ഭാഷയുടെ സൂക്ഷിപ്പുകാരന്‍...
'ഖന്നച്ച'യുടെ 'ഞമ്മളെ ബാസെ''
ഒരു ജനതയെ വിലങ്ങിലിടുക
അവരുടെ വായടപ്പിക്കുക
എങ്കിലും അവര്‍ സ്വതന്ത്രരാണ്
അവരുടെ ജോലി ഇല്ലാതാക്കുക
അവരുടെ പാസ്‌പോര്ട്ട് പിടിച്ചു വെക്കുക
അവരുടെ തീന്‍ മേശയും
അവര്‍ ഉറങ്ങുന്ന കിടക്കയും എടുത്തു മാറ്റുക. എന്നാലും അവര്‍ സമ്പന്നരാണ്.
തങ്ങളുടെ പൂര്‍വ്വികര്‍ ഏല്‍പിച്ച
ഭാഷ അപഹരിക്കപ്പെട്ടാല്‍
ആ ജനത ദരിദ്രരും അടിമകളുമായിത്തീരുന്നു. അവര്‍ക്ക് സര്‍വനാശം സംഭവിക്കുന്നു.
(സിസിലിയന്‍ കവി ഇഗ്‌നാസിയോ ബുത്തീത്ത)
ബന്ധങ്ങള്‍ മങ്ങുന്നതും പ്രതിരോധങ്ങള്‍ ബലഹീനമാകുന്നതും പ്രതികരണങ്ങളില്‍ നിന്ന് വീര്യം ചോരുന്നതും ഭാഷയ്ക്കു സംഭവിക്കുന്ന രോഗങ്ങള്‍ കൊണ്ട് കൂടിയാണ്. ആഗോളീകരണ കാലത്ത് മറ്റു പലതിനുമൊപ്പം നമ്മുടെ ഭാഷകളും നേരിടുന്ന ആക്രമണത്തിന്റെ ആഴം വ്യക്തമാക്കാനാണ് മുകളില്‍ സിസിലിയന്‍ കവിയുടെ അത്യന്തം പ്രസക്തമായ ആ കവിത ഉദ്ധരിച്ചത്. സപ്തഭാഷാ സംഗമ ഭൂമിയില്‍, കൊഴിഞ്ഞു വീണ മണ്‍മറഞ്ഞു പോയ വാക്കുകള്‍ പെറുക്കിയെടുത്ത് മാല കോര്‍ക്കുന്ന ഒരു പച്ച കാസര്‍കോട്ടുകാരന്‍ ഇന്ന് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാ വിഷയമാണ്. 'ഖന്നച്ച' കാസര്‍കോടിന്റെ സുകൃതം, മൊഗ്രാല്‍ പെര്‍വാഡിലെ ബനാത്തും കടവ് അബ്ദുല്ല കുഞ്ഞി എന്ന നമ്മുടെ സ്വന്തം 'ഖന്നച്ച'.
ഖന്നച്ചയുടെ എഫ്.ബി പോസ്റ്റുകളിലൂടെ കടന്നു പോകുന്നവരില്‍ പ്രകടമാകുന്നത് പറഞ്ഞറിയിക്കാനറിയാത്ത ഒരു തരം നിര്‍വൃതിയാണ്. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരോടും നിറഞ്ഞു കത്തുന്ന ഹലോജന്‍ ലാമ്പിനോടുമല്ല കാസര്‍കോട്ടെ മലയാളം കൂറ് പുലര്‍ത്തേണ്ടത്. മറിച്ച് കടങ്കഥയും ഐതിഹ്യങ്ങളും പഴം ചൊല്ലുകളും നാടന്‍ പാട്ടുകളും തിളച്ചു മറിയുന്ന ജനസംസ്‌കാരത്തില്‍ നിന്നാവണം അത് ഊര്‍ജ്ജം ഉള്‍കൊള്ളേണ്ടതെന്ന് ഖന്നച്ച നിരന്തരം നമ്മെ ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.
