ചരിത്രത്തോടൊപ്പം നടന്നൊരാള്‍...
കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ മുബാറക് ടെക്‌സ്റ്റൈല്‍സില്‍ ഓര്‍മ്മകളുടെ അറ തുറന്ന് മുഹമ്മദ് മുബാറക് ഹാജിയുണ്ട്. കാസര്‍കോടന്‍ ചരിത്രത്തിന്റെ ഭാഗമായൊരാള്‍. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും പ്രമുഖ പാര്‍ട്ടികളുടെ അമരക്കാരനും അനാഥാലയങ്ങളുടെ കൂട്ടുകാരനും വ്യാപാരിയും പത്രഏജന്റും ഒക്കെയായി ചരിത്രത്തിന്റെ ഓരം ചേര്‍ന്ന് നടന്നൊരാള്‍. സമര പോരാട്ടങ്ങളുടെ വീഥിയിലും മുബാറക് ഹാജിയുണ്ടായിരുന്നു. 1931ല്‍ ആലംപാടിയില്‍ ജനിച്ച് കാസര്‍കോടിന്റെ ഭാഗമായി തീര്‍ന്ന ഒരാളാണ് അദ്ദേഹം. കഴിഞ്ഞു പോയ കാലഘട്ടത്തിന്റെ ഒരു പാട് ഓര്‍മ്മചിത്രങ്ങള്‍ അദ്ദേഹത്തിലുണ്ട്. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ധനകാര്യ മന്ത്രി ലിയാഖത്ത് അലിഖാന് റോസാപ്പൂ സമ്മാനിച്ചതും മലയാള ഭാഷക്ക് വേണ്ടി പ്രക്ഷോഭത്തിന്റെ മുന്‍ നിരയില്‍ നിന്നതും പ്രൊഫ. ജോസഫ് മുണ്ടശ്ശേരി വിദ്യാനഗര്‍ എന്ന മനോഹരമായ പേര് സമ്മാനിക്കുമ്പോള്‍ അതിന് സാക്ഷിയായതും തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് ജയിച്ചതും കാലിടറിയതും... അങ്ങനെ ഓര്‍മ്മകളുടെ ഒരു പൂക്കുല.
മുബാറക് ഹാജിക്ക് വയസ്സ് 87. ജനനതീയതി മാത്രമല്ല, ജനന സമയം പോലും അദ്ദേഹം കൃത്യമായി എഴുതി വെച്ചിട്ടുണ്ട്. 1931 ഡിസംബര്‍ 31നായിരുന്നു ജനനം. ഹിജ്‌റ 1350 ശവ്വാല്‍ മാസം മൂന്നിന്, രാത്രി 9 മണിക്ക്. ആലംപാടി മേനങ്കോട് അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും ആയിഷയുടെയും മകനായാണ് ജനനം.
ആലംപാടി സ്‌കൂളില്‍ പഠനം കഴിഞ്ഞ് 1944ല്‍ അഞ്ചാം തരത്തില്‍ തളങ്കരയിലെ ഗവ. മുസ്ലിം ഹൈസ്‌കൂളില്‍ ചേര്‍ന്ന മുഹമ്മദ് മുബാറക് എന്ന വിദ്യാര്‍ത്ഥി ദിവസവും രാവിലെ അക്ഷരമധുരം നുണയാനെത്തിയത് ഒമ്പതര കിലോമീറ്റര്‍ നടന്നാണ്. കുട്ടിക്കാലത്തെ നടത്തത്തിന്റെ കരുത്ത് ആ കാലുകളില്‍ ഇന്നുമുണ്ട്. പുതിയ ബസ്സ്റ്റാന്റിലൂടെ വേഗത്തില്‍ തലങ്ങും വിലങ്ങും നടക്കുന്ന മുബാറക് ഹാജിയെ നോക്കി എല്ലാവരും പറയുന്നു; ഈ പ്രായത്തില്‍ ഇത്രയും വേഗത്തില്‍ ... ദൈവാനുഗ്രഹം.
