നാടകാനുഭവങ്ങളും മറ്റും...
'നെന്മണികള്‍' കാസര്‍കോട്ടെ നാടക കുതുകികള്‍ ചര്‍ച്ചാ വിഷയമായി. തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ഞാനും കെ.എം അഹ്മദും ടി.വി ഗംഗാധരനും മറ്റും അടങ്ങുന്ന സീനിയര്‍ ടീം നാടകം അവതരിപ്പിക്കുമ്പോള്‍ ജനം മതി മറന്ന് ആഹ്ലാദിക്കും. 'സ്വപ്നം' നാടകത്തില്‍ അഹ്മദിന്റെ വേലുത്തമ്പി ദളവാ എന്റെ ഈച്ചര മേനോന്‍, ബറക്ക സീഫുഡ്‌സ് മഹ്മൂദിന്റെ ഖാദര്‍, അനുജന്‍ ടി.എ ഇബ്രാഹിം (അരീന മള്‍ട്ടീമീഡിയ) അവതരിപ്പിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്‍, വഹാബ് പൊയക്കരയുടെ മധുര മീനാക്ഷി, ടി.വി ഗംഗാധരന്റെ പച്ചാളം കൊച്ച് തളങ്കരയിലെ മാത്രമല്ല; ഞങ്ങളുടെ നാടകം ഉണ്ടെന്നറിഞ്ഞ് ഉദുമ, കുമ്പള ഭാഗങ്ങളില്‍ നിന്നൊക്കെ ആകാംക്ഷയോടെ എത്തുന്ന പ്രേക്ഷകര്‍ അതിരറ്റ ആഹ്ലാദത്തോടെയാണ് കയ്യടിച്ച് സ്വീകരിക്കുന്നത്. ഞങ്ങള്‍ക്കൊരു ഒറ്റയാന്‍ പ്രതിപക്ഷം ഉണ്ടായിരുന്നു. തെരുവത്തെ ശരീഫ്ച്ച (ആത്മാവിന് നിത്യശാന്തി നേരുന്നു) നാടകം കഴിഞ്ഞാല്‍ പിറ്റേന്ന് പകല്‍ ഷരീഫ്ച്ച നിരൂപണവുമായി എത്തും. രസകരമാണാ നിരൂപണം. സ്വപ്നം നാടകത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ ലിംഗം ഛേദിക്കാന്‍ വേലുത്തമ്പി ഉത്തരവിടും...
'എബടം ബെച്ച് അറക്കണം
എശമാനനേ...'
എന്ന മഹ്മൂദിന്റെ ചോദ്യവും ആവേശം കലര്‍ന്ന അഭിനയവും എന്തൊരു ഹര്‍ഷോന്മാദങ്ങളോടോയാണെന്നോ മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ പ്രേക്ഷകര്‍ സ്വീകരിക്കുന്നതെന്ന് ഇന്ന് പിന്തിരിഞ്ഞു ഓര്‍ക്കുമ്പോള്‍ കണ്ണീരണിയുന്നു. കാരണം, അകാലത്തില്‍ മരണമടഞ്ഞ മഹ്മൂദിന് നാടകം ജീവവായുവായിരുന്നു. മരിക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് ഡോ. ബെള്ളാളിന്റെ സ്വീകരണത്തിന് ഗുസ്തി പഠിക്കണ്ടാ എന്ന ടിപ് ടോപ് അസീസ് നാടകം എന്നെ കോഴിക്കോട്ട് നിന്ന് വരുത്തിച്ചാണ് മഹ്മൂദ് അവതരിപ്പിച്ചത്. അഹ്മദിന്റെ നാടാകാഭിനിവേശം അഭിനയത്തോടുള്ള അതിരു കടന്ന ആത്മ വിശ്വാസമാണ്. സ്വപ്നം നാടകത്തില്‍ വേലുത്തമ്പി പതിനഞ്ചു മിനിറ്റ് പ്രതിമയായി നിശ്ചലം നിക്കണം. പ്രതിമക്ക് ജീവന്‍ വെക്കും വരെ എനിക്ക് മരണ വെപ്രാളമാണ്. കെ.എം അഹ്മദല്ലേ...ശരീരം അനക്കുമോ എന്ന ഭയം.