'ജനിച്ച നാള്‍ തൊട്ടെന്‍
മകനിംഗ്ലിഷ് പഠിക്കണം
അതിനാല്‍
ഭാര്യ തന്‍ പേര്‍
അങ്ങിഗ്ലണ്ടിലാക്കി ഞാന്‍'. എന്നൂറ്റം കൊള്ളുന്ന നാള്‍ വഴികളില്‍ കസേര ഇട്ടിരിക്കുന്നവര്‍ക്ക് ഖന്നച്ചയെ ദഹിച്ചെന്ന് വരില്ല. പൊങ്ങച്ച മലയാളത്തിനും വരേണ്യ മലയാളത്തിനുമെതിരെ കാസര്‍കോടന്‍ മലയാളത്തിന്റെ മാനം വെല്ലുവിളി ഉയര്‍ത്തേണ്ടത് 'പ്രതിധ്വനി' എന്ന വാക്ക് കൊണ്ടല്ല. പകരം 'നൊണ്ണി'(എക്കോ) എന്ന കാസ്രോടാന്‍ പദം കൊണ്ടായിരിക്കണം എന്ന് ഖന്നച്ച പേര്‍ത്തും പേര്‍ത്തും നമ്മോടു സമര്‍ത്ഥിക്കുന്നു.
ആന്റമാനിന്റെ വടക്കു ഭാഗത്തു താമസിച്ച 'ബോ' എന്ന ജനവിഭാഗത്തിനൊരു ഭാഷയുണ്ടായിരുന്നു. 'അക്കാബോ'. ആ വംശത്തിലെ അവശേഷിച്ച ഒരേ വ്യക്തി എണ്‍പത്തഞ്ചു വയസ്സുള്ള ഒരു സ്ത്രീ ഈയിടെ കാലയവനിക പൂകി. അവരോടൊപ്പം ആ ഭാഷയും സംസ്‌കൃതിയുമെല്ലാം മണ്ണിനടിയിലേക്കു പോയി. നാട്ടു ഭാഷകളുടെ മരണം അത്യപൂര്‍വമായ സംഭവമൊന്നുമല്ല. ഓരോ പതിറ്റാണ്ടിനിടയിലും എത്രയോ ഭാഷകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ജൈവ വൈവിധ്യം ഏറ്റവും കൂടുതലുള്ളിടത്ത് ഭാഷകളുടെ വൈവിധ്യവും കൂടുതലായിരിക്കുമത്രേ.
ഭാഷ മരിക്കുമ്പോള്‍ ശൈലികളും ചൊല്ലുകളും മരിച്ചു പോകുന്നു. കൃഷിയെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും മറ്റുമുള്ള നാട്ടറിവുകളും ആരോഗ്യ പരിപാലനത്തെക്കുറിച്ചും മറ്റുമുള്ള അറിവുകളും നഷ്ടപ്പെടുന്നു.
ലോകത്താകമാനം ഏഴായിരത്തിലധികം ഭാഷകള്‍ ഉണ്ടെന്നാണ് കണക്ക്. അതില്‍ എഴുനൂറ്റി അമ്പതു ഭാഷകള്‍ക്ക് ഇരുന്നൂറില്‍ താഴെ മാത്രമേ ഭാഷിതരുള്ളൂ. രണ്ടായിരത്തില്‍ അധികം ആള്‍ക്കാര്‍ സംസാരിക്കുന്ന ഭാഷകളായി മുപ്പതെണ്ണം. അടുത്ത അമ്പതു വര്‍ഷങ്ങള്‍ക്കിടയില്‍ ഭൂമിയില്‍ നിന്നും മൂവായിരത്തോളം ഭാഷകള്‍ അപ്രത്യക്ഷമാകുമെന്ന് ഭാഷകളെക്കുറിച്ചു ഗവേഷണം നടത്തുന്ന 'സില്‍ ഇന്റര്‍നാഷണല്‍' പറയുന്നു.
