അവരും മനുഷ്യരാണ്...
ഓച്ചിറ നാടക രംഗത്തിന്റെ 'ഇവന്‍ നായിക' എന്ന നാടകം ട്രാന്‍സ്‌ജെന്ററിന്റെ കഥപറയുകയാണ്. ഈ നാടകത്തില്‍ ട്രാന്‍സ്‌ജെന്റര്‍ കിരണ്‍ അനുഭവിക്കുന്ന യാതനകളും വേദനകളും നാടകം കാണാനെത്തിയവരെ ആദ്യം തൊട്ടവസാനം വരെ കരയിപ്പിക്കുന്നു. ഇവന്‍ നായിക കിരണ്‍ എന്ന കഥാപാത്രത്തിന്റെ മാത്രം കഥയല്ല. ഇന്ത്യയിലെ ഓരോ നപുംസുകങ്ങളും അനുഭവിക്കുന്ന തീരാദുഖത്തിന്റെ കഥയാണത്. അത് നമ്മുടെ ഹൃദയത്തെ വല്ലാതെ പൊള്ളിക്കുന്നു.
മിനുസമായി താടിവടിക്കുകയും സ്ത്രീകളെപ്പോലെ വസ്ത്രമണിയുകയും ചെയ്തുകൊണ്ട് മോഹനാംഗികളുടെ ഭാവം നടിച്ചും ശിശുജനനം, വിവാഹം, ഉത്സവം, മരണം മുതലായ അടിയന്തിരങ്ങളില്‍ ആടുകയും പാടുകയും ചെയ്യുന്നത് മുതലാക്കി ജീവിതം തള്ളിനീക്കുന്ന ട്രാന്‍സ്‌ജെന്ററുകള്‍ ഇന്ത്യയിലെ വന്‍നഗരങ്ങളിലും ഗ്രാമങ്ങളിലും ഇന്നും കൂട്ടമായി താമസിച്ച് വരുന്നു. തങ്ങളുടേത് മാത്രമായ പ്രത്യേക വീണകളും മദ്ദളങ്ങളും ഉപയോഗിച്ച് സംഗീതത്തിന്റെ അകമ്പടിയോടെ നാടകങ്ങളില്‍ അഭിനയിക്കുന്നതില്‍ അവര്‍ മിടുക്കരാണ്. നൃത്തത്തില്‍ അവരെ കവച്ച് വെക്കുന്നവര്‍ വേറെയില്ല. അവരുടെ കൈക്കൊട്ടിപ്പാടുകള്‍ കര്‍ണാനന്ദകരമാണെങ്കിലും ചിലര്‍ പാടുന്ന പാട്ട്‌കേട്ടാല്‍ കര്‍ണ്ണകഠോരവുമാകും. ഇന്ത്യയിലെ മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ് മുതലായ വന്‍ നഗരങ്ങളിലാണ് ഇവരെ കൂടുതലായും കണ്ടുവരുന്നത്. ഇന്ന് കേരളത്തില്‍ ഹിജഡകള്‍ ഒട്ടും കുറവല്ല. അവര്‍ എവിടെയായിരുന്നാലും അവര്‍ക്ക് അവരുടെ സ്വകാര്യവും സാമൂഹ്യവുമായ ജീവിത ചര്യകളെ നിയന്ത്രിക്കുന്നതിന് വിപുലവും നികൃഷ്ടവുമായ ചട്ടങ്ങളും നിയമങ്ങളുമുണ്ട്. മൊത്തത്തില്‍ നല്ല അച്ചടക്കവും വിനയവുമുള്ള സമൂഹമാണവരുടേത്. ചില സ്ഥലങ്ങളില്‍ മാത്രം പാര്‍ക്കുന്നവര്‍ക്ക് വ്യത്യസ്ത സ്വഭാവങ്ങളുമുണ്ട്.
ക്രിസ്താബ്ദം 15-ാം നൂറ്റാണ്ടില്‍ ബ്രാഹ്മണ വര്‍ഗത്തിന്റെ ശത്രുവായിരുന്ന ഗുരുഗോരക്ക് നാഥിന്റെ കാലത്ത് ജീവിച്ചിരുന്ന 'നാണ്ഡിമയി' എന്ന് പേരുള്ള നപുംസ ദേവതയുടെ അനുയായികളാണിവരെന്ന് കരുതപ്പെടുന്നു. എന്നാല്‍ അവരുടെ ഉത്ഭവം അതുക്കും മേലെ ഏറെ പൗരാണികമാണ്.
ക്രൈസ്തവ യുഗത്തിന്റെ ആരംഭഘട്ടത്തില്‍ ലൈംഗിക പാപങ്ങളില്‍ നിന്നും വിമുക്തരായി ജീവിക്കുന്നതിന് വേണ്ടി ഉടയെടുത്ത് ട്രാന്‍സ്‌ജെന്ററുകളാല്‍ സ്വയം സന്നദ്ധരായിരുന്ന ഒരു വിഭാഗം ആളുകളുണ്ടായിരുന്നു. മൂന്നാം നൂറ്റാണ്ടായപ്പോഴേക്കും അവരുടെ സുസംഘടിതമായ ഒരു സമുദായം തന്നെ നിലവില്‍ വന്നു. ദൈവത്തിന്റെ സേവകന്മാരായാണവര്‍ അന്നറിയപ്പെട്ടിരുന്നത്.
ഇറ്റലിയില്‍ ഗായക പരിശീലനം നല്‍കുന്നതിന് വേണ്ടി പണ്ട് കാലത്ത് ആണ്‍കുട്ടികളുടെ ഉടയെടുക്കുക പതിവാണത്രെ. എന്നാല്‍ മാര്‍പ്പാപ്പ ലിയോവതി മൂന്നാമന്‍ സ്ഥാനാരോഹണം ചെയ്തതിന് ശേഷം അത് നിമയവിരുദ്ധമാക്കി വെച്ചു. റഷ്യയില്‍ അന്ന് രണ്ട് തരം നപുംസകന്മാരുണ്ടായിരുന്നു. അതിലൊന്ന് വാലസികളുടെ മാതൃകയില്‍ മതപരമായ ഉദ്ദേശത്തോട് കൂടി നിലവില്‍ വന്നവരായിരുന്നു. മാക്‌സിംഗ് ഗോര്‍ക്കി ഒരിക്കല്‍ അവരുടെ കയ്യിലകപ്പെടുകയും അത്ഭുതാവഹമായ നിലയില്‍ രക്ഷപ്പെടുകയും ചെയ്ത കഥ അദ്ദേഹത്തിന്റെ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്.
'ഇവന്‍ നായിക' എന്ന നാടകത്തിലെ കിരണ്‍ എന്ന ചെറുപ്പക്കാരന്‍ നടത്തത്തിലും വേഷത്തിലും പെണ്‍കുട്ടിയെപ്പോലെ തന്നെയായിരുന്നു. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നാട് വിട്ട് പോയ കിരണിനെ വല്യച്ഛനും വല്യമ്മയും വളര്‍ത്തി വലുതാക്കി. കിരണിനോട് തികഞ്ഞ വാത്സല്യമായിരുന്നു അവര്‍ക്ക്. അച്ഛനമ്മമാരുടെ സ്‌നേഹവും ഉത്തരവാദിത്വവും നിറവേറ്റുന്നതോടൊപ്പം നൃത്താഭ്യാസവും ഭംഗിയായി അഭ്യസിപ്പിച്ചു. 75 ശതമാനം സ്ത്രീഹോര്‍മോണും വെറും 25 ശതമാനം പുരുഷഹോര്‍മോണുമുള്ള കിരണ്‍ എന്ന ട്രാന്‍ജെന്റര്‍ കഥാപാത്രത്തിന് നാട്ടുകാരുടെ കുത്തുവാക്കുകളും പരിഹാസങ്ങളും ശരം കണക്കേ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. പെണ്‍കുട്ടിയെപ്പോലെ നൃത്തം ചെയ്തിരുന്ന കിരണ്‍ അവസാനം നാട്യകലയില്‍ പേരും പ്രശസ്തിയും നേടിക്കഴിഞ്ഞിരുന്നു. അയല്‍ വീട്ടിലെ യുവനേതാവ് ഉപേന്ദ്രനും കിരണും ഉറ്റ സുഹൃത്തുക്കളായിരുന്നു. അവരെന്നും കാണും. സംസാരിക്കും. കിരണിന്റെ നൃത്തം ഉപേന്ദ്രനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു. കിരണിന്റെ വീട്ടില്‍ ചെന്ന് പ്രശംസിക്കുകയും ചെയ്തു. നീയൊരു പെണ്ണായിരുന്നെങ്കില്‍ ഞാന്‍ നിന്നെ വിവാഹം ചെയ്‌തേനെ. ശരം കണക്കെ കിരണിന്റെ ഉള്ളില്‍ തറച്ച ഈ വാക്കുകളാണ് നാടകത്തിന്റെ വഴിത്തിരിവ്.
