നിത്യവസന്തം ഓര്‍മ്മയായിട്ട് മൂന്ന് പതിറ്റാണ്ട്...
മലയാള സിനിമയില്‍ നിത്യഹരിത നായകനെന്ന പേരിന്റെ പൂര്‍ണ്ണ അവകാശം പ്രേംനസീറിനാണ്. ആ പേരില്‍ അദ്ദേഹത്തിന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞ് കിടക്കുകയാണ്. സിനിമയില്‍ തകര്‍ത്താടുമ്പോഴാണ് അസുഖത്തിന്റെ രൂപത്തില്‍ അദ്ദേഹത്തെ മരണം കൈപിടിച്ച് കൊണ്ടു പോയത്. 1989 ജനുവരി 16ന് യാത്ര പോകുമ്പോള്‍ 61 വയസ്സായിരുന്നു അദ്ദേഹത്തിന്.
മലയാള സിനിമയിലെ നിര്‍മ്മാതാക്കളുമായി ഏറേ സഹകരിച്ച നടനായിരുന്നു പ്രേംനസീര്‍. നസീര്‍ അഭിനയിച്ച ചിത്രങ്ങള്‍ അപൂര്‍വ്വമായേ പരാജയപ്പെട്ടിട്ടുള്ളു. പരാജയപ്പെട്ടാല്‍ മറ്റൊരു സിനിമയില്‍ ഡേറ്റ് നല്‍കുകയും പ്രതിഫലം വാങ്ങാതെ നിര്‍മ്മാതാവിനെ സഹായിച്ച അപൂര്‍വ്വം നടന്‍മാരില്‍ ഒരാളായിരുന്നു. ഷോട്ടിന് വേണ്ടി എത്ര സമയം വേണമെങ്കിലും മേക്കപ്പിട്ട് ക്ഷമയോടെ കാത്തിരിക്കുന്ന നടന്‍, ചെറിയ റോളില്‍ തന്നോടൊപ്പം അഭിനയിക്കാനെത്തുന്നവര്‍ സമയത്തിന് ലൊക്കേഷനില്‍ വൈകിയെത്തിയാല്‍ പോലും ക്ഷോഭിക്കാത്ത നടന്‍ ലൈറ്റ് ബോയ് മുതല്‍ സിനിമ പോസ്റ്റര്‍ ഒട്ടിക്കുന്നവരെ പോലും ഒരു പോലെ കണ്ട നടന്‍. ഇങ്ങനെ നിരവധി സ്വഭാവ ഗുണങ്ങള്‍ കൊണ്ട് അനുഗ്രഹീതനായ നടന്‍.
അക്കാലത്ത് പ്രേം നസീറിനൊപ്പം അഭിനയിക്കാന്‍ നിരവധി പേര്‍ മത്സരിച്ചിരുന്നു.
പൊട്ടി പെണ്ണെ...എന്ന ഡയലോഗ് ഇപ്പോഴും ആരാധകരുടെ ചുണ്ടിലുണ്ട്. പ്രേം നസീറിനെ അനുകരിച്ച് മിമിക്രി അവതരിപ്പിച്ച് സിനിമ ലോകത്ത് എത്തിയ ജയറാമിന് അദ്ദേഹത്തോടൊപ്പം ധ്വനി എന്ന ചിത്രത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. ഇത് ജയറാം പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു.
നാടക രംഗത്ത് നിന്നാണ് അബ്ദുല്‍ ഖാദര്‍ എന്ന പ്രേംനസീര്‍ അഭിനയരംഗത്ത് എത്തുന്നത്. ചിറയിന്‍ കീഴിലെ മലയാളം മീഡിയം സ്‌കൂളില്‍ പഠിക്കുമ്പോള്‍ രാജാംഗുലീയം എന്ന നാടകത്തില്‍ ആദ്യമായി വേഷമിട്ടു. അതില്‍ സുലൈമാന്‍ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. ചങ്ങനാശ്ശേരിയിലെ കോളേജ് പഠനകാലത്തും അദ്ദേഹം നാടക രംഗത്ത് സജീവമായിരുന്നു. അബ്ദുല്‍ ഖാദറിന്റെ നാടകം കണ്ട സി.ഐ. പരമേശ്വരന്‍ പിള്ളയാണ് കെ.എന്‍ മേനോന്റെ സത്യന്‍ നായകനായ ത്യാഗ സീമയെന്ന ചിത്രത്തിലേക്ക് ശുപാര്‍ശ ചെയ്യുന്നത്. തുടര്‍ന്ന് ചാരി സംവിധാനം ചെയ്ത മരുമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. നെയ്യാറ്റിന്‍കര കോമളമായിരുന്നു അബ്ദുല്‍ ഖാദറിന്റെ നായികയായത്. ഈ ചിത്രത്തിലൂടെ ശ്രദ്ധേയനായതോടെ നിരവധി സിനിമകള്‍ തേടിയെത്തി. 1985ല്‍ പത്മഭൂഷണ്‍ ബഹുമതി ലഭിച്ചുവെങ്കിലും മികച്ച നടനുള്ള സംസ്ഥാന ബഹുമതി ഈ താരത്തെ തേടിയെത്തിയില്ല.