പല സ്ഥലത്തും സ്വപ്നം നാടകത്തിന് ലൈറ്റ് ഓപ്പറേറ്റേര്‍ക്ക് അഹ്മദിന്റെ വക ശകാരമുണ്ട്. കാരണം നിശ്ചലാവസ്ഥയില്‍ പ്രതിമക്ക് നീല ചുവപ്പ് സ്‌പോര്‍ട്ട് ലൈറ്റ് സൂം ചെയ്യും. അഹ്മദിന് അരിശം കയറും.
'ഡാ ഹനീഫ... ഈ ലൈറ്റ് കണ്ണ്ക്ക് അടിക്കണ്ടാന്ന് പറയടാ...'
രംഗവേദിയില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലല്ലോ. ഒരിക്കല്‍ ഞാനും മഹ്മൂദും തിരിഞ്ഞു നോക്കുമ്പോള്‍ പിന്‍സ്റ്റേജില്‍ പ്രതിമ നില്‍ക്കേണ്ടിടം ശൂന്യം. മഹ്മൂദും മുന്‍ കോപത്തിന്റെ ആശാനാണ്.
വേഗം കര്‍ട്ടനിടും.
'ഏട്‌റോ ഈ ആമിഞ്ഞി പോയെ'?
ഞാന്‍ ഇണ്ട് മഹ്മൂദെ ഇവിടെ...
ഒരു മഗ് വെള്ളവും കയ്യിലേന്തി വേലുത്തമ്പി ദളവ മൂത്രം ഒഴിച്ച് കഴുകുകയാണ്.
അഞ്ചു സെക്കന്റ് മഹ്മൂദും അഹ്മദും തമ്മിലൊരു കശപിശ.
'ഈ നാടകം വരെയെ ഞാന്‍ ഉള്ളു. ഹനീഫാ, നീ വേറെ ആളെ നോക്കണേ... മഹ്മൂദെ നീ എന്നെ ഭീഷണിപ്പെടുത്തേണ്ട... മഹ്മൂദും ചൊടിക്കും.'
ആയി ഇതിപ്പം കളിച്ച് തീര്‍ക്ക്... അടുത്ത നാടകത്തിന് വേറെ ആളെ തപ്പീട്ട് എടുക്കാം.
നാടകം പൂര്‍ത്തിയാവും...ഭംഗിയായി. ഇടക്ക് കര്‍ട്ടന്‍ ഇട്ടതൊന്നും പ്രേക്ഷകര്‍ക്ക് പ്രശ്‌നമല്ല. സ്വപ്നം മുപ്പത് വേദികളില്‍ അഹ്മദ് വേലുത്തമ്പി ദളവയായി ഞങ്ങള്‍ അവതരിപ്പിച്ചു. കോട്ടൂര്‍ കാര്‍ത്തികേയ കലാകേന്ദ്രത്തിലടക്കം.
ഷരീഫ്ച്ചാന്റെ നിരൂപണം പിറ്റേന്നുണ്ടാവും.
ഒരു ഉദാഹരണം: ഡോ. ഹനീഫാ; കൊടുങ്ങല്ലൂര്‍ക്കാരാ. വേലുത്തമ്പി കൈക്കൂലി മേടിച്ചവന്റെ കൈവെട്ടി. നിങ്ങൊ കൈ സ്റ്റേജില്‍ കാണിച്ച്... കള്ളം പറഞ്ഞവന്റെ പല്ല് അടിച്ചു തെറിപ്പിച്ച് ആ പല്ലും സ്റ്റേജില്‍ കാണിച്ചു. ഐ.എ.എസ് ഓഫീസറുടെ ബലാത്സംഗം ചെയ്ത അവയവം മുറിച്ചിറ്റ് എന്ത്‌റോ കാട്ടാലേ...
ഈ നിരൂപണത്തിന് എന്തു മറുപടി പറയാന്‍? ഇതു പോലെ നെന്മണികള്‍ നാടകത്തിനും ഷരീഫ് നാടകം അവതരിപ്പിക്കും മുമ്പു തന്നെ നിരൂപണം കാച്ചി.
എന്ത്‌റോ കൃഷി ആപ്പീസ്‌റ്‌ടെ കഥയാ.. ഒരു നെന്മണികളും സില്‍മയും... തളങ്കര കുട്ടികളെ മുഴുവന്‍ നീ ബെടക്കാക്കി.
