മറഞ്ഞു, വയലിന്‍ വിസ്മയവും ഹിറ്റുകളുടെ ഇന്ദ്രജാലകനും
സിനിമാ ലോകം ഏറെ പ്രാര്‍ത്ഥിച്ചിരുന്നു. ബാലഭാസ്‌കര്‍ ജീവിതത്തിലേക്ക് തിരിച്ച് വരണമേയെന്ന്. പക്ഷേ മരണമത് കേട്ടതായി ഭാവിച്ചില്ല. മകള്‍ തേജസ്വിനിയുടെ അരികിലേക്ക് ഭാര്യ ലക്ഷ്മിയെ തനിച്ചാക്കി കടന്നു പോയി. കഴിഞ്ഞയാഴ്ചയാണ് ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്.
മലയാളത്തെ സാന്ദ്രമായ ഒരനുഭൂതിയില്‍ മയക്കുവാന്‍ ദൈവം അയച്ച ഗന്ധര്‍വനായിരുന്നു ബാലഭാസ്‌കര്‍.
മലയാളികളുടെ മനസിലേക്ക് കയറി കൂടിയത് ആ മാന്ത്രിക വിരല്‍ സ്പര്‍ശത്തില്‍ കൂടിയായിരുന്നു. ശാസ്ത്രീയ സംഗീതത്തിന്റെ ഗഹനതയും സ്വരസഞ്ചാരവുമെല്ലാം ആ കൈവിരലുകളുടെ ചലനത്തിലൂടെ ഓടിക്കളിക്കുകയായിരുന്നു.
ആസ്വാദകരെ ചിരിപ്പിച്ചും കരയിപ്പിച്ചും സ്റ്റേജുകളില്‍ നിറഞ്ഞ ബാലഭാസ്‌ക്കര്‍ സംഗീതോപകരണങ്ങള്‍ക്ക് പാട്ടിന് താളം നല്‍കാന്‍ മാത്രമല്ല കാണികളെ പിടിച്ചിരുത്താനും കഴിവുണ്ടെന്ന് മലയാളികളെ പഠിപ്പിച്ച സംഗീതജ്ഞനാണ്. അടുക്കും ചിട്ടയുമുള്ള സംഗീതക്കച്ചേരികള്‍ മാത്രം കണ്ട മലയാളികള്‍ക്ക് നിയമത്തിന്റെ വേലികളില്ലാത്ത സ്വാതന്ത്രസംഗീതമായ ഫ്യൂഷന്‍ ആദ്യം പരിചയപ്പെടുത്തിയവരില്‍ ബാലഭാസ്‌കര്‍ മുന്‍പന്തിയിലായിരുന്നു.
ഇഷ്ടപ്പെടുന്നവയെ മനസും ശരീരവും മറന്ന് എന്നും കെട്ടിവരിഞ്ഞിരുന്നു ബാലഭാസ്‌കര്‍. കാല്‍പ്പനിക കവികളെ പോലെ വികാര വിക്ഷോഭങ്ങള്‍ക്കടിമപ്പെടുന്ന ഒരു മനസുമായാണ് ബാലഭാസ്‌കര്‍ ജീവിതത്തിലും വേദികളിലും നടന്നു നീങ്ങിയത്.
അഞ്ച് വര്‍ഷം തുടര്‍ച്ചയായി കേരള സര്‍വ്വകലാശാല യുവജനോത്സവത്തില്‍ വയലിനില്‍ ഒന്നാം സ്ഥാനം നേടിയ ബാലഭാസ്‌കര്‍ പതിനേഴാം വയസില്‍ മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്ക് സംഗീതം ചെയ്തു കൊണ്ട് മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി. പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴായിരുന്നു അത്. പിന്നീട് രാജീവ് നാഥിന്റെ മോക്ഷം, രാജീവ് അഞ്ചലിന്റെ പാട്ടിന്റെ പാലാഴി എന്ന സിനിമകള്‍ക്ക് സംഗീതം ചെയ്തു. പാട്ടിന്റെ പാലാഴിയില്‍ അഭിനയിച്ചിട്ടുണ്ട്.
യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുമ്പോഴാണ് ബാലഭാസ്‌കറും സുഹൃത്തുക്കളും ചേര്‍ന്ന് ആരംഭിച്ച കണ്‍ഫ്യൂഷന്‍ കേരളത്തിലെ കലാലയങ്ങളില്‍ നിന്നു പിറവിയെടുത്ത ആദ്യ കാല മ്യൂസിക് ബാന്‍ഡുകളിലൊന്നായി. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, നെയ്യാറ്റിന്‍കര വാസുദേവന്‍, കലാമണ്ഡലം ഹൈദരാലി തുടങ്ങിയവര്‍ക്കൊപ്പം ഫ്യൂഷനും അവതരിപ്പിച്ചു.
വയലിന്‍ തന്ത്രികളില്‍ പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രഭാവങ്ങളെ സംഗീതത്തിന്റെ ഇന്ദ്രജാലമാക്കി മാറ്റിയ മാന്ത്രികനായിരുന്നു ബാലഭാസ്‌കര്‍. ഫ്യൂഷന്‍ സംഗീതത്തെ അനാഥമാക്കി കടന്നു പോകുമ്പോള്‍ അദ്ദേഹം വയലിനില്‍ തീര്‍ത്ത വിസ്മയങ്ങളായിരിക്കും സംഗീതാസ്വാദകര്‍ എക്കാലവും ഓര്‍ക്കുക.
