ആ ശബ്ദ മാധുര്യം നിലച്ചെന്നു എങ്ങനെ വിശ്വസിക്കും?
രാധാകൃഷ്ണന്‍ മാഷ്; കാസര്‍കോടിന്റെ സാംസ്‌കാരികവേദികളില്‍ നിറഞ്ഞു നിന്നിരുന്ന ആ ശബ്ദ മാധുര്യം നിലച്ചിരിക്കുന്നു. ആദ്യം വിശ്വസിക്കാന്‍ പറ്റിയില്ല. വാട്ട്‌സാപ്പിലെ വാര്‍ത്ത സത്യമാണോയെന്നറിയാന്‍ അദ്ദേഹത്തിന്റെ ഫോണിലേക്ക് ഡയല്‍ ചെയ്തു. ഒരിക്കല്‍ പോലും സ്വിച്ചിഡ് ഓഫ് ആവാതിരുന്ന അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ചിഡ് ഓഫ്. അപ്പോഴും മരണം എന്ന യാതാര്‍ത്ഥ്യത്തെ പൂര്‍ണ്ണമായും അംഗീകരിക്കാന്‍ മനസ്സ് പാകപ്പെട്ടിരുന്നില്ല.
നല്ലൊരു സുഹൃത്തും, ജ്യേഷ്ഠ സഹോദരനുമൊക്കയായിരുന്നു മാഷ്. പത്ത് ദിവസം മുമ്പാണ് അവസാനമായി സംസാരിക്കുന്നത്. കാസര്‍കോട് ഒരു പ്രാദേശിക ക്ലബ്ബിന്റെ ആദരിക്കല്‍ ചടങ്ങിന് നല്ലൊരു അനൗണ്‍സറെ വേണം. രാധാകൃഷ്ണന്‍ മാഷിനെ വിളിച്ചു. പക്ഷേ എന്തോ ചില അത്യാവശ്യ കാര്യമുണ്ടെന്നതിനാല്‍ അന്നദ്ദേഹത്തിന് വരാന്‍ പറ്റിയില്ല. എപ്പോള്‍ വിളിച്ചാലും ഓടിയെത്തുന്ന മാഷ് അന്ന് നിരാശനായിരുന്നു. തീര്‍ച്ചയായും അടുത്ത പ്രോഗ്രാമിന് വരാം.., വിളിക്കണം എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.
പല പ്രോഗ്രാമുകള്‍ക്കും അന്നേ ദിവസം രാവിലെയാണ് പലരും വിളിക്കാറ്. കാസര്‍ക്കോടാവുമ്പോള്‍ പിന്നെയൊന്നും ഓര്‍ക്കാറില്ല അത് രാധാകൃഷ്ണന്‍ മാഷ് തന്നെ. അതിലപ്പുറം വേറൊരു ഓപ്ഷനുണ്ടാവാറില്ല പലപ്പോഴും. വൈകുന്നേരത്തെ പ്രോഗ്രാമിന് രാവിലെ വിളിച്ചാലും എല്ലാ തിരക്കും മാറ്റിവെച്ച് കാഞ്ഞങ്ങാട് നിന്നും തന്റെ വണ്ടിയില്‍ അദ്ദേഹം പറന്നെത്തും. ടൈല്‍ സോണ്‍ ഷോറൂമിന്റെ കസ്റ്റമര്‍ മീറ്റിനും, ഫ്രണ്ട്‌സ് അടുക്കത്ത്ബയലിന്റെ ക്ലബ്ബ് പരിപാടിക്കും ഉച്ചക്കാണ് മാഷിനെ വിളിക്കുന്നത്. അദ്ദേഹം യാതൊരു നീരസവും കാണിക്കാതെ സ്‌കൂള്‍ സമയത്തിന് ശേഷം നേരെ പ്രോഗ്രാം സ്ഥലത്തേക്ക് വന്നു.
ഗാനമേളയായാലും ആദരിക്കല്‍ ചടങ്ങായാലും പൊതു പരിപാടിയായാലും മാഷിന്റെ ശബ്ദവും കൂടിയുണ്ടെങ്കിലേ പൂര്‍ണ്ണമാകൂവെന്ന് വിശ്വസിക്കുന്നവരായിരുന്നു ഇവിടെയധികവും. അദ്ദേഹത്തിന്റെ ശബ്ദസൗകുമാര്യവും അവതരണവും കാസര്‍കോട് നടന്ന പല പരിപാടിയുടെയും വിജയ കാരണമായിരുന്നു. 2006ല്‍ റഫി കി യാദേന്‍ തുടങ്ങി, ഗോള്‍ഡന്‍ ഈവ്, ഉബൈദ് സ്മാരക സംസ്ഥാന തല മാപ്പിളപ്പാട്ട് മത്സരം, മൈലാഞ്ചി രാവ്, കത്തുപ്പാട്ട് വാര്‍ഷികം തുടങ്ങി ഇവിടെ സംഘടിപ്പിച്ച പല വമ്പന്‍ പരിപാടികളുടെയും ആങ്കറിങ്ങ് ചെയ്തത് മാഷായിരുന്നു. ഓരോ പരിപാടിയുടെയും അവതരണത്തിലൂടെ ശ്രോതാക്കളെ കയ്യിലെടുക്കുകയും വ്യക്തമായ വിവരണങ്ങളിലൂടെ പരിപാടിയെപ്പറ്റി കൂടുതല്‍ അറിവ് പകര്‍ന്നു നല്‍കാനും അദ്ദേഹത്തിന് അപാരമായ കഴിവുണ്ടായിരുന്നു. അദ്ദേഹത്തോടൊന്നും പറയേണ്ടി വന്നില്ല. കാസര്‍കോട്ടെ വ്യക്തികളെപ്പറ്റിയും സംഘടനകളെപ്പറ്റിയുമുള്ള വിക്കിപീഡിയയായിരുന്നു മാഷ്. വേദിയറിഞ്ഞ് കൈകാര്യം ചെയ്യാനുള്ള മിടുക്ക്. അതിഥികളും ഗായകരും ആരാണെന്ന് പറഞ്ഞാല്‍ മതി. ബയോഡാറ്റ അദ്ദേഹത്തിന്റടുത്തുണ്ടാവും.
റോഡ്‌ഷോകള്‍ക്കുള്ള അനൗണ്‍സ്‌മെന്റിനായാലും കാര്യം പറഞ്ഞാല്‍ മതി. നല്ലൊരു എഴുത്തുകാരന്‍ കൂടിയാണ് താനെന്ന് അത്തരം സ്ഥാപനങ്ങളുടെയും പരിപാടികളുടെയും ശബ്ദ റിക്കോര്‍ഡിങ്ങുകളുടെ ഭാഷാ നൈപുണ്യം കൊണ്ട് അദ്ദേഹം തെളിയിച്ചിരുന്നു. കാസര്‍കോട് നടന്ന ഭാരത് ഭവന്‍ ഭാഷാ സാസ്‌കാരികോത്സവത്തിന് റോഡ് ഷോ അനൗണ്‍സ്‌മെന്റ് റെക്കോര്‍ഡ് ചെയ്യാന്‍ തീരുമാനിക്കുന്നത് തലേന്നാള്‍ ഉച്ചക്ക്. അത്ര ചെറിയസമയത്തിനുള്ളില്‍ കോഴിക്കോട് നിന്നും റെക്കാര്‍ഡ് ചെയ്ത് കിട്ടാന്‍ സാധ്യതയില്ലാത്തിനാല്‍ മാഷെ വിളിച്ചു. അദ്ദേഹം യെസ് മൂളി. രാത്രി വൈകിയാണെങ്കിലും കാഞ്ഞങ്ങാടുള്ള ഒരു റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോ തുറപ്പിച്ചു സാധനം റെഡിയാക്കി. പിറ്റേന്ന് രാവിലെ 9 മണിക്ക് കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രത്തിനടുത്ത് സിഡിയുമായി വന്നു വിളിക്കുന്നു. താന്‍ ഏറ്റെടുക്കുന്ന കാര്യം എന്ത് ബുദ്ധിമുട്ടുകള്‍ സഹിച്ചും നിറവേറ്റിത്തരാനുള്ള ഉത്സാഹമായിരുന്നു അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കിയിരുന്നത്.
കാസര്‍കോടന്‍ സായാഹ്നങ്ങളെ തന്റെ ശബ്ദ സൗകുമാര്യം കൊണ്ട് മധുരതരമാക്കിയിരുന്ന രാധാകൃഷ്ണന്‍ മാഷ് ഇനിയില്ലെന്ന് വിശ്വസിക്കാന്‍ മനസ്സ് ഇനിയും കൂട്ടാക്കുന്നില്ല.
പ്രണാമം മാഷെ....
ഷാഫി എ നെല്ലിക്കുന്ന്

