തുള്ളല്‍ കലക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കുട്ടമത്ത് ജനാര്‍ദ്ദനന്‍
''തുള്ളല്‍കളി(കല)യില്‍ പലതും
പറയും''
അതുകേട്ടാരും കോപിക്കേണ്ട''
.***
~ഒരുകാലത്ത് മലയാളികളുടെ നാവിന്‍ തുമ്പില്‍ തത്തിക്കളിച്ചിരുന്ന കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍കളാണിത്. അന്നും ഇന്നും മലായളികള്‍ നെഞ്ചേറ്റിയ കവിയായിരുന്നു തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്നറിയപ്പെടുന്ന കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍. കുഞ്ചന്‍ നമ്പ്യാരുടെ കാലശേഷം തുള്ളല്‍ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ധാരാളം തുള്ളല്‍ കലാകാരന്മാര്‍ ഉണ്ടായിരുന്നുവെങ്കിലും അവരില്‍ ഒരാളാണ് കുട്ടമത്ത് ജനാര്‍ദ്ദനന്‍ എന്ന തുള്ളല്‍ കലാകാരന്‍.
കന്ന്യാടന്‍ കൃഷ്ണന്‍ നായരുടെയും പയ്യാടക്കത്ത് കല്യാണി അമ്മയുടെയും മകനായി 1948ല്‍ കാസര്‍കോട് ജില്ലയിലെ ചെറുവത്തൂര്‍ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ തുള്ളല്‍ കലയില്‍ താല്‍പര്യം ജനിച്ച ജനാര്‍ദ്ദനന്റെ ഗുരുനാഥന്‍ അദ്ദേഹത്തിന്റെ പിതാവ് കന്ന്യാടന്‍ കൃഷ്ണന്‍ നായര്‍ തന്നെയായിരുന്നു. ഇത് കൂടാതെ ഒരാഴ്ചക്കാലം അദ്ദേഹം പ്രസിദ്ധ തുള്ളല്‍ കലാകാരനായിരുന്ന മലബാര്‍ വി.രാമന്‍നായരുടെ കീഴില്‍ തുള്ളല്‍ അഭ്യസിച്ചിരുന്നു. ഉപരി പഠനത്തിന് ടി.വി.കുട്ടികൃഷ്ണമാരാരെ ആശ്രയിച്ചിരുന്നു. തന്റെ 11 -ാമത്തെ വയസിലാണ് കുട്ടമത്ത് ജനാര്‍ദ്ദന്‍ തുള്ളല്‍ പഠനത്തിന് തുടക്കം കുറിക്കുന്നത്.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചാക്യാര്‍ കൂത്ത് നടക്കുന്നതിനിടയില്‍ മിഴാവ് കൊട്ടുകയായിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ തലേന്ന് രാത്രിയിലെ ഉറക്ക ക്ഷീണംമൂലം മയങ്ങിപോവുകയും പെട്ടെന്ന് ഞെട്ടിയുണര്‍ന്ന നമ്പ്യാര്‍ കണ്ടത് ചാക്യാര്‍ തന്നെ നോക്കി പരിഹസിച്ച് സദസിനോട് ഫലിതം പറഞ്ഞ് ചിരിക്കുന്ന കാഴ്ചയായിരുന്നു. ഈ കാഴ്ചകണ്ട് കോപാകുലനായ നമ്പ്യാര്‍ അവിടെ നിന്നും എഴുന്നേറ്റ് പോവുകയും ആ ഒറ്റ രാത്രികൊണ്ട് തുള്ളല്‍ കലക്ക് രൂപം നല്‍കിയെന്നുമാണ് ഐതിഹ്യം. ഒറ്റരാത്രി കൊണ്ട് 64 തരം തുള്ളല്‍ കഥകള്‍ രചിച്ചുവെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇത് എത്രത്തോളം സത്യമാണെന്നുള്ളത് വിശ്വാസ യോഗ്യമല്ല. തുള്ളല്‍കല ക്ഷേത്രത്തില്‍ അവതരിപ്പിക്കാന്‍ തുടങ്ങിയതോടെ ചാക്യാര്‍ അടക്കമുള്ളവര്‍ നമ്പ്യാരുടെ ശത്രുക്കളായി തീര്‍ന്നു. അവര്‍ നാടുവാഴിയോട് പരാതി ബോധിപ്പിക്കുകയും ചെയ്തു. അങ്ങനെ നാടുവാഴിയുടെ ആജ്ഞപ്രകാരം തുള്ളല്‍ കല ക്ഷേത്രത്തില്‍ നിന്നും പുറന്തള്ളപ്പെട്ടു. ഇതാണ് പില്‍ക്കാലത്ത് തുള്ളല്‍ ക്ഷേത്രത്തിന് വെളിയില്‍ അവതരിപ്പിക്കാന്‍ കാരണം. അങ്ങനെയാണ് ഈ കല ക്ഷേത്രങ്ങളില്‍ നിന്നും ബഹിഷ്‌കൃതമാകുന്നത്. തുള്ളല്‍ കല ഹാസ്യത്തിന്റെയും ഭക്തിയുടെയും സമകാലിന സംഭവങ്ങളുടെയും സമ്മിശ്ര രൂപമാണ്. എന്നാല്‍ തുള്ളല്‍ പ്രസ്ഥാനം പൂര്‍ണമായും കുഞ്ചന്‍ നമ്പ്യാരുടെ സൃഷ്ടിയാണെന്ന് പറയാന്‍ പറ്റില്ലെന്ന് പറയപ്പെടുന്നു. കാരണം അക്കാലത്ത് നിലനിന്നിരുന്നു പടയണി തുള്ളലില്‍ നിന്നും പരിഷ്‌ക്കരിച്ചാണ് ഓട്ടന്‍ തുള്ളലിന് കുഞ്ചന്‍ നമ്പ്യാര്‍ രൂപം നല്‍കിയിരിക്കുന്നത്. നമ്പ്യാര്‍ തുള്ളല്‍ പ്രസ്ഥാനത്തിന് രൂപം നല്‍കുന്നതിന് മുമ്പേ തന്നെ പടയണി നിലവിലുണ്ടായിരുന്നുപോലും.
മൂന്ന് തരം തുള്ളലുകള്‍ക്ക് നമ്പ്യാര്‍ രൂപം നല്‍കിയിരുന്നു. ഓട്ടന്‍, പറയന്‍, ശീതങ്കന്‍ എന്നിങ്ങനെയാണ് തുള്ളലിന്റെ വ്യത്യസ്ത ഭാവങ്ങള്‍. ആദ്യമായി ശീതങ്കന്‍ തുള്ളലിനാണ് രൂപം കൊടുത്തത്. കല്യാണ സൗഗന്ധികം ശീതങ്കന്‍ തുള്ളലിന്റെ വിഭാഗത്തില്‍പ്പെടുന്നു.
''നോക്കെടാ നമ്മുടെ മാര്‍ഗേ കിടക്കുന്ന
മര്‍ക്കെടാ നീയങ്ങ് മാറിക്കിടാചട
ഈ ദുര്‍ഘടസ്ഥാനത്തു വന്നുകിടപ്പാന്‍ - ഇത് ശീതങ്കന്‍ തുള്ളലിലെ വരികളാണ്.
തുള്ളല്‍കളികളുടെ കൂടെ രംഗത്ത് അവതരിപ്പിച്ചിരുന്ന മറ്റൊരു കലാ രൂപമാണ് മരമീടന്‍. ഈ മരമീടന്‍ വേഷത്തെ പുത്തന്‍ തലമുറ കണ്ടിരിക്കാന്‍ ഇടയില്ല. തുള്ളല്‍ കളിയുടെ വിശ്രമ വേളകളില്‍ മരമീടന്‍ അവതരിപ്പിച്ചിരുന്നു. അക്കാലത്ത് ഒന്നും, രണ്ടും മണിക്കൂര്‍ തുള്ളല്‍ കളികള്‍ വേദികളില്‍ അവതരിപ്പിക്കുമ്പോള്‍ വിശ്രമ വേളകളിലാണ് മരമീടന്‍ അവതരിപ്പിക്കുന്നത്. ഇത് കാണികളെ ചിരിപ്പിക്കാന്‍ തക്ക വേഷവിധാനത്തോടുകൂടി അശ്ലീലം കലര്‍ന്ന ഭാഷയില്‍ അവതരിപ്പിക്കുന്നു. ഉദാഹരണം നോക്കുക.