***
മോഹന്‍ലാല്‍ എന്ന നടനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിച്ച സിനിമയായിരുന്നു രാജാവിന്റെ മകന്‍. ഈ ചിത്രം കൊണ്ട് സംവിധായകന്‍ തമ്പി കണ്ണന്താനത്തിന് സൂപ്പര്‍ ഹിറ്റ് ചിത്ര സംവിധായക പരിവേഷം ലഭിക്കുകയായിരുന്നു.
രാജാവിന്റെ മകന്‍ പിറവിയെടുത്തതോടെ മോഹന്‍ലാല്‍ എന്ന നടന് കൈനിറയെ ചിത്രങ്ങള്‍ എത്തി. പത്തോളം ആക്ഷന്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ തമ്പികണ്ണന്താനത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
പഠനത്തിന് ശേഷം ബിസിനസ് മോഹവുമായാണ് തമ്പി മദ്രാസിലേക്ക് വണ്ടി കയറുന്നത്. അവിടെ സംവിധായകന്‍ ശശികുമാറിന്റെയടുക്കല്‍ എത്തിയതോടെ സിനിമ മേഖലയിലേക്ക് തിരിയുകയായിരുന്നു. തമ്പിയുടെ കഴിവുകളെ മനസിലാക്കിയ ശശികുമാര്‍ ജോഷിയെ പരിചയപ്പെടുത്തി.
ജോഷിയടക്കമുള്ള പ്രമുഖ സംവിധായകര്‍ക്കൊപ്പം സഹസംവിധായകനായി. സ്വതന്ത്ര സംവിധായകനായെങ്കിലും കൈപ്പേറിയ അനുഭവങ്ങള്‍ നേരിട്ടു.
1983ല്‍ പ്രേംനസീറിനെ നായകനാക്കി പാസ്‌പോര്‍ട്ട് സംവിധാനം ചെയ്‌തെങ്കിലും പരാജയമായിരുന്നു. അതേ വര്‍ഷം തന്നെ സോമനെ നായകനാക്കി താവളം ചെയ്തു. അതും ബോക്‌സോഫീസില്‍ പരാജയത്തിന്റെ രുചിയറിഞ്ഞു. ആ ചിത്രത്തില്‍ മോഹന്‍ലാലും ഉണ്ടായിരുന്നു. മമ്മൂട്ടിയെ നായകനാക്കി ആ നേരം അല്‍പദൂരം ചെയ്‌തെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല.
മൂന്ന് സിനിമകളുടെ പരാജയം തമ്പിയെ തളര്‍ത്തിയെങ്കിലും 1986ല്‍ സംവിധാനം ചെയ്ത രാജാവിന്റെ മകനിലൂടെയുള്ള രണ്ടാം വരവിലൂടെയാണ് സംവിധാനം അര കിട്ടുറപ്പിച്ചത്.
പതിനാറ് സിനിമകള്‍ സംവിധാനം ചെയ്ത തമ്പിയുടെ സിനിമകളില്‍ പകുതിയിലധികവും സൂപ്പര്‍ ഹിറ്റാവുക മാത്രമല്ല ഓരോ കാലഘട്ടത്തിലും ട്രെന്‍ഡുകള്‍ സൃഷ്ടിക്കാനും കഴിഞ്ഞിരുന്നു.
മോഹന്‍ലാല്‍ എന്ന നടന്റെ കരിയര്‍ ഗ്രാഫില്‍ ഈ സംവിധായകന്റെ പങ്ക് വളരെ വലുതാണ്.
പ്രേക്ഷകര്‍ ഇന്നും ആവേശപൂര്‍വ്വം ഓര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ തമ്പിയുടെ മിക്ക സിനിമകളുമുണ്ട്. മോഹന്‍ലാലും തമ്പിയും ഒന്നിച്ചാല്‍ സൂപ്പര്‍ ഹിറ്റ് എന്ന മുന്‍ വിധി തന്നെ പ്രേക്ഷകര്‍ക്കുണ്ടായിരുന്നു.
മോഹന്‍ലാലിനൊടുള്ള അടുപ്പം ഒന്നാമന്‍ സിനിമയില്‍ പ്രണവിനെ അഭിനയിപ്പിച്ച് അരങ്ങേറ്റം കുറിച്ചു. രാജാവിന്റെ മകന്റെ രണ്ടാം ഭാഗം ചെയ്യാനുള്ള ഒരുക്കത്തിനിടെയാണ് രോഗം ആക്രമിക്കുന്നതും മരണം കൈപിടിച്ച് കൊണ്ടു പോവുന്നതും മലയാള സിനിമയ്ക്ക് നഷ്ട കണക്കുകള്‍ വരുത്തിവെച്ചാണ് ബാലഭാസ്‌കറും തമ്പി കണ്ണന്താനവും വിടവാങ്ങുന്നത്.
കണ്ണീര്‍പ്പൂക്കള്‍...
Shafi Theruvath
writerOther Articles