നിത്യഹരിത നായകന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്നായിരുന്നു ഗാന രംഗങ്ങളിലുള്ള അദ്ദേഹത്തിന്റെ പ്രകടനം. ഗാനങ്ങള്‍ക്കൊത്ത് ചുണ്ടുകള്‍ ചലിപ്പിക്കാന്‍ കഴിവുള്ള അപൂര്‍വ്വം നടന്‍മാരില്‍ ഒരാള്‍.
700 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഗിന്നസ് ബുക്കില്‍ ഇടം നേടിയ അത്ഭുത പ്രതിഭാസമായിരുന്നു പ്രേം നസീര്‍. വിശപ്പിന്റെ വിളിയിലായിരുന്നു പ്രേംനസീര്‍ എന്ന പേരില്‍ അഭിനയിച്ച ആദ്യ സിനിമ. അദ്ദേഹത്തിന്റെ മകന്‍ ഷാനവാസ് അഭിനയരംഗത്ത് കടന്നു വന്നെങ്കിലും പിന്നീട് രംഗം വിട്ടു. പ്രതിജ്ഞ, ഹിമം തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും അച്ഛനും മകനുമായി വേഷമിട്ടു. ഷീല, ശാരദ, ജയഭാരതി തുടങ്ങിയവരായിരുന്നു. പ്രേം നസീറിനൊപ്പം കൂടുതല്‍ ചിത്രങ്ങളില്‍ നായികമാരായത്. നന്ദിതാ ബോസ്, ജയപ്രഭ, സുമലത, സുകുമാരി, മാധവി, സരിത, സത്യകല, ഭവാനി, ശുഭ, ലത, സ്വപ്‌ന, കാഞ്ചന, റീന, മഞ്ജുള, ഹോമാ ചൗധരി, രാധാ സലുജ തുടങ്ങി നിരവധി പേര്‍ നായികയായി എത്തി. കമലാഹാസനും പ്രേംനസീറും ഒന്നിച്ചഭിനയിച്ച ചിത്രമാണ് തിരുവോണം. മെഗാസ്റ്റാറുകളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ ചക്രവാളം ചുവന്നപ്പോള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. നസീര്‍ നായകനായ ചിത്രത്തില്‍ മമ്മൂട്ടി ഉപനായകനായപ്പോള്‍ മോഹന്‍ലാല്‍ വില്ലന്‍ വേഷത്തിലായിരുന്നു. മുസ്ലീം പാശ്ചാത്തലം പ്രമേയത്തില്‍ നസീറിന്റെ ആദ്യ സിനിമയാണ് 1964ല്‍ ഇറങ്ങിയ കുട്ടിക്കുപ്പായം. പാട്ടുകളില്ലാതെ 1971 ല്‍ റിലീസായ പ്രേംനസീര്‍ സിനിമയാണ് നീതി. പ്രേം നസീര്‍ അതേ കഥാപാത്രത്തില്‍ അഭിനയിച്ച സിനിമയാണ് പ്രേം നസീറിനെ കാണ്‍മാനില്ല. എം.ടിയുടെ തിരക്കഥയില്‍ നെഗറ്റീവ് നായകനായ ചിത്രമാണ് നിഴലാട്ടം. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ അഭിനയിച്ച ഏക ചിത്രമാണ് ലാല്‍ അമേരിക്കയില്‍, അകാലത്തില്‍ പൊലിഞ്ഞു പോയ ജയന്‍ പ്രേം നസീറിന്റെ ഉറ്റ സുഹൃത്തു കൂടിയായിരുന്നു. ