ച'

രാധാ ബേഡകത്തിന്റെ 'നോവിന്റെ നേര്‍ക്കാഴ്ച്ച' എന്ന കവിതാസമാഹാരം ദീപ്തവും മിന്നുന്ന വാക്കുകളാല്‍ പൊള്ളുന്ന കവിതകളായി രചിക്കപ്പെട്ട ഒരു സൃഷ്ടിയാണ്. വാക്ക് മിന്നാമിനുങ്ങിനെ പോലെയാണ്. സ്വയം പ്രകാശിക്കുന്ന വാക്കാണ് കവിത. കാലത്തിന്റെ നീറ്റലുകള്‍ക്കും പോറലുകള്‍ക്കും ഇടയില്‍ പ്രതിഭയുടെ ഒരു അരങ്ങുവാഴല്‍ തന്നെയാണ് ഓരോ സൃഷ്ട്ടിയുടെയും പിറവി നടത്തുന്നത്. 'വാഗ്ഘി സര്‍വ്വസ്സ്യ കാരണം' എന്നാണല്ലോ ചൊല്ല്. ഭാരതീയരുടെ പണ്ടേയുള്ള പയക്കം പറച്ചിലും അങ്ങനെ തന്നെ. കവിതയുടെ രഹസ്യങ്ങളന്വേഷിച്ചു പോയ മഹാപണ്ഡിതനായിരുന്നു ആചാര്യ ദണ്ഡി. അദ്ദേഹം വാക്കുകളുടെ, ഭാഷയുടെ മഹത്വത്തെ ഇപ്രകാരം പ്രശംസിച്ചിട്ടുണ്ട്.
'ഇദമന്ധം തമഃകൃത്സ്‌നം
ജായേനഭുവനത്രയം
യദിശബ്ദാസ്വയം ജ്യോതി
രാസംസാരം നദീപൃതേ...' വാക്കിന്റെ പ്രകാശം പ്രപഞ്ചം മുഴുവന്‍ വ്യാപിക്കുന്നില്ലെങ്കില്‍ ഈ ലോകമെല്ലാം ഇരുട്ടിലാണ്ടുപോകും. വാക്ക് പ്രകാശമാണ്. വാക്കിലൂടെയാണ് അര്‍ത്ഥം പ്രകാശിക്കുന്നത്. ആ പ്രകാശമാണ് ലോകത്തെ വെളിച്ചം നിറഞ്ഞതാക്കുന്നത്. കവി ഇരുട്ടില്‍ കാത്തിരിക്കുന്നു. തനിക്ക് അന്വര്‍ത്ഥമായ ഒരു പദവും ഒരു വരിക്കുമായി. അങ്ങനെ കാത്തിരിപ്പിന്റെ അവസാനം കവി കരസ്ഥമാക്കുന്നു. അര്‍ത്ഥഗര്‍ഭമായ, സാര സന്ദര്‍ഭമായ ഒരു വാക്ക് കവിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. എന്നെ എവിടെ നിക്ഷേപിക്കും എന്ന അഭ്യര്‍ത്ഥനയുമായി. ശ്വാസം അടക്കിപ്പിടിച്ച് തന്റെ ഊഴം കാത്തിരുന്ന വാക്ക് മോക്ഷം പ്രാപിച്ചപോലെ കവിതയില്‍ വിന്യസിക്കപ്പെടുമ്പോള്‍ കവിക്കും വാക്കിനും ലഭിക്കുന്ന സായൂജ്യം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഭാവനയുടെ നെയ്ത്തുകാരനാണ് കവി. വാക്കിന്റെ തറയിലാണയാള്‍ ഊടും പാവും പാകുന്നത്. പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തറി സദാ ചലനനിരതമായിരിക്കും. ഇത്തരമൊരു തറിയാണ് കവിയുടെ മനസ്സ്.
കാലത്തേയും ലോകത്തേയും സൂക്ഷ്മമായി നിരീക്ഷണം ചെയ്ത് വ്യക്തിഗത ദുഃഖങ്ങളെ തമസ്‌കരിച്ച് നിര്‍വ്വേദധന്യമായ ഒരു മനസ്സ് കേവലം സാക്ഷിയായി നിന്ന് രേഖപ്പെടുത്തുന്ന പുതുമൊഴികളാണ് രാധാബേഡകത്തിന്റെ കവിതകള്‍. ഈ കവിതകള്‍ കാലത്തെ അതിന്റെ വാച്യാര്‍ത്ഥത്തില്‍ വിരചിക്കുന്നുണ്ട്. പ്രാദേശികസംസ്‌കൃതിയുടെ നേര്‍സമസ്യകളെ ഉപാസിച്ച് പൊടിപ്പും തൊങ്ങലും നിറഞ്ഞ അതിഭാവുകത്വം ലവലേശമില്ലാതെ സ്വാംശീകരിച്ച് വേദനയുടെയും രോഷത്തിന്റെയും മേമ്പൊടിയോടെ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നുണ്ട്. നോവിന്റെ നേര്‍കാഴ്ച്ച എന്നാണ് കവിതയുടെ പേര്. കവിതകളില്‍ ആവര്‍ത്തിക്കപ്പെടുന്ന പദവും നോവ് തന്നെയാണ്. പുതിയ കാലത്തിന്റെ അസ്വസ്ഥതയുടെ നെരിപ്പോടുകള്‍, അസഹിഷ്ണുതയുടെ സ്ഫുലിംഗങ്ങള്‍ ഒക്കെ നോവിന്റെ പാഠവും പാഠഭേദവുമാണ്. ഗൗരിലങ്കേഷ്, ഉമര്‍ഖാന്‍, നോവിന്റെ നേര്‍കാഴ്ച്ച, ഷാനോഖാന്‍, മായ്മസ്രി, കുഞ്ഞനുജന്‍, ബില്‍ക്കീസ്ബാനു ... ഈ കവിതകളിലൊക്കെ സാന്ദ്രപ്പെടുന്നത് നോവ് എന്ന വികാരം മാത്രമാണ്. അത് കവിക്ക് ഒരു ഉത്തോലകമാണ്.
ഒടുങ്ങാത്ത ചോരക്കൊതി ഒരു സമൂഹത്തെ പൂര്‍ണ്ണാന്ധതയിലേക്കേ നയിക്കൂ. ഭാവിയെ നിര്‍ണ്ണയിക്കുന്നത് ഇന്ന് നിങ്ങള്‍ ചെയ്യുന്ന കാര്യമാണെന്ന സത്യം രാജ്യത്തെ പഠിപ്പിച്ചത് മഹാത്മാഗാന്ധിയാണ്. അങ്ങനെയെങ്കില്‍ നമുക്ക് അന്ധത പലനിലയില്‍ പടരുകയാണെന്ന് തന്നെ കരുതണം.
'എങ്ങു മനുഷ്യനു ചങ്ങല കൈകളി
ലങ്ങെന്‍ കയ്യുകള്‍ നൊന്തീടുകയാ
ണെങ്ങോ മര്‍ദ്ദന,മവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു'...എന്‍.വി കൃഷ്ണവാര്യരുടെ ഈ വരികള്‍ അന്വര്‍ത്ഥമാക്കുന്ന വിധത്തിലുള്ള കവിതകളാകുന്നു രാധാബേഡകത്തിന്റെ കവിതകളിലേറേയും. കാലത്തിന്റെ നിലവിളികളാണല്ലോ കവിതകള്‍. ഓരോ കാലത്തും സംഭവിച്ചുകൊണ്ടിരിക്കുന്ന സമസ്യകളെ നമ്മിലേക്ക് കവിയുടെ ഭാവനയോടെ സന്നിവേശിപ്പിക്കുന്നു. മനസ്സിന്റെ വേദനകളെ താന്‍ അഭിമുഖീകരിക്കുന്നതും തരണം ചെയ്യുന്നതും ഞാനെന്റെ എഴുത്തിലൂടെയാണെന്ന് അവര്‍ വായനക്കാരോട് ആമുഖത്തില്‍ പറയുന്നുണ്ട്. കറുപ്പും ചുവപ്പും പടരുന്ന നോവ്..കവിതയായും കഥയായും വായനക്കാരോട് എഴുത്തുകാര്‍ പലവിധത്തില്‍ സംവദിക്കുന്നു. ചെമ്പരത്തി പ്രസാധനം പുറത്തിറക്കിയ പുസ്തകത്തില്‍ 49 കവിതകളാണുള്ളത്. എല്ലാം നോവിന്റേയും പ്രതിഷേധത്തിന്റെയും ഘനഭാവുകത്വം സ്ഫുരിക്കുന്ന കവിതകള്‍ തന്നെ. ഗൗരിലങ്കേഷ് നിനക്കായ് എന്ന ആദ്യകവിതയില്‍ മതവര്‍ഗ്ഗീയതയോടും ഫാസിസത്തോടും സാംസ്‌കാരിക അസഹിഷ്ണുതയോടും ഏറ്റുമുട്ടിയ കന്നഡ നാടിന്റെവീരപുത്രി ഗൗരിലങ്കേഷിനെ ശക്തിയുക്തം സ്മരിക്കുകയാണവര്‍. അക്ഷരങ്ങളാല്‍ ജ്വലിച്ച ആശയങ്ങളുമായി നേര്‍ക്കുനേരെ വന്ന ജ്വാലയായി മുന്നില്‍നിന്ന് അക്ഷരവെളിച്ചമായി മാറിയ കൈവിളക്കായി അവരെ ഉപമിക്കുന്നു. സാമൂഹിക പരിവര്‍ത്തനത്തിന് വേണ്ടിയുള്ള ആശയവും മുദ്രാവാക്യവും നിരന്തരം നിറച്ചും തിളച്ചും മുന്നില്‍നിന്ന് പകര്‍ന്ന റാണി തന്നെയാണ് ഗൗരിയെന്ന് കവയത്രി വരച്ചുകാട്ടുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വേണ്ടി തന്റെ ജീവന്‍ പോലും പണയം വെച്ച ഗൗരി ഫാസിസത്തിനെതിരെ തന്റെ തൂലിക ചലിപ്പിക്കുകയും കാര്‍ക്കശ്യത്തോടെ പൊരുതിനിന്നവളുമാണ്. ലങ്കേഷ് പത്രിക എന്ന പത്രത്തിലൂടെ, തന്റെ അച്ഛന്‍ തനിക്ക് പകര്‍ന്നുതന്ന ഭാവവും സ്‌നേഹവും ഒസ്യത്തും ഗൗരവത്തോടെ സമീപിച്ച ഗൗരി അക്ഷരത്തിന്റെ മൂര്‍ത്തിമത് ഭാവമായിരുന്നു. അക്ഷരത്തിന്റെ പേരിടാത്ത കാണാത്ത യുദ്ധമായിരുന്നു അവ തീര്‍ത്തത്.
മുന്നില്‍ തട്ടിനില്‍ക്കുന്ന തീവ്രവാദക്കൂട്ടം ഒരുക്കുന്ന എല്ലാ ദുര്‍ന്നടപ്പുകളേയും അക്ഷരത്തിന്റെ കൂട്ടുപിടിച്ച് പോരാടാമെന്നും ഗൗരീലങ്കേഷ് പകര്‍ന്ന ജ്വാലയെ വഴിവിളക്കായി കൊണ്ടുനടക്കാം എന്ന് കവി വിഭാവനം ചെയ്യുന്നു. നോവിന്റെ നേര്കാഴ്ച്ച എന്ന കവിതയില്‍ എറണാകുളത്തെ മറൈന്‍ ഡ്രൈവില്‍ നിന്നും തട്ടിയെടുത്ത് കൊണ്ടുപോയി അഴുക്കി കാട്ടിലേക്കെറിഞ്ഞ നാടോടിബാലികയായ ലക്ഷ്മിയുടെ കദനകഥയാണ് പ്രമേയമായത്. ആ സംഭവം നടക്കുന്ന വേളയില്‍ അവര്‍ എറണാകുളത്തുണ്ടായിരുന്നു.
'ഒട്ടൊരു പാതിരവേളയില്‍ ഞെട്ടിയോ
നീട്ടിയ കൈവിരല്‍ തുമ്പത്ത് ശൂന്യത
തുളയിട്ട രാവിന്റെ നാലുകാല്‍ കൂടാരത്തില്‍
രാത്രിഞ്ചരന്‍ കാമാന്ധരാക്ഷസന്‍
കവര്‍ന്നുവാ കുഞ്ഞിനെ ഇരുളിന്റെ മറവിലായ്...
'ചോരപ്പുതപ്പില്‍ ചുടുചോര ചീന്തിക്കിടക്കുന്ന ക്രൂരമാം ഹത്യയെ കവി സാന്ദ്രമായി വിവരിക്കുന്നു. ചുടുചോര ചീന്തി നീ മുറിക്കവേ നക്ഷത്രം പോലെ തിളങ്ങുന്ന കുട്ടിയുടെ കണ്ണിലെ യാതനയെന്തെന്നറിഞ്ഞു കശ്മലാ എന്ന്.
കോടതി വെറുതെ വിട്ടാലും നിനക്കീ മുറ്റത്ത് ഞങ്ങള്‍ കൊലമരമൊരുക്കും എന്നാണ് അവര്‍ പറയുന്നത്.
