എന്തൊക്കെ കായികാഭ്യാസങ്ങള്‍...
ലോകകപ്പ് കഴിയാറായി. ആകെ അടിച്ചു പിരിഞ്ഞ് അലങ്കോലമായി കിടക്കുന്ന രാജ്യങ്ങള്‍ക്കും കുറേ നാളത്തേക്ക് എങ്കിലും നമ്മളൊക്കെ ഒന്നാണെന്നും സൗരയൂഥത്തില്‍ നമുക്ക് കൂട്ട് നമ്മളെ ഉള്ളുവെന്നും ഒക്കെ ചിന്തയുണ്ടാക്കാന്‍ ഉതകുന്ന മേള. കളിയും ചിരിയും മത്സരങ്ങളും കൂട്ടുകെട്ടും ഒന്നിച്ചു ചേരലും ഒത്തുകൂടലും അവസാനം വേര്‍പിരിയലിന്റെ സുഖമുള്ള കണ്ണുനീരും. ആഫ്രിക്കയും ആസ്‌ത്രേലിയയും അമേരിക്കയും ഏഷ്യയും യൂറോപ്പുമൊക്കെ ഒറ്റ സ്ഥലത്ത്. ജയിക്കുന്നതിനപ്പുറം പങ്കെടുക്കുന്നതാണ് മഹത്വമെന്ന് വലിയ ചിന്ത ഉയര്‍ത്തിവിടുന്ന മത്സരമാണ് ഒളിംബിക്‌സ്. ഇത് മത്സരം മാത്രമല്ല, ഒരു സംസ്‌കാരം കൂടിയാണ്.
ലോകത്തിലെ മിക്ക രാജ്യങ്ങളും പങ്കെടുക്കുന്ന സമയത്ത് ആലോചിച്ചു പോകുന്ന കാര്യമുണ്ട്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ ശരാശരിക്കാരായ പൊതുജനം ഗെയിമിനെയും സ്‌പോര്‍ട്‌സിനെയുമൊക്കെ വെല്ലുന്ന കായികമാമാങ്കം ഓരോ ദിവസവും നടത്തിക്കൊണ്ടിരിക്കുകയാണ്. ലോക കായിക മത്സരങ്ങള്‍ കൊല്ലങ്ങള്‍ കൂടുമ്പോള്‍ മാത്രമാണ് നടക്കാറുള്ളത്. എന്നാല്‍ നമുക്ക് ജീവിതമേ മത്സരമാണ്. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ രാത്രി കിടക്കുന്നത് വരെ എന്തെന്തു മത്സരങ്ങള്‍... എന്തെന്തു കായികാഭ്യാസങ്ങള്‍... അവയില്‍ ചിലതാണ് ഇവിടെ പ്രതിപാദിക്കുന്നത്.
വെയ്റ്റ്‌ലിഫ്റ്റിംഗ്
വെയ്റ്റ്‌ലിഫ്റ്റിംഗ് എന്നാല്‍ ശരാശരി മലയാളിയുടെ ഏറ്റവും പ്രധാനപ്പെട്ട കായിക ഇനമാണ്. ജനിച്ച് കാലുറച്ച് തുടങ്ങുന്നത് മുതല്‍ ഇത് ചെയ്യാന്‍ തുടങ്ങുന്നു. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന വെയ്റ്റ് ലിഫ്റ്റിംഗ് നമ്മുടെ പിള്ളേര്‍ മുതുകത്ത് ചുമക്കുന്ന സ്‌കൂള്‍ ബാഗുകള്‍. ഒരു തരത്തിലുള്ള ഉത്തേജകവും അടിക്കാതെ ഈ കുഞ്ഞുങ്ങള്‍ കിലോ കണക്കിനു വരുന്ന തുകല്‍ ഭാണ്ഡങ്ങളാണ് പുഷ്പം പോലെ തൂക്കി നീങ്ങുന്നത്. ബാഗിന്റെ ബല്‍റ്റ് തൊണ്ടയില്‍ കുരുങ്ങി കണ്ണു തള്ളിയാലും വേദന പുറത്ത് കാണിക്കില്ല. ലോക മത്സരങ്ങളില്‍ വെയ്റ്റ് തോളത്ത് വെച്ച് കൊടുക്കാന്‍ സഹായികളുണ്ട്. അതു പോലെ മേല്‍പറഞ്ഞ ജീവിതഭാരം ഉയര്‍ത്തി വെക്കുന്നതിനും ഒരു കയ്യോ ഇരു കൈകളോ ഉണ്ടാകും. അത് അച്ഛനമ്മമാരുടേതാണ്. കുഞ്ഞുങ്ങള്‍ പുസ്തക ഭാണ്ഡവും ചുമന്ന് നടക്കുമ്പോള്‍ ഭാവിയില്‍ ഡോക്ടറായും എഞ്ചിനീയറായും സ്വപ്നം കാണാതെ ഒരു വെയ്റ്റ് ലിഫ്റ്ററായി അച്ഛനമ്മമാര്‍ അവരെക്കുറിച്ച് സ്വപ്നം കണ്ട് ആ വഴിക്ക് വളര്‍ത്തിയാല്‍ എത്രയെത്ര സ്വര്‍ണ മെഡലുകളായിരിക്കും ഇന്ത്യക്ക് കിട്ടാന്‍ പോകുന്നത്. കല്ല്യാണവേളയില്‍ കഴുത്തില്‍ കിലോകണക്കിന് സ്വര്‍ണം തൂക്കിയിട്ടും കഴുത്തിന് ക്ഷതമേല്‍ക്കാതെ ബാലന്‍സ് പിടിച്ച് നില്‍ക്കുന്ന വധുവും ഓരോ ദ്വഹനത്തിന്റെ അത്ഭുതമുഖം തന്നെയാണ് കാണിച്ചു തരുന്നത്.