അക്കാലത്ത് കൃഷിയായിരുന്നു ആലംപാടി ദേശത്തിന്റെ പ്രധാന വരുമാനമാര്‍ഗം. കരിമ്പ് ആട്ടിയെടുത്ത് ശര്‍ക്കരയുണ്ടാക്കി വില്‍ക്കുന്ന ആലകളും ആലംപാടിയില്‍ ധാരളമുണ്ടായിരുന്നു. ശര്‍ക്കരയും കൃഷി ഉല്‍പ്പന്നങ്ങളുമായി അതിരാവിലെ മംഗലാപുരത്തേക്കും പുത്തൂരിലേക്കും നീങ്ങിയിരുന്ന കാളവണ്ടികളുടെ മണിക്കിലുക്കം മുബാറക് ഹാജിയുടെ ഓര്‍മ്മയില്‍ ഇന്നുമുണ്ട്.
ലിയാഖത്ത് അലിഖാന് പൂച്ചെണ്ട്
1942ല്‍ ആലംപാടി എലിമെന്ററി സ്‌കൂളില്‍ ചേരുന്നതിന് മുമ്പ് കുറച്ച് കാലം ആലംപാടിയിലെ പള്ളി ദര്‍സിലായിരുന്നു പഠനം. പിന്നീടാണ് മുസ്ലിം ഹൈസ്‌കൂളിലേക്ക് മാറിയത്. ഇന്ത്യന്‍ ധനകാര്യ മന്ത്രിയായിരുന്ന ലിയാഖത്ത് അലി ഖാന്‍ മുസ്ലിം ഹൈസ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. കാസര്‍കോടിന് വലിയ ആവേശമായിരുന്നു ആ സന്ദര്‍ശനം. ധനകാര്യ മന്ത്രിക്ക് പൂച്ചെണ്ട് സമ്മാനിക്കാനായി പ്രധാനാധ്യാപകന്‍ പേരു വിളിച്ചത് മുഹമ്മദ് മുബാറക്കിനെ. നീണ്ടു മെലിഞ്ഞ ആ വിദ്യാര്‍ത്ഥി പൂച്ചെണ്ട് നീട്ടി. പുഞ്ചിരിച്ച് കൊണ്ട് സ്വീകരിച്ച് ലിയാഖത്ത് അലി ഖാന്‍ മുഹമ്മദ് മുബാറകിന്റെ തലയില്‍ കൈവെച്ചു. അനുഗ്രഹത്തിന്റെ പെരുമഴ.
പതുക്കെ അദ്ദേഹം കാസര്‍കോടിന്റെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് പാദം വെച്ചു. 1948 മാര്‍ച്ച് 10ന് മദ്രാസ് രാജാജി ഹാളില്‍ നടന്ന മുസ്ലിം ലീഗ് രൂപീകരണ യോഗത്തില്‍ പങ്കെടുക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ സാധിച്ചില്ല. ആ നിരാശ മറി കടന്നത് മദ്രാസിലെ യോഗത്തില്‍ കാസര്‍കോട്ട് നിന്ന് പങ്കെടുത്ത് മടങ്ങിയ മാഹിന്‍ ഷംനാടിന് കാസര്‍കോട്ട് നല്‍കിയ സ്വീകരണത്തില്‍ മുന്‍നിരയില്‍ നിന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചാണ്. 1948ല്‍ മാര്‍ച്ച് 12ന് രാവിലെയായിരുന്നു അത്.
മാഹിന്‍ ഷംനാടിന് വേണ്ടി പ്രചാരണം
1952ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ മാഹിന്‍ ഷംനാട് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാകുന്നു. സൗത്ത്കനറ ജില്ലയില്‍പെടുന്ന കാസര്‍കോട് താലൂക്ക് അന്ന് മദിരാശി അസംബ്ലിയുടെ ഭാഗമായിരുന്നു.
മുഹമ്മദ് മുബാറകിന് മാഹിന്‍ ഷംനാട് എന്ന പേരു തന്നെ ആവേശമാണ്. എതിരാളി കോണ്‍ഗ്രസിലെ എം.എസ് മൊഗ്രാലാണ്. ഷംനാട് തിരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന ഉറപ്പൊന്നുമില്ലായിരുന്നു. കെട്ടിവെച്ച കാശു കിട്ടണം. മാനം കാക്കണം. അത്രയെ ആഗ്രഹിച്ചിരുന്നുള്ളു.
