കെ.ജി.റസാഖ് ഇപ്പോഴും എഴുതുകയാണ്...
എഴുപത്തി രണ്ടിന്റെ വാര്‍ധ്യക്യമുണ്ട്. അനാരോഗ്യത്തിന്റെ അവശതകളാല്‍ കൈവിരലുകള്‍ക്ക് വിറയലുമുണ്ട്. എന്നാല്‍ കെ.ജി റസാഖിന്റെ എഴുത്താവേശത്തിന് ഒട്ടും കുറവില്ല. കാസര്‍കോട് നഗരത്തിലെ ഒരു വ്യാപാരി അഞ്ചു പുസ്തകങ്ങളുടെ രചയിതാവായ കഥ വായിച്ചിരിക്കേണ്ടതാണ്.
കാസര്‍കോട് എം.എ റോഡിലെ തിരക്കു പിടിച്ച ഗിഫ്റ്റ് കടയില്‍ നിന്ന് കെ.ജി റസാഖ് എന്ന എഴുത്തുകാരന്‍ വളര്‍ന്നു വന്നതിന്റെ കഥ അക്ഷരസ്‌നേഹികള്‍ക്ക് ഓര്‍ത്തുവെക്കാന്‍ നല്ലൊരനുഭവമാകും.
ഒരു കാലത്ത് കാസര്‍കോട് നഗരത്തില്‍ നബിദിനാഘോഷങ്ങളിലെ മത്സര വിജയികള്‍ക്ക് നല്‍കുന്ന സമ്മാനം ലഭിച്ചിരുന്ന ഒരേയൊരു കടയായിരുന്നു താലൂക്കാഫീസ് ജംഗ്ഷനു സമീപം എം.എ ബസാറില്‍ പ്രവര്‍ത്തിച്ചിരുന്ന കെ.ജി സ്റ്റോര്‍സ്. പെരുന്നാള്‍ അടുക്കുന്ന ദിനങ്ങളില്‍ വസ്ത്രക്കടകളില്‍ കാണുന്ന തിരക്ക് പോലെ നബിദിനം അടുക്കുന്ന നാളുകളില്‍ കെ.ജി സ്റ്റോര്‍ ഹൗസ് ഫുള്ളായിരിക്കും. അത്രയേറെ തിരക്ക്. കെ.ജി സ്റ്റോര്‍സ് പിന്നീട് പഴയ ബസ്സ്റ്റാന്റ് ക്രോസ് റോഡിലേക്ക് പറിച്ചു നട്ടു. ഇക്കാലമത്രയും തിരക്കൊഴിയുന്ന നേരങ്ങളില്‍ കടയുടെ കാഷ് കൗണ്ടറിലിരുന്ന് കെ.ജി റസാഖ് കടലാസില്‍ എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ടാവും. കൊച്ചു കവിതകള്‍, നഗരക്കാഴ്ചകള്‍, അങ്ങനെ പലതും... പക്ഷെ ഒന്നും പുറം ലോകത്തെ കാണിക്കാന്‍ ധൈര്യം പോരായിരുന്നു. കൊള്ളില്ല എന്ന് പറഞ്ഞ് പരിഹസിച്ചാലോ എന്ന ഭയം.
എഴുതിയെഴുതി പാകം വന്നപ്പോള്‍ ഒരു കവിത ചില സുഹൃത്തുക്കളെ കാണിച്ചു. നേരിയ തിരുത്തലുകള്‍ വരുത്തി അവരാണ് പ്രസിദ്ധീകരണത്തിന് നല്‍കാന്‍ പ്രോത്സാഹിപ്പിച്ചത്. നവാഗതരായ എഴുത്തുകാര്‍ക്ക് ചുവരൊരുക്കി ഉത്തരദേശം മുന്നിലുള്ളപ്പോള്‍ ഒട്ടും മടിച്ചില്ല. കെ.എം അഹ്മദ് മാഷിനെ കവിത കാണിച്ചു. ഉത്തരദേശത്തില്‍ പ്രസിദ്ധീകരിച്ചു വന്നു. എഴുത്ത് പിന്നെ ആവേശമായി. എല്ലാവരും വായിക്കട്ടെ എന്നു തോന്നിയപ്പോള്‍ പ്രസിദ്ധീകരണത്തിന് നല്‍കി. വ്യാപാരി എന്നതിന് പുറമെ വ്യാപാരി സംഘടനാ നേതാവ് എന്ന നിലയില്‍ കൂടി തിളങ്ങിയും വ്യാപാര-സംഘടനാ തിരക്കുകളോട് മത്സരിച്ചും കഴിയുന്നതിനിടയിലും എഴുത്തിന് സമയം കണ്ടെത്തി. എല്ലാ രചനകളും ആദ്യം സഹധര്‍മ്മിണിക്കും മക്കള്‍ക്കും കാണിക്കും, അവരുടെ പച്ചക്കൊടി ആവേശം കൂട്ടി. ഉത്തരദേശത്തിലടക്കം നിരവധി കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു വന്നു. നഗരത്തിന്റെ മാറ്റങ്ങളും വിഹ്വലതകളും വ്യാപാരികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുമൊക്കെ ലേഖനങ്ങള്‍ക്ക് വിഷയമായി. ചില കോടതി വിധികളെ വിശകലനം ചെയ്തും അബ്ദുല്‍ റസാഖ് ലേഖനങ്ങളെഴുതി.
ഉംറ-ഹജ്ജ് യാത്രകളും പ്രവാചക സ്‌നേഹവും നല്‍കിയ കരുത്തില്‍ നിന്നാണ് ആദ്യത്തെ പുസ്തകം പിറക്കുന്നത്. പുസ്തക രചനയിലേക്കുള്ള ആദ്യ ചുവടുവെപ്പ് കുറഞ്ഞ പേജുകളിലൊന്നും ഒതുങ്ങിയില്ല.
'എന്റെ പ്രവാചകന്‍' എന്ന പേരില്‍ മുഹമ്മദ് നബി (സ)യെ കുറിച്ച് എഴുതിയ പുസ്തക ത്തിന്റെ പേജുകളുടെ എണ്ണം കേട്ടാല്‍ ഞെട്ടും; 540! തുടക്കം ഗംഭീരമായി. എന്റെ പ്രവാചകര്‍ വലിയ പ്രശംസ പിടിച്ചു പറ്റി. വാണിദാസ് എളയാവൂരാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയത്. പ്രവാചകന്റെ ജീവിതം പഠിക്കാനുള്ള എഴുത്തുകാരന്റെ കഠിനമായ അധ്വാനത്തെ വാണിദാസ് എടുത്തു പറയുന്നുണ്ട്. 167 ലക്കങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എന്റെ പ്രവാചകന്‍ എന്ന പുസ്തകം. ഈ പുസ്തകം എഴുത്ത് വഴിയില്‍ അബ്ദുല്‍ റസാഖിന് വലിയ കരുത്തായി.
