കനലെരിയുന്ന അനുഭവങ്ങളുമായി ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ കവിതകള്‍
ദിവാസ്വപ്നങ്ങളിലൂടെയുള്ള സഞ്ചാരമല്ല, മറിച്ച് കനലെരിയുന്ന അനുഭവങ്ങളിലൂടെ കടന്നു പോകുന്ന പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ് ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ കവിതകള്‍. അദ്ദേഹത്തിന്റെ പുതിയ കവിതാ സമാഹാരമായ ഉറവിടവും ജീവിതത്തിന്റെ കയ്‌പ്പേറിയ സത്യങ്ങളിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിച്ചു. 88 കവിതകളുടെ സമാഹരണമാണ് ഉറവിടം. പുതിയ കാലത്തെ യാന്ത്രിക ജീവിതവും നന്മയും സ്‌നേഹവും വറ്റിപ്പോകുന്ന മാനസികാവസ്ഥയും നിത്യജീവിതത്തില്‍ മനുഷ്യന്‍ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളുമെല്ലാം ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ കവിതകളില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്വാര്‍ത്ഥതയും ദുരാഗ്രഹവും മൂലം മനുഷ്യര്‍ കാണിച്ചു കൂട്ടുന്ന അധാര്‍മ്മിക പ്രവര്‍ത്തികള്‍ക്കെതിരെയുള്ള മുന്നറിയിപ്പുകള്‍ ദിവാകരന്റെ കവിതകളില്‍ പ്രകടമാണ്. പ്രകൃതിക്കും ഈ പ്രപഞ്ചത്തിലെ മറ്റ് ജീവജാലങ്ങള്‍ക്കുമെതിരെ മനുഷ്യവര്‍ഗ്ഗം നടത്തുന്ന ഹീനമായ കടന്നാക്രമണങ്ങളില്‍ വേദനിക്കുന്ന കവി ഹൃദയത്തിന് ഇതിനെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. ഉറവിടം കവിതാ സമാഹാരത്തിലെ വേനല്‍ എന്നകവിതയില്‍ ഒറ്റവരികൊണ്ടുതന്നെ അദ്ദേഹം പ്രകൃതിയുടെ ദുരവസ്ഥ ചൂണ്ടിക്കാണിക്കുന്നുണ്ട്. വിത്തുകളൊന്നും മുളയ്ക്കാത്ത പാടത്ത് കൊറ്റികള്‍ കണ്‍നട്ടുനിന്നു എന്ന വരി പ്രകൃതി വിരുദ്ധമായ ഒരുപാട് ചെയ്തികളിലേക്കാണ് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. പാടത്ത് വിത്തുകള്‍ മുളയ്ക്കാത്തത് വിത്തുകളിടാന്‍ ആളില്ലാത്തതുകൊണ്ടാണ്. ഭൂമിയിലെയും മനസ്സിന്റെയും പാടങ്ങളില്‍ സ്‌നേഹത്തിന്റെ വിത്തുകള്‍ മുളപ്പിക്കാന്‍ ആളില്ലാതാകുന്ന കാലമാണിത്. ജീവിതപ്പാതയില്‍ ആളില്ലാതാകുന്നതും കിനാവിന്റെ പാളത്തില്‍ ഗുഡ്‌സ് വണ്ടി പായുന്നതും അതുകൊണ്ടാണെന്ന് വേനല്‍ സാക്ഷ്യപ്പെടുത്തുന്നു. 'മാര്‍ജാരന്‍' എന്ന കവിതയില്‍ നഗരത്തിന്റെ യാന്ത്രിക ജീവിതത്തെ കുറിച്ചും ഗ്രാമങ്ങളിലെ ദുരന്ത ജീവിതങ്ങളെക്കുറിച്ചും കവി ആകുലപ്പെടുന്നു. ഗ്രാമങ്ങളിലെ മരങ്ങളെയും മലകളെയും ജലാശയങ്ങളെയും യന്ത്രങ്ങള്‍ നശിപ്പിക്കുന്ന വേദനാജനകമായ കാഴ്ചയുടെ ജാലകമാണ് 'മാര്‍ജാരന്‍' തുറന്നിടുന്നത്. 'അതിവേഗപ്പാത തന്നിരുപുറവും, അമറുന്ന. യന്ത്രങ്ങളങ്ങുമിങ്ങും, വെടിയേറ്റ് ചിതറുന്നു, മലകളെങ്ങും മെലിവാര്‍ന്ന് വറ്റുന്നു നീരിടങ്ങള്‍, കടയറ്റുവീഴുന്നു മാമരങ്ങള്‍, ഗതിയറ്റൊടുങ്ങുന്നു ജന്തുജാലകം' പ്രകൃതി സമ്പത്തുകള്‍ നശിപ്പിക്കുന്ന മനുഷ്യന്റെ ദുരാഗ്രഹങ്ങളെ ഇത്രയും തീഷ്ണമായി വിവരിക്കാന്‍ മറ്റേതൊരു കവിക്കാണ് സാധ്യമാകുക. ശില്‍പ്പഭയം എന്ന കവിതയും പ്രകൃതിയെ കടന്നാക്രമിക്കുന്ന മനുഷ്യനെതിരെ തന്നെയാണ് വിരല്‍ ചൂണ്ടുന്നത്. മനുഷ്യന്റെ ജീവിതശില്‍പ്പം രൂപപ്പെടുത്താന്‍ ചുറ്റിക കൊണ്ടടിക്കുമ്പോള്‍ മൃഗങ്ങളും പക്ഷികളും കാട്ടുചോലകളും നിലവിളിക്കുന്നതിന്റെയും വൃക്ഷങ്ങള്‍ നിലം പതിക്കുന്നതിന്റെയും ശബ്ദമാണ് കവി കേള്‍ക്കുന്നത്. മണ്ണില്‍ സ്‌നേഹ സ്‌നിഗ്ധഭാവങ്ങള്‍ കുലമറ്റ് ഒടുങ്ങുകയാണെന്ന് കവി പറയുന്നു. പൊട്ടന്‍ തെയ്യം എന്ന കവിതയിലൂടെ മാനവികതയെ ധ്വംസിക്കുന്ന പ്രവണതകളെ കവി ചോദ്യം ചെയ്യുകയാണ്. നമ്മളെല്ലാം ഒന്നാണ് എന്ന സത്യത്തിലേക്കാണ് പൊട്ടന്റ ചൂട്ടുവെളിച്ചം പതിക്കുന്നത്. 