മാഹിന്‍ ഷംനാട് തോറ്റു. എങ്കിലും മുഹമ്മദ് മുബാറകിന്റെ നേതൃത്വത്തില്‍ ടൗണില്‍ ഉശിരന്‍ പ്രകടനം നടന്നു. മുദ്രാവാക്യം ലളിതമായിരുന്നു.
'കിട്ടിപ്പോയി.. കിട്ടിപ്പോയി, കെട്ടിവെച്ച കാശ് കിട്ടിപ്പോയി...'
***
മുസ്ലിം ഹൈസ്‌കൂളില്‍ നിന്ന് പത്താതരം പഠനം കഴിഞ്ഞിറങ്ങുമ്പോള്‍ മുഹമ്മദ് മുബാറക് എന്ന വിദ്യാര്‍ത്ഥിയുടെ ഉള്ളില്‍ രാഷ്ട്രീയം തിളച്ച് മറിയുന്നുണ്ടായിരുന്നു. പിന്നീട് അദ്ദേഹം മുസ്ലിം യൂത്ത് ലീഗ് താലൂക്ക് ജോ. സെക്രട്ടറിയായി. രാഷ്ട്രീയത്തില്‍ വെച്ചടി വെച്ചുള്ള ഉയര്‍ച്ചയുടെ തുടക്കം അവിടെ നിന്നായിരുന്നു.
മുണ്ടശ്ശേരിക്ക് നന്ദി
കുഞ്ഞിമായിന്റടി എന്ന സ്ഥലത്തിന് വിദ്യയുടെ അമൃത് ചൊരിയുന്ന 'വിദ്യാനഗര്‍' എന്ന പേര് വിളിച്ചത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയാണ്. അതൊരു തര്‍ക്കത്തിനൊടുവില്‍ പിറന്ന പേരാണ്. കാസര്‍കോട് ഗവ. കോളേജിന് തറക്കല്ലിടാനായി എത്തിയ ജോസഫ് മുണ്ടശ്ശേരി പുലിക്കുന്നിലെ ഗവ. അതിഥി മന്ദിരത്തില്‍ വിശ്രമിക്കുകയാണ്. കുഞ്ഞിമാവിന്റടിക്ക് കൃഷ്ണ നഗര്‍ എന്ന പേര് നല്‍കണമെന്നാവശ്യപ്പെട്ട് നഗരത്തിലൂടെ ഒരു പ്രകടനം നടന്നു പോകുന്നു. ഇതറിഞ്ഞ മുഹമ്മദ് മുബാറക് ഹാജി കുറച്ച് ആളുകളെ കൂട്ടി, വിദ്യാനഗറിന് തന്‍ബീഹാബാദ് എന്ന് പേരിടണമെന്നാവശ്യപ്പെട്ട് മറ്റൊരു പ്രകടനം നടത്തി. വിവരം മുണ്ടശ്ശേരിയുടെ കാതിലെത്തി. അദ്ദേഹം ഇരുകൂട്ടരെയും വിളിപ്പിച്ച് കാര്യം തിരക്കി. അവസാനം മുണ്ടശ്ശേരി തന്നെ ഒരു പേര് വിളിച്ചു; വിദ്യാനഗര്‍. നല്ല പേര്. ചേരി തിരിഞ്ഞ് പ്രകടനം നടത്തിയവര്‍ പരസ്പരം കെട്ടിപ്പിടിച്ചു. വിദ്യാനഗര്‍ എന്ന പേര് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി നാമകരണം ചെയ്യുന്നതിന് സാക്ഷിയാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം മുബാറക് ഹാജിയുടെ ഉള്ളില്‍ ഇപ്പോഴുമുണ്ട്... 1957ല്‍, 26 വയസ്സുള്ളപ്പോഴാണ് മുഹമ്മദ് മുബാറക് ഹാജി മുട്ടത്തൊടി പഞ്ചായത്തിന്റെ പ്രസിഡണ്ടാവുന്നത്. ഓപ്പണ്‍ വോട്ടിങ്ങിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. അന്ന് 7 അംഗങ്ങള്‍ മാത്രമായിരുന്നു പഞ്ചായത്തിന്. കൃത്യം നാല് വര്‍ഷവും മൂന്ന് മാസവും മുബാറക് ഹാജി പ്രസിഡണ്ടായി തുടര്‍ന്നു. 1964 മുതല്‍ ചെങ്കള പഞ്ചായത്ത് മെമ്പറായി. 995വരെ തുടര്‍ന്നു. ഇടക്കാലത്ത് ഒരുതവണ വൈസ് പ്രസിഡണ്ടുമായിട്ടുണ്ട്. 