തണുത്ത, ആ തലോടല്‍...
ഏതാനും നാളുകള്‍ മുമ്പാണ്. കൃത്യമായ ദിവസം ഓര്‍ക്കുന്നില്ല. വിദ്യാനഗറിലെ 'ഉത്തരദേശം'ഓഫീസില്‍ എഡിറ്റോറിയല്‍ കാബിന്റെ ഗ്ലാസില്‍ തട്ടി അന്തച്ച ചിരിക്കുന്നു. തിരക്കില്ലെങ്കില്‍ ഒന്ന് അങ്ങോട്ട് ചെല്ലണമെന്ന് കൈ ആംഗ്യം.
അന്നാണ് അദ്ദേഹം അവസാനമായി 'ഉത്തരദേശ'ത്തിന്റെ പടി കയറി വന്നത്. കയ്യില്‍ ചെറിയൊരു നോട്ടീസുണ്ടായിരുന്നു. നാട്ടിലെ ഒരു പ്രഭാഷണ പരിപാടിയുടെതായിരുന്നു നോട്ടീസ്. 'ഉത്തരദേശ'ത്തില്‍ നന്നായി അച്ചടിച്ചുവരണം. അന്തച്ച പറഞ്ഞാല്‍ പിന്നെ അപ്പീലില്ല. നല്ല കട്ടിയുള്ള ടൈറ്റിലില്‍ തന്നെ വാര്‍ത്ത വന്നു. 'ഉത്തരദേശ'ത്തെ നെഞ്ചോട് ചേര്‍ത്തു പിടിച്ചു നടന്ന ആ നല്ല മനുഷ്യന്റെ നിഷ്കളങ്ക സ്നേഹത്തിന് ഇതൊന്നും പകരമാവില്ല.
നിഷ്കളങ്കതയുടെ നറുപുഞ്ചിരിയാണ് സി.എം അബ്ദുല്ല എന്ന ഞങ്ങളുടെ അന്തച്ച. 'ഉത്തരദേശം' കുടുംബത്തിലെ കാരണവരില്‍ ഒരാള്‍. കാല്‍നൂറ്റാണ്ട് മുമ്പ് അക്ഷരങ്ങള്‍ പെറുക്കിയെടുത്ത് അടുക്കിവെച്ച് ട്രഡില്‍ മെഷീനില്‍ അച്ചടിച്ചിരുന്ന കാലത്ത് തന്നെ ഉത്തരദേശത്തെ ഓമനത്വത്തോടെ കയ്യിലെടുത്ത് ചൂടോടെ വായനക്കാരുടെ മുന്നിലെത്തിച്ചിരുന്ന ഒരു പാവം നാട്ടിന്പുറത്തുകാരന്. നാലാം മൈലിലെ സി.എം അബ്ദുല്ല അങ്ങനെ നാട്ടുകാരുടെയാകെ 'ഉത്തരദേശം അന്തച്ച'യായി മാറി. ഒരു പത്രം തന്റെ ജീവിതത്തില്‍ അലിയിച്ചു ചേര്‍ത്ത ഒരു അക്ഷരസ്നേഹി.
വല്ലാണ്ട് മെലിഞ്ഞ, വയറൊട്ടിയ, മുതുക് അല്പം വളഞ്ഞ അന്തച്ച പ്രായത്തെ തോല്‍പ്പിച്ചാണ് ഓരോ ചുവടുകളും വെച്ചത്. കേള്‍വി അല്പം കുറവായിരുന്നു. അങ്ങോട്ട് പറയുന്നത് കേള്‍ക്കാന്‍ കൈ ചെവിയോട് ചേര്‍ത്ത് പിടിക്കും. ശ്രദ്ധിച്ച് കേള്‍ക്കും. ഇടക്കൊക്കെ, കുപ്പായത്തിന്റെ കോളറിനുള്ളിലൊളിപ്പിച്ച കര്‍ച്ചീഫ് എടുത്ത് മുഖവും കട്ടിക്കണ്ണടയും തുടക്കും. തന്നെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കാര്യമായ ഒരു അസുഖവും അലട്ടിയിട്ടില്ലെന്നും ആസ്പത്രിയില്‍ കിടക്കേണ്ടി വന്നിട്ടില്ലെന്നും അഭിമാനത്തോടെ പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് കണ്ട തിളക്കം വാര്‍ധക്യം പ്രാപിച്ച ഇന്നത്തെ യുവത്വങ്ങള്‍ക്ക് ഒരു പാഠമാണ്.