''ചെമ്മീനും മീന മാസത്തില്‍
അമ്മിമേലിട്ടച്ചരച്ചുടന്‍
അംബുജാക്ഷി ഭുജിച്ചീടില്‍
അമ്മിഞ്ഞി വലുതായ് വരും''
- മരമീടനിലെ വരികള്‍.
ഇരുപതിനായിരം വേദികളില്‍ ജനാര്‍ദ്ദനന്‍ കുട്ടമത്ത് തുള്ളല്‍കളി അവതരിപ്പിക്കുകയും ഈ കാലയളവില്‍ പ്രസിദ്ധ സിനിമാനടി കാവ്യാമാധവന്‍ അടക്കമുള്ള ശിഷ്യഗണങ്ങളെ സമ്പാദിക്കുകയും ചെയ്തു.
ധാരാളം അംഗീകാരങ്ങള്‍ കുട്ടമത്ത് ജനാര്‍ദ്ദനനെ തേടിയെത്തിയിട്ടുണ്ട്. 2007 ല്‍ ഇദ്ദേഹത്തെ തേടിയെത്തിയ കേരള കലാമണ്ഡലം കുഞ്ചന്‍ അവാര്‍ഡ്, 1996 ല്‍ ധര്‍മസ്ഥലം കൊട്ടാരത്തില്‍ വീരേന്ദ്ര ഹെഗ്‌ഡേയുടെ കൈയില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി. ഇതു കൂടാതെ വേറെയും അംഗങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ആകാശവാണി, ദൂരദര്‍ശന്‍ എന്നീ മാധ്യമങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചുവരുന്നു. പുരാണ കഥകളെ കൂടാതെ സമകാലീന സംഭവങ്ങളായ എയ്ഡ്‌സ്, കുടുംബാസൂത്രണം എന്നിവയെ അവലംബിച്ചും തുള്ളല്‍കളി അവതരിപ്പിച്ചുവരുന്നു. കുറ്റിക്കോല്‍ ശങ്കരന്‍ എമ്പ്രാന്തിരി രചിച്ച ആസൂത്രണ വിജയം എന്ന കാലിക പ്രസക്തിയുള്ള തുള്ളല്‍ കാസര്‍കോട് ഡി.ഒ.യുടെ കീഴില്‍ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിന് പുറമെ പൂന, മദ്രാസ്, ബോംബെ, സൂറത്ത് എന്നിവിടങ്ങളിലും പരിപാടി അവതരിപ്പിച്ചിരുന്നു. വിദേശത്ത് പരിപാടി അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചിരുന്നുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാല്‍ പോകാന്‍ സാധിച്ചിരുന്നില്ല.
55 വര്‍ഷമായി തുള്ളല്‍ കളി രംഗത്ത് വേരുറപ്പിച്ച കുട്ടമത്ത് ജനാര്‍ദ്ദനന്‍ പല സ്ഥലങ്ങളിലും സ്ഥിരമായി തന്നെ പരിപാടി അവതരിപ്പിച്ചുവരുന്നു. അവയില്‍ പ്രധാന സ്ഥലങ്ങള്‍ പാലക്കാട് ഹേമാംബിക ക്ഷേത്രമാണ്. ഇവിടെ 35 വര്‍ഷമായി പരിപാടി അവതരിപ്പിക്കുന്നു. കൂടാതെ മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ 25 വര്‍ഷവും, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ 30 വര്‍ഷവും തന്റെ കലാ സപര്യ എന്നപോലെ ഈ കലാരൂപം അവതരിച്ചുവരുന്നു.
തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചന്‍ നമ്പ്യാരുടെ അവസാന കാലം വളരെ ദയനീയമായിരുന്നു. ഭ്രാന്തന്‍ നായയുടെ കടിയേറ്റ നമ്പ്യാരെ ഒരു മുറിയില്‍ പൂട്ടിയിട്ടു. ആ മുറിയില്‍ കരി കൊണ്ട് അദ്ദേഹം എഴുതിവെച്ച വരികള്‍ എത്ര മനോഹരമാണ്.
''അമ്പലപ്പുഴ അമ്പലത്തിലെ
ചെമ്പെനിക്ക് പറിക്കണം
ചന്ദ്രബിംബമെടുത്തെനിക്കൊരു-
ചാണയാക്കി അരക്കണം''
അങ്ങനെ സദ്യ പ്രിയനായ നമ്പ്യാര്‍ ആരുടെയും വാക്കുകള്‍ കേള്‍ക്കാതെ സദ്യയുണ്ടുവെന്നും അങ്ങനെ വൈദ്യര്‍ നിര്‍ദേശിച്ച പഥ്യം തെറ്റിച്ച നമ്പ്യാര്‍ ഈ ലോകത്തോട് എന്നന്നേക്കുമായി യാത്ര പറഞ്ഞുവെന്നുമാണ് ഐതിഹ്യം.
കുട്ടമത്ത് ജനാര്‍ദ്ദനന്റെ ആദ്യഭാര്യ ചന്ദ്രമതി അസുഖം മൂലം മരണപ്പെട്ടതിനാല്‍ രണ്ടാം ഭാര്യയായി ശ്യാമളയെ തന്റെ ജീവിത സഖിയാക്കി. ആദ്യഭാര്യയില്‍ ജ്യോതിലക്ഷ്മി, കൃഷ്ണദാസ്, ശ്രീരഞ്ജിനി, മണികണ്ഠദാസ് എന്നിങ്ങനെ നാലു മക്കളുണ്ട്. ശ്യാമളയില്‍ പിറന്ന ഹേമലത മൂന്നാം ക്ലാസില്‍ പഠിക്കുന്നു.
മറ്റ് കലാരൂപങ്ങള്‍ എന്നതുപോലെ തുള്ളല്‍ കലയും മാറ്റങ്ങള്‍ വിധേയമായികൊണ്ടിരിക്കുന്നതായി കുട്ടമത്ത് ജനാര്‍ദ്ദനന്‍ പറയുന്നു. ഓട്ടന്‍ തുള്ളല്‍ ഇന്ന് സ്‌കൂള്‍ യുവജനോത്സവ വേദികളിലും മറ്റു ഒതുങ്ങികൂടുന്ന കാഴ്ചയാണ് നാം കാണുന്നത്. അവ കുറെകൂടി ജനകീയമാകേണ്ടിയിരിക്കുന്നു. ഒരു കാലത്ത് തുള്ളല്‍ കളിക്കുന്നയാള്‍ തന്നെയായിരുന്നു കളിയോടൊപ്പം പാട്ടുകളും പാടിയിരുന്നത്. എന്നാല്‍ പല സ്ഥലങ്ങളില്‍ ഇതിന് വിരുദ്ധമായി പിറകില്‍ നിന്നും പാടുന്ന രീതിയാണ് കാണുന്നത്. ഇങ്ങനെ പിറകില്‍ നിന്നും പാടുന്നത് തുള്ളലിന് ഗുണം ചെയ്യില്ലെന്നും അതിന്റെ തനിമ നഷ്ടപ്പെടുന്നുവെന്നും ജനാര്‍ദ്ദനന്‍ അഭിപ്രായപ്പെടുന്നു. ഈ കല തനത് രൂപത്തില്‍ തന്നെ സംരക്ഷിച്ച് നിര്‍ത്തണമെന്നും തുള്ളല്‍ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കുട്ടമത്ത് ജനാര്‍ദ്ദനന്‍ എന്ന എളിയ കലാകാരന്‍ അഭിപ്രായപ്പെടുന്നു.
Chandran Pollapoyil
writer