ഖാസി മുഹമമദ് മുസ്‌ലിയാര്‍: നാടിന്‍ ഏടിലെ അറിവിന്‍ തിരി
കേരളത്തിലങ്ങോളമിങ്ങോളം പല വലിയ വലിയ പണ്ഡിതന്‍മാരെ എനിക്ക് നേരിട്ടറിയാം. എന്നാല്‍ മുഹമ്മദ് മുസ്ലിയാരെപ്പോലെ മുഖം നോക്കാതെ ധീരതയോടെ മസ്അലകള്‍ പറയുകയും ഉറച്ച നിലപാട് കൈക്കൊള്ളുകയും ചെയ്യുന്നവര്‍ ഏറെ ഉണ്ടാവുകയില്ല” എന്ന് സാഉക്കാര്‍ കുഞ്ഞിപ്പക്കി പറയുകയുണ്ടായി. ഖാസി മുഹമ്മദ് മുസ്ല്യാരുടെ സ്ഥാനാരോഹണമായിരുന്നു സന്ദര്‍ഭം. സാഉക്കാര്‍ കുഞ്ഞിപ്പക്കി ധനാഢ്യന്‍ മാത്രമായിരുന്നില്ല, പണ്ഡിതനുമായിരുന്നു. കുമ്പളയില്‍ ഒരു സമ്മേളനത്തില്‍ വെച്ച് ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്ലിയാരും ഇതേ കാര്യം പറഞ്ഞു. സാവുക്കാറിനെ നേരിട്ട് അറിയില്ലെങ്കിലും ശംസുല്‍ ഉലമയെ ഈ ലേഖകന് നേരിട്ടറിയാം. കാസര്‍കോട് മുന്‍സീഫ് കോടതിയില്‍ അദ്ദേഹത്തിന് വേണ്ടി ഒരു കേസില്‍ ഹാജരാകേണ്ടിയിരുന്നതിനാല്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എടുക്കുവാന്‍ പരേതനായ കല്ലട്ര അബ്ബാസ് ഹാജിയുടെ കൂടെ അദ്ദേഹത്തിന്റെ വീട്ടില്‍ എനിക്ക് പോകേണ്ടതായി വന്നിട്ടുണ്ട്. വാര്‍ധക്യാധിക്യം കൊണ്ട് ശംസുല്‍ ഉലമ ഏതാണ്ട് വിശ്രമം പോലൊരു ജീവിതം നയിക്കുന്ന ദശയിലായിരുന്നു അത്. അതൊരു റമദാന്‍ മാസമായിരുന്നു.
മലബാര്‍ (മലനാട്) എന്നാല്‍ ഉദ്ദേശിക്കപ്പെടുന്നത് കേരളം മുഴുവനും ആണെന്ന് ‘തുഹ്ഫത്തുല്‍ മുജഹിദീനില്‍ നിന്ന് ഗ്രഹിക്കാം. കേരള ചരിത്രത്തെ സംബന്ധിച്ച് ഇദം പ്രഥമമായും സത്യസന്ധമായും സൈനുദ്ദീന്‍ മഖ്ദും രണ്ടാമന്‍ രചിച്ച ഈ അമൂല്യ ഗ്രന്ഥം 1995ലാണ് അറബിയില്‍ നിന്ന് മലയാളത്തിലേക്ക് ഭാഷാന്തരീകരണം ചെയ്തത്. 2017ല്‍ അതിന്റെ എട്ടാമത്തെ പതിപ്പ് പുറത്തിറങ്ങി. അനുബന്ധം, വിശദീകരണ കുറിപ്പ് എന്നിവ ഉള്‍പ്പടെ 176 പുറങ്ങളുള്ള ഈ പുസ്തകം ഒറ്റയിരിപ്പിന് വായിച്ചു തീര്‍ക്കാനാവും. 2009ല്‍ പുറത്തിറങ്ങിയ ഇംഗ്ലീഷ് പതിപ്പിന് 135 പുറങ്ങള്‍ മാത്രമേ ഉള്ളു. അറബി ഭാഷയില്‍ പരിജ്ഞാനമില്ലാത്ത അസ്മാദൃശന്മാര്‍ക്ക് ഈ പരിഭാഷകള്‍ വലിയ അനുഗ്രഹമാണ്. അത്യുത്തര കേരളത്തിലെ കാഞ്ചര്‍കൂത്ത് (കാസര്‍കോട്) ഹിജ്‌റാബ്ധം 22 റജബ് 18 തിങ്കളാഴ്ചയാണത്രേ പള്ളി പണിതത്. ഖാസിയായി നിയമിതനായത് മാലിക് ഇബ്‌നു മുഹമ്മദ്. പൊന്നാനി വലിയ ജമാഅത്ത് പള്ളിയും ദര്‍സും സ്ഥാപിച്ചത് ശൈഖ് സൈനുദ്ദീന്‍ ഒന്നാമനാണ്. കേരളത്തിന് അകത്തും പുറത്തും പില്‍കാലത്താവിര്‍ഭവിച്ച ദര്‍സുകളുടെ അധ്യായന രീതിയും ഏതാണ്ടതനുസരിച്ചായിരുന്നു. മിക്കവാറും ഒരേ ഉസ്താദിന്റെ പേരില്‍ എല്ലാ വിഷയങ്ങളിലും ആഴമേറിയ പരിജ്ഞാനമാര്‍ജ്ജിക്കാന്‍ അക്കാലത്ത് അവസരമുണ്ടായിരുന്നു. കാലാന്തരത്തില്‍ വിവിധ വിഷയങ്ങളില്‍ വ്യത്യസ്ത ഉസ്താദുമാരെ ആശ്രയിക്കേണ്ടി വന്നു.
