അക്ഷരകേളി
യുവജനോത്സവവേദികളില്‍ അക്ഷരശ്ലോകവും കാവ്യകേളിയും വിധിനിര്‍ണ്ണയിക്കാന്‍ പ്രയാസപ്പെട്ട അനുഭവത്തില്‍ നിന്നാണ് വി.ആര്‍ സദാനന്ദന്‍ മാഷ് 'അക്ഷരകേളി' എന്ന പുസ്തകത്തെ നമുക്ക് എഴുതി സമര്‍പ്പിച്ചത്. മനുഷ്യന്റെ കണ്ടുപിടിത്തങ്ങളൊക്കെ തന്നെ എന്തെങ്കിലും ഇല്ലായ്മയില്‍ നിന്നും അവ ഇല്ലാത്തതിന്റെ വല്ലായ്മയില്‍ നിന്നും രൂപപ്പെട്ടതാണ്. കൂടുതല്‍ സൗകര്യങ്ങള്‍ക്കുവേണ്ടിയാണല്ലോ ആഗ്രഹങ്ങളുടെ മണിമുത്തുകള്‍ മനുഷ്യന്‍ നെയ്‌തെടുക്കുന്നതും കൊയ്‌തെടുക്കുന്നതും. അക്ഷരശ്ലോകവും കാവ്യകേളിയും സംബന്ധിച്ച വി.ആര്‍.എസിന്റെ പഠനത്തിനു പിന്നിലും രചനയ്ക്കു പിന്നിലും വിധി നിര്‍ണ്ണയത്തിലെ പോരായ്മ പരിഹരിക്കാനുള്ള ഒരു എളിയതും എന്നാല്‍ ബൃഹത്തുമായ ഒരു സര്‍ഗാത്മക ശ്രമമുണ്ട്. ശ്ലോകങ്ങളും കവിതകളും മനഃപാഠമാക്കിക്കൊണ്ട് അക്ഷരകേളിയുടെയും കാവ്യകേളിയുടെയും നല്ലൊരു വിധികര്‍ത്താവ് ആകുന്നതിന് അദ്ദേഹത്തിന് സാധിച്ചതിനു പിന്നിലെ യുക്തിക്കു പിന്നിലും മറ്റൊന്നുമല്ല.
ഏതൊരു കാര്യവും ശ്രമിച്ചാല്‍ സാധിക്കുമെന്ന് തെളിയിക്കപ്പെട്ട ചരിത്രമാണ് സദാനന്ദന്‍ മാസ്റ്റര്‍ക്കുള്ളത്. കാരണം അത്രമേല്‍ അദ്ദേഹം അതിനുവേണ്ടി തന്റെ സര്‍ഗ്ഗവാസനകള്‍ പോഷിപ്പിച്ചുകൊണ്ട് നിതാന്ത പരിശ്രമം നടത്തിയിരിക്കും. ജോലിയില്‍ നിന്നു പിരിഞ്ഞതിനുശേഷമുള്ള ഏഴുവര്‍ഷങ്ങള്‍ക്കിടയില്‍ കൊണ്ട് നാലു പുസ്തകങ്ങള്‍ രചിച്ചതും വായനയിലൂടെയുള്ള സാധനയില്‍ കൂടിയാണ്.
