മരിക്കാത്ത ഓര്‍മ്മകളില്‍ ടി.എ. ഇബ്രാഹിം സാഹിബ്
ആ വിയോഗത്തിന് ഇന്ന് നാല്‍പത് വര്‍ഷം പൂര്‍ത്തിയാകുന്നു. മുന്‍ എം.എല്‍.എ.യും കാസര്‍കോടിന് ദിശാബോധം നല്‍കിയ ജനനായകനും മുസ്‌ലിംലീഗിന്റെ സമുന്നത നേതാവുമായിരുന്ന ടി.എ ഇബ്രാഹിം സാഹിബ് വിട പറഞ്ഞത് 1978 ആഗസ്ത് പത്തിനാണ്. എം.എല്‍.എ. യായിരിക്കെ തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം. പുസ്തകങ്ങളെയും വായനയെയും സ്‌നേഹിച്ച ഇബ്രാഹിം സാഹിബ് കാസര്‍കോടിന് മികച്ച പാന്‍ന്ഥാവ് വെട്ടിത്തെളിച്ചാണ് നാല് പതിറ്റാണ്ട് മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞത്.
എം.എല്‍.എ എന്നനിലയിലും ദീര്‍ഘകാലം കാസര്‍കോട് പഞ്ചായത്ത് നഗരസഭ അംഗമെന്ന നിലയിലും നാടിന്റെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാനും സമഗ്രപദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും അവസാന ശ്വാസം വരെ ശബ്ദമുയര്‍ത്തുകയും ഭരണാധികാരികളുടെ മുന്നില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്ത ടി.എ ഇബ്രാഹിം ആധുനിക കാസര്‍കോടിന്റെ വികസന ശില്‍പിയായാണ് അറിയപ്പെട്ടിരുന്നത്. 1977ല്‍ കാസര്‍കോട് നിയോജകമണ്ഡലത്തില്‍ നിന്ന് 6783 വോട്ടിന് വിജയിച്ചാണ് അദ്ദേഹം നിയമഭാംഗമായത്. പിന്നീട് വന്ന ജനപ്രതിനിധികള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും നാടിന് ആവശ്യമുള്ള വികസന പ്ലാന്‍ തയ്യാറാക്കിയാണ് അദ്ദേഹം എം.എല്‍. എ യായിരിക്കെതന്നെ യാത്രയായതും.
തികഞ്ഞ മതേതര വാദിയും ജനാധിപത്യ വിശ്വാസിയും മാന്യനായ രാഷ്ട്രീയക്കാരനുമായിരുന്നു ടി.എ. ഇബ്രാഹിം സാഹിബ്. മുസ്ലിം ലീഗില്‍ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരു പോലെ കാണുകയും പാര്‍ട്ടി പ്രവര്‍ത്തകരുടെ ദുഖങ്ങളിലും സന്തോഷങ്ങളിലും പങ്കാളിയാവാന്‍ സമയം കണ്ടെത്തുകയും ചെയ്തിരുന്നു. മുസ്്‌ലിംലീഗില്‍ സംഘടനാ സംവിധാനം പട്ടാളച്ചിട്ടയോടെ കൈകാര്യം ചെയ്ത അദ്ദേഹം. സംഘടനാ സംവിധാനം കാര്യക്ഷമമാക്കുന്നതിന് പരിപാടികള്‍ ആവിഷ്‌കരിക്കുകയും ജനാധിപത്യം കാത്ത് സൂക്ഷിക്കുകയും ചെയ്തു. പാര്‍ട്ടിയില്‍ അനീതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ശക്തമായി പ്രതികരിക്കുകയും അച്ചടക്കം നിലനിര്‍ത്തുന്നതിന് ആരുടെയും മുഖം നോകാതെ കര്‍ശന നിലപാട് സ്വീകരിക്കുകയും ചെയ്ത നേതാവായിരുന്നു. ഒരിക്കലും അധികാരത്തിന്റെ പിന്നാലെ ഓടാന്‍ തയാറായിരുന്നില്ല എന്ന് മാത്രമല്ല, തേടി വന്ന സ്ഥാനമാനങ്ങള്‍ നിരാകരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്.
ഒരുഉദാഹരണം പറയാം 1977ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കാസര്‍കോട് നിയോജക മണ്ഡലത്തില്‍ നിന്നും ടി.എ ഇബ്രാഹിമിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം അതിന് തയാറായില്ല. തുടര്‍ന്ന് കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പാര്‍ട്ടിക്ക് ദിവസങ്ങളോളം മാറ്റിവെക്കേണ്ടി വന്നു.
