ജീവിതം സന്ദേശമാക്കിയ ഗാന്ധിജി...
ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനം. ഒരിക്കല്‍കൂടി രാഷ്ട്രം മഹാത്മാവിന്റെ ഓര്‍മ്മ പുതുക്കുന്ന സുദിനം. ലോകം കണ്ട എക്കാലത്തെയും ഋഷിതുല്യനായ ആ കര്‍മയോഗിയുടെ നമ്മുടെ നാടിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികം.
വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും വേഷംകൊണ്ടും അനുകരണീയനായി ഒരു ജന്മം മുഴുവന്‍ രാഷ്ട്രത്തിനുവേണ്ടി ജീവിച്ച് ഒടുവില്‍ രക്തസാക്ഷിത്വം വഹിച്ച ആ മഹാത്മാവിന്റെ ഓര്‍മകള്‍ അദ്ദേഹത്തിന്റെ ജീവിത സന്ദേശങ്ങള്‍ കൊണ്ട് തന്നെ സ്മരിക്കപ്പെടും.
സ്വന്തം ജീവിതത്തെ സത്യാന്വേഷണ പരീക്ഷണങ്ങളായി കണ്ട് അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന പ്രവര്‍ത്തനങ്ങള്‍കൊണ്ട് ഭാരതജനതയുടെ ഹൃദയത്തിലിടം നേടിയ ഗാന്ധിജിയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഓരോ ഭാരതീയനെയും അസ്വസ്ഥമാക്കുന്ന ഒരുപിടി ചോദ്യങ്ങളുണ്ട്. ഗാന്ധിജി ഇന്ന് എവിടെയാണ്? നമ്മുടെ ഹൃദയത്തില്‍ ഗാന്ധിജിക്ക് സ്ഥാനമുണ്ടോ? എന്താണ് ആധുനിക കാലത്ത് അദ്ദേഹത്തിന്റെ ഉപദേശങ്ങളുടെ പ്രസക്തി? എന്നതൊക്കെ ആലോചിക്കേണ്ട ഒരവസരംകൂടിയാണിത്. ആധുനിക ലോകത്ത്, ശക്തമായ വേരോട്ടമുള്ള ഭീകരത, അക്രമം, വെറുപ്പ്, അനീതി, ജനാധിപത്യ ധ്വംസനം തുടങ്ങിയവയെ എതിര്‍ത്തു തോല്‍പ്പിച്ചില്ലെങ്കില്‍ വരുവാനിടയുള്ള വിപത്തുകളെക്കുറിച്ച് അദ്ദേഹം സദാ നമ്മെ ഓര്‍മ്മപ്പെടുത്തി. ഗാന്ധിജി അന്നു നല്‍കിയ ഈ ദീര്‍ഘവീക്ഷണം ചെവിക്കൊള്ളാനുള്ള ക്ഷമയോ വിവേകമോ നമുക്കുണ്ടായില്ല എന്നത് തീര്‍ത്തും ലജ്ജാവഹമാണ്. ക്വട്ടേഷന്‍ സംഘങ്ങളും തീവ്രവാദനിലപാടുകളും സാമൂഹികവിരുദ്ധരും ജീവിതം ദുസ്സഹമാക്കിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് നാം ഗാന്ധിസ്മരണ പുതുക്കുന്നത്.
കോണ്‍ഗ്രസിന്റെ മഹാനായ നേതാവ് ബാല ഗംഗാധര തിലക് അന്തരിച്ചത് കോണ്‍ഗ്രസിന് ആഘാതമായ അവസരത്തിലാണ് സത്യഗ്രഹ സമരമുറയുടെ നേതാവായ മോഹന്‍ കുമാര്‍ കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയില്‍ ഇന്ത്യ പുതിയ നേതാവിനെ കണ്ടെത്തുന്നത്. ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനായി ഗാന്ധിയുടെ പിന്നില്‍ അണി നിരന്ന കാഴ്ചയായിരുന്നു പിന്നീട് കാണാന്‍ കഴിഞ്ഞത്.
ഗാന്ധിജി നേതൃ സ്ഥാനത്തേക്ക് വന്നതിനുശേഷം മൂന്ന് ദശകങ്ങളിലായി നടന്ന സഹന സമരങ്ങള്‍ ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പുലരിയില്‍ കൊണ്ടെത്തിച്ചു.
