ഉത്തരദേശത്തിന്റെ ഇതിഹാസകാരന്‍
നെല്ലിക്കാട് കൃഷ്ണന്‍ മാഷിന്റെ 'സൂര്യോദയം' എന്ന നോവലിന് കുങ്കുമം അവാര്‍ഡ് ലഭിക്കുമ്പോള്‍ ഞാന്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ സാഹിത്യ കുതുകിയായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. നെഹ്‌റു കോളേജ് ലൈബ്രറിയില്‍ നിന്നും കുങ്കുമത്തിന്റെ ഓരോ ലക്കവും ആകാംക്ഷയോടെ വായിച്ചുതീര്‍ത്ത അനുഭവം ഇന്നും ഓര്‍മ്മയിലുണ്ട്. നോവലിന്റെ പശ്ചാത്തലം ഉത്തരദേശം ആയതുകൊണ്ടും നോവലിസ്റ്റ് കാഞ്ഞങ്ങാട്ടുകാരനായത് കൊണ്ടും സൂര്യോദയത്തിനോട് ഒരു പ്രത്യേക മമത തോന്നിയിരുന്നു. അതിലെ നായികയുടെ ജീവിത സമരവും സമര്‍ത്ഥനായ ഒരു കഥാപാത്രം ഗൃഹനാഥനെ മദ്യം നല്‍കി മയക്കി ഗൃഹനാഥയെ പ്രാപിച്ച് മടങ്ങുന്നതും തീവണ്ടിയില്‍ കാസര്‍കോട്ടേക്ക് പോകുമ്പോള്‍ ഗുഹയിലകപ്പെട്ട് ഇരുട്ടാകുന്നതും എല്ലാം അപൂര്‍വ്വ ചാരുതയോടെ എഴുതിയത് മികച്ച ഒരു വായനാനുഭവമായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.
നെല്ലിക്കാട് കൃഷ്ണന്‍ എന്ന നോവലിസ്റ്റിനോടുള്ള ആരാധന ഏറെക്കാലം കൊണ്ട് നടന്നതിന് ശേഷമാണ് അദ്ദേഹത്തെ നേരിട്ട് കാണാന്‍ സാധിച്ചത്. അടുത്തറിഞ്ഞപ്പോള്‍ അദ്ദേഹം ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനായി. അന്ന് നോര്‍ത്ത് കോട്ടച്ചേരിയില്‍ എന്റെ അച്ഛന്‍ നടത്തിയിരുന്ന അംബികാപ്രിന്റിംഗ് പ്രസിലെ നിത്യ സന്ദര്‍ശനായി കൃഷ്ണന്‍ മാഷ്. എത്രയോ വൈകുന്നേരങ്ങളില്‍ മാഷ് അവിടെ വന്നിരിക്കുകയും സാഹിത്യ സല്ലാപങ്ങള്‍ നടത്തുകയും ചെയ്തു.
സാഹിത്യ താല്‍പര്യം കൊണ്ട് സാഹിത്യ ജാലകം എന്നൊരു മാസിക ആരംഭിക്കാനുള്ള തയ്യാറെടുപ്പ് നടന്നു കൊണ്ടിരിക്കുമ്പോള്‍ മാഷ് എന്നെ ഒരു ദിവസം നെല്ലിക്കാട്ടുള്ള വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും അവിടെ മേശപ്പുറത്ത് അറിയപ്പെടാതെ കിടന്നിരുന്ന ഒരു ഇതിഹാസ കൃതിയുടെ കൈയ്യെഴുത്ത് പ്രതി സാഹിത്യ ജാലകത്തില്‍ പ്രസിദ്ധീകരിക്കാന്‍ വേണ്ടി എനിക്ക് നല്‍കുകയും ചെയ്തു. പഞ്ചുരുളി എന്ന ആ നേവല്‍ ഒറ്റയിരുപ്പില്‍ വായിച്ച് തീര്‍ത്ത് ഞാന്‍ തരിച്ചിരുന്നു. ദൈവമെ ഇത്രയും മഹത്തായ ഒരു നോവല്‍ ഒരു ചെറിയ പ്രസിദ്ധീകരണത്തിന് പ്രതിഫലേച്ഛയില്ലാതെ നല്‍കിയിരിക്കുകയാണ്. മാഷിന്റെ കാരുണ്യമോര്‍ത്ത് എന്റെ കണ്ണുകള്‍ നനഞ്ഞു. ഹരിയുടെ മികച്ച രേഖാചിത്രങ്ങളോടെ പഞ്ചുരുളി സാഹിത്യ ജാലകത്തില്‍ പ്രസിദ്ധീകരിച്ചു. പഞ്ചുരുളിയെ ഹൃദയം കൊണ്ട് നമിച്ച് പുറപ്പാടെന്ന പേരില്‍ ഒരു ആമുഖക്കുറിപ്പില്‍ ഞാന്‍ ഇങ്ങനെ എഴുതി.
'പന്നിമുഖമണിഞ്ഞു വരുന്നൊരു പഞ്ചുരുളിക്കോലത്തിന്റെ വേരുകള്‍ ആഴ്ന്നു കിടക്കുന്ന പാലപ്പാടി തറവാട്ടിലേക്ക് ബസ്സിറങ്ങുന്ന ശശി, ചരിത്രത്തിന്റെ പനയോലപ്പടവുകള്‍ കയറി പലതും കണ്ടെത്തുകയും നേടുകയും ചെയ്യുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ ജാതക കഥകള്‍ ഇതിഹാസങ്ങളായി പുനര്‍ജനിക്കുന്നു.