കാസര്‍കോടുള്‍കൊള്ളുന്ന സൗത്ത് കാനറാ ജില്ലയില്‍ പ്രശസ്തങ്ങളായ ഏതാനും ദര്‍സുകള്‍ ഉയര്‍ന്നു വന്നു. അതില്‍ പ്രധാനിയാണ് ‘രണ്ടാം പൊന്നാനി’ എന്നറിയപ്പെടുന്ന പാഡൂര്‍ ദര്‍സ്. അതിന്റെ സംസ്ഥാപനം കുമ്പളയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖാസി മുഹമ്മദ് മുസ്ല്യാരുടെ പിതാവിന്റെ കാലത്തോ അതിനു മുമ്പോ ആയിരുന്നു.
പൂമാന്‍ മഹാന്‍ മഖ്ദും തങ്ങള്‍
പൊന്നാനി സ്ഥാപിച്ച മാതിരി
പാഡൂരിലുണ്ടാക്കി വേരൊരു
പൊന്നാനി ഖാദിതല്‍ താതനും”
എച്ച്. എ. മുഹമ്മദ് മാസ്റ്റര്‍ എഴുതിയ ഒരു കൊച്ചു പുസ്തകം മഹാനവര്‍കളുടെ ജീവിതചരിത്രത്തിലേക്ക് ചെറുതായി വെളിച്ചം വീശുന്നു. ഈ പുസ്തകത്തിന് ഹമീദലി ഷംനാട് എഴുതിയ ഇംഗ്ലീഷ് മുഖവുര ചെറുതെങ്കിലും കനപ്പെട്ടതാണ്.
ഖാസി മുഹമ്മദ് മുസ്ല്യാരുടെ ദര്‍സില്‍ ഓതിപ്പഠിക്കുക എന്നത് അനിതര സാധാരണമായ അനുഭവമത്രേ. അവിടുത്തെ ശിഷ്യന്മാരേതാണ്ടെല്ലാവരും കാലചക്രത്തിന്റെ കറക്കത്തില്‍ മറ്റൊരു ലോകത്തേക്ക് യാത്രയായി. സാക്ഷാല്‍ പയ്യക്കി ഉസ്താദ് (മര്‍ഹും അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍) ശിഷ്യനും ഭാര്യാസഹോദരനുമാണ്. പയ്യക്കി ദര്‍സ് സ്ഥാപിച്ചതും മുദരീസായി പയ്യക്കി ഉസ്താദിനെ നിയമിച്ചതും ഖാദി മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തിലായിരുന്നു.
