എന്താണ് എഫ്.ഐ.ആര്‍
പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റകൃത്യത്തെക്കുറിച്ച് പൊലീസ് സ്റ്റേഷനില്‍ ഒരാള്‍ നല്‍കുന്ന ആദ്യ വിവരമാണ് എഫ്.ഐ.ആര്‍ അഥവാ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്. ക്രിമിനല്‍ നടപടി ക്രമത്തിലെ 154 (1) വകുപ്പ് അനുസരിച്ചാണ് പൊലീസ് സ്റ്റേഷന്‍ ചാര്‍ജ്ജുള്ള പൊലീസ് ഉദ്യോഗസ്ഥനോ അല്ലെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മറ്റ് പൊലീസ് ഉദ്യോഗസ്ഥനോ ആണ് എഫ്.ഐ.ആര്‍ തയ്യാറാക്കുന്നത്. കുറ്റകൃത്യം നടന്നത് സംബന്ധിച്ച ആദ്യ വിവരം പൊലീസിനെ അറിയിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം.
കുറ്റകൃത്യത്തെക്കുറിച്ച് അറിയാവുന്ന ഏതൊരാള്‍ക്കും പരാതി രൂപത്തില്‍ പൊലീസിന് വാക്കാലോ രേഖാമൂലമോ വിവരങ്ങള്‍ നല്‍കാം.
ഒരു കുറ്റകൃത്യം നടന്ന തിയതി, സ്ഥലം, നടന്ന സമയം, കൃത്യത്തിന്റെ വിശദാംശങ്ങള്‍, സാക്ഷികളുണ്ടെങ്കില്‍ അവരുടെ പേരുകള്‍ എന്നിവ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തണം. കുറ്റകൃത്യത്തെപ്പറ്റി ഫോണിലോ ഇ-മെയില്‍ മുഖേനയോ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്ന അവസരത്തില്‍ പരാതിയെ ബലപ്പെടുത്തുന്ന രീതിയിലുള്ള ഒരു മൊഴി കൂടി പരാതിക്കാരന്‍ ഒപ്പിട്ടു നല്‍കണം. ഇങ്ങനെ രേഖാമൂലമുള്ള മൊഴി കൊടുത്തില്ലെങ്കില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യില്ല.
വാക്കാലുള്ള പരാതിയാണെങ്കില്‍ പൊലീസ് സ്റ്റേഷനിലെ ഉത്തരവാദപ്പെട്ട ഓഫീസര്‍ പരാതി എഴുതി എടുത്ത് പരാതിക്കാരനെ വായിച്ചു കേള്‍പ്പിച്ച് ഒപ്പ് വാങ്ങിച്ച ശേഷം എഫ്.ഐ.ആറില്‍ രജിസ്റ്റര്‍ ചെയ്യും. ഒപ്പിടാന്‍ അറിയാത്ത ആളാണെങ്കില്‍ കൈ തള്ളവിരലിന്റെ അടയാളം പരാതിയില്‍ പതിപ്പിക്കണം. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സാക്ഷിയുടെ ആവശ്യമില്ല. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഒരിക്കലും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യില്ല. കേസ് രജിസ്റ്റര്‍ ചെയ്താല്‍ പ്രതിഫലം വാങ്ങാതെ പ്രഥവ വിവര റിപ്പോര്‍ട്ടിന്റെ കോപ്പി അറിവു നല്‍കിയ ആള്‍ക്ക് നല്‍കണം.
പൊലീസിന് നേരിട്ട് കേസെടുക്കാവുന്ന കുറ്റകൃത്യത്തെക്കുറിച്ച് സ്റ്റേഷനില്‍ അറിവ് നല്‍കിയിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് വിസമ്മതിച്ചാല്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കാം. സൂപ്രണ്ട് പരാതി പരിശോധിച്ച് നടപടി സ്വീകരിക്കും.
