വേണ്ടി വന്നാല്‍ ഞമ്മള് വേരിലും കായ്ക്കും...
എഴുതിയാലും എഴുതിയാലും തീരില്ല ചക്കപുരാണം. അത്രയേറെ പോരിശകള്‍ ചക്കയെന്ന ഏറ്റവും വലിയ പഴത്തിനുണ്ട്. ചക്കയുടെ വിലയറിയണമെങ്കില്‍ വയറ് വിശക്കണം. വിശക്കുന്ന വയറിന് ചക്ക കിട്ടാക്കനിയാണ്. ചക്കയ്ക്ക് വേണ്ടി പിടിയും വലിയും നടന്നിരുന്ന കാലമായിരുന്നു എന്റെ കുട്ടിക്കാലം. കര്‍ക്കിടകത്തിലെ വറുതിയുടെ നാളുകളില്‍ ചക്ക ഞങ്ങളുടെ വയറിന്റെ കാളിച്ച മാറ്റിയിട്ടുണ്ട്. ചക്ക തിന്ന് വിശപ്പടക്കിയ ആ പഴയ പഞ്ഞമാസക്കാലം ഒരിക്കലും മറക്കാവുന്നതല്ല. പത്തമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടാകെ നിറയെ പ്ലാവും മാവും കശുമാവും തലയുയര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു. അവയില്‍ ഫലങ്ങള്‍ കായ്ച്ച് നിറഞ്ഞ് നില്‍ക്കുമ്പോള്‍ മനസ്സും പൂത്തുലയും. മനസ്സിനെന്തൊരു സന്തോഷമാണാക്കാഴ്ചകള്‍. ഇന്നിപ്പോള്‍ പ്ലാവും മാവും കശുമാവും ഒന്നും തന്നെയില്ല. എന്തിനേറെപ്പറയുന്നു അവശേഷിച്ചിരുന്ന കാട്ട് മരങ്ങള്‍ പോലും വെട്ടി നിരപ്പാക്കിയിരിക്കുന്നു.
മള്‍ബറി കുടുംബത്തില്‍പ്പെട്ട വൃക്ഷമാണ് ചക്ക. ചക്കയുടെ ശാസ്ത്രീയ നാമം ആര്‍ട്ടോ കാര്‍പസ് ഹെട്രോപില്ലസ് എന്നാണ്. മരത്തില്‍ വിളയുന്ന ഫല വര്‍ഗ്ഗങ്ങളില്‍ വെച്ച് ലോകത്തില്‍ തന്നെ ഏറ്റവും വലുതാണിത്. ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ചക്കയുടെ തൂക്കം മുപ്പത്തെട്ട് കിലോഗ്രാമാണ്. എന്നാല്‍ എഴുപത് കിലോയ്ക്ക് മുകളില്‍ തൂക്കമുള്ള ചക്കകള്‍ തമിഴ്‌നാട്ടിലെ കുടയൂര്‍ ജില്ലയിലെ പന്റൂട്ടിയില്‍ പണ്ട് കാലങ്ങളിലുണ്ടായിരുന്നുവെന്ന് പഴമക്കാര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്.
'കടുങ്ങന്‍' എന്ന് പേരുള്ള തട്ടാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാവുഗോളി ചൗക്കിയില്‍ താമസിച്ചിരുന്നു. തൃക്കരിപ്പൂര്‍ സ്വദേശി, ജോലിയും താമസവും ഇവിടെത്തന്നെ. കല്യാണം കഴിച്ചിരുന്നില്ല. വല്ലപ്പോഴുമൊക്കെ നാട്ടില്‍ പോയി കുടുംബാംഗങ്ങളെക്കണ്ട് തിരിച്ച് വരും. കടുങ്ങന്‍ നടന്ന് വരുമ്പോള്‍ ഭൂമി കിടുങ്ങും. അത്രകണ്ട് അജാനുബാഹുവായിരുന്നു അദ്ദേഹം. വീട് വീടാന്തരം കയറി സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടാക്കിക്കൊടുക്കും. പറഞ്ഞ സമയത്ത് ആഭരണങ്ങളുണ്ടാക്കിക്കൊടുത്തില്ലെങ്കില്‍ കടുങ്ങന്‍ കുടുങ്ങും. വലിയ വീടുകളിലെ വല്യമ്മമാര്‍ക്ക് അന്ന് സ്വര്‍ണ്ണാഭരണത്തോട് നല്ല കമ്പമായിരുന്നു. കുയിച്ചെരവള, കൊത്തവള, പെട്ടിയലിക്കത്ത്, അലിക്കത്ത് അരഞ്ഞാണം എന്നീ ആഭരണങ്ങള്‍ അണിഞ്ഞ് നില്‍ക്കുന്ന വല്യമ്മയെക്കണ്ടാല്‍ കൊന്നമരം പൂത്ത് നില്‍ക്കുന്നത് പോലെ തോന്നിപ്പോകും. ചക്കയുടെ സീസണായാല്‍ കടുങ്ങന്‍ അരിഭക്ഷണം നിര്‍ത്തും. സീസണ്‍ തീരുവോളം മൂന്ന് നേരവും തീറ്റ ചക്ക തന്നെ. അത് കൊണ്ട് നാട്ടുകാര്‍ അദ്ദേഹത്തെ 'ചക്കക്കടുക്കന്‍' എന്നാണ് വിളിച്ചിരുന്നത്. കാര്യമായ ഒരസുഖവും പിടികൂടാതെ നൂറ്റിനാല് വയസ്സ് വരെ കടുങ്ങന്‍ ജീവിച്ചു.