നല്ല ഒണ്ങ്ങിയ ഓലേന്നു ഓല്‍ക്കൊടി ചിക്കീട്ടു അയിനെ കൂട്ടിപുടിച്ചിറ്റ് അയിന്റെ കടക്കു കേട്ട് ഇട്ടിറ്റാമ്പോ അയിനെ 'ചൂട്ട്' എന്ന് ചെല്ലും. 'ഖല്ബില് ഹസദും കേടും ബെച്ചിട്ട് ആര് നടന്നെങ്കും അങ്ങനത്ത ആള്‍ ബെല്‍ങ്ങനെ ഏളിഗെ ആബേല''. എന്നൊക്കെയുള്ള വാമൊഴികള്‍ ഖന്നച്ച വരകളിലോട്ടു പകര്‍ത്തുമ്പോള്‍, ശിരസ്സ് എവിടേക്ക് ഉയര്‍ത്തുമ്പോഴും കാല്‍ എന്നും സ്വന്തം മണ്ണില്‍ ഉറപ്പിച്ചു നിര്‍ത്താനുള്ള സൂക്ഷ്മ സാംസ്‌കാരിക 'ശരി' യുടെ ഒരു സ്പന്ദനമെങ്കിലും നമ്മില്‍ നിന്നും ഉണ്ടാകേണ്ടതല്ലേ എന്ന തോന്നലാണെനിക്ക് ചുറ്റും. നൂറു വര്‍ഷമായി കുഞ്ഞുങ്ങളും ഇളം തലമുറകളും സംസാരിക്കാത്ത ഭാഷകളെ ഭാഷാ ശാസ്ത്രജ്ഞര്‍ 'ഡെഡ് ലാംഗ്വേജ്കള്‍' ആയി കണക്കാക്കുമ്പോള്‍ ഇവിടെ ഒരു തൂവെള്ള വസ്ത്രധാരി കൈമോശം വരാതെ നമ്മുടെ പദങ്ങളെ ആവുന്നത്ര ചിറകുകളില്‍ ഒതുക്കുന്നു.
മുമ്പ് ഈ തുളുനാട് കാസ്രോട്ടാരുടെ മാതൃഭൂമിയായിരുന്നു. ഇന്നീ പ്രദേശം കൂടുവിട്ടു മാറിപ്പോയവര്‍ക്ക് അഭയാര്‍ത്ഥി കേന്ദ്രമായി പതുക്കെ മാറിക്കൊണ്ടിരിക്കുന്നുവോ എന്നൊരു സംശയം. കാസര്‍കോട് എന്ന് പറയാനുള്ള വൈമനസ്യം മൂലമോ എന്തോ പലരും മറ്റു പല പല മെട്രോപൊളിറ്റന്‍ സിറ്റികളില്‍ ആണ് ചില്ലയൊരുക്കിയിരിക്കുന്നത്. അവരും മക്കളും അവരുടെ മക്കളൊക്കെ 'ഞമ്മളെ ബാസെ' പോട്ടെ, 'കുരച്ചു കുരച്ചാ'ണ് മലയാളം തന്നെ പറയുന്നത്. വടക്കിന്റെ പൊതുമയില്‍ വെച്ച് തന്നെയാണ് വേര്‍പ്പെട്ടു പോയവരില്‍ അധികവും ഇപ്പോഴും കണ്ടു മുട്ടുന്നത്. കൈ കൊടുത്തും സലാം പറഞ്ഞും അവര്‍ക്കിടയില്‍ പരിചയം പിന്നെയും പൂക്കുമ്പോള്‍ നമ്മുടെ ഭാഷ ആഹ്ലാദപൂര്‍വം എപ്പോഴും കണ്ണ് തുറക്കണം. തലയ്ക്കു മുകളിലെ ആകാശങ്ങളില്‍ ഒരു മഴവില്ല് ഉത്തരദേശത്തെ വില്ലായി തെളിയുമ്പോള്‍ ഈ ദേശം മനം നിറഞ്ഞു ചിരിച്ചു ചിരിച്ചു നൃത്തം ചവിട്ടണം. സംവാദങ്ങളില്‍ ശക്തിയും സൗഹൃദങ്ങളില്‍ ശാന്തിയും അന്വേഷണങ്ങളില്‍ സാഹസികതയും ആദര്‍ശങ്ങളില്‍ കണിശതയും ജീവിതത്തില്‍ ഉടനീളം അഗാധതയും പങ്കു വെക്കപ്പെടുമ്പോള്‍ ഈ ദേശവും നിരന്തരം വളരണം. നിഘണ്ടുക്കളില്‍ കുനിഞ്ഞു നിന്നും പത്രങ്ങളില്‍ വാ പിളര്‍ന്നും ചതികളില്‍ മനം പിളര്‍ന്നും നിലവിളികളില്‍ കണ്ണീരില്‍ കുതിര്‍ന്നും ക്രൂരതകളില്‍ ചോര ചീന്തിയും ജീവിതത്തിന്റെ ദുരിത പര്‍വ്വങ്ങളില്‍ അതെന്നും നമ്മോടൊപ്പം ഉണ്ടായിരുന്നു. വിരിയുന്ന ഇലകളിലും വിടരുന്ന പൂക്കളിലും പാടുന്ന അരുവികളിലും കുഞ്ഞുകളുടെ കിളിക്കൊഞ്ചലുകളിലും കാറ്റിന്റെ സാന്ത്വനങ്ങളിലും പാരസ്പര്യത്തിന്റെ പുളകങ്ങളിലും ചുരുട്ടിയ മുഷ്ടിയിലും കത്തുന്ന ചോദ്യങ്ങളിലും അതെന്നും നമ്മിലുണ്ടായിരുന്നു.