ഗ്രാമത്തിന്റെ തനിമയായി ജീവിക്കുന്ന അനേകം പച്ച മനുഷ്യരുടെ പച്ചയായ ജീവിത കഥയാണ് പഞ്ചുരുളിയിലൂടെ ഉരുത്തിരിഞ്ഞുവരുന്നത്. ഉത്തരകേരളത്തിന്റെ മനസ്സ് ഒപ്പിയെടുക്കുന്നതിലുള്ള സാമര്‍ത്ഥ്യത്തോടൊപ്പം വെളിപാടുകള്‍ക്കും രാശി പ്രമാണങ്ങള്‍ക്കുമനുസരിച്ച് ജീവിതഗതി തിരിച്ചു വിടേണ്ടി വരുന്ന പഴമയുടെ വിശ്വാസവും വിശ്വാസത്തിന്റെ നിഷ്‌കളങ്കതയും അനുവാചകന് പകരുവാനും കഥാകാരന് അഭിനന്ദനീയമാം വിധം സാധിക്കുന്നു.
അതിപ്രതാപം കൊടികുത്തി വാണിരുന്ന പാലപ്പാടി തറവാട് മുടിയരായ പുത്രരാല്‍ കുളം തോണ്ടപ്പെടുമ്പോള്‍ അനാഥമായിപ്പോകുന്ന ജീവിതങ്ങള്‍ക്ക് അഭയം നല്‍കുന്ന പഞ്ചുരുളി. പച്ചപ്പനംതത്തയായും കാറ്റായും ദീപമായും പഞ്ചുരുളിത്തെയ്യത്തിന്റെ സാന്നിധ്യം അവര്‍ അനുഭവിക്കുന്നു.
കെട്ടിലമ്മയുടെ ശക്തിയും സൗന്ദര്യവും കാലം വലിച്ചൂറ്റിക്കുടിച്ചിട്ടും വിശ്വാസത്തിന്റെ നട്ടെല്ലു കൊണ്ടുമാത്രം നിവര്‍ന്നു നടക്കുന്ന പാക്കി വല്യമ്മയുടെ ജീവിത കഥ. തലയും മുലയും തികഞ്ഞ് ശാപമോക്ഷം കാത്തിരിക്കുന്ന സീത എന്ന പ്രകാശം പരത്തുന്ന സുന്ദരിയുടെ കൊതിയും വിധിയും ഒത്തിണങ്ങിപ്പോകുന്ന ഏതോ ജന്മാന്തര സൗഹൃദത്തിന്റെ കാരുണ്യം.
വെണ്ണ തോല്‍ക്കുമുടലിന്റെ വിലക്കപ്പെട്ട കനിയുമായി പുരുഷന്റെ ചൂടും ചൂരും തേടുന്ന ജാനു എന്ന മദാലസയുടെ വികാരവായ്പുകളുടെ അനാവരണം. കാര്യസ്ഥനായും കാരണവരായും തറവാടിന്റെ നെടുംതൂണായും മാറുന്ന കേളുവമ്മാവന്റെ മരണം തേടിയുള്ള രണ്ടാം വരവ്. സ്വന്തം ദുരിതങ്ങളോടുള്ള പ്രതികാരമെന്നോണം മലയോളം വളര്‍ന്ന വീരപ്പ റായി മഞ്ഞിളം കുന്നിന്റെ നെറുകയില്‍ കയറി കിഴക്കോട്ട് നോക്കിയപ്പോള്‍ മനം കവര്‍ന്ന നാട് ചരിത്രത്തിന്റെ താക്കോലു നേടുന്നതിലൂടെ പഞ്ചുരുളിയിലെ പാവപ്പെട്ട മനസ്സുകളുടെ ചരിത്രം ആരംഭിക്കുന്നു
മറക്കുവാനാകാത്ത ഗ്രാമീണ കഥാപാത്രങ്ങളുടെ പരമ്പരകള്‍ മനസ്സിനെ വേട്ടയാടും വിധം ജീവിച്ച് തീരുമ്പോള്‍ ഒരു ഞെട്ടലോടെ നമ്മെ അവര്‍ അനുഭവങ്ങളുടെ മാപ്പുസാക്ഷിയാക്കുന്നു. ജന്മാന്തരങ്ങളുടെ അലച്ചിലിനിടയില്‍ നഷ്ടപ്രണയത്തിന്റെ മാറാപ്പുമായി തിരിച്ചെത്തി, ചരിത്രത്തിന്റെയും മിത്തുകളുടെയും താഴ്‌വാരങ്ങളിലൂടെ ഒടുങ്ങാത്ത പ്രയാണം തുടരുന്ന ശശി മലയാള നോവല്‍ സാഹിത്യത്തില്‍ ഖസാക്കിലെ രവിക്കും മയ്യഴിയിലെ ദാസനുമൊപ്പം നടന്നടുക്കുന്നു.' ഖസാക്കിലെ രവിയും മയ്യഴിയിലെ ദാസനും മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ ബഹുദൂരം മുന്നോട്ട് നടന്നപ്പോള്‍ പഞ്ചുരുളിയിലെ ശശി ഉത്തരകേരളത്തിലായത് കൊണ്ട് മാത്രം മുഖ്യധാരയിലേക്ക് നടന്നെത്തില്ല. നെല്ലിക്കാട് കൃഷ്ണന്‍മാഷ് തന്നെ തന്നെ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കാതെ ശാന്തനായി സൗമ്യനായി ഒതുങ്ങിക്കൂടി. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ഒന്നും ലഭിക്കാതെ പ്രതിഭാശാലിയായ ഒരെഴുത്തുകാരന്റെ സര്‍ഗ്ഗാത്മക സൂര്യോദയം സാന്ധ്യശോഭയെ പുല്‍കാതെ അസ്തമിച്ചു. ഓര്‍മ്മകള്‍ക്ക് മുന്നില്‍ എളിയ ആരാധകന്റെ നമോവാകം.