ഒടുവില്‍ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹം മത്സരിക്കാന്‍ സമ്മതം മൂളിയത്. എല്ലായ്‌പ്പോഴും മുസ്്‌ലിംലീഗിന്റെ പ്രവര്‍ത്തന രംഗത്ത് പാറപോലെ ഉറച്ചു നില്‍ക്കുകയും ധീരമായി നേതൃത്വം നല്‍കുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കരുത്ത് പകരുകയും ചെയ്ത അദ്ദേഹം പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ നാടുനീളെ ഓടിനടന്നു. വടക്കേ മലബാറില്‍ പാര്‍ട്ടിക്ക് അടിത്തറപാകാന്‍ അദ്ദേഹം സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തി. സംഘടനയിലെ സഹപ്രവര്‍ത്തകരെയും യുവാക്കളെയും അവരവരുടെ കഴിവ് കണ്ടെത്തി വളര്‍ത്തിയെടുക്കാനും പ്രോത്സാഹിപ്പിക്കാനും സ്ഥാനമാനങ്ങള്‍ ലഭ്യമാക്കാനും പ്രത്യേകം താല്‍പര്യം കാണിച്ചിരുന്ന ടി.എ ഇബ്രാഹിം സാഹിബിന് വലിയവനും ചെറിയവനുമുണ്ടായിരുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എന്നും ആവേശവും അതിലേറെ ധൈര്യവുമായിരുന്നു അദ്ദേഹം. നേതാക്കളുമായ നിരന്തരം ബന്ധപ്പെട്ട് ഈ വടക്കിന്റെ മണ്ണില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് ഓരോ ശ്വാസത്തിലും സമയം കണ്ടെത്തിയ നേതാവായിരുന്നു അദ്ദേഹം. പാര്‍ട്ടിക്ക് കരുത്തുറ്റ ഒരു യുവ നിര വേണമെന്ന് വിശ്വസിക്കുകയും അതിന് വേണ്ടി ശ്രമിക്കുകയും ചെയ്തു.
നല്ലൊരു മനുഷ്യസ്‌നേഹിയായിരുന്ന അദ്ദേഹം ചെയ്ത സേവനങ്ങള്‍ തലമുറകള്‍ക്ക് മറക്കാന്‍ കഴിയില്ല. പിന്നോക്കം നില്‍ക്കുന്ന നാടിന്റെ വികസനത്തിനും പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്നതിനും അദ്ദേഹം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. മുസ്്‌ലിം ലീഗിന്റെ പ്രവര്‍ത്തന രംഗത്ത് സമഭാവനയും സ്‌നേഹസമ്പൂര്‍ണമായ പെരുമാറ്റവും കൊണ്ട് എല്ലാവിഭാഗം ജനങ്ങളെയും തന്നിലേക്ക് അടുപ്പിച്ച ഇബ്രാഹിം സാഹിബ് എല്ലാവരുടെയും ഉറ്റതോഴനായിരുന്നു. പുസ്തകത്താളുകളില്‍ വെളിച്ചം കണ്ടെത്തിയ നേതാവായിരുന്നു ഇബ്രാഹിം സാഹിബ്. പുസ്തകങ്ങളെ സ്‌നേഹിക്കുകയും സമ്പാദിക്കുകയും ചെയ്ത അദ്ദേഹം പലരെയും വായനയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയിട്ടുണ്ട്.
സാഹിത്യ കുതുകികള്‍ക്ക് അദ്ദേഹത്തിന്റെ കടയും വീടും നല്ലൊരു ലൈബ്രറിയായിരുന്നു. കിട്ടാന്‍ പ്രയാസമുള്ള പുസ്തകങ്ങള്‍ പലരും ടി.എ. ഇബ്രാഹിം സാഹിബിന്റെ ശേഖരത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. അദ്ദേഹം വളര്‍ത്തി കൊണ്ട് വന്ന പലരും പിന്നീട് പ്രശസ്തരാവുകയും മന്ത്രിമാരായും എം.എല്‍.എ.മാരായും പാര്‍ട്ടി നേതാക്കളായും സാമൂഹ്യ സംസ്‌കാരിക വിദ്യഭ്യാസ രാഷ്ട്രിയ രംഗത്തെ അതികായകമ്മാരായും പ്രവര്‍ത്തിച്ചിരുന്നു. ഒരു നാടിന്റെ സര്‍വ്വ മേഖലകളിലും വികസനവും വളര്‍ച്ചയും ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി അവസാനം വരെ ശബ്ദിക്കുകയും ചെയ്ത ടി.എ. ഇബ്രാഹിം സാഹിബ് ഒരു കാലഘട്ടത്തിന്റെ ശക്തിയും ചൈതന്യവുമായിരുന്നു.
കളങ്കമില്ലാത്ത പ്രവര്‍ത്തനങ്ങളുടെയും പെരുമാറ്റത്തിന്റെയും ആള്‍രൂപമായിരുന്നു അദ്ദേഹം. ആ കര്‍മ്മധീരന്‍ കാസര്‍കോടുകാരുടെ മനസുകളില്‍ മരിക്കാത്ത ഓര്‍മ്മയായി എന്നും നിലനില്‍ക്കും.