കൂട്ടലും കിഴിക്കലും ഹരിക്കലും പെരുക്കലും കഴിയുമ്പോഴും എത്രയെത്ര കോരിയെടുത്താലും കവിയുന്നൊരു കടല്‍ പോലെ അതെന്നും നമ്മോടൊപ്പം ഉണ്ടായിരുന്നു. അല്ലെങ്കിലത് നമ്മള്‍ തന്നെയായിരുന്നു. സംഭാഷണത്തില്‍ മാത്രമല്ല മൗനത്തിലും, കേള്‍വിയില്‍ മാത്രമല്ല കാഴ്ചയിലും, അറിവില്‍ മാത്രമല്ല അനുഭൂതിയിലും, അതെപ്പോഴുമെപ്പോഴും നമ്മില്‍ സന്നിഹിതമായിരുന്നു. അസ്ഥിത്വത്തിനൊപ്പം ആവിഷ്‌കാരത്തിനും പുറത്തിനൊപ്പം ഉള്ളിനും എന്നുമതില്‍ ഇടമുണ്ടായിരുന്നു.
ഇനിയുള്ള കാലവും അതൊക്കെയും അങ്ങനെത്തന്നെയാകണം എന്നാണു തിരക്കുള്ള തേനീച്ചയെപ്പോലെ വിശ്രമമറിയാത്ത ഖന്നച്ചയ്ക്ക് നമ്മോടു പറയാനുള്ളത്.
പ്രായം എഴുപതിന്റെ പടിവാതിലില്‍ വന്ന് മുട്ടി വിളിച്ചിട്ടും ആ ഊര്‍ജസ്വലത ഇന്നോളം കൈമോശം വന്നിട്ടില്ല. ഉന്നത വിദ്യാഭ്യാസം, ബോംബെയില്‍ നിന്നും വിദേശത്തു നിന്നും നേടിയ പരിചയ സമ്പത്ത് പത്തോളം ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള വിരുത്.
ആ അത്ഭുത സിദ്ധികള്‍ കണ്ടറിഞ്ഞാണ് കലാ, കായിക, സാംസ്‌കാരിക രംഗത്തു കാസര്‍കോട് നിറഞ്ഞു നില്‍ക്കുന്ന പി.സി.എം ആസിഫ്, അഷ്‌റഫ് അലി ചേരങ്കൈ, ഹമീദ് കാവില്‍, നിസാര്‍ പെര്‍വാഡ്, അബ്ദുസ്സലാം കുന്നില്‍, അബ്ദുല്ല പടിഞ്ഞാര്‍, സലീം അത്തിവളപ്പ്, അബ്ബാസ് പെര്‍വാഡ്, ചെമനാട് ലത്തീഫ് തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വാമൊഴികളെ വര മൊഴികളിലേക്കു പകര്‍ന്നു നല്‍കാന്‍ മുന്നോട്ടു വന്നിട്ടുള്ളത്. ആ ഉദ്യമത്തിന് നമുക്കും നേരാം ഒരായിരം അഭിനന്ദനങ്ങള്‍...
scania bedira
writterOther Articles