നിഷ്കളങ്കതയുടെ നൂറുമേനി ആ ശരീരപ്രകൃതത്തില്‍ തന്നെ അടയാളപ്പെട്ടു കിടന്നിരുന്നു. കവിളൊട്ടിയ ആ മുഖത്ത് വാത്സല്യത്തിന്റെ നറുനിലാവ് സദാനേരവും ഉദിച്ചു നിന്നിരുന്നു. പൂക്കളായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍... അന്തച്ചയെ കണ്ടാല്‍, വല്യുപ്പയെ കണ്ടെന്ന പോലുള്ള സന്തോഷത്തോടെ ഞങ്ങള്‍ മുന്നില്‍ ചെല്ലും. മുജീബും ബാബുവേട്ടനും ഉണ്ണിയേട്ടനും സന്തോഷും ജാബിറും അടക്കം ഉത്തരദേശത്തിലെ എല്ലാവരുടെയും മുന്നില്‍ ചെന്ന് കുശലം തിരക്കും.
കണ്ട പാടെ വലത് കൈ കൊണ്ട് തല തലോടിയല്ലാതെ എന്നെ അദ്ദേഹം സ്വീകരിച്ചിട്ടില്ല. നല്ല തണുപ്പായിരുന്നു ആ കൈകള്ക്കെപ്പോഴും. തലയില്‍ രണ്ട് വട്ടം തടവി കവിളിലൂടെ ആ കൈകള്‍ ഊര്‍ന്നു വീഴും.
ഞായറാഴ്ച ഉച്ചക്ക് ചെങ്കള പള്ളീന്റടുക്കലെ വീട്ടില്‍ അന്തച്ചയുടെ ജനാസ കുളിപ്പിച്ച് കിടത്തിയപ്പോള്‍ ഞാനാ കൈകളില്‍ ഒരു വട്ടം കൂടി തൊട്ടു. അപ്പോഴും നല്ല തണുപ്പുണ്ടായിരുന്നു. വെള്ളത്തുണികള്‍ കൊണ്ട് ജനാസയെ പൊതിയുമ്പോള്‍ ആ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. ജനാസ ഖബറടക്കത്തിനെടുത്തപ്പോള് 'ഉത്തരദേശ'ത്തിലെ ബാബുവേട്ടനോട് ഞാനാ കൈകളിലെ തണുപ്പിനെക്കുറിച്ച് പറഞ്ഞു. ശരീരത്തിലെ രക്തക്കുറവ് കൊണ്ടാവാം അതെന്ന് ബാബുവേട്ടന് പറഞ്ഞു.
തോളുകളില്‍ കയറ്റിയ മയ്യത്ത് കട്ടിലില്‍ കിടന്ന് അന്തച്ചയുടെ ജനാസ പള്ളിയിലേക്ക് നീങ്ങുമ്പോള്‍ അല്പം മാറിനിന്ന് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ആ പോക്ക് നോക്കി നില്ക്കുന്നുണ്ടായിരുന്നു.
'ഉത്തരദേശമെന്നു പറഞ്ഞാല്‍ അന്തച്ചക്ക് ജീവനായിരുന്നു. എന്റെ കാര്‍ കടന്നു പോകുമ്പോഴൊക്കെ ഉത്തരദേശം ചുരുട്ടിപ്പിടിച്ച് അദ്ദേഹം ഓടി വരും. ഒരിക്കല്‍ പോലും പൈസ വാങ്ങിയിട്ടില്ല. എനിക്കെപ്പോഴും അന്തച്ചയുടെ വക ഉത്തരദേശം ഫ്രീയായിരുന്നു...'- അബ്ദുല്‍ റസാഖിന്റെ വാക്കുകളില്‍ ഒരു നല്ല മനുഷ്യന്റെ സുഗന്ധ ജീവിതം അടയാളപ്പെട്ട് കിടന്നിരുന്നു.
അന്തച്ച മരണാസന്നനായ ഒരു അവസ്ഥയിലായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല. 75 വയസ്സ് പിന്നിട്ടിട്ടും ഊര്‍ജ്ജസ്വലനായാണ് കാണപ്പെട്ടിരുന്നത്.
ഉത്തരദേശത്തില്‍, ഞാന്‍ 'കഅ്ബയെ തൊട്ട നിമിഷം' എന്ന പേരില്‍ ഒമ്പത് ലക്കങ്ങളിലായി മക്ക തീര്‍ത്ഥാടന യാത്രയെക്കുറിച്ച് എഴുതിയപ്പോഴും ആ യാത്രാ വിവരണം പുസ്തകമായപ്പോഴും ഏറെ സന്തോഷിച്ചവരില്‍ ഒരാള്‍ അന്തച്ചയായിരുന്നു.