Other Articles

  കാവ്യയ്‌ക്കൊപ്പമുള്ളത് മകള്‍ മഹാലക്ഷ്മിയോ? വൈറലായ ചിത്രത്തിനു പിന്നിലെ യാഥാര്‍ഥ്യം

  ഇന്ത്യയോട് കളിക്കാന്‍ നില്‍ക്കരുത്: പഞ്ച് ഡയലോഗുമായി ബാബു ആന്റണി

  അപ്രതീക്ഷിത പ്രഖ്യാപനങ്ങളില്ല: ഇത്തവണയും അവാര്‍ഡ് 'ജനപ്രിയം'

  പരീക്ഷാക്കാലം: റിവിഷനാകണം പ്രധാന പഠനചര്യ

  അഭിനയത്തില്‍ നിന്നും വീണ്ടും സംവിധാന രംഗത്തേക്ക് ജൂഡ്; കഥ ഇന്ദുഗോപന്‍

  പാപ്പയും കുടുംബവും മമ്മൂട്ടിയുടെ വീട്ടില്‍; അതിഥികളെ അമ്പരപ്പിച്ച് ദുല്‍ഖര്‍

  പരീക്ഷകള്‍ അടുത്ത് വരുമ്പോള്‍...

  അന്ത്യയാത്ര

  നിത്യസത്യം

  ബലിയാടുകള്‍

  പേട്ട ഹിറ്റ്; മണികണ്ഠന്‍ വീണ്ടും വിജയ് സേതുപതിക്കൊപ്പം

  ബോക്‌സോഓഫീസില്‍ തിളങ്ങി മിഖായേല്‍; 4 ദിവസം കൊണ്ട് വാരിയത് 10 കോടി

  ദരിദ്രന്റെ സൃഷ്ടികള്‍

  മൊബൈല്‍ ഫോണില്‍ 9-ാം തരം വിദ്യാര്‍ത്ഥിനിയൊരുക്കിയ ഹ്രസ്വ ചിത്രം വൈറലാകുന്നു

  വേനലും മഴയുമായിരുന്നു ലെനിന്‍ രാജേന്ദ്രന്‍