ജ്ഞാനത്തേയും, ധിഷണയേയും, മനസാക്ഷിയേയും പണയപ്പെടുത്താതെ ദീനീ രംഗത്ത് ധീരത മുഖമുദ്രയാക്കിയ ആ മഹാനുഭാവന്റെ ധന്യ ജീവിതം പണ്ഡിത ലോകത്തിലെ വ്യത്യസ്തതയായി സ്മരിക്കപ്പെടും. തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് നിലപാട് കൈക്കൊള്ളാത്തപ്പോള്‍ ചില നാട്ടു പ്രമാണികളും അവരുടെ ആള്‍ക്കൂട്ടവും ശത്രുതാമനോഭാവം കൈക്കൊള്ളുകയും ഖാസിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ശ്രമം നടത്തുകയുമുണ്ടായി. അതിനായി അവരില്‍ ചില പ്രധാനികള്‍ ധനാഢ്യനും പ്രമാണിയുമായ സാഉക്കാര്‍ കുഞ്ഞിപ്പക്കിയെയാണ് സമീപിച്ചത്. സാഉക്കാര്‍ സാമാന്യ മര്യാദയോടെ അവരെ സ്വീകരിച്ചിരുത്തി കാര്യങ്ങള്‍ തിരക്കി. എല്ലാം സകൂതം ശ്രദ്ധിച്ച് കേട്ടു. കാര്യങ്ങളെല്ലാം മനസ്സിലാക്കിയ ശേഷം രസിക ശിരോമണിയായ സാഉക്കാര്‍ തീര്‍പ്പ് കല്‍പ്പിച്ചു: “ഇന്ന് ഖാസിയാകുവാന്‍ യോഗ്യതയുള്ള മഹാന്മാര്‍ ഇവിടെ രണ്ടുപേര്‍ മാത്രമേ ഉള്ളു. ഒന്ന് ഞാന്‍ തന്നെ. മറ്റൊന്ന് ഖാസി മുഹമ്മദ് മുസ്ലിയാര്‍. എനിക്കാണെങ്കില്‍ പല തിരക്കുകളും ഉള്ളതിനാല്‍ ആ പദവി ഏറ്റെടുത്ത് പ്രവര്‍ത്തിക്കുവാന്‍ സൗകര്യം പോരാ. അതു കൊണ്ട് മുഹമ്മദ് മുസ്ലിയാര്‍ തന്നെ ഖാസിയായി തുടരട്ടെ. നിങ്ങള്‍ പോയ്‌ക്കോളിന്‍. ദൗത്യ സംഘം ഇളിഭ്യരായി മടങ്ങിപ്പോയി.
അഗാധ പണ്ഡിതനും പരന്ന വായനക്കാരനുമായിരുന്ന ഖാസി ആനുകാലികങ്ങളില്‍ കനപ്പെട്ട ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. ഒരു നിമിഷ കവി കൂടിയായിരുന്നു അദ്ദേഹം. തന്റെ മകളുടെ ഭര്‍ത്താവും, പണ്ഡിതനുമായിരുന്ന വി.കെ. ഇസ്മായില്‍ മൗലവിയുമായി കവിതാ രൂപത്തിലായിരുന്നു കത്തിടപാടുകള്‍ നടത്തിയിരുന്നത്. പ്രശസ്ത പണ്ഡിതന്‍ അവറാന്‍ മുസ്ല്യാരുമായി അടുത്ത സൗഹൃദ ബന്ധം ഉണ്ടായിരുന്നു.
പ്രവാചകനെ അവറാന്‍ മുസ്ലിയാര്‍ നീ”എന്ന് അഭിസംബോധന ചെയ്യുന്നത് കേട്ട് ഖാസി മുഹമ്മദ് മുസ്ലിയാര്‍ പൊട്ടിത്തെറിച്ച് അറബി ഭാഷയില്‍ അന്നേരം തന്നെ പ്രാസ നിബദ്ധനയോടെ കെട്ടിപ്പാടിയ കവിതയിലെ ഏതാനും വരികള്‍ “കാസര്‍കോട് മുസ്ലിംങ്ങളുടെ ചരിത്രം” എന്ന ഗ്രന്ഥത്തില്‍ മോയിന്‍ മലമ്മ ഹുദവി ഉദ്ധരിച്ചിട്ടുണ്ട്:
അയാ അവറാനു ഖദ്ഖുല്‍ത്ത
റസൂലല്ലാഹി നീ ഖുല്‍ത്ത
കസീറന്നാസി അള്‌ലല്‍ത്ത
ഫീ ബല്‍ദത്തിനാ കാസര്‍ക്കോത്ത”
ഖാസി മുഹമ്മദ് മുസ്ലിയാര്‍ എന്ന അറിവിന്റെ പ്രോജ്ജ്വല ദീപം പകര്‍ന്ന് തന്നിരുന്ന ആ അത്ഭുത പ്രതിഭ 1953ല്‍ 63-ാമത്തെ വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു.
അഡ്വ. ബി.എഫ് അബ്ദുല്‍ റഹ്മാന്‍
writerOther Articles