'കുറേക്കാലമായി മക്കയില്‍ പോകാന്‍ ആഗ്രഹിക്കുകയാണെന്നും ഷാഫിയുടെ പുസ്തകം വായിച്ചപ്പോള്‍ ഞാന്‍ മക്കയും മദീനയും കണ്ടു'വെന്നും പറഞ്ഞ് അന്തച്ച കെട്ടിപ്പിടിച്ചത് എനിക്ക് ഒരിക്കലും മറക്കാനാവില്ല. മരിക്കുന്നതിന് മുമ്പ് അന്തച്ചക്ക് ഹജ്ജിന് പോകാനുള്ള ഭാഗ്യം ഉണ്ടാവുമെന്ന് ഞാന്‍ വെറുതെ പറഞ്ഞു. വാക്ക് പൊന്നായി. ഒരു അല്ലലുമില്ലാതെ അദ്ദേഹം പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ചു. മക്കയും മദീനയും കണ്‍കുളിര്‍ക്കെ കണ്ടു. പുന്നാര റസൂലിന്റെ ചാരത്ത് ചെന്നു നിന്ന് സലാം ചൊല്ലി. ആ തണുത്ത കൈകള്‍ കൊണ്ട് വിശുദ്ധ കഅ്ബയെ തൊട്ടു.
നാട്ടിലെത്തിയാല്‍ ഹാജിമാരെ അങ്ങോട്ട് ചെന്ന് കാണുകയെന്നതാണ് രീതി. എന്നാല്‍ ഹജ്ജ് കഴിഞ്ഞെത്തി ദിവസങ്ങള്‍ക്കകം അന്തച്ച 'ഉത്തരദേശ'ത്തില്‍ ഓടിയെത്തി. ചെറിയൊരു പ്ലാസ്റ്റിക് കുപ്പിയില്‍ നിറച്ച പവിത്രമായ സംസം ജലം എനിക്ക് നീട്ടി. മദീനയില്‍ നിന്ന് കൊണ്ടുവന്ന മൂന്ന് ഈത്തപ്പഴവും തന്നു. ഏറ്റവുമൊടുവില്‍ തന്ന സമ്മാനമാണ് എന്നെ അത്ഭുതപ്പെടുത്തിയത്.
എന്റെ ഇരു കവിളിലും രണ്ട് കൈകളും ചേര്‍ത്തു വെച്ച് അന്തച്ച പറഞ്ഞു; 'കഅ്ബയെ തൊട്ട കയ്യാണിത്. കഅ്ബയെ കാണുമ്പോഴും തൊടുമ്പോഴുമെല്ലാം നീയും നിന്റെ ബുക്കും എന്റെ ഓര്‍മ്മയിലുണ്ടായിരുന്നു...'
കോരിത്തരിച്ച് നിന്നുപോയി ഞാന്‍. അന്തച്ച കൈകള്‍ കൊണ്ട് എന്റെ കവിളില്‍ തലോടി ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ത്ഥിച്ചു.
'കഅ്ബയെ തൊട്ട നിമിഷം' എന്ന പുസ്തകം വില്‍ക്കാനുള്ള അനുവാദം അദ്ദേഹം ചോദിച്ചപ്പോള്‍ എനിക്ക് വലിയ സന്തോഷമായി. ആദ്യം പത്ത് കോപ്പികളാണ് കൊണ്ടു പോയത്. ദിവസങ്ങള്‍ക്കകം അതിന്റെ കാശുമായി വന്ന്; ഇരുപത് കോപ്പി കൂടി ചോദിച്ചു.
കാശ് അന്തച്ച വെച്ചോളു, ഇനി വില്‍ക്കുന്ന കോപ്പികളുടെ കാശ് തന്നാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞെങ്കിലും അദ്ദേഹം ചെവികൊണ്ടില്ല. 20 കോപ്പി തീര്‍ത്ത് വീണ്ടും വന്നു. 50ലധികം കോപ്പി അദ്ദേഹം തന്നെ വിറ്റുതീര്‍ത്തു.
രണ്ട് വെള്ളത്തുണികള്‍ കൊണ്ട് അന്തച്ചയുടെ ജനാസ പൊതിയുമ്പോള്‍ അടുത്ത് നിന്ന് ആരോ പറയുന്നത് കേട്ടു. ഏറ്റവും മേലെയുള്ള തുണി അന്തച്ച ഹജ്ജിന് പോയി വരുമ്പോള്‍ കൊണ്ടുവന്നതാണ്. തന്റെ മയ്യത്ത് പൊതിയാന്‍ വേണ്ടി.
ഹജ്ജിന്റെ, മക്കയുടെ, കഅ്ബയുടെ ചാരെ ചുറ്റിക്കറങ്ങിയ വെള്ളത്തുണിയില്‍ ശരീരമാകെ പൊതിഞ്ഞ് അന്തച്ച യാത്രയായി. സ്വര്‍ഗത്തിലേക്കാണ് ആ യാത്രയെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു...

Other Articles