മാപ്പിളപ്പാട്ട് പ്രവാസത്തിലോ?
കുറേ മാസങ്ങളായി മൊഗ്രാല്‍ സ്വദേശിയായ ഹമീദ് വിടാതെ നിര്‍ബന്ധിക്കുന്നു മാപ്പിളപ്പാട്ടിനെക്കുറിച്ചെഴുതാന്‍. മാപ്പിളപ്പാട്ടിനെ കുറിച്ച് മുന്‍പൊക്കെ എഴുതാറുണ്ടായിരുന്നത് കൊണ്ടാണ് എന്നെ സമീപിക്കാന്‍ കാരണം. മാപ്പിളപ്പാട്ടിന്റെ വരള്‍ച്ച കണ്ട് വേദനിക്കുന്ന മാപ്പിളപ്പാട്ട് സ്‌നേഹിയുടെ മനസ് വായിച്ചു ഞാനോര്‍ത്തു. ഇങ്ങനെ എത്രയോ ഹമീദുമാരുണ്ടാവാം. ഞാനും ചുറ്റുപാടും നോക്കുന്നു. എവിടെയാണ് മാപ്പിളപ്പാട്ട്? സജീവമായിരുന്ന പരിപാടികള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, സെമിനാറുകള്‍.
ചില മരണങ്ങളെ കുറിച്ച് അനുസ്മരിക്കുമ്പോള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പദമാണ് ആ വിയോഗം സമൂഹത്തിന് കനത്ത നഷ്ടമെന്ന്. പ്രയോഗം ആലങ്കാരികമാണെങ്കിലും ചില രംഗങ്ങളില്‍ കനത്ത നഷ്ടമുണ്ടാക്കി തന്നെ കടന്നു പോയവരുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ ആ നഷ്ടം നികത്താനാവാത്തതെന്ന് കാലം തെളിയിക്കുന്നു. മാപ്പിളപ്പാട്ട് രംഗത്തെ ബൗദ്ധികമായി വിലയിരുത്തി അതിന്റെ നന്മകളും സൗന്ദര്യവും സമൂഹത്തെ ബോധ്യപ്പെടുത്തിയ കെ.എം. അഹ്മദ് മികച്ച സംഘാടനത്തിലൂടെ രാപ്പകല്‍ കിണഞ്ഞ് മാപ്പിളപ്പാട്ടിനെ ഉത്തരകേരളത്തിന്റെ ജനമനസ്സില്‍ കുടിയിരുത്തിയ തനിമ അബ്ദുല്ല എന്ന എം.കെ. അബ്ദുല്ല തുടങ്ങി എല്ലാറ്റിനും പ്രോത്സാഹനം നല്‍കി പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിച്ച മറ്റു ചിലരുടെയും നിര്യാണം ഉത്തര കേരളത്തില്‍ മാപ്പിളപ്പാട്ടിനെ നിര്‍വീര്യമാക്കി. മാപ്പിളപ്പാട്ടിന്റെ രക്ഷകര്‍ത്താക്കളായിരുന്നു ഇവര്‍. ആര്‍ക്കും പിന്തുടര്‍ച്ചാവകാശം നല്‍കാതെയാണ് ഇവര്‍ രംഗം വിട്ടത്. അഹ്മദിന് ശേഷം മാപ്പിളപ്പാട്ടുകാരെ കുറിച്ച് ചര്‍ച്ചകളോ സംവാദമോ ഇവിടെ നടന്നിട്ടില്ല. ഹൃദ്യമായ പരിപാടികള്‍, സ്വന്തം ആരോഗ്യത്തെ പോലും അവഗണിച്ച് ഓടി നടന്നു സംഘടിപ്പിക്കുന്ന തനിമ അബ്ദുല്ലയുടെ വിയോഗം ഈ നാട്ടില്‍ ഇശല്‍ രാവുകള്‍.
