നാടിന്റെ കണ്ണാകുന്ന കാണിയൂര്‍ പാത
ദീര്‍ഘനാളത്തെ കാത്തിരിപ്പിന് ശേഷം കാസര്‍കോട് ജില്ലയുടെ വലിയൊരു സ്വപ്നം പൂവണിയുകയാണ്. കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ പാത വെറും സ്വപ്ന പദ്ധതി മാത്രമായി അവശേഷിക്കുമോയെന്ന ആശങ്ക ദൂരീകരിക്കുന്ന ശുഭകരമായ വിവരം ഒടുവില്‍ നമ്മെ തേടിയെത്തിയിരിക്കുകയാണ്. കാണിയൂര്‍ പാതക്ക് സ്ഥലം ഏറ്റെടുത്ത് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം കാസര്‍കോട് ജില്ലയിലെ മലയോരവാസികള്‍ അടക്കമുള്ളവരുടെ പ്രതീക്ഷകളെ വാനോളം ഉയര്‍ത്താന്‍ പര്യാപ്തമാവുകയാണ്. പല ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്കും സ്‌റ്റോപ്പ് നല്‍കാതെയും ചില ട്രെയിനുകള്‍ നിര്‍ത്തലാക്കിയും കാസര്‍കോടിനെ റെയില്‍വെ അധികൃതര്‍ അവഗണിക്കുകയാണെന്ന പരാതി ശക്തമായി നിലനില്‍ക്കുമ്പോഴാണ് മലയോര മേഖലയിലെ ജനങ്ങളുടെ യാത്രാക്ലേശങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമുണ്ടാക്കിക്കൊണ്ട് കാണിയൂര്‍ പാത വരുന്നത്. സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചാല്‍ രൂപ രേഖയ്ക്ക് അനുസൃതമായ പാത നിര്‍മ്മിക്കുന്ന പ്രവൃത്തിയിലേക്ക് കടക്കാനാകും. കാഞ്ഞങ്ങാട്ടെ മാണിക്കോത്ത് നിന്നാണ് റെയില്‍പ്പാത ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്. അജാനൂര്‍, പുല്ലൂര്‍-പെരിയ, കോടോം -ബേളൂര്‍, കള്ളാര്‍, പനത്തടി ഗ്രാമ പഞ്ചായത്തുകളാണ് കാണിയൂര്‍ റെയില്‍പ്പാതയുടെ പരിധിയില്‍വരിക. പുല്ലൂര്‍ പാലത്തിനടുത്ത് ദേശീയപാത മുറിച്ചുകടക്കുന്ന വിധത്തിലാണ് പാതയുടെ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. കാഞ്ഞങ്ങാട് നിന്ന് വിട്ടാല്‍ കൊട്ടോടി, പാണത്തൂര്‍, സുള്ള്യ, കാണിയൂര്‍ എന്നിവിടങ്ങളില്‍ റെയില്‍വെ സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റ് റെയില്‍പ്പാതകളെ അപേക്ഷിച്ച് സവിശേഷതകള്‍ നിറഞ്ഞ പാതകൂടിയാകുമിത്. സമതല പ്രദേശങ്ങളിലൂടെ മാത്രമേ പാളങ്ങള്‍ നിര്‍മ്മിക്കാനാകൂവെന്ന ധാരണയ്ക്ക് ഒരു പൊളിച്ചെഴുത്ത് കൂടിയാണ് ഈ പദ്ധതി. കാണിയൂര്‍ പാതയുടെ നീളം 92 കിലോമീറ്ററായാണ് കണക്കാക്കുന്നത്. കാഞ്ഞങ്ങാട്ട് നിന്ന് പാണത്തൂരിലേക്ക് 42 കിലോമീറ്റര്‍ വരും. കാഞ്ഞങ്ങാട്ട് നിന്നും പുറപ്പെടുന്ന വണ്ടി 20 മിനുട്ടില്‍ തന്നെ പാണത്തൂരിലേക്കെത്തും. കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ നിന്ന് കാണിയൂര്‍വരെ 50 കിലോമീറ്ററാണ് പാതയുടെ നീളം. കാണിയൂരിനടുത്ത ഇടമങ്കലത്താണ് പാത സംഗമിക്കുന്നത്. പാണത്തൂരില്‍ നിന്ന് 20 മിനുട്ട് കൊണ്ട് സുള്ള്യയിലെത്താന്‍ സാധിക്കും. ഇവിടെ നിന്നും ഹാസനിലെത്താന്‍ രണ്ടുമണിക്കൂറിന്റെ യാത്രമതി. ശ്രാവണബളഗോള വഴിയുള്ള പാതയില്‍ കയറിയാല്‍ ബംഗളൂരുവിലെത്തുമ്പോള്‍ കാഞ്ഞങ്ങാട്ട് നിന്നും പുറപ്പെട്ട് അവസാനിച്ച യാത്രാ സമയം 6 മണിക്കൂറാകും. മൈസൂരോ തുംകൂറോ വഴിയാണെങ്കില്‍ ഒരു മണിക്കൂര്‍ അധികമെടുക്കുമെന്ന് മാത്രം.
