കാസര്‍കോടിന്റെ സ്വന്തം പണിക്കര്‍ സാര്‍ ...
കാസര്‍കോടിന്റെ നിറസാന്നിധ്യം മാധവപ്പണിക്കര്‍ സാര്‍ ഇനി ഓര്‍മ്മകളില്‍ മാത്രം. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി രോഗാതുലനായി ശയ്യാവലംബിയായിരുന്നു പണിക്കര്‍ സാര്‍. കാസര്‍കോട് ഗവ. കോളേജില്‍ നിന്നും പഠിച്ചിറങ്ങിയവര്‍ അദ്ദേഹത്തിന്റെ ചിട്ടയും ആദര്‍ശശുദ്ധിയും കൃത്യനിഷ്ഠയും അച്ചടക്കവും അനുഭവിച്ചറഞ്ഞവരാണ്. പണിക്കര്‍ സാറും ശേഷാദ്രിസാറും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളായിരുന്നു. മാഹിയില്‍ നിന്ന് വന്ന് 1963 മുതല്‍ കാസര്‍കോടുകാരനായി മാറിയ പണിക്കര്‍ സാറും 1957ല്‍ കോളേജില്‍ ആദ്യ അധ്യാപകനായി വന്നെത്തിയ പാലക്കാട്ടുകാരനായ പ്രൊഫ. പി.കെ ശേഷാദ്രി സാറും ആത്മ മിത്രങ്ങളായിരുന്നു. ശേഷാദ്രി സാര്‍ നമ്മെ വിട്ട് പിരിഞ്ഞ് 10 വര്‍ഷം കഴിഞ്ഞു. അദ്ദേഹത്തിന്റെ ഷഷ്ഠി പൂര്‍ത്തിയും സപ്തതിയും ഗംഭീരമായി ആഘോഷിച്ചവരായിരുന്നു കാസര്‍കോട്ടുകാര്‍. എന്നാല്‍ അത്തരമൊരു ആദരവിന് കര്‍ക്കശമായി എതിര്‍ത്തതിനാലാണ് പണിക്കര്‍ സാറിന്റെ സാന്നിധ്യം ആഘോഷമാക്കാന്‍ ശിഷ്യര്‍ക്ക് സാധിക്കാതെ പോയത്. പക്ഷെ കോളേജില്‍ നിന്നും കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്തതിന് ശേഷം പണിക്കര്‍ സാര്‍ വിശ്രമമറിഞ്ഞത് രോഗാതുരനായപ്പോഴാണ്.
വിദ്യാര്‍ത്ഥികളുടെ പേടിസ്വപ്നം
അച്ചടക്കത്തിനും അക്രമരാഹിത്യത്തിനും ഊന്നല്‍ നല്‍കി കര്‍ക്കശമായി പെരുമാറി എന്ന് പലരും പറയുമെങ്കിലും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ കോളേജിന്റെ പടിവാതില്‍ ഇറങ്ങിയതിന് ശേഷം അദ്ദേഹത്തെ നന്ദിയോടെ സ്മരിക്കുന്നു. കാസര്‍കോട് അച്ചടക്കരാഹിത്യം കാണിക്കുന്നവര്‍ കാസര്‍കോടിന് പുറത്തിറങ്ങുമ്പോഴാണ് എന്താണ് ജീവിതമെന്ന് മനസ്സിലാക്കിയത്. കോളേജില്‍ ഏറ്റവും ആദ്യമെത്തുകയും വിളക്കിനടിയിലും വരാന്തകളിലും നിരന്തരം നടന്ന് നീങ്ങി വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും കൃത്യനിഷ്ഠ പഠിപ്പിക്കാന്‍ കാട്ടിയ അദ്ദേഹത്തിന്റെ ശൈലി ഒന്ന് വേറെ തന്നെയായിരുന്നു. വിദ്യാര്‍ത്ഥി സംഘട്ടനങ്ങളെയും സമരങ്ങളെയും കഴിയുന്നത്ര നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. വിവിധ രാഷ്ട്രീയ ഗ്രൂപ്പുകള്‍ തമ്മില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. മുഖം നോക്കാതെ പലപ്പോഴും നടപടിയെടുക്കാന്‍ അദ്ദേഹം ധൈര്യം കാട്ടിയിരുന്നു. സ്ഥിരം പ്രിന്‍സിപ്പല്‍ ഇല്ലാത്ത അവസരങ്ങളിലൊക്കെ പ്രിന്‍സിപ്പാലിന്റെ അധിക ചുമതല വഹിച്ച അദ്ദേഹം ഉച്ചക്ക് ശേഷമുള്ള ക്ലാസുകള്‍ തുടങ്ങിയതിന് ശേഷമാണ് ഉച്ചഭക്ഷണം കഴിക്കാന്‍ പോകാറുണ്ടായിരുന്നത്. കോളേജില്‍ നിന്ന് ഏറെ വൈകിപ്പോകുന്നതും അദ്ദേഹമായിരുന്നു. കോളേജിനകത്ത് പൊലീസ് ലാത്തിച്ചാര്‍ജുണ്ടായ അവസരത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലാണ് കൂടുതല്‍ പ്രശ്‌നങ്ങളില്ലാതാക്കിയത്.
ജിയോളജി വകുപ്പിന്റെ നെടുംതൂണ്‍
1957ല്‍ ജിയോളജി അധ്യാപകനായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിയമിതനായ അദ്ദേഹം 6 വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോട് കോളേജില്‍ നിയമിതനായി. പിന്നീടങ്ങോട്ട് ജിയോളജി വകുപ്പിന്റെ ഉയര്‍ച്ച അദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു. തിരുവനന്തപുത്തും കാസര്‍കോട്ടും രണ്ട് കോളേജുകളില്‍ മാത്രമെ ജിയോളജി പഠനം സാധ്യമായിരുന്നുള്ളു.
എന്നാല്‍ ഈ വിഷയം മനുഷ്യരുടെ ദൈനംദിന ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ നാം അറിയുന്നു.
1985ല്‍ കോളേജിലെ സ്ഥിരം പ്രിന്‍സിപ്പാളായി നിയമിക്കപ്പെടുന്നത് വരെ (ഇടക്ക് ചില കാലയളവൊഴിച്ച്) അദ്ദേഹം ജിയോളജി വകുപ്പ് മേധാവിയായിരുന്നു. ലോകമെമ്പാടുമുള്ള ജിയോളജി ശാസ്ത്രജ്ഞരും അധ്യാപകരും അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ വളര്‍ന്നവരായിരുന്നു. അവരില്‍ ഐ.എ.എസ് നേടിയവരും പൊലീസ് ഓഫീസര്‍മാരും ഭൂവിജ്ഞാനീയ ശാസ്ത്രകാരന്മാരും അധ്യാപകരും ഒക്കെയായി എത്രയെത്ര പേര്‍. ജിയോളജി ബിരുദാനന്തര ബിരുദ കോഴ്‌സും ഗവേഷണ ബിരുദ കോഴ്‌സായ പി.എച്ച്.ഡി.യും ഒക്കെ തുടങ്ങാനായത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായാണ്.
വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജിയോളജിയില്‍ പി.എച്ച്.ഡി ബിരുദം വരെ നേടാനാവുന്ന ഒരു സ്ഥാപനം അതിന്റെ വളര്‍ച്ചയില്‍ പ്രധാന കണ്ണിയാണ് പണിക്കര്‍ സാര്‍.