1920-22 കാലഘട്ടത്തില്‍ നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷ് ഭരണാധികാരികളെ അങ്കലാപ്പിലാഴ്ത്താന്‍ ഗാന്ധിജിക്ക് സാധിച്ചു. ജനങ്ങള്‍ സ്‌കൂളുകളും കോളേജുകളും കോടതികളും ബഹിഷ്‌കരിച്ചു. നിസ്സഹകരണ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോള്‍ ഭരണാധികാരികള്‍ ഗാന്ധിജിയെ അറസ്റ്റ് ചെയ്തു. ഗാന്ധിജിക്ക് ആറ് വര്‍ഷം തടവ് നല്‍കിയ കോടതി നടപടികള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളും സശ്രദ്ധം വീക്ഷിക്കുകയായിരുന്നു.
1930-31 കാലഘട്ടത്തിലെ ഉപ്പു സത്യഗ്രഹം ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. ഉപ്പ് നിര്‍മ്മിക്കുന്നത് സര്‍ക്കാരിന്റെ കുത്തകയാക്കിയ നടപടിക്കെതിരെ ഗാന്ധിജി നടത്തിയ നിയമ ലംഘനമായിരുന്നു അത്. എഴുപത്തിയൊമ്പത് അനുയായികള്‍ക്കൊപ്പം സബര്‍മതി ആശ്രമത്തില്‍ നിന്ന് ദണ്ഡിയെന്ന തീരപ്രദേശത്തേക്ക് യൗവ്വനത്തിന്റെ ചുറുചുറുക്കോടെ അറുപത്തിരണ്ടുകാരനായ ഗാന്ധിജി നടത്തിയ യാത്ര ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വര്‍ണോജ്ജ്വലമായ ഏടാണ്. ദിനവും കാല്‍നടയായി 15 മൈലോളം യാത്രചെയ്താണ് ഗാന്ധിജി ദണ്ഡിയിലെത്തിയത്.
1942ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭമാണ് സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിച്ചത്. അഹിംസാ മാര്‍ഗ്ഗത്തിലൂടെയാണ് ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം തുടങ്ങിയത്. 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന ഗാന്ധിജിയുടെ സന്ദേശം ദേശത്തെയാകെ ഇളക്കി മറിച്ചു. ലാത്തിയടികളും വെടിയുണ്ടകളും ജനമുന്നേറ്റത്തെ തടയാന്‍ പര്യാപ്തമായിരുന്നില്ല.
ഓഗസ്റ്റ് 15, 1947ല്‍ ഇന്ത്യയിലെ ജനങ്ങളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി, ഇന്ത്യ സ്വതന്ത്രമായി. പാകിസ്ഥാനും ഇന്ത്യയും എന്ന രണ്ട് രാജ്യങ്ങളുടെ പിറവിയോടെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സ്വപ്‌നം പൂവണിഞ്ഞത്ഗാന്ധിജിയുടെ ഇഷ്ടത്തിന് വിപരീതമായിട്ടായിരുന്നു രണ്ട് രാജ്യമായി വിഭജിക്കപ്പെട്ടത്.
ഇന്ത്യയ്ക്ക് വേണ്ടി ഒരു ജീവിതം മുഴുവന്‍ പൊരുതിയ ഗാന്ധിജി 1948 ജനുവരി 30ന് നാഥുറാം ഗോഡ്‌സെ എന്ന മതതീവ്രവാദിയുടെ വെടിയേറ്റ് മരിച്ചു. പതിവുപോലെ, വൈകിട്ട് 5:30ന് ഉള്ള പ്രാര്‍ത്ഥനായോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഗാന്ധിജി. നാഥുറാം ഗോഡ്‌സെ ഗാന്ധിജിയെ തലകുനിച്ച് വണങ്ങി, പിന്നെ പോയന്റ് ബ്ലാങ്ക് റേഞ്ചില്‍ മൂന്ന് വെടിയുണ്ടകള്‍ ആ പുണ്യാത്മാവിന്റെ ജീവന്‍ അപഹരിച്ചു.