Other Articles

  അഭിനയത്തില്‍ നിന്നും വീണ്ടും സംവിധാന രംഗത്തേക്ക് ജൂഡ്; കഥ ഇന്ദുഗോപന്‍

  പാപ്പയും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍; അതിഥികളെ അമ്പരപ്പിച്ച് ദുല്‍ഖര്‍

  പരീക്ഷകള്‍ അടുത്ത് വരുമ്പോള്‍...

  അന്ത്യയാത്ര

  നിത്യസത്യം

  ബലിയാടുകള്‍

  പേട്ട ഹിറ്റ്; മണികണ്ഠന്‍ വീണ്ടും വിജയ് സേതുപതിക്കൊപ്പം

  ബോക്‌സോഓഫീസില്‍ തിളങ്ങി മിഖായേല്‍; 4 ദിവസം കൊണ്ട് വാരിയത് 10 കോടി

  ദരിദ്രന്റെ സൃഷ്ടികള്‍

  മൊബൈല്‍ ഫോണില്‍ 9-ാം തരം വിദ്യാര്‍ത്ഥിനിയൊരുക്കിയ ഹ്രസ്വ ചിത്രം വൈറലാകുന്നു

  വേനലും മഴയുമായിരുന്നു ലെനിന്‍ രാജേന്ദ്രന്‍

  ~ഒരു കരീബിയന്‍ ഉഡായിപ്പിലൂടെ കാസര്‍കോട് സ്വദേശി സൂര്യ നായക നിരയിലേക്ക്‌

  അടുപ്പ്

  പിറവി

  നിത്യവസന്തം ഓര്‍മ്മയായിട്ട് മൂന്ന് പതിറ്റാണ്ട്...