പ്രൊഫ ടി.സി മാധവപ്പണിക്കര്‍ എന്‍ഡോവ്‌മെന്റ്
തന്റെ കൃത്യനിഷ്ഠക്ക് വിഘാതമായി ആദര്‍ശങ്ങള്‍ക്ക് വിലങ്ങ് തടിയായി പിരിച്ചു വിടപ്പെട്ട വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായപ്പോള്‍ ആ കടലാസില്‍ ഒപ്പ് വെച്ച് സൗമ്യനായി ഔദ്യോഗിക ജീവിതത്തില്‍ നിന്ന് ലീവെടുത്ത് വീട്ടിലിരിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് ഉത്തരമേഖല കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ഡെ. ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ച് ഏതാനും മാസം ജോലി ചെയ്തതിന് ശേഷം 1990ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. ആ സമയത്ത് അദ്ദേഹത്തോടുള്ള ആദരസൂചകമായി ശിഷ്യഗണങ്ങള്‍ തീരുമാനിച്ച് ഉണ്ടാക്കിയതാണ് പ്രൊഫ. ടി.സി മാധവപ്പണിക്കര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡും പ്രഭാഷണ പരമ്പരയും. കാസര്‍കോട് ഗവ. കോളേജില്‍ നിന്നും ജിയോളജി ബി.എസ്.സി.ക്കും എം.എസ്.സി.ക്കും ഒന്നാമതായി യൂണിവേഴ്‌സിറ്റി പരീക്ഷ പാസാവുന്നവര്‍ക്ക് കാഷ് അവാര്‍ഡ്. ഇത് ഏര്‍പ്പെടുത്തുന്നതിനും അദ്ദേഹം എതിരു നിന്നെങ്കിലും ശിഷ്യന്മാരെ അനുഗ്രഹിച്ചിരുന്നു അദ്ദേഹം. കഴിഞ്ഞ 28 വര്‍ഷമായി തുടരുന്ന ഈ പരിപാടികളിലൊന്നും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ എന്‍ഡോവ്‌മെന്റ് ഏര്‍പ്പെടുത്തി എന്നത് വലിയൊരാദരവാണ്.
ഔദ്യോഗിക പദവികള്‍
കാസര്‍കോട് ഗവ. കോളേജ് , യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജിയോളജി അധ്യാപകന്‍, കാസര്‍കോട് ഗവ. കോളേജ്, കൊയിലാണ്ടി ഗവ. കോളേജ്, പേരാമ്പ്ര ഗവ. കോളേജ്, തലശ്ശേരി ഗവ.ട്രെയിനിംങ്ങ് കോളേജ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പാള്‍, കോഴിക്കോട് ഉത്തര മേഖലാ കോളേജ് വിദ്യാഭ്യാസ ഡെ. ഡയറക്ടര്‍, കാസര്‍കോട് ഗവ. കോളേജ് ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
വിവിധ യൂണിവേഴ്‌സിറ്റികളില്‍ ജിയോളജി വിഷയത്തില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ആയിരുന്നു. മദിരാശി പ്രസിഡന്‍സി കോളേജിലാണ് ബി.എസ്.സി. ജിയോളജിയില്‍ ഹോണേഴ്‌സ് ബിരുദം നേടിയത്. കൂടാതെ ബി.എഡ്, എം.എഡ് ബിരുദങ്ങളും കരസ്ഥമാക്കിയിരുന്നു.
മികച്ച സാമൂഹ്യ പ്രവര്‍ത്തകന്‍
1990ന് ശേഷമാണ് മാധവപ്പണിക്കര്‍ സാര്‍ കാസര്‍കോട് പ്രദേശത്ത് പൊതു രംഗത്ത് പ്രത്യക്ഷപ്പെട്ടത്. ഒരുപാട് സംഘടനകള്‍ക്ക് അദ്ദേഹം രൂപം നല്‍കി. പലതിന്റെയും പ്രവര്‍ത്തനം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെയാണ് മുന്നേറിയത്. ഏറ്റവും പ്രധാനപ്പെട്ട സംഘടന കാസര്‍കോട് പീപ്പിള്‍സ് ഫോറമാണ്. 50 പേരുടെ അംഗബലമുള്ള സംഘടനയാണെങ്കില്‍ പോലും ശക്തമായ സാന്നിധ്യം കാസര്‍കോട് ഉണ്ടാക്കാന്‍ പീപ്പിള്‍സ് ഫോറത്തിന് സാധിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.