കോയമ്പത്തൂരിലെ ഒരു ആസ്പത്രിയില്‍ ചെന്ന് ശസ്ത്രക്രിയയിലൂടെ ഉടയെടുത്ത് ലിംഗം മാറ്റിവെച്ച് കിരണ്‍ ഗര്‍ഭം ധരിക്കാനിടയില്ലാത്ത ഒരു സ്ത്രീയായി മാറി. സ്ത്രീ വേഷം കെട്ടാനും സ്ത്രീയായി പകര്‍ന്നാടാനുമുള്ള ആഗ്രഹം ആ യുവമനസ്സില്‍ മൊട്ടിട്ടു. കിരണ്‍, ലക്ഷ്മി കിരണെന്ന പേര് സ്വയം സ്വീകരിച്ചു. സാരി ഞൊറിഞ്ഞ് ഞൊറിഞ്ഞുടുക്കുന്നു. ബ്രായും ബ്ലൗസും ധരിക്കുന്നു. പൊട്ടുതൊടുന്നു. വളകളിടുന്നു. കണ്ണാടിനോക്കി മന്ദഹസിക്കുന്നു. തന്നെ അത്യന്തം സ്‌നേഹിക്കുന്ന ഒരാളെ കാണാനുള്ള പുറപ്പാട്.
ആ പുറപ്പാടില്‍ അവള്‍ക്കെല്ലാം നഷ്ടപ്പെട്ടു. വീട്ടില്‍ നിന്ന് വല്യമ്മച്ചിയും വല്ല്യച്ഛനും കിരണിനെ ആട്ടിയോടിച്ചു. ഉപേന്ദ്രന്‍ മറ്റൊരു വിവാഹം കഴിച്ച് സുഖമായി കഴിയുന്നു. വേരുകളില്‍ നിന്നകലുന്നതിന്റെ കൊളുത്തിപ്പറിക്കുന്ന വേദന എല്ലാം നഷ്ടപ്പെട്ട് തെരുവിലേക്കിറങ്ങുന്ന ലക്ഷ്മി കിരണിന്റെ മുഖത്ത് നിഴലിക്കുന്നുണ്ടായിരുന്നു.
സ്വന്തം ഭവനത്തില്‍ നിന്നും സുഹൃത്തില്‍ നിന്നും നാട്ടുകാരില്‍ നിന്നും ആട്ടിയോടിക്കപ്പെട്ടവള്‍; മനസ്സും ശരീരവും നടത്തിയ ഒളിച്ചുകളിയില്‍ പരാജയപ്പെട്ടവള്‍, അവസാനം എത്തിച്ചേര്‍ന്നത് വേശ്യാലയത്തിലും. സമൂഹം അവരെ കാര്‍ക്കിച്ച് തുപ്പുന്നത് കൊണ്ടാണ് ചിലരെങ്കിലും ലൈംഗികത്തൊഴിലാളികളും യാചകന്മാരുമായി മാറുന്നത്. സമൂഹം അവരെ രണ്ട് കൈയും നീട്ടി സ്വീകരിക്കുകയാണെങ്കില്‍ അവര്‍ക്ക് മാന്യമായി ജീവിക്കാനും കഴിയും.
കറുത്തവരുടെ തലവന്‍ സ്ത്രീ സംരക്ഷകനായിരുന്നു. അയാളുടെ സ്ഥാനപ്പേര് 'ദാറുസ്സാദത്ത് ആഗാ' എന്നായിരുന്നു ആനന്ദ സദനത്തിന്റെ നായകന്‍ എന്നാണതിന്റെ അര്‍ത്ഥം. അയാളുടെ സ്ഥാനവു ഉയര്‍ന്നതായിരുന്നു. അയാള്‍ക്ക് പ്രത്യേകമായി ഒരു സെക്രട്ടറിയുണ്ടായിരുന്നു. സുല്‍ത്താന്മാരില്‍ നിര്‍മ്മിതമായ പള്ളികളുടെ വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നത് അയാളായിരുന്നു.