ഹൈജംപ്
നമ്മള്‍ ദിവസേന നടത്തുന്ന മറ്റൊരു സ്‌പോര്‍ട്‌സ് ഇനമാണ് ഓപ്പണ്‍ സ്ലാബ് ഹൈജംപ്. നടപ്പാതയിലൂടെ വരുമ്പോള്‍ സ്ലാബുകള്‍ ഇളകിക്കിടക്കുന്നു. നമ്മള്‍ ഉയര്‍ന്നു ചാടി അപ്പുറത്ത്. ഗട്ടര്‍ ലോംഗ് ജംപ് ഇതിന്റെ സഹോദരനാണ്. റോഡിലെ ഗട്ടര്‍ മറികടക്കാനുള്ള പറന്നു ചാട്ടത്തിന്റെ പേരാണിത്.
ചപ്പല്‍ ഡാമേജിംഗ് മാരത്തോണ്‍
മലയാളത്തില്‍ പറഞ്ഞാല്‍ നടന്നു നടന്ന് കാലിലെ ചെരിപ്പ് തേയല്‍. ഈയൊരു കായികാഭ്യാസത്തിന് ഇത്രയും എക്‌സ്‌പേര്‍ട്ടുകള്‍ നമ്മളെപ്പോലെ മറ്റൊരു വിഭാഗം കാണില്ല. ചില ഓഫീസുകളില്‍ എന്തെങ്കിലും കാര്യ സാധ്യത്തിന് വേണ്ടിയുള്ള കയറ്റിറക്കമാണ് ഈ മാരത്തോണ്‍. യഥാര്‍ത്ഥ ഒളിംപിക് മാരത്തോണിസ്റ്റുകള്‍ നമ്മുടെ ഈ മാരത്തോണില്‍ ഒന്നു പങ്കെടുക്കട്ടെ. അപ്പോള്‍ കാണാം കാല്‍കുഴഞ്ഞ് വായില്‍ നിന്ന് നുരയും പതയും വരുന്നത്. പക്ഷെ, നമ്മളോ ഫയല്‍ വിട്ടിട്ടുണ്ട്. അടുത്തയാഴ്ച വാ. ഓഫീസര്‍ സ്ഥലത്തില്ല, രണ്ടു ദിവസം കഴിയും. തുടങ്ങിയ മറുപടികള്‍ കേട്ട് യാതൊരു ഭാവവ്യത്യാസവുമില്ലാതെ പടിയിറങ്ങും. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും പടികയറും ഇത്തരം മാരത്തോണിനെപ്പോലെ വേറെന്ത് മാരത്തോണാണുള്ളത്.
കനോയിംഗ് വള്ളം തുഴയല്‍
വെള്ളം അകത്താക്കി നമ്മുടെ ചില ചേട്ടന്മാര്‍ ബാറില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും നിത്യവും ചില തുഴച്ചിലുകള്‍ നടത്താറുണ്ട്. ചിലര്‍ തങ്ങളുടെത്തന്നെ തല്‍സമയ രചനയിലൂടെ വരുന്ന വഞ്ചിപ്പാട്ടുകളും പാടി തുഴയാറുണ്ട്. കൈകള്‍ അന്തരീക്ഷത്തിലേക്ക് തുഴഞ്ഞ് വീശി വഴിയില്‍ കാണുന്ന തൂണുകളെ പങ്കായമാക്കി പിടിച്ചു നടത്തുന്ന ആ സ്‌പോര്‍ട്‌സ് ഐറ്റം ജീവിത ഒളിംപിക്‌സിലെ പ്രധാനയിനങ്ങളില്‍ ഒന്നു തന്നെയാണ്.
ബോക്‌സിംഗ്
ടി.വി.യുടെ റിമോര്‍ട്ടിന് വേണ്ടിയുള്ള വീട്ടുകാരുടെ പൊരിഞ്ഞ പോരാട്ടം. സീരിയലും സിനിമയും കോമഡിഷോയും വാര്‍ത്തയുമൊക്കെ ഒരേ സമയം കാണാനുള്ള ആക്രാന്തത്തില്‍ നടത്തുന്ന ആക്രമണം. ചുരുക്കിപ്പറഞ്ഞാല്‍ മെഡല്‍ ലഭ്യമല്ലെന്നേയുള്ളു. ഒളിംപിക്‌സ് ചാമ്പ്യന്മാരേക്കാള്‍ പലതിലും ഒരു പിടി മുന്നില്‍ നമ്മള്‍ സദാ പൊതുജനം തന്നെയാണ്.