കാസര്‍കോട് കോളേജില്‍ യൂത്ത് ഫെസ്റ്റിവലിന് നെന്മണികള്‍ അവതരിപ്പിച്ചു. ഇന്ന് പ്രശസ്ത ഇടതുപക്ഷ ചിന്തകനായ ഹമീദ് ചേന്ദമംഗലൂര്‍ സ്റ്റേജിലിരുന്ന് നാടകം കണ്ടു. അദ്ദേഹം ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ലക്ചറര്‍ പോസ്റ്റില്‍ വന്നതായിരുന്നു. നാടകം കഴിഞ്ഞതും ഹമീദ് എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു; 'ഗംഭീരം എക്‌സ്പ്രഷണിസ്റ്റ് നാടകങ്ങളില്‍ ഇതിനെ വെല്ലാന്‍ മറ്റൊന്ന് ഉണ്ടാവില്ല...'
ഇന്നിതെഴുതുമ്പോള്‍ കണ്ണീരടക്കാന്‍ ഞാന്‍ പാടുപെടുന്നു. കാരണം, നാടകത്തിലെ പ്രധാനപ്പെട്ടൊരു വേഷം അഭിനയിച്ച എന്റെ പ്രിയപ്പെട്ട ഇബ്രാഹിം ഖലീല്‍ തളങ്കര; ബജ്‌പെ വിമാന ദുരന്തത്തില്‍ കത്തികരിഞ്ഞ് മരണത്തെ പുല്‍കിയത്...
നെന്മണികളില്‍ വേഷമിട്ട ശിഹാബുദ്ദീന്‍ വെളിയം എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉന്നതോദ്യോഗസ്ഥനായി പിരിഞ്ഞ് നാട്ടില്‍ സ്വസ്ഥം. ശാസ്ത്രത്തിന്റെ പ്രതീകാത്മക വേഷം ചെയ്ത കുഞ്ഞികൃഷ്ണന്‍ ശാസ്ത്ര രംഗത്ത് കഴിവുറ്റ പ്രതിഭയായി തലസ്ഥാന നഗരിയിലുണ്ട്. മതത്തിന്റെ വേഷമണിഞ്ഞ വിജയന്‍ സര്‍ക്കാര്‍ ഉദ്യോഗത്തില്‍ ഉണ്ട്. രാഷ്ട്രീയക്കാരന്റെ കോമഡി വേഷം അവതരിപ്പിച്ച ശശിധരന്‍ കാനത്തൂര്‍ കൃഷി പ്രമുഖരില്‍ ഒരാളായി കാനത്തൂരില്‍. കുഴിയില്‍ നിന്നെഴുന്നേറ്റു വരുന്ന പ്രേതം. വഹാബ് പൊയക്കര ഗള്‍ഫിലെ വ്യവസായി കുട്ടിപ്രേതം ബംഗളൂരില്‍ ആയുര്‍വേദ ഡോക്ടറായി ജീവിക്കുന്നു. പ്രധാന വേഷം ചെയ്ത ടി.എ ഇബ്രാഹിം, അരീന മള്‍ട്ടി മീഡിയ സ്ഥാപനവുമായി കോഴിക്കോട് എന്റെ സമീപം തന്നെയുണ്ട്. പഴയ കാല നാടകാനുഭവം പറഞ്ഞ് ചിരിക്കാന്‍ അഹ്മദില്ല. മഹ്മൂദില്ല, ഖലീല്‍ തളങ്കരയില്ല. അവുക്കര്‍ മാഷും ഞങ്ങളുടെ സ്ഥിരം ചമയക്കാരന്‍ ദിവാകരന്‍ മാഷുമില്ല.
പ്രപഞ്ചങ്ങളുടെ നാഥാ... സത്യത്തില്‍ ഇവര്‍ ആരും മരിച്ചിട്ടില്ല. മഹ്മൂദ് മരിച്ചപ്പോള്‍ ആ മയ്യത്തിനോട് വിരല്‍ ചൂണ്ടി ഞാന്‍ ചോദിച്ചു. മഹ്മൂദെ എന്നോടു ഗുസ്തി പിടിക്കാന്‍ നീ എഴുന്നേറ്റു വാ... അരനിമിഷം ഞാന്‍ കാത്തു. ഇല്ല ആ ദേഹിയില്‍ ജീവന്റെ അംശം ഇല്ല, ഉണ്ടെങ്കില്‍ ചാടി എഴുന്നേറ്റേനെ... കാരണം എന്നോടൊത്ത് അഭിനയിക്കുക മഹ്മൂദിന് ഒരു കണിശം തന്നെയായിരുന്നു.
(തുടരും)
പി.എ.എം ഹനീഫ്
writerOther Articles