മോഷണമോ വല്ല സാധനങ്ങളോ നഷ്ടപ്പെടുകയോ ചെയ്യുന്ന കേസുകളില്‍ സാധനങ്ങള്‍ തിരിച്ചറിയുന്ന വിവരങ്ങള്‍ രേഖപ്പെടുത്തണം. രാത്രിയിലാണ് സംഭവമെങ്കില്‍ സംഭവസ്ഥലത്തെ വെളിച്ചത്തെപ്പറ്റി കൃത്യമായി വിവരിക്കണം. കുറ്റകൃത്യം നടന്ന ശേഷം പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കുന്നത് വളരെ താമസിച്ചാണെങ്കില്‍ കാലതാമസം വന്നതിന്റെ കാരണം മൊഴിയില്‍ രേഖപ്പെടുത്തണം.
കേസിന്റെ അന്വേഷണം ആരംഭിക്കുന്നതിന് കാരണമായ രേഖയായതിനാല്‍ മൊഴി നല്‍കുമ്പോള്‍ യഥാര്‍ത്ഥമല്ലാത്ത കാര്യങ്ങള്‍ എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയാല്‍ കേസിന്റെ വിജയത്തെ അത് ബാധിക്കും. ഒരു അറിവ് പൊലീസില്‍ നല്‍കുന്നയാള്‍ കുറ്റകൃത്യം നടക്കുമ്പോള്‍ അല്ലെങ്കില്‍ നടന്നപ്പോള്‍ സ്ഥലത്ത് ഇല്ലായിരുന്നെങ്കില്‍ എങ്ങനെ കിട്ടിയെന്നും കുറ്റവാളി ആരാകാം എന്നും മറ്റുമുള്ള വിവരങ്ങള്‍ നല്‍കണം.
അറിവു നല്‍കുന്നയാള്‍ അയാളുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ പരസ്പരം യോജിപ്പുള്ളതാകാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരാളുടെ മൊഴി അനുസരിച്ചുള്ള വകുപ്പുകള്‍ മാത്രമെ എഫ്.ഐ.ആറില്‍ ചേര്‍ക്കാന്‍ പാടുള്ളു. കൊലക്കുറ്റം നടത്തി കൊല്ലാന്‍ ഉപയോഗിച്ച കത്തിയും മറ്റുമായി പ്രതി പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ പ്രതിയുടെ കുറ്റസമ്മത പ്രകാരമുള്ള മൊഴി രേഖപ്പെടുത്തി ഒപ്പ് ഇടിച്ച് എഫ്.ഐ.ആര്‍ തയ്യാറാക്കും.
പരിക്കു പറ്റിയ ഒരാളുടെ മൊഴിയാണെങ്കില്‍ ആസ്പത്രിയില്‍ ചെന്ന് പൊലീസ് രേഖപ്പെടുത്തണം. പൊലീസിന് നേരിട്ട് കേസെടുക്കാന്‍ പാടില്ലാത്ത കുറ്റകൃത്യത്തെപ്പറ്റി അറിവു കിട്ടിയാല്‍ ആ വിവരം പൊലീസ് ജനറല്‍ ഡയറിയില്‍ രേഖപ്പെടുത്തി തുടര്‍ന്ന് അധികാരമുള്ള മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ മാത്രമെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാവു.
ഒരിക്കല്‍ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്താല്‍ അത് കാന്‍സല്‍ ചെയ്യാന്‍ പൊലീസിന് അധികാരമില്ല. അതിനുള്ള അധികാരം ഹൈക്കോടതിക്ക് മാത്രമാണ്. കേസ് രജിസ്റ്റര്‍ ചെയ്താല്‍ 24 മണിക്കൂറിനകത്ത് എഫ്.ഐ.ആറിന്റെ കോപ്പി പൊലീസിന്റെ വെബ് സൈറ്റില്‍ പരസ്യപ്പെടുത്തണമെന്ന് 2016ല്‍ സുപ്രിം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്നാല്‍ ഭീകരപ്രവര്‍ത്തനം, കലാപം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ലൈംഗികാതിക്രമം തുടങ്ങിയ വൈകാരിക കേസുകളുടെ എഫ്.ഐ.ആര്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തില്ല. ഇപ്പോള്‍ കേരള പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് എഫ്.ഐ.ആറിന്റെ കോപ്പി ഡൗണ്‍ ലോഡ് ചെയ്ത് പ്രിന്റ് എടുക്കാന്‍ കഴിയും.
കടപ്പാട്: അഡ്വ. മിനി
P.V.K. Aramanganam
WriterOther Articles