'പ്രപഞ്ചമെന്ന പ്രഹേളിക'യാണ് രണ്ടാമത്തെ പുസ്തകം. പ്രപഞ്ചത്തിന്റെ അനിര്‍വചനീയമായ അത്ഭുത പ്രതിഭാസങ്ങളെ എണ്ണിപ്പറയുന്ന രചന. 130 ഓളം പേജുള്ള ഈ പുസ്തകം പ്രാപഞ്ചിക രഹസ്യങ്ങളെ കുറിച്ച് ചിന്തിക്കാന്‍ നിരന്തരം ആവശ്യപ്പെടുന്ന ഖുര്‍ആനിക വചനങ്ങളാല്‍ കൂടി സമ്പന്നമാണ്. തൊട്ടുപിന്നാലെ കെ.ജി റസാഖിന്റെ മൂന്നാം പുസ്തകവും പിറന്നു. അതൊരു കവിതാ സമാഹാരമായിരുന്നു. 'മാമ്പഴക്കൂട്ടം' എന്ന പേരില്‍ 76 പേജുള്ള പുസ്തകത്തില്‍ കെ.ജി റസാഖിന്റെ 33 കവിതകള്‍ ഉള്‍ക്കൊള്ളുന്നതാണ് മാധ്യമ പ്രവര്‍ത്തകനും എഴുത്തുവഴിയില്‍ തന്നെ കൈപിടിച്ചുയര്‍ത്തിയ പ്രിയ സുഹൃത്തുമായ കെ.എം അഹ്മദിനുള്ള സമര്‍പ്പണമായിരുന്നു മാമ്പഴക്കൂട്ടം. പ്രശസ്ത നിരൂപകനും പ്രഭാഷകനുമായ പ്രൊഫ. ഇബ്രാഹിം ബേവിഞ്ച തന്റെ അവതാരികയില്‍ കെ.ജി റസാഖ് എന്ന കവിയെക്കുറിച്ചും അദ്ദേഹത്തിന്റെ രചനകളെ കുറിച്ചും ഇതില്‍ വിശദമായി വിവരിക്കുന്നുണ്ട്.
സഫാ മര്‍വ്വാ മലകള്‍ക്കിടയില്‍ ഹാജറാ ബീവി ഒരു തുള്ളി ദാഹജലത്തിനു വേണ്ടി ഓടിയലഞ്ഞപ്പോള്‍ മകന്‍ ഇസ്മയില്‍ കാലുകള്‍ ഇട്ടടിച്ചിടത്തു നിന്ന് പൊട്ടിപ്പുറപ്പെട്ട, ഇപ്പോഴും അനര്‍ഗളം കുത്തിയൊലിക്കുന്ന സംസം എന്ന മഹാജലത്തെ കുറിച്ചെഴുതിയ 'സംസം ഒരു അത്ഭുത പ്രതിഭാസം' എന്നതാണ് അബ്ദുല്‍ റസാഖ് രചിച്ച നാലാമത്തെ പുസ്തകം. ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം സംസം ജലമാണെന്ന് അബ്ദുല്‍ റസാഖ് സമര്‍ത്ഥിക്കുന്നു. സംസമിന്റെ അത്ഭുതങ്ങളെ കുറിച്ച് അദ്ദേഹം എണ്ണിയെണ്ണി നിരത്തുന്നു.
അഞ്ചാമത്തെ കൃതി 'പൂങ്കാവനം' എന്ന കവിതാ സമാഹാരമാണ്. 25 കവിതകളുണ്ട് ഈ സാമാഹാരത്തില്‍. പൂങ്കാവനത്തിലെ ഓരോ വരികള്‍ക്കും താമരപ്പൂവിന്റെ സാരിക വിശുദ്ധിയുണ്ടെന്നും മരിച്ചിട്ടും നമ്മുടെ മനസ്സില്‍ ജീവിക്കുന്നവരുടെ കഥകള്‍ വായിച്ചു തീരാത്തതാണെന്നും പൂങ്കാവനത്തില്‍ റസാഖ് രേഖപ്പെടുത്തുന്നതായി മാധ്യമപ്രവര്‍ത്തകനും പ്രഭാഷകനുമായ കെ.പി കുഞ്ഞിമ്മൂസ അവതാരികയില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അഞ്ചു പുസ്തകങ്ങള്‍, പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവന്ന എത്രയോ കവിതകളും ലേഖനങ്ങളും... എന്നാല്‍ മഷി പുരളാന്‍ ഇനിയുമുണ്ട് റസാഖിന്റെ രചനകള്‍ ഏറെ. അദ്ദേഹം ഇപ്പോഴും എഴുത്ത് തുടരുകയാണ്.
'എഴുതാതിരിക്കാന്‍ എനിക്കാവില്ല. എന്നും രാവിലെ ഖുര്‍ആന്‍ പാരായണത്തിന് ശേഷം ഞാന്‍ എഴുതാനിരിക്കും. സഹായത്തിനു ഭാര്യ ഖദീജ മീത്തലും മക്കളുമുണ്ടാവും. ഖുര്‍ആനും പ്രാപഞ്ചിക ദര്‍ശനവും എന്ന പുസ്തകത്തിന്റെ രചനയിലാണിപ്പോള്‍. ഇത് ഉടന്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. എഴുത്തല്ലാതെ എന്റെ ജീവിതത്തില്‍ ഇപ്പോള്‍ മറ്റൊന്നുമില്ല..'-വാര്‍ധക്യ, അനാരോഗ്യ അവശതകളൊന്നും റസാഖിനെ അലട്ടുന്നില്ല. ഇനിയുമേറെ എഴുതാനുള്ള ബാല്യമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ചിരിക്കുന്നു. ഫോര്‍ട്ട് റോഡില്‍ ജനിച്ച കെ.ജി റസാഖ് അടുക്കത്ത് ബയലിലാണ് ഇപ്പോള്‍ താമസം. കാസര്‍കോട്, സാഹിത്യ വേദിയില്‍ ഇപ്പോഴും സജീവം. സാഹിത്യ-സാംസ്‌കാരിക ചടങ്ങുകള്‍ക്കൊക്കെ ആവേശത്തോടെ ഓടിയെത്തും. മിക്ക ദിവസവും കടയിലെത്താനും ശ്രദ്ധിക്കാറുണ്ട്. മക്കളാണ് ഇപ്പോള്‍ കട നോക്കി നടത്തുന്നത്. മക്കള്‍: റഈസ്, അന്‍വര്‍ ഹുസൈന്‍, ഉനൈസ്, സഹല. അബ്ദുല്‍ റസാഖിന്റെ നമ്പര്‍: 9847263118.
T.A.Shafi
The writer is the sub editor of Utharadesam DailyOther Articles