പ്രണയത്തിന്റെ രാജ്ഞി എന്ന കവിത മാധവിക്കുട്ടിയുടെ പങ്കുവെക്കപ്പെട്ട നറുംസ്‌നേഹത്തിന്റെ അവാച്യമായ അനുഭൂതി ഭംഗ്യന്തരേണ വര്‍ണ്ണിക്കുകയാണ്. സ്മരിക്കുകയാണ് കവയത്രി ചെയ്യുന്നത്. പ്രണയത്തിന്റെ രാജ്ഞിയും പ്രണയാഗ്‌നിയുമായ മാധവിക്കുട്ടി കദനം വിതച്ച വര്‍ണ്ണച്ചിത്രമായിട്ടാണ് ദ്യോതിപ്പിക്കപ്പെടുന്നത്. കഥയാണ് ജീവിതം, ജീവിതം തന്നെയാണ് കഥയും എന്ന് എപ്പോഴും നമ്മെ ഓര്‍മിപ്പിച്ച മാധവിക്കുട്ടി പൂക്കളും പുളകവും, പ്രിയതന്‍ പ്രണയവും ചന്ദനമരത്തിന്റെ ഹൃദ്യമാം സുഗന്ധവും കഥകളും കവിതകളുമായി നീ നിരന്തരം രചിക്കപ്പെടുമ്പോള്‍ നിനയ്ക്ക് കൂട്ടായി പ്രണയമല്ലാതെ വേറെന്താണ് ഉണ്ടായിരുന്നത് എന്നാണ് കവയത്രി ചോദിക്കുന്നത്. കാണാത്ത ഏതോ നാട്ടിലെ പ്രണയസാമിപ്യമായി നീ ഇപ്പോഴും എവിടെയോ മറഞ്ഞിരിക്കുന്നുവെന്നും അവിടെനിന്നും എനിക്കുനേരെ പുഞ്ചിരിയെറിയുകയാണെന്നും കവി ഭാവനപ്പെടുന്നു. ഉമര്‍ഖാന്‍ എന്ന കവിതയില്‍ ഓരോ നിയമവും ചട്ടവും മാറ്റി സ്വാതന്ത്ര്യം തടവിലാക്കുന്നവരെ പ്രതിഷേധമിരമ്പുന്ന മനസ്സുമായി ഞാന്‍ എന്റെ ബാരിക്കേഡ് ഓരോന്നും മാറ്റുന്നു എന്നാണ് കവി പറയുന്നത്.
സ്‌നേഹത്തിന്റെ,സഹോദര്യത്തിന്റെ അമൃത വായുവുമായി പുനരുജ്ജീവനം നടത്തുകയാണ് കവി. ലോകമാനവനായി മാനവികതയുടെ നേര്‍ചിഹ്നമായി കവി വിരാജിക്കുന്നു.
ഈ കവിതാസമാഹാരത്തിലെ ഏറ്റവും നല്ല കവിതയെന്ന് എന്റെ വായന കൊണ്ട് ഞാനിതിനെ അടയാളപ്പെടുത്തുന്നു.
ഇതിലെ ഓരോ വരികളും കവിതയുടെ താളവും മേളവും ലയവും നിദാനപ്പെടുത്തുന്നുണ്ട്.
അവസാനത്തെ നാലുവരി'ഓര്‍മ്മകള്‍ പൂത്തൊരീ ചിന്തയില്‍ ഞാന്‍ അശ്രുവില്‍ തീര്‍ത്തൊരു പൂവസന്തം
കാറ്റായ് വന്നെത്തും വേളയില്‍ ഞാന്‍
തന്നിടാമായിരം പൂവുകളായാത്മബന്ധം'...ഒരു കുഞ്ഞിനെ ബക്കറ്റിലാഴ്ത്തി താഴ്ത്തുകയും മറ്റൊരു കുഞ്ഞിനെ കെട്ടിത്തൂക്കുകയും സ്വയം കെട്ടിത്തൂങ്ങി മരിക്കുകയും ചെയ്ത ഒരു കുടുംബത്തിന്റെ ദാരുണമായ അന്ത്യത്തെ ഹൃദയഭേദകമായി കണ്മുന്നില്‍ കാണുന്ന ചിത്രമായി ഇവിടെ വരയ്ക്കുന്നു.
ഇങ്ങനെ കൂട്ട ആത്മഹത്യയുടെ ആ ദുരന്തചിത്രം ഒപ്പിയെടുത്ത് ഇത്ര ഭംഗിയായി അവതരിപ്പിക്കുന്ന കവിയുടെ പ്രാഗത്ഭ്യം അഭൗമം തന്നെ. ചുരുക്കത്തില്‍ വ്യതിരിക്തമായ കവിതയുടെ പുതുവഴി സ്പര്‍ശം ഇവിടെ തെളിയുന്നത്, മറിച്ച് പൂര്‍വ്വികര്‍ നമുക്ക് പകര്‍ന്ന കവിതയുടെ മഹത്തായ വായനപാരമ്പര്യത്തിന്റെയും പൈതൃകത്തിന്റേയും ഊടും പാവും ശിരസ്സാ വഹിച്ച് ആ വഴിയിലെ ഭാവുകത്വത്തിന്റെ തേനും തേന്മലരും നമുക്കായി കുചേലന്‍ കൃഷ്ണന് കാട്ടിയ അവില്‍പ്പൊതി പോലെ പകര്‍ന്ന് തരുന്നു കവയിത്രി രാധാ ബേഡകം.