40 വര്‍ഷത്തിലധികമായി കാസര്‍കോട് ഒരു സ്ഥിരം തടയണ എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട്. മുഖ്യമന്ത്രിമാര്‍ പലരും കാസര്‍കോട് വരുമ്പോള്‍ വനിതകളടക്കമുള്ള കുടുംബങ്ങളെ അവരുടെ മുന്നിലേക്കയച്ച് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിച്ചു.
സെക്രട്ടേറിയറ്റ് പടിക്കല്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കി. ജലവകുപ്പിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. എന്നിട്ടും നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടാത്തത് അദ്ദേഹത്തിന് വിഷമമുണ്ടാക്കി. കാസര്‍കോട്ടെ ചന്ദ്രഗിരിപ്പുഴ അടക്കമുള്ള നദികളെ സംരക്ഷിക്കാന്‍ പട നയിച്ചതും എന്‍ഡോസള്‍ഫാന്‍ സമരമുഖത്ത് ആദ്യകാലങ്ങളില്‍ ശക്തമായി നിലകൊണ്ടതും തീരദേശങ്ങളില്‍ കണ്ടല്‍ വനവല്‍ക്കരണം ഏറ്റെടുത്തപ്പോഴും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ പ്രൊഫ. മാധവ ഗാഡ്ഗിലിനെകൊണ്ടുവന്നതും ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ സമ്മര്‍ദ്ദമുണ്ടാക്കിയതും കാസര്‍കോടിന്റെ വികസന മുന്നേറ്റങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തിയതിലും പണിക്കര്‍ സാര്‍ മുന്നിലുണ്ടായിരുന്നു. കണ്ടല്‍ വിദഗ്ധന്‍ കല്ലേന്‍ പൊക്കുടന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ഏറ്റവുമവസാനം പഴയങ്ങാടി വരെ കാറോടിച്ച് പോയതാണ് അദ്ദേഹത്തിന്റെ പരിസ്ഥിതി രംഗത്തെ ഏറ്റവും അവസാന പരിപാടി.
ശിഷ്യന്മാരുടെ നീണ്ടനിര
2013ലും 2017ലും കാസര്‍കോട് ഗവ. കോളേജില്‍ വെച്ച് അദ്ദേഹത്തിന് സമുചിതമായ ഗുരുവന്ദനം ഏര്‍പ്പെടുത്തിയത് ലോകത്തിന്റെ നാനാഭാഗത്തും പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. ഡോ.എം. വിജയനുണ്ണി നമ്പ്യാര്‍ ഐ.എ.എസ്., മുന്‍ കേരള ചീഫ് സെക്രട്ടറി, സെല്‍സസ് ഡയറക്ടര്‍, കണ്ണൂര്‍ കലക്ടര്‍, കെ. അയ്യപ്പന്‍ നായര്‍ ഐ.എ.എസ്., മുന്‍ ആലപ്പുഴ കലക്ടര്‍ മൈനിങ്ങ് ആന്റ് ജിയോളജി ഡയറക്ടര്‍ കൃഷ്ണനുണ്ണി, ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ കെ.ടി. വിദ്യാധരന്‍, പി.വി. സുകുമാരന്‍, പി. ബാലകൃഷ്ണന്‍, കെ. കൃഷ്ണന്‍ നായര്‍, ഡോ. എം.എം. നായര്‍, ഡോ. തമ്പാന്‍ മേലത്ത്, ഡോ. പി.കെ. രാജേന്ദ്രന്‍ നായര്‍, ഡോ.കമലാക്ഷന്‍ കൊക്കാല്‍, ഭൂജല വകുപ്പ് റീജ്യണല്‍ ഡയറക്ടര്‍ വി. കുഞ്ഞമ്പു, ഇന്ത്യന്‍ ബഹിരാകാശ ഡയറക്ടര്‍ ഡോ. കെ. ഗണേഷ് രാജ്, ഡോ.കെ.കെ. രാമചന്ദ്രന്‍, ഡോ. പി.വി. വിജയന്‍, ഡോ.ടി.പി. സുരേന്ദ്രന്‍ നായര്‍, ഡോ. സി.ജി നമ്പ്യാര്‍, എ. രാഘവന്‍ നമ്പ്യാര്‍, ഡോ. ത്രിവിക്രംജി, പരേതനായ പ്രൊഫ. ശ്രീറാം, പ്രൊഫ. എം. രാമശര്‍മ്മ, പ്രൊഫ. എസ്. മോഹന്‍കുമാര്‍ തുടങ്ങി എത്രയെത്ര മഹാരഥന്മാര്‍ പേരെടുത്ത് പറഞ്ഞാല്‍ തീരാത്ത നീണ്ടനിര. എല്ലാവര്‍ക്കും ഈ സൗഭാഗ്യം ലഭിക്കാന്‍ ഇടയായത് ജിയോളജി എന്ന വിഷയമാണ്. അത് കൈകാര്യം ചെയ്ത പണിക്കര്‍ സാറാണ് എന്ന് നന്ദിയോടെ ഓര്‍ക്കുന്നു.