1990ലാണ് മുബാറക് ഹാജി കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അംഗമാവുന്നത്. ചെര്‍ക്കള-മധൂര്‍ ഡിവിഷനില്‍ നിന്നായിരുന്നു തിരഞ്ഞെടുക്കപ്പെട്ടത്. 2005ല്‍ ചെമനാട് ഡിവിഷനില്‍ നിന്ന് ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും വൈസ് പ്രസിഡണ്ടാവുകയും ചെയ്തു. 1965 മുതല്‍ 1975 വരെ കണ്ണൂര്‍ ജില്ലാ വികസന സമിതിയംഗമായും മുബാറക് ഹാജി പ്രവര്‍ത്തിച്ചു.
പാര്‍ട്ടികള്‍ പലത്
മുബാറക് ഹാജിക്ക് ഒരു രീതിയുണ്ട്. തനിക്ക് ശരിയെന്ന് തോന്നുന്നതിനൊപ്പം നില്‍ക്കും. തന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് പാര്‍ട്ടി എന്ന് തോന്നിയാല്‍ മറുപുറം ചാടാനും മടിക്കില്ല. മുസ്ലീംലീഗിന്റെ കൈപിടിച്ചാണ് അദ്ദേഹം രാഷ്ട്രീയപാത താണ്ടിയത്. എന്നാല്‍ പാര്‍ട്ടിയോട് അനിഷ്ടം തോന്നിയപ്പോള്‍ അഖിലേന്ത്യാ ലീഗിലേക്കും നാഷണല്‍ ലീഗിലേക്കും ചുവടുമാറിയ ചരിത്രവുമുണ്ട്. ഒരുകാലത്ത് മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിക്ക് കരുത്ത് പകര്‍ന്ന, പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച ഒരാളായിരുന്നു മുബാറക് ഹാജി. മുസ്ലിംലീഗിന്റെ ജില്ലാ ജനറല്‍ സെക്രട്ടറി പദംവരെ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. മുസ്ലിംലീഗ് താലൂക്ക് സെക്രട്ടറി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിലും പാര്‍ട്ടിക്ക് വേണ്ടി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. മുസ്ലിംലീഗ് പിളര്‍ന്നപ്പോള്‍ അഖിലേന്ത്യാ ലീഗിനൊപ്പമായിരുന്നു ഹാജി സാഹിബ്. 1994ല്‍ ഇബ്രാഹിം സുലൈമാന്‍സേട്ട് ഇന്ത്യന്‍ നാഷണല്‍ ലീഗ് രൂപീകരിച്ചപ്പോള്‍ മുബാറക് ഹാജി പാര്‍ട്ടിയുടെ ജില്ലാ ചുമതലയേറ്റു. അദ്ദേഹം ജില്ലാ പ്രസിഡണ്ടായി. നാഷണല്‍ കിസാന്‍ ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 2010ല്‍ ഐ.എന്‍.എല്ലിലെ ഒരു വിഭാഗം മുസ്ലിംലീഗില്‍ ലയിച്ചതോടെ തന്റെ രാഷ്ട്രീയ ജീവിതത്തിന് താല്‍ക്കാലിക വിരാമം കുറിച്ച മുബാറക് ഹാജി ഈയിടെ ഐ.എന്‍.എല്ലില്‍ വീണ്ടും സജീവമാണ്. ഇപ്പോള്‍ പാര്‍ട്ടിയുടെ ജില്ലാ ട്രഷറായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.
(തുടരും)
T.A.Shafi
The writer is the sub editor of Utharadesam DailyOther Articles