സുല്‍ത്താന്‍, രാജമാതാവ്, രാജ്ഞി, രാജകുമാരിമാര്‍, മന്ത്രിമാര്‍, അരമന പ്രഭുക്കന്മാര്‍ എന്നിവരുടെ കീഴിലായി നൂറുകണക്കിന് ഹിജ്ഡകളുണ്ടായിരുന്നു. നപുംസകന്മാര്‍ നല്ല ഭരണ സാമര്‍ത്ഥ്യമുള്ളവരായിരുന്നുവെന്ന് പറയപ്പെടുന്നു. അവരുടെ ഭരണ നൈപുണ്യം കാരണം ഈജിപ്തിലെ കോടതി ഉദ്യോഗസ്ഥരെ അവര്‍ ഉടയെടുത്തവരായാലും അല്ലെങ്കിലും ശരി നപുംസകങ്ങളെന്ന് വിളിച്ച് പോന്നിരുന്നു. രാജകൊട്ടാരങ്ങളിലുണ്ടായിരുന്ന ഉയര്‍ന്ന സ്ഥാനം നിമിത്തം രാജ്യകാര്യങ്ങളിലും സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. മാത്രമല്ല, ഹിജ്ഡകളുടെ ഉപദേശം ചില സന്ദര്‍ഭങ്ങളില്‍ രാജാക്കന്മാര്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
റോമന്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് അവര്‍ക്ക് ഭരണകാര്യങ്ങളിലുണ്ടായിരുന്ന അധികാരം ഏറ്റവും വലുതായിരുന്നു. പേര്‍ഷ്യയിലും ഉയര്‍ന്ന ഉദ്യോഗം അവര്‍ വഹിച്ചിട്ടുണ്ട്. ചൈനയില്‍ അവര്‍ പ്രകടിപ്പിച്ച ഭക്തി വിശ്വാസങ്ങള്‍ അസാധാരണമായിരുന്നു. തല്‍ഫലമായി അവിടെയും ഭരണ കാര്യങ്ങളില്‍ അവര്‍ക്ക് ഉന്നതസ്ഥാനങ്ങള്‍ കരസ്ഥമാക്കാന്‍ സാധിച്ചിരുന്നു.
മക്കയിലെ കഅ്ബയില്‍ പോലും തുര്‍ക്കി ഖലീഫാമാരുടെ കാലത്ത് കാവല്‍ ജോലി നിര്‍വ്വഹിച്ചിരുന്നതും ട്രാന്‍സ്‌ജെന്ററുകളായിരുന്നു. നപുംസകങ്ങള്‍ ധൈര്യത്തിലും ബുദ്ധിയിലും സാമര്‍ത്ഥ്യത്തിലും ദുര്‍ബലരാണെന്ന വിശ്വാസം തെറ്റാണെന്ന് പേര്‍ഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ചരിത്ര സംഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ധീര പരാക്രമങ്ങള്‍ക്കും ബുദ്ധിസാമര്‍ത്ഥ്യത്തിനുമായി അവര്‍ പല പ്രത്യേക സമ്മാനങ്ങളും ഈ രാജ്യങ്ങളില്‍ നിന്നും നേടിയിട്ടുണ്ട്. ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ കമാണ്ടര്‍ ഇന്‍ ചീഫ് മാലിക് കഫൂര്‍ ഒരു ഹിജ്ഡയായിരുന്നുവെന്നത് ഇന്ത്യാചരിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. എന്നാല്‍ അയാളുടെ ധീരതയും യുദ്ധപാടവവും ധിഷണാ സാമര്‍ത്ഥ്യവും പൊതുവായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍വെച്ച് ഏറ്റവും മികച്ച പടനായകന്മാരില്‍ ഒരാളായിട്ടാണ് ഇന്നും ചരിത്രത്തില്‍ അറിയപ്പെട്ടുവരുന്നത്. പിന്നീടയാള്‍ പ്രധാനമന്ത്രിയായി നിയമിക്കപ്പെടുകയുണ്ടായി. അലാവുദ്ദീന്‍ ഖില്‍ജിയുടെ മരണത്തിന് ശേഷം കുറച്ച് കാലത്തോളം അയാള്‍ യഥാര്‍ത്ഥത്തില്‍ ഒരു കിങ്ങ്‌മേക്കറായിരുന്നു.
(തുടരും)
K K Abdu Kavugoli
WriterOther Articles