നാലപ്പാടം പത്മനാഭന്‍

Other Articles

  അഭിനയത്തില്‍ നിന്നും വീണ്ടും സംവിധാന രംഗത്തേക്ക് ജൂഡ്; കഥ ഇന്ദുഗോപന്‍

  പാപ്പയും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍; അതിഥികളെ അമ്പരപ്പിച്ച് ദുല്‍ഖര്‍

  പരീക്ഷകള്‍ അടുത്ത് വരുമ്പോള്‍...

  അന്ത്യയാത്ര

  നിത്യസത്യം

  ബലിയാടുകള്‍

  പേട്ട ഹിറ്റ്; മണികണ്ഠന്‍ വീണ്ടും വിജയ് സേതുപതിക്കൊപ്പം

  ബോക്‌സോഓഫീസില്‍ തിളങ്ങി മിഖായേല്‍; 4 ദിവസം കൊണ്ട് വാരിയത് 10 കോടി

  ദരിദ്രന്റെ സൃഷ്ടികള്‍

  മൊബൈല്‍ ഫോണില്‍ 9-ാം തരം വിദ്യാര്‍ത്ഥിനിയൊരുക്കിയ ഹ്രസ്വ ചിത്രം വൈറലാകുന്നു

  വേനലും മഴയുമായിരുന്നു ലെനിന്‍ രാജേന്ദ്രന്‍

  ~ഒരു കരീബിയന്‍ ഉഡായിപ്പിലൂടെ കാസര്‍കോട് സ്വദേശി സൂര്യ നായക നിരയിലേക്ക്‌

  അടുപ്പ്

  പിറവി

  നിത്യവസന്തം ഓര്‍മ്മയായിട്ട് മൂന്ന് പതിറ്റാണ്ട്...