എന്റെ സുഹൃത്തായ മാപ്പിള ഗായകനെ ഒന്നോ രണ്ടോ മാസത്തിനിടയില്‍ ഒരിക്കല്‍ കണ്ടാലായി. എവിടെയായിരുന്നു. ഉത്തരം വന്നു. ദുബായിലായിരുന്നു. ഇന്നലെ തിരിച്ചെത്തിയതേ യുള്ളൂ. പ്രവാസത്തിലാണിപ്പോള്‍ മാപ്പിളപ്പാട്ട്. അതിന്റെ കാരണമോ നാട്ടില്‍ നല്ല പരിപാടികള്‍ സംഘടിപ്പിച്ചു നല്‍കാന്‍ തനിമ അബ്ദുല്ലമാരില്ല. അബ്ദുല്ലയെപോലെ, അതിനായി ധനവും നേരവും ഒഴിഞ്ഞുവെക്കാന്‍ തയ്യാറായവരുമില്ല. മൊഗ്രാലില്‍ എം.കെ. അബ്ദുല്ലയുടെ പ്രയത്‌നഫലമായി നേടിയെടുത്ത മാപ്പിളപ്പാട്ട് ഗവേഷണ കേന്ദ്രം കാലത്തിന് മുന്നില്‍ നോക്കുകുത്തി പോലെ നില്‍ക്കുന്നുണ്ടുതാനും. അതിജീവനത്തിന് മറ്റുള്ളവരെ പോലെ കടല്‍ കടക്കാനുള്ള അവകാശം അവര്‍ക്കുമുണ്ട്. ഗള്‍ഫ് മേളകളെ പ്രോത്സാഹിപ്പിക്കാനും പ്രചരിപ്പിക്കാനും സമൂഹ മാധ്യമങ്ങളുണ്ട്. സമൂഹ മാധ്യമ കൂട്ടായ്മകള്‍ക്ക് നാട്ടില്‍ മാപ്പിളപ്പാട്ട് സംഗമമോ, സംവാദമോ നടത്തി ഈ രംഗത്ത് പുഷ്ടിയും പൊലിമയുമുണ്ടാക്കാനാവില്ല.
നാടുവിടല്‍ മാത്രം കൊണ്ടല്ല, മാപ്പിളപ്പാട്ടിന്റെ തറവാടുറങ്ങുന്നത്. പ്രേക്ഷകര്‍ക്കും ശ്രോതാക്കള്‍ക്കും ഇതിനോടുള്ള ഇഷ്ടം കുറഞ്ഞിട്ടുണ്ട്. രണ്ട് മൂന്ന് വര്‍ഷം മുമ്പുവരെ ചാനലുകളെ മനോഹരമായ ഇശല്‍ രാവുകളാക്കിയിരുന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകള്‍ ഇന്നു കാണുന്നില്ല. റേറ്റിംഗ് കുറഞ്ഞതുകൊണ്ട് ചിലത് അപ്രസക്തമായ സമയങ്ങളിലേക്ക് മാറ്റിവെച്ചിരിക്കുന്നു. മാപ്പിളപ്പാട്ടിന്റെ രചനാ വൈകല്യവും മായം ചേര്‍ക്കലും നിലവാരക്കുറവുമാണ് ഈ പതനത്തിന് കാരണം. പെണ്ണിന്റെ ശരീരവര്‍ണ്ണനം, കാമം പൂത്ത കാത്തിരിപ്പു മാത്രമാവും പാട്ടു വിഷയം. മോയിന്‍കുട്ടി വൈദ്യര്‍ ബദ്‌റുല്‍ മുനീറിന്റെയും ഹുസ്‌നുല്‍ ജമാലിന്റെയും പ്രേമകഥ കാവ്യമാക്കിയപ്പോള്‍ വര്‍ണ്ണന ശ്ലീലതയുടെ അതിര് ലംഘിച്ചില്ല. കുട്ടിച്ചെന്താമര