രണ്ടോ അതിലധികമോ വ്യക്തികള്‍ സദസ്സിനെ അഭിമുഖീകരിച്ച് അര്‍ദ്ധവൃത്താകൃതിയിലിരുന്ന് ശ്ലോകങ്ങള്‍ ചൊല്ലി രസിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന സര്‍ഗ്ഗപ്രവര്‍ത്തനമാണ് അക്ഷരശ്ലോകം എന്നു പറയാം. സംസ്‌കൃതത്തിലുള്ള ശ്ലോകങ്ങള്‍ മൂന്നാം പാദത്തിന്റെ ആദ്യാക്ഷരക്രമത്തില്‍ ചൊല്ലിപ്പോരുന്ന വിദ്യാവിനോദമാണ് അക്ഷരശ്ലോകം. സംസ്‌കൃത വൃത്തത്തിലുള്ള ശ്ലോകങ്ങള്‍ പ്രധാനമായും സ്രഗ്ദ്ധര, ശാര്‍ദൂലവിക്രീഡിതം, വസന്തതിലകം, ദ്രുതവിളംബിതം, രഗോദ്ധത, കുസുമമഞ്ജരി, മന്ദാക്രാന്ത, മത്തേഭം, ശിഖരിണി, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഉപജാതി, ഭുജംഗപ്രയാതം തുടങ്ങിയ വൃത്തത്തിലുള്ളവയാണ് പ്രധാനമായും ഉള്ളത്. കാവ്യബോധം, അര്‍ത്ഥബോധം, വൃത്തബോധം, താളബോധം സര്‍വ്വോപരി ഭാഷാസ്‌നേഹം എന്നിവ ഊട്ടിയുറപ്പിക്കുവാന്‍ ഈ കലയ്ക്കും അതിന്റെ പഠനത്തിനും സാധിക്കുക തന്നെ ചെയ്യും.
അക്ഷരശ്ലോകം രാജസദസ്സുകളിലൊക്കെ കൊണ്ടാടപ്പെട്ടിരുന്നു. പ്രൗഢിയുടേയും പ്രതാപത്തിന്റേയും ചിഹ്നങ്ങളായി ഇവ അന്നൊക്കെ കരുതപ്പെട്ടിരുന്നു. തൃശൂരിലെ അക്ഷരശ്ലോക സദസ്സ് ഇന്നും പ്രസിദ്ധമാണ്. കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ ഇന്നും ചെറുതും വലുതുമായ അക്ഷരശ്ലോക സദസ്സുകള്‍ നടന്നുവരുന്നുണ്ട്.
പ്രധാനമായും അമ്പലങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവ സംഘടിപ്പിക്കാറ്. സ്‌കൂള്‍ കലോത്സവവേദികളില്‍ പ്രധാനമായും താഴെപ്പറയുന്നവയാണ് വിധിനിര്‍ണ്ണയത്തിന് ഉപയോഗിക്കുന്ന മാനദണ്ഡങ്ങള്‍.1. അക്ഷരസ്ഫുടത 2. മനഃപാഠം 3. ചൊല്ലുന്ന രീതി 4. ശ്ലോകങ്ങളുടെ നിലവാരം.
നാല് ഈരടികള്‍ എട്ടുവരികള്‍ ചേര്‍ന്ന ദ്രാവിഡവൃത്തത്തിലുള്ള കവിതാഭാഗങ്ങളാണ് കാവ്യകേളിയില്‍ ചൊല്ലുന്നത്, നാല് ഈരടികള്‍ ചേര്‍ന്ന കവിതാഭാഗം ഒരാള്‍ ചൊല്ലുമ്പോള്‍ അഞ്ചാംവരിയിലെ ആദ്യാക്ഷരത്തില്‍ തുടങ്ങുന്ന പദ്യഭാഗം അടുത്തയാള്‍ ചൊല്ലുന്നു. കാവ്യകേളിയിലെ ചൊല്ലല്‍ നിയമം ഈ രീതിയിലാണ്. ആനന്ദനിര്‍വൃതിക്കും ജീവിതവഴിയില്‍ അഭിമുഖീകരിക്കുന്ന ടെന്‍ഷന്‍ കുറക്കുന്നതിനുമൊക്കെ അക്ഷരശ്ലോകവും കാവ്യകേളിയും ഉപയുക്തമാവും. ഈ അടുത്തകാലത്ത് പ്രസിദ്ധീകരിച്ചിരുന്ന പുസ്തകങ്ങളുടെ അവതാരികകളില്‍ നിന്നും തീര്‍ത്തും ഭിന്നമായ ഒരു അവതാരികയാണ് വി.ആര്‍.എസിന്റെ ഗുരുനാഥന്‍ കൂടിയായ സാഹിത്യപണ്ഡിതന്‍ പ്രൊ. കെ.എന്‍ വിഷ്ണു നനമ്പൂതിരിയുടേത്. ഗഹനവും പഠനാര്‍ഹവുമായ അവതാരിക ഈ പുസ്തകത്തെ തന്നെ മൂല്യവത്താക്കുന്നുണ്ട്.