'നടുക്കടല്‍' എന്ന കവിത മൊബൈലിന്റെ സ്വാധീനത്തില്‍ തകരുന്ന ജീവിതത്തെയാണ് വരച്ചുകാണിക്കുന്നത്. സ്‌ഫോടനം എന്ന കവിതയില്‍ ദയയില്ലാത്ത ലോകത്തിന്റെ ക്രൂരതകള്‍ക്കെതിരെ കവി ഉച്ചത്തില്‍ പ്രതികരിക്കുന്നു. 'നിരാഹാരം' എന്ന കവിതയില്‍ ഈ പ്രപഞ്ചത്തിലെ സകലജീവജാലങ്ങള്‍ക്കും വെളിച്ചവും ശ്വാസവും ജീവജലവും നല്‍കുന്ന പ്രപഞ്ച ശക്തികളില്‍ അവകാശം സ്ഥാപിച്ച് ഏതെങ്കിലും കൂട്ടര്‍ എത്തുമോ എന്ന ആശങ്കയാണ് പങ്കുവെക്കുന്നത്. സൂര്യന്റെ വംശത്തെച്ചൊല്ലി ആരെങ്കിലും കാരുണ്യ രശ്മികള്‍ വിലക്കുമോയെന്നും പ്രാണവായുവിനെ ഗോത്രമഹാത്മ്യം പറഞ്ഞ് ആരെങ്കിലും വീണ്ടെടുക്കുമോയെന്നും എന്റെ ശ്വാസം നിലയ്ക്കുമോയെന്നും കവി ആകുലപ്പെടുന്നു. ജലത്തിന്റെ കുലവും വാദിച്ചൊരാള്‍ അതിനെ എന്നില്‍ നിന്നും ഊറ്റിയെടുക്കുമോയെന്ന കവിയുടെ ചോദ്യവും ചാട്ടൂളിപോലെ നെറികെട്ടകാലത്തിന്‍മേല്‍ ആഞ്ഞുപതിക്കുന്നു. ഇതുപോലെ ഒരോ കവിതയും പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നിര്‍വ്വചനം, പാഠാവലി, ജീവന്റെ ബട്ടണ്‍, ധമനികള്‍, രാവോര്‍മ്മ, കൊയക്കട്ട തുടങ്ങിയ കവിതാസമാഹാരങ്ങളാണ് ദിവാകരന്‍ വിഷ്ണുമംഗലം ഇതിന് മുമ്പ് പുറത്തിറക്കിയത്. മുത്തശ്ശി കാത്തിരിക്കുന്നു എന്ന ബാല കവിതാസമാഹാരവും ഉണ്ണിയാര്‍ച്ച, പാലാട്ട് കോമന്‍ (പുനരാഖ്യാനം) എന്നീ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വി.ടി. കുമാരന്‍ സ്മാരക അവാര്‍ഡ്, മഹാകവി കുട്ടമത്ത് അവാര്‍ഡ് കേരള സാഹിത്യ അക്കാദമിയുടെ കനകാശീ എന്‍ഡോവ്‌മെന്റ് അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ് മുംബൈയില്‍ നിന്നും ജ്വാലാ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, മഹാത്മാഗാന്ധി 'സംസ്‌കാര' യുടെ കവിതാ പുരസ്‌കാരം, എന്‍.വി. കൃഷ്ണവാര്യര്‍ സ്മാരക കവിതാ പുരസ്‌കാരം, മഹാകവി പി. ഫൗണ്ടേഷന്റെ താമരത്തോണി കവിതാ പുരസ്‌കാരം, കാസര്‍കോട് പബ്ലിക് സര്‍വ്വന്റ്‌സ് സാഹിത്യപുരസ്‌കാരം, മൂടാടി ദാമോദരന്‍ സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും ഈ കവിയെ തേടിയെത്തി.
2003ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ യുവ സാഹിത്യകാര സമ്മേളനത്തില്‍ മലയാളി കവിതയെ പ്രതിനിധീകരിച്ചു. 2010ല്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ആകാശവാണി ഗോഹടിയില്‍ നടത്തിയ ദേശീയ സര്‍വ്വ ഭാഷാ കവി സമ്മേളനത്തില്‍ മലയോര കവിതയെ പ്രതിനിധീകരിച്ചിരുന്നു. 1965 മാര്‍ച്ച് 5ന് കാസര്‍കോട് ജില്ലയിലെ അജാനൂര്‍ ഗ്രാമത്തില്‍ വിഷ്ണുമംഗലത്ത് ജനിച്ച ദിവാകരന്‍ മലയാളത്തിലെ പ്രശസ്ത കവികളില്‍ മുന്‍ നിരസ്ഥാനം തന്നെ അലങ്കരിക്കുകയാണ്. ഇപ്പോള്‍ ഭൂമി ശാസ്ത്ര വകുപ്പില്‍ സീനിയര്‍ ജിയോളജിസ്റ്റായാണ് ദിവാകരന്‍ സേവനമനുഷ്ഠിക്കുന്നത്. ഭാര്യ: നിഷ. മകള്‍: ഹര്‍ഷ.
T.K Prabhakaran
WRITEROther Articles