രാഘവന്‍ ബെള്ളിപ്പാടി

Other Articles

  അഭിനയത്തില്‍ നിന്നും വീണ്ടും സംവിധാന രംഗത്തേക്ക് ജൂഡ്; കഥ ഇന്ദുഗോപന്‍

  പാപ്പയും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍; അതിഥികളെ അമ്പരപ്പിച്ച് ദുല്‍ഖര്‍

  പരീക്ഷകള്‍ അടുത്ത് വരുമ്പോള്‍...

  അന്ത്യയാത്ര

  നിത്യസത്യം

  ബലിയാടുകള്‍

  പേട്ട ഹിറ്റ്; മണികണ്ഠന്‍ വീണ്ടും വിജയ് സേതുപതിക്കൊപ്പം

  ബോക്‌സോഓഫീസില്‍ തിളങ്ങി മിഖായേല്‍; 4 ദിവസം കൊണ്ട് വാരിയത് 10 കോടി

  ദരിദ്രന്റെ സൃഷ്ടികള്‍

  മൊബൈല്‍ ഫോണില്‍ 9-ാം തരം വിദ്യാര്‍ത്ഥിനിയൊരുക്കിയ ഹ്രസ്വ ചിത്രം വൈറലാകുന്നു

  വേനലും മഴയുമായിരുന്നു ലെനിന്‍ രാജേന്ദ്രന്‍

  ~ഒരു കരീബിയന്‍ ഉഡായിപ്പിലൂടെ കാസര്‍കോട് സ്വദേശി സൂര്യ നായക നിരയിലേക്ക്‌

  അടുപ്പ്

  പിറവി

  നിത്യവസന്തം ഓര്‍മ്മയായിട്ട് മൂന്ന് പതിറ്റാണ്ട്...