കുട്ടി തത്തേ കണ്ട് കരളലിയുന്നു മുത്തേ എന്ന് ലളിതമായി സംബോധന ചെയ്ത് ഇന്നത്തെ പാട്ടുകാരെ പോലെ അംഗ പ്രത്യംഗ വര്‍ണ്ണന നടത്തുന്നില്ല. ഇന്നും മാപ്പിളപ്പാട്ട് ജീവിക്കുന്ന ഇടമാണ് സമ്പന്ന മുസ്‌ലിംകളുടെ കല്യാണ വീടുകള്‍. മണവാട്ടി പെണ്ണിനെ ഇക്കിളി പദങ്ങള്‍ കൊണ്ടലങ്കരിച്ച് ഹുബ്ബും മൊഹബ്ബത്തും ഖല്‍ബു ചേര്‍ത്ത് കൈകൊട്ടിപ്പാടുന്നു. പെണ്ണും ചെക്കനും അവരുടെ കളികളും കേളികളും കല്യാണ വീടുകളില്‍ പാട്ടായി ഉയരുന്നു. രചനാ വൈവിധ്യമില്ല. കേട്ടു കേട്ടു മടുത്തിട്ടും കല്യാണ വീടുകളില്‍ ലങ്കി മറിയാന്‍ അവര്‍ക്ക് സാധിക്കുന്നു. ഇത് ട്രയല്‍സ്റ്റേജാണ്. അഞ്ചാറു മംഗലപ്പുരയില്‍ പാടിയാല്‍ അവനും അവളും പ്രശസ്ത മാപ്പിളപ്പാട്ടുഗായകരായി ദുബായിലേക്ക് പറക്കാന്‍ വഴി നോക്കുന്നു.
വിഷയം കാലഹരണപ്പെട്ടത് കൊണ്ട്, ചില തനിമയാര്‍ന്ന വര്‍ഷങ്ങളോളം ശ്രോതാക്കളുടെ മനസ്സില്‍ തളം കെട്ടി നിന്ന ചില നല്ല ഗാനങ്ങള്‍ക്ക് മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. വിരഹാര്‍ത്തയായ ഒരു ഗള്‍ഫ് ഭാര്യയുടെ കണ്ണീരില്‍ കുതിര്‍ന്ന വികാര വേദനയും പ്രതിഫലിപ്പിക്കുന്ന കത്തു പാട്ടുകള്‍ക്ക് ഇന്ന് പ്രസക്തിയില്ല. എസ്.എം. ജമീലിന്റെ രചനയുടെ സൗന്ദര്യവും ലാളിത്യവും ആലാപനത്തിന്റെ മാധുര്യവും മാപ്പിളപ്പാട്ടിനെ യശസ്സിലേക്കുയര്‍ത്തി. അനുകരണങ്ങള്‍ മഴയായി പൊലിഞ്ഞെങ്കിലും ജമീലിന്റെ കത്ത് പാട്ട് ഒട്ടും നനഞ്ഞില്ല തണുത്തില്ല. ഇന്ന് വിരഹിണിയായ ഭാര്യയില്ല. നിനച്ചാല്‍ ആഴ്ചയിലൊരിക്കല്‍ വരാനും അവളെ കൂട്ടിക്കൊണ്ട് പോയി ഒന്നിച്ച് താമസിപ്പിക്കാനും ഇന്ന് തടസ്സമില്ല. ഈ സെല്‍ഫോണ്‍ യുഗത്തില്‍ വാട്ട്‌സ് ആപ്പ് കാലത്ത് എഴുതി അറിയിക്കാന്‍ കാര്യങ്ങള്‍ നൂറുണ്ട് എഴുതുകയല്ലാതെ വേറെന്ത് വഴിയുണ്ട് എന്ന് കേഴുന്ന പെണ്ണിന് എന്താണ് പ്രസക്തി?