ഗാന്ധിജിയുടെ സിദ്ധാന്തങ്ങള്‍ക്ക്, അദ്ദേഹം അവതരിപ്പിച്ച പ്രവര്‍ത്തന മാതൃകകള്‍ക്ക്, ഇന്ത്യയില്‍ ഗൗരവമായ സ്വീകാര്യത ലഭിച്ചോ എന്നു നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. ലോകരാഷ്ട്രങ്ങളും രാഷ്ട്രത്തലവന്മാരും എന്തിനധികം, പാശ്ചാത്യരാജ്യങ്ങള്‍പോലും ഗാന്ധിജിയെക്കുറിച്ച് മനസ്സിലാക്കിക്കൊണ്ടിരിക്കുകയാണല്ലോ. അമേരിക്കന്‍ പ്രസിഡണ്ടായിരുന്ന ബരാക് ഒബാമ ഒരവസരത്തില്‍ അഭിപ്രായപ്പെടുകയുണ്ടായി. 'മരിച്ചുപോയ ഏതെങ്കിലും മഹാന്മാരോടൊപ്പമിരുന്നു ഭക്ഷണം കഴിക്കാന്‍ ദൈവമൊരവസരം തന്നു എന്നു വിചാരിക്കുക; അങ്ങനെയെങ്കില്‍ ഞാന്‍ ഗാന്ധിജിയോടൊപ്പമിരുന്നു ഭക്ഷണം കഴിക്കാനിഷ്ടപ്പെടുന്നു.
'എന്റെ ജീവിതമാണ് എന്റെ സന്ദേശം, ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിംസയുമാണ് എന്റെ ദൈവങ്ങള്‍', എന്നെല്ലാം പഠിപ്പിച്ച ഗാന്ധിജിയെ നാം മറന്നുകൊണ്ടിരിക്കുന്നു. ഗാന്ധിമാര്‍ഗത്തില്‍നിന്ന് നാം അകന്നുപോയതാണ് നാമിന്നനുഭവിക്കുന്ന പ്രതിസന്ധിക്ക് കാരണം.
ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജ്, ഗ്രാമങ്ങളിലാണ് ഭാരതത്തിന്റെ ആത്മാവ് കുടികൊള്ളുന്നതെന്നും ഗ്രാമങ്ങളുടെ സ്വയം പര്യാപ്തതയാണ് ഭാരതത്തിന്റെ സ്വയംപര്യാപ്തത എന്നും അദ്ദേഹം വിശ്വസിച്ചു. ഓരോ ഗ്രാമവും പരമാധികാര റിപ്പബ്ലിക്കാവേണ്ട ആവശ്യകതയെക്കുറിച്ചും അദ്ദേഹം നമ്മെ ഓര്‍മിപ്പിച്ചു. വിദ്യാഭ്യാസരംഗത്ത്, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും ദീര്‍ഘവീക്ഷണത്തിലധിഷ്ഠിതമായ നിലപാടുകളും പ്രധാനമാണ്. ഒരു വ്യക്തിയുടെ, ശാരീരികവും മാനസികവും ആത്മീയവുമായ വളര്‍ച്ച എന്നാണ് അദ്ദേഹം വിദ്യാഭ്യാസത്തെ നിര്‍വചിച്ചത്. ദേശീയപ്രസ്ഥാനത്തിന്റെ കാലഘട്ടത്തില്‍ അഹിംസയിലൂന്നിക്കൊണ്ടുള്ള സമരമുറകളിലൂടെ ഒരു സാമ്രാജ്യത്തെത്തന്നെ കെട്ടുകെട്ടിക്കാന്‍ ഗാന്ധിജിക്ക് കഴിഞ്ഞിട്ടുണ്ട്.
സത്യത്തിലും നീതിയിലുമധിഷ്ഠിതമായ ഒരു സാമൂഹിക ക്രമത്തിലൂന്നിക്കൊണ്ട് തന്റെ ആശയങ്ങള്‍ പ്രായോഗികമാക്കാന്‍ കാണിച്ചുതന്ന ആ മാര്‍ഗദീപം ഒരു കെടാവിളക്കായി ഹൃദയത്തിലേറ്റുവാങ്ങി വരുംതലമുറയ്ക്ക് കൈമാറാന്‍ നാം പ്രതിജ്ഞാബദ്ധരാവേണ്ടതുണ്ട്.
സി.ബി.മൊയ്തീന്‍ ചെങ്കള
writter