കാസര്‍കോട്ടെ സാംസ്‌കാരികമേഖലയിലെ നിത്യഹരിത നായകനായ നാരായണന്‍ പേരിയ മാഷിന്റെ പഠനം സരളവും ഗൗരവമേറിയതുമാണ്. ദുരൂഹമായ അക്ഷരശ്ലോക, കാവ്യകേളി നിയമങ്ങളെ ലഘൂകരിക്കാന്‍ ഈ പഠനം ഉപകാരപ്രദമാണ്. കെട്ടിലും മട്ടിലും രൂപത്തിലും നല്ലതേ പറയാനുള്ളൂ പുസ്തകത്തെ സംബന്ധിച്ച്. പ്രിന്റിംഗും ലേ ഔട്ടും വളരെ നന്നായിട്ടുണ്ട്.
മലയാള ശ്ലോക, കാവ്യമേഖലകളില്‍ ഇരുത്തം വന്നവരുടേയും അല്ലാത്തവരുടേയും വരികള്‍ തിരഞ്ഞെടുത്ത് ഒരു സൃഷ്ടി ഉണ്ടാക്കുക എന്നത് ത്യാഗനിര്‍ഭരമായ സര്‍ഗാത്മക പ്രവര്‍ത്തനം തന്നെയാണ്. ആരേയും അവഗണിക്കാതെ എല്ലാവരേയും ഉള്‍ച്ചേര്‍ത്തുകൊണ്ട് തന്റെ കൃതി രൂപപ്പെടുത്തണം എന്ന അഭിവാഞ്ഛയില്‍ നിന്നുമാണ് പുസ്തകമുണ്ടായത്. മുഖ്യധാരാ കവികളോടൊപ്പം കാസര്‍കോട് ജില്ലയിലെ ചെറുതും വലുതുമായ കവികളെ കൊള്ളുവാന്‍ ഈ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്. അവരുടെ വരികള്‍ ഇതില്‍ തല നീട്ടിയിട്ടുണ്ട്. അതുകൊണ്ട് 'സ്‌നേഹമാണഖിലസാരമൂഴിയില്‍' എന്ന കുമാരനാശാന്റെ കാവ്യശകലം അന്വര്‍ത്ഥമാക്കുകയാണ് മാഷ് ചെയ്തത്. പേരിയ മാഷ് പറഞ്ഞതുപോലെ കാവ്യാസ്വാദകരുടെ കുമ്പ വീര്‍ക്കാന്‍ ഈ കൃതിയിലൂടെ സാധിക്കും. 'തവശ്രമം നിഷ്ഫലമല്ല കേവലം' എന്നു കൂടിയും പേരിയ സാര്‍ അഭിപ്രായപ്പെടുന്നുണ്ട്.
കേരളത്തിലങ്ങോളമിങ്ങോളം ഈ പുസ്തകം പ്രചരിക്കുകയാണെങ്കില്‍, വായിക്കപ്പെടുകയാണെങ്കില്‍ കൃതി കാവ്യമാത്രപ്രസക്തമാകും. സദാനന്ദന്‍ മാഷിന്റെ വര്‍ഷങ്ങളുടെ അദ്ധ്വാനം അതിന്റെ ലക്ഷ്യപ്രാപ്തിയില്‍ എത്തും. കലോത്സവങ്ങളില്‍ അക്ഷരശ്ലോകത്തിന്റെയും കാവ്യകേളിയുടേയും മത്സരത്തിന് ജീവന്‍ വെക്കാനും അതുവഴി ആസ്വാദകരുടേയും മത്സരാര്‍ത്ഥികളുടെയും സര്‍ഗ്ഗ താത്പര്യങ്ങളെ പോഷിപ്പിക്കാനും സാധിതപ്രായമാകുന്ന വിധത്തിലാണ് ഈ കൃതി മെനഞ്ഞുണ്ടാക്കിയിരിക്കുന്നത്.
Raghavan bellippady
WriterOther Articles