വ്യക്തിപരമായ നഷ്ടം
പല വിധത്തിലും എന്റെ ജീവിതത്തില്‍ 1971 മുതല്‍ ഏറെ നിറഞ്ഞു നിന്നത് ഈ ഗുരുനാഥനാണ്. പലപ്പോഴും പ്രധാന അവസരങ്ങളിലൊന്നും ഞങ്ങള്‍ ഒന്നിച്ചുണ്ടായില്ല എന്നതും ഒരു ദുഖമായി എന്നും എന്റെ കൂടെയുണ്ട്. എന്റെ പിതാവിന്റെ സുഹൃത്തായിരുന്നു പണിക്കര്‍.
ജിയോളജി പഠിക്കാന്‍ അവസരമുണ്ടാക്കിയതും പ്രേരിപ്പിച്ചതും അദ്ദേഹം. ഈ വിഷയം പഠിച്ചതുകൊണ്ടാണ് നല്ലൊരു ജീവിത ചുറ്റുപാട് എനിക്കുണ്ടായത്. അദ്ദേഹത്തിന്റെ ദേഹ വിയോഗം നടക്കുന്ന അവസരത്തില്‍ ഞാന്‍ ഇങ്ങകലെ അമേരിക്കയില്‍ മകളുടെ കൂടെയാണ്. 1981ല്‍ എന്റെ വിവാഹം നടക്കുന്ന അവസരത്തില്‍ അദ്ദേഹം അസൗകര്യം മൂലം വന്നെത്തിയില്ല. മറ്റൊരു പ്രധാനപ്പെട്ട ആഗ്രഹമായിരുന്നു അദ്ദേഹം റഗുലര്‍ പ്രിന്‍സിപ്പള്‍ ആയ അവസരത്തില്‍ കാസര്‍കോട് ഗവ. കോളേജില്‍ ജോലി ചെയ്യണമെന്നത്.
അന്ന് കോട്ടയം ഗവ. കോളേജില്‍ പ്രൊഫസറായിരുന്നു ഞാന്‍. എന്നാല്‍ അദ്ദേഹത്തിന്റെ ശിഷ്യനാവാനും പിന്നീട് സഹപ്രവര്‍ത്തകനാവാനും അദ്ദേഹമിരുന്ന കസേരകളിലൊക്കെ ഇരിക്കാനായതും അദ്ദേഹത്തിന്റെ കൂടെ സാമൂഹ്യ പ്രവര്‍ത്തകനാകാനും അവസാന നാളുകളില്‍ പോലും അദ്ദേഹത്തിന്റെ മനസ്സില്‍ പതിഞ്ഞ ഒരു രൂപമാകാനും സാധിച്ചതില്‍ കൃതാര്‍ത്ഥതയുണ്ട്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
Prof. V. Kopinathan
writer