  പൊലീസ് സേനയിലെ ആത്മസംഘര്‍ഷങ്ങളും പരിണിത ഫലങ്ങളും

  കടലാഴമുണ്ട് അവരുടെ സങ്കടങ്ങള്‍ക്ക്...

  വേണം കുരുന്നുകള്‍ക്ക് കാവലാകുന്ന സുരക്ഷാ സംവിധാനങ്ങള്‍

  ഈ കാലത്തും പന്തിയില്‍ പക്ഷഭേദമോ?

  ആവര്‍ത്തിക്കുന്ന അധ്യാപക പീഡനങ്ങളും വിദ്യാര്‍ത്ഥി ആത്മഹത്യകളും...

  വരികയില്ലാത്ത കാലമെന്നറിയാമെങ്കിലും വെറുതേ...

  നാടിന്റെ കണ്ണാകുന്ന കാണിയൂര്‍ പാത

  കാസര്‍കോട് ജില്ലയില്‍ വളരുന്ന ലഹരി സാമ്രാജ്യ...

  പ്രളയകാലത്തെ ഓണം മലയാളികളെ ഓര്‍മപ്പെടുത്തുന്നത്

  സമര മുഖങ്ങളിലെ സര്‍ഗ സംവാദങ്ങള്‍

  ഗോത്രകലയുടെ ഉപാസകയായി ഒരു ആദിവാസി കലാകാരി

  ജനാധിപത്യ ഇന്ത്യയില്‍ പിഞ്ചുകുഞ്ഞുങ്ങളോടുള്ള ക്രൂരത ഉയര്‍ത്തുന്ന ആശങ്കകള്‍

  മനസ്സില്‍ പൂത്തുലയട്ടെ നന്മയുടെ കൊന്നപ്പൂക്കള്‍

  ബസുകള്‍ക്കും തീവണ്ടികള്‍ക്കും കല്ലെറിയുന്ന മനോ വൈകൃതം

  ഒന്നല്ല, ഒരുപാട് ഹരിതമാര്‍ കണ്ണീര്‍ക്കടലിലാണ്‌