അതുകൊണ്ടാവാം പെണ്ണിന്റെ സൗന്ദര്യത്തിലും പുതിയാപ്ലയുടെ ഇളക്കത്തിലും ചുറ്റിക്കളിക്കുന്നത് നാട്ടില്‍ കല്യാണ പന്തലിലെ വേദികളല്ലാതെ മറ്റൊരു അരങ്ങുമില്ല. സുഖിപ്പിക്കാന്‍ പാട്ടിന്റെ നിലവാരം നോക്കേണ്ടതുമില്ല. കല്യാണ രാവുകളില്‍ നിന്ന് മാപ്പിളപ്പാട്ടിനെ പിടിച്ചിറക്കി പൊതു വേദികളില്‍ കൊണ്ട് വന്ന് ജനസമക്ഷം പാടിച്ച് കയ്യടി നേടിക്കുവാന്‍ കലാകാരനും ശ്രോതാവിനും ആസ്വാദ്യകരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ തനിമ അബ്ദുല്ലയെ പോലെ ഒരു സംഘാടകന്‍ ഇന്നില്ല. മാപ്പിളപ്പാട്ടിനെ സ്‌നേഹിക്കുന്നവര്‍ക്കു പോലും സമയമില്ല.
പെണ്ണും പിടക്കോഴിയും വിട്ട് മാപ്പിളപ്പാട്ട് വിസ്തൃതമായ ലോകത്തേക്കിറങ്ങണം. ടി. ഉബൈദ് അതിസുന്ദരമായ സ്വാതന്ത്ര്യ സമര ഗാനമെഴുതിയിരുന്നു.
'എന്തിതു കാണുന്നു വിണ്ണില്‍ കരിഴലുകള്‍ തിങ്ങി വിങ്ങി' എന്നു ലണ്ടന്‍ ഗോപുരങ്ങള്‍ തങ്ങളില്‍ ചോദ്യം തുടങ്ങി എന്നു തുടങ്ങുന്ന കാഹള ഗാനം.
അന്ന് പുതിയാപ്ലയെ ചമയിക്കുമ്പോള്‍ വട്ടത്തില്‍ നിന്ന് ഈ ഒപ്പന ചായലും മുറുക്കവും പരക്കെ പാടിയിരുന്നു.
കല്യാണ പന്തലിലായാലും നിലവാരമുള്ള സംസ്‌കാരമുള്ള പാട്ടുകളായിരുന്നു പതിവ്. വെള്ളപ്പൊക്കവും മരണവും ഫുട്‌ബോള്‍ കളിയും വിഷയീഭവിച്ച പഴം പാട്ടുകള്‍ ഇന്നും ഇമ്പം തരുന്നു. പ്രണയിനിയിലും കാമുകനിലും ശൃംഗാരത്തിലും അധിഷ്ടിതമായ വെണ്‍മണിക്കവിതകള്‍ ഇന്ന് സ്മരിക്കപ്പെടുന്നില്ല. ശൃംഗാരമായാലും അമിതമായാല്‍ അറപ്പുണ്ടാക്കും. ശൃംഗാരം വിട്ട് ഉയര്‍ന്ന തലത്തിലേക്ക് മാപ്പിളപ്പാട്ട് രചനകള്‍ വളരുമെന്ന് നമുക്ക് പ്രത്യാശിക്കാം.
(സ്‌കൂള്‍ യുവജനോത്സവങ്ങള്‍ നല്ല മാപ്പിളപ്പാട്ടുകാരെ സൃഷ്ടിക്കുന്നുണ്ട്. അവര്‍ക്കും ഗ്രേഡ് മാര്‍ക്ക് നേടി കൊടുക്കുന്ന എ. ഗ്രേഡിനപ്പുറം താല്‍പ്പര്യമില്ലെന്ന് തോന്നുന്നു. അവരാരും പിന്നെ പാട്ട് പാടുന്നത് കേട്ടിട്ടേയില്ല.)
c.l.abbas
writerOther Articles