ഒരു തരത്തിലുള്ള മാലിന്യവും കീടനാശിനിയും കലരാതെ വിളയുന്ന ഒരു ഫലമാണ് ചക്ക. ചക്ക കൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാം. ചക്കക്കറി, ചക്കഉപ്പേരി, ചക്കപ്പുഴുക്ക്, ചക്കപപ്പടം, ചക്ക ഐസ്‌ക്രീം, ചക്ക അലുവ, ചക്കലഡു, ചക്ക അച്ചാര്‍, ചക്ക സ്‌ക്വാഷ്, ചക്ക വൈന്‍, ചക്ക അട. ഇങ്ങനെ നൂറോളം വിഭവങ്ങള്‍ ചക്കകൊണ്ടുണ്ടാക്കാവുന്നതാണ്. നഗരങ്ങളില്‍ ചക്കവണ്ടികള്‍ തലങ്ങും വിലങ്ങും ഓടിക്കൊണ്ടിരിക്കുന്നത് കാണാം. അതിനകത്തെന്ത് വിഭവങ്ങളാണുള്ളതെന്ന് വ്യക്തമല്ല.
ചക്ക പപ്പടം, ചക്കക്കുരു വേവിച്ചുണക്കിയത് ഇവ കര്‍ക്കിടക മാസത്തേക്ക് കരുതി വെക്കും. ഇന്നെവിടെ കര്‍ക്കിടകം? കര്‍ക്കിടകത്തിലെ തുള്ളിക്കൊരുകുടം പേമാരി ഇന്ന് ഓര്‍മ്മയില്‍ മാത്രം തങ്ങി നില്‍ക്കുന്നു.
ചക്കയുടെ ചൂളയും കുരുവും പോണ്ടിയും അവശേഷിക്കുന്ന കൂഞ്ചും മടലും ചാരയും പോണ്ടിയും ചമിണിയും കന്നുകാലികള്‍ക്ക് നല്ലൊരൊന്നാന്തരം തീറ്റയാണ്. ചക്കപ്പശയെ 'ബെളിഞ്ചല്' എന്ന് പറയും. നല്ല ഒന്നാന്തരം ഗ്ലൂവാണ് ബെളിഞ്ചല്... ചെമ്പുകലത്തിന്റെയും വെള്ളം കോരുന്ന കുടത്തിന്റെയും ഓട്ട അടക്കാന്‍ ബെളിഞ്ചല് ഉപയോഗിച്ച് വരുന്നു.
വരിക്കന്‍ ചക്കയെ അപേക്ഷിച്ച് തുളുവന്‍ ചക്കയിലാണ് കൂടുതല്‍ നാരുള്ളത്. തുളുവന്‍ ചക്കവായിലിട്ട് കൊടുത്താല്‍ മതി തൊണ്ടക്കുഴിയിലൂടെ താനേ അകത്തേക്ക് ഒഴുകിപ്പോകും. വരിക്കച്ചക്ക വിഴുങ്ങാന്‍ കഴിയില്ല. പല്ല് കൊണ്ട് കടിച്ച് തിന്നണം. വിളയാത്ത ചക്ക അഥവാ ഇടിച്ചക്ക വളരെ സ്വാദിഷ്ടമായ വിഭവമാണ്. കൂടാതെ പോഷക സമൃദ്ധമാണ്. വിറ്റാമിന്‍ എ, ബി, സി എന്നിവയുടെ കലവറയാണ് ഇടിച്ചക്ക. ഇടിച്ചക്ക തോരന്‍ മലയാളികളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ്.
നിസ്സാരമായി നാം തള്ളിക്കളയുന്ന ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാനും കുറക്കാനുമുള്ള ശക്തിയുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. കാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ച് നിര്‍ത്താന്‍ ചക്കക്കുരുവിലടങ്ങിയിട്ടുള്ള 'സിസിത്തീന്‍' എന്ന ദ്രാവകം സഹായകമാണത്രെ. മാത്രവുമല്ല ദിവസവും ചക്കക്കുരു ഉപയോഗിക്കുകയാണെങ്കില്‍ കാന്‍സറിനെ അകറ്റി നിര്‍ത്താമെന്നും പറഞ്ഞു കേള്‍ക്കുന്നുണ്ട്.
ചക്കച്ചൂളയില്‍ ഓരോ നൂറ് ഗ്രാമിലും 19 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 0.9.ഗ്രാം ധാതു ലവണങ്ങളും മുപ്പത് യൂണിറ്റ് വിറ്റാമിന്‍ എ യും 0.30 ഗ്രാം തയാമിനും അടങ്ങിയിട്ടുണ്ടെന്നാണ് ശാസ്ത്രമതം. അത് മൂലം മാനസിക സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്രമക്കേടുകളെ തടയാനും ചക്ക ഒരു പരിധിവരെ സഹായിക്കുന്നു.
രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ചക്കയ്ക്ക് കഴിയുമെന്ന് കണ്ടെത്തിയതോടെ അതിന്റെ പ്രിയം തെക്കന്‍ കേരളത്തില്‍ ഏറിവരികയാണ്. അതേ സമയം നാം പുറം കാലുകള്‍ കൊണ്ട് ചവിട്ടിത്തെറിപ്പിക്കുന്ന ചക്ക ആസ്തമാ രോഗികള്‍ക്ക് സിദ്ധൗഷധമായി ഉപയോഗിക്കാവുന്നതാണ്. കാത്സ്യം വേണ്ടുവോളം അടങ്ങിയിട്ടുള്ളത് കൊണ്ട് ശരീരത്തിലെ എല്ലിന്റെ ബലത്തിന് ചക്കയേറെ ഗുണം ചെയ്യുന്നു.
വിറ്റാമിനുകളും പോഷകങ്ങളും കൂടാതെ സിങ്ക്, ഫോസ്ഫറസ് എന്നീ ധാതുക്കളും ചക്കയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. സോഡിയത്തിന്റെ അളവ് കുറഞ്ഞത് കൊണ്ട് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ചക്കക്കാവുന്നു. ഹൃദയാരോഗ്യത്തിനും ചക്ക നല്ലൊരൊന്നാന്തരം ഔഷധമാണെന്ന കാര്യവും മറക്കണ്ട. തികച്ചും കൊളസ്‌ട്രോള്‍ രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക. ഇവയില്‍ കൊഴുപ്പില്ലാത്തതിനാല്‍ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ചക്ക മരുന്നായി കഴിക്കാവുന്നതാണ്. സംസ്‌കൃതത്തില്‍ പൗസമെന്നറിയപ്പെടുന്ന ചക്കയെ പട്ടിണിപ്പാവങ്ങള്‍ മറ്റ് ഭക്ഷണത്തിന്റെ സ്ഥാനത്ത് വയറ് നിറക്കാനും സമ്പന്നന്‍ സ്വാദിന് വേണ്ടിയും ഉപയോഗിക്കുന്നു. പ്രമേഹ രോഗികള്‍ ചക്കകഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധ പുലര്‍ത്തുന്നത് നന്നായിരിക്കും. കാരണം അരച്ചക്കച്ചൂളയില്‍ ഒരു കപ്പ് ചോറിന് സമാനമായ കലോറി അടങ്ങിയിരിക്കുന്നു. അത് കൊണ്ട് പ്രമേഹ രോഗികള്‍ ചക്കയും ചോറും ഒന്നിച്ച് കഴിക്കരുത്. പിത്ത സംബന്ധമായ രോഗമുള്ളവര്‍ക്കും ചക്ക നിഷിദ്ധമാണ്.
ചര്‍മ്മത്തിന് മൃദുത്വം നല്‍കാനും ചക്കയ്ക്ക് കഴിവുണ്ട്. ചക്കകഴിക്കുന്നവര്‍ക്കും പ്രായം തോന്നുകയില്ല. ചക്ക തിന്ന് പ്രായത്തെ പടി കടത്താവുന്നതാണ്. ചക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ. ആണ് ചര്‍മ്മസംരക്ഷണത്തിന് സഹായിക്കുന്നത്. നല്ലവണ്ണം പഴുത്ത് അമ്പിളിയായ ചക്കയില്‍ അളവില്ലാത്ത വിധം വിറ്റാമിന്‍ സി. അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണിന്റെ കാഴ്ച ശക്തിക്ക് അത്യുത്തമമാണ്. ചക്കയ്ക്ക് മധുരം നല്‍കുന്നത് സൂക്രോസ്, ഫ്‌റക്‌ട്ടോസ് തുടങ്ങിയ ഘടകങ്ങളാണ്. ബാക്ടീരിയ മൂലമുണ്ടാകുന്ന അസുഖങ്ങള്‍ ചെറുക്കാനും ശ്വേതാണുക്കളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തി പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ചക്കയ്ക്കാവുന്നത് കൊണ്ട് എയ്ഡ്‌സ് രോഗ ശമനത്തിനും ഈ വമ്പന്‍ മുന്‍ പന്തിയില്‍ തന്നെ. അത് കൊണ്ട് ഇത്തിരി തലയെടുപ്പോടെ ചക്ക നമ്മോട് വിളിച്ച് പറയുന്നു; വേണ്ടി വന്നാല്‍ ഞങ്ങള് വേരിലും കായ്ക്കും.