നാടിന്റെ വികസനത്തിന് വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കാന്‍ കാണിയൂര്‍ പാതക്ക് സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിനോദ സഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും ഏറെ പ്രയോജനപ്പെടും. ടൂറിസം രംഗത്ത് വലിയൊരു കുതിച്ചുചാട്ടവുമുണ്ടാകും. കാസര്‍കോട് ജില്ലക്കാരുടെ ബംഗളൂരു യാത്ര എളുപ്പമാകുന്നതോടൊപ്പം തന്നെ കേരള കര്‍ണ്ണാടക വ്യാപാര ബന്ധത്തിന് ഇതുണ്ടാക്കുന്ന ഗുണങ്ങള്‍ ഏറെ വലുതാണ്. ജില്ലയിലെ മലയോര കര്‍ഷകരുടെ ജീവിതത്തിലും വലിയ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. റബ്ബര്‍, കുരുമുളക്, കശുവണ്ടി, തേങ്ങ, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ മലഞ്ചരക്ക് സാധനങ്ങളും പാലുല്‍പ്പന്നങ്ങളും എളുപ്പത്തില്‍ ബംഗളൂരുവും തുംകൂറും അടക്കമുള്ള സംസ്‌കരണ ശാലകളിലേക്ക് എത്തിക്കാന്‍ സാധിക്കും. മലയോരത്തെ കാര്‍ഷിക മേഖലക്ക് പുത്തനുണര്‍വ്വ് പകരുന്ന പദ്ധതി കൂടിയാണിത്.
ഉത്തര കേരളത്തിലെ കര്‍ഷകര്‍ കര്‍ണ്ണാടകയിലെ ബാഗമണ്ഡലം, സുള്ള്യ, കോളാര്‍, മൈസൂര്‍ എന്നിവിടങ്ങളിലെ ജനസമ്പത്തുള്ള പ്രദേശങ്ങളില്‍ പുതിയ കൃഷിയിടങ്ങളുണ്ടാക്കാന്‍ രംഗത്തിറങ്ങിയ സാഹചര്യത്തില്‍ പ്രത്യേകിച്ചും. കേന്ദ്ര സഹായത്തോടെ കേരളവും കര്‍ണ്ണാടകവും കൈകോര്‍ത്തുപിടിച്ചാല്‍ പാത വേഗത്തില്‍ യാഥാര്‍ത്ഥ്യമാകും. പാതയുടെ ഏറ്റവും പുതുക്കിയ അടങ്കല്‍ 1458 കോടിരൂപയാണ്. പകുതി തുക വഹിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട് കര്‍ണ്ണാടകവും കേരളവും ബാക്കി വീതിച്ച് നല്‍കണം. കാഞ്ഞങ്ങാട് പാണത്തൂര്‍ ഭാഗത്ത് കിലോമീറ്റര്‍ കുറവായതിനാല്‍ കേരളം 325 കോടിയോളം രൂപ നല്‍കിയാല്‍ മതി.
കേരളവും കര്‍ണ്ണാടകവും ഇതിനുവേണ്ട സമ്മതപത്രം നല്‍കുന്നതില്‍ ഒരു വിധത്തിലുള്ള കാലതാമസവും വരുത്താന്‍ പാടില്ല.
പാണത്തൂര്‍-കാണിയൂര്‍ പാതയെന്ന ആശയത്തിന്റെ ഉത്ഭവം മുതല്‍ ഇപ്പോള്‍ മന്ത്രി സഭാ തീരുമാനം ഉണ്ടാകുന്നതുവരെയുള്ള കാലയളവുകളില്‍ പാതക്ക് വേണ്ടി നടത്തിയ ഇടപെടലുകളും സമ്മര്‍ദ്ദങ്ങളും സമാനതയില്ലാത്തതാണ്. മാലക്കല്ല് സ്വദേശിയും കണ്‍സ്ട്രക്ഷന്‍ എഞ്ചിനീയറുമായ ജോസ് കൊച്ചിക്കുന്നേലാണ് ഇത്തരമൊരു ആശയം ആദ്യം മുന്നോട്ട് വെച്ചത്. മലയോര വികസന സമിതി അധ്യക്ഷന്‍ ജോസഫ് കനകമൊട്ടക്ക് മുന്നില്‍ ജോസ് ആദ്യം ഇക്കാര്യം അവതരിപ്പിക്കുകയും ഈ ആശയം പൊതു സമൂഹത്തിന്റെ ശ്രദ്ധയിലേക്ക് വരികയും ചെയ്തു. പി. കരുണാകരന്‍ എം.പിക്കും. മുന്‍ റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവിനും നിവേദനങ്ങള്‍ നല്‍കി. ജോസ് കൊച്ചിക്കുന്നേല്‍ മുന്‍കൈയ്യെടുത്ത് ഇതിനായി കര്‍മ്മസമിതിയും നിലവില്‍വന്നു. റെയില്‍വെ ബോര്‍ഡ് പദ്ധതിയെ കുറിച്ച് ചര്‍ച്ച നടത്തുകയും പിന്നീട് ചെന്നെയില്‍ നിന്ന് റെയില്‍വെ എഞ്ചിനീയര്‍മാരും ഉദ്യോഗസ്ഥരുമെത്തി ജോസുമായി ആശയ വിനിമയം നടത്തുകയും ചെയ്തു.