പി.വി.കെ അരമങ്ങാനം

Other Articles

  സ്വാമി ആനന്ദതീര്‍ത്ഥനും പന്തിഭോജനവും

  അഭിനയത്തില്‍ നിന്നും വീണ്ടും സംവിധാന രംഗത്തേക്ക് ജൂഡ്; കഥ ഇന്ദുഗോപന്‍

  പാപ്പയും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍; അതിഥികളെ അമ്പരപ്പിച്ച് ദുല്‍ഖര്‍

  പരീക്ഷകള്‍ അടുത്ത് വരുമ്പോള്‍...

  അന്ത്യയാത്ര

  നിത്യസത്യം

  ബലിയാടുകള്‍

  പേട്ട ഹിറ്റ്; മണികണ്ഠന്‍ വീണ്ടും വിജയ് സേതുപതിക്കൊപ്പം

  ബോക്‌സോഓഫീസില്‍ തിളങ്ങി മിഖായേല്‍; 4 ദിവസം കൊണ്ട് വാരിയത് 10 കോടി

  ദരിദ്രന്റെ സൃഷ്ടികള്‍

  മൊബൈല്‍ ഫോണില്‍ 9-ാം തരം വിദ്യാര്‍ത്ഥിനിയൊരുക്കിയ ഹ്രസ്വ ചിത്രം വൈറലാകുന്നു

  വേനലും മഴയുമായിരുന്നു ലെനിന്‍ രാജേന്ദ്രന്‍

  ~ഒരു കരീബിയന്‍ ഉഡായിപ്പിലൂടെ കാസര്‍കോട് സ്വദേശി സൂര്യ നായക നിരയിലേക്ക്‌

  അടുപ്പ്

  പിറവി