  അബ്ദുല്‍ അസീസ്: കായിക മേഖലയെ ഉണര്‍ത്തിയ സംഘാടകന്‍

  കാസര്‍കോടിന്റെ മോഡറേറ്റര്‍

  ജസ്റ്റിസ് ഫാറൂഖ്; നീതിബോധത്തിന് തിളക്കം കൂട്ടിയ ന്യായാധിപന്‍

  പി.ബി അബ്ദുല്‍ റസാഖ് ഓര്‍മ്മകളില്‍...

  ചരിത്രത്തോടൊപ്പം നടന്നൊരാള്‍...

  ചൂടപ്പം പോലെ സുഹ്‌റത്ത് സിതാരയുടെ നോവല്‍; പ്രമുഖരുടെ കയ്യടി

  പ്രളയാനന്തരം ഓണവും ബക്രീദും

  സ്‌നേഹമുള്ള സിംഹം

  ജീവനെടുത്തു കളഞ്ഞല്ലോ, ആ പിഞ്ചുപൈതങ്ങളുടെ...

  ഇനി റസാഖ് വരില്ല...

  വിട പറഞ്ഞത് കേരള പത്രപ്രവര്‍ത്തക യൂണിയനിലെ കരുത്തുറ്റ സ്ത്രീശബ്ദം

  മരണമെത്തും നേരത്ത്...

  ഗാന്ധിജിയെ കണ്ട നേരം...

  ഓര്‍മ്മകളില്‍ നിറയെ കെ.എസ്.

  ഉബൈദും കുട്ടമത്തും ഈ മണ്ണിന്റെ ശോഭ