2008-2009 ലെ റെയില്‍വെ ബജറ്റില്‍ അന്നത്തെ വകുപ്പുമന്ത്രി ലാലുപ്രസാദ് യാദവാണ് കാണിയൂര്‍പാതക്ക് വേണ്ടിയുള്ള ആദ്യസര്‍വ്വേ പ്രഖ്യാപിച്ചത്. 2008 നവംബറില്‍ പാണത്തൂര്‍ വരെയുള്ള പ്രാഥമിക സര്‍വ്വേ പൂര്‍ത്തിയാക്കുകയായിരുന്നു. ഇ.അഹമ്മദ് റെയില്‍വെ മന്ത്രിയായിരുന്ന 2010-11 കാലയളവിലെ ബജറ്റിലാണ് രണ്ടാംഘട്ട സര്‍വ്വേ നടത്തിയത്. രണ്ടാം ഘട്ടത്തില്‍ പാണത്തൂര്‍ മുതല്‍ കാണിയൂര്‍ വരെയുള്ള ഭാഗമാണുള്‍പ്പടുത്തിയിരുന്നത്. എന്നാല്‍ ഈ ഭാഗം 100മീറ്റര്‍ വനമേഖലയാണെന്ന വാദം സര്‍വ്വേ മുടങ്ങാന്‍ കാരണമായെങ്കിലും പി. കരുണാകരന്‍ എം.പി.യും ജോസ് കൊച്ചിക്കുന്നേലും അടക്കമുള്ളവര്‍ ഇ. അഹമ്മദിനെ വസ്തുതകള്‍ ബോധ്യപ്പെടുത്തി തടസ്സങ്ങള്‍ നീക്കുകയായിരുന്നു. ഇതിനിടെ സര്‍വ്വേ ഏറ്റെടുത്ത മൈസൂര്‍ ഡിവിഷന്റെ താല്‍പര്യക്കുറവ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കാനിട വരുത്തി. 2012-13 ലെ ബജറ്റില്‍ രണ്ടാം ഘട്ട സര്‍വ്വേക്ക് വീണ്ടും അനുമതി ലഭിച്ചെങ്കിലും കേന്ദ്രഭരണത്തില്‍ മാറ്റമുണ്ടായത് പദ്ധതിയെ അല്‍പം പിറകോട്ടടുപ്പിച്ചു. 2013-14 ഇടക്കാല ബജറ്റിലാണ് വീണ്ടും സര്‍വ്വേക്കുള്ള പ്രഖ്യാപനമുണ്ടായത്.
കാഞ്ഞങ്ങാട് മുതല്‍ കാണിയൂര്‍ വരെ സര്‍വ്വേ നടത്താന്‍ അന്നത്തെ റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡ നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 2015 മാര്‍ച്ച് 30ന് ട്രാഫിക് ഇക്കണോമിക് വിഭാഗത്തിലേതടക്കമുള്ള അന്തിമഘട്ട സര്‍വ്വേ പൂര്‍ത്തിയാക്കുകയും ഈ റിപ്പോര്‍ട്ട് റെയില്‍വെയുടെ ചെന്നൈ ചീഫ് കണ്‍സ്ട്രക്ഷന്‍ മാനേജരുടെ ഓഫീസിലേക്ക് അയച്ചു കൊടുക്കുകയുമായിരുന്നു. കേരള സര്‍ക്കാര്‍ 2016-17ലെ ബജറ്റില്‍ കാണിയൂര്‍ പാതക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് 20 കോടി രൂപയമാണ് നീക്കിവെച്ചത്. പി.കരുണാകരന്‍ എം.പി, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ തുടങ്ങിയ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും കക്ഷി രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മ കാണിയൂര്‍ പാതക്ക് തുണയായിട്ടുണ്ട്. കര്‍മ്മസമിതിയും പാസഞ്ചേഴ്‌സ് അസോസിയേഷനും പാത അനുവദിക്കുന്നതിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചു. ഇനി എത്രയും വേഗം പാത നിര്‍മ്മിക്കാന്‍ ഊര്‍ജ്വസ്വലതയോടെയുള്ള പ്രവര്‍ത്തനം അനിവാര്യമാണ്.
T.K Prabhakaran
WRITEROther Articles