കെ.കെ. അബ്ദു കാവുഗോളി

Other Articles

  അഭിനയത്തില്‍ നിന്നും വീണ്ടും സംവിധാന രംഗത്തേക്ക് ജൂഡ്; കഥ ഇന്ദുഗോപന്‍

  പാപ്പയും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍; അതിഥികളെ അമ്പരപ്പിച്ച് ദുല്‍ഖര്‍

  പരീക്ഷകള്‍ അടുത്ത് വരുമ്പോള്‍...

  അന്ത്യയാത്ര

  നിത്യസത്യം

  ബലിയാടുകള്‍

  പേട്ട ഹിറ്റ്; മണികണ്ഠന്‍ വീണ്ടും വിജയ് സേതുപതിക്കൊപ്പം

  ബോക്‌സോഓഫീസില്‍ തിളങ്ങി മിഖായേല്‍; 4 ദിവസം കൊണ്ട് വാരിയത് 10 കോടി

  ദരിദ്രന്റെ സൃഷ്ടികള്‍

  മൊബൈല്‍ ഫോണില്‍ 9-ാം തരം വിദ്യാര്‍ത്ഥിനിയൊരുക്കിയ ഹ്രസ്വ ചിത്രം വൈറലാകുന്നു

  വേനലും മഴയുമായിരുന്നു ലെനിന്‍ രാജേന്ദ്രന്‍

  ~ഒരു കരീബിയന്‍ ഉഡായിപ്പിലൂടെ കാസര്‍കോട് സ്വദേശി സൂര്യ നായക നിരയിലേക്ക്‌

  അടുപ്പ്

  പിറവി

  നിത്യവസന്തം ഓര്‍മ്മയായിട്ട് മൂന്ന് പതിറ്റാണ്ട്...