  പാട്ട് നിര്‍ത്തി പറന്നകന്നു 'മിഹ്‌റാജ് രാവിലെ കാറ്റ്....'

  പതിവു തെറ്റിച്ച് മത്സരിച്ച് വോട്ട് ചെയ്ത് താരങ്ങള്‍

  പെരുവഴിയിലേക്ക് തള്ളിവിട്ട ഒരമ്മയുടെ കഥയുമായി 'നോവ്'

  5 ദിവസം കൊണ്ട് 10 കോടി; ബാലന്‍ വക്കീല്‍ ഹിറ്റിലേക്ക്...

  ഈ പുരസ്‌ക്കാരം എന്നെ സ്‌നേഹിച്ചവര്‍ക്ക്: പത്മഭൂഷണെക്കുറിച്ച് മോഹന്‍ലാല്‍

  നഷ്ടം നിര്‍മ്മാതാക്കള്‍ക്ക്: ബോക്‌സോഫീസില്‍ വീണത് 114 ചിത്രങ്ങള്‍

  ക്രിസ്തുമസ് നവവത്സരത്തിന് യുവതാര ചിത്രങ്ങള്‍

  ഒടിയന്‍ തീയേറ്ററുകളില്‍ പ്രതീക്ഷയോടെ പ്രേക്ഷകര്‍

  രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നാളെ തുടക്കം

  കട്ടപ്പനയില്‍ നായകന്‍ ആകേണ്ടിയിരുന്നത് മറ്റൊരു നടന്‍ വെള്ളിപ്പെടുത്തലുമായി വിഷ്ണു

  ഓട്ടര്‍ഷ വിശേഷവുമായി സുജിത് വാസുദേവ്...

  ഗോവ ചലച്ചിത്രമേളയില്‍ ആറ് മലയാളസിനിമകള്‍

  ജയന്‍ മറഞ്ഞു പോയിട്ട് 38 വര്‍ഷങ്ങള്‍...

  ഇന്ദ്രന്‍സിനെ അപമാനിച്ചു; പത്രിഷേധവുമായി ആളൊരുക്കം സംവിധായകന്‍

  ഉണ്ടയുമായി മമ്മുട്ടി കാസര്‍കോട്ട്