  പൊലീസ് സേനയിലെ ആത്മസംഘര്‍ഷങ്ങളും പരിണിത ഫലങ്ങളും

  കടലാഴമുണ്ട് അവരുടെ സങ്കടങ്ങള്‍ക്ക്...

  വേണം കുരുന്നുകള്‍ക്ക് കാവലാകുന്ന സുരക്ഷാ സംവിധാനങ്ങള്‍

  ഈ കാലത്തും പന്തിയില്‍ പക്ഷഭേദമോ?

  കനലെരിയുന്ന അനുഭവങ്ങളുമായി ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ കവിതകള്‍

  ആവര്‍ത്തിക്കുന്ന അധ്യാപക പീഡനങ്ങളും വിദ്യാര്‍ത്ഥി ആത്മഹത്യകളും...

  വരികയില്ലാത്ത കാലമെന്നറിയാമെങ്കിലും വെറുതേ...

  കാസര്‍കോട് ജില്ലയില്‍ വളരുന്ന ലഹരി സാമ്രാജ്യ...

  പ്രളയകാലത്തെ ഓണം മലയാളികളെ ഓര്‍മപ്പെടുത്തുന്നത്

  സമര മുഖങ്ങളിലെ സര്‍ഗ സംവാദങ്ങള്‍

  ഗോത്രകലയുടെ ഉപാസകയായി ഒരു ആദിവാസി കലാകാരി

  ജനാധിപത്യ ഇന്ത്യയില്‍ പിഞ്ചുകുഞ്ഞുങ്ങളോടുള്ള ക്രൂരത ഉയര്‍ത്തുന്ന ആശങ്കകള്‍

  മനസ്സില്‍ പൂത്തുലയട്ടെ നന്മയുടെ കൊന്നപ്പൂക്കള്‍

  ബസുകള്‍ക്കും തീവണ്ടികള്‍ക്കും കല്ലെറിയുന്ന മനോ വൈകൃതം

  ഒന്നല്ല, ഒരുപാട് ഹരിതമാര്‍ കണ്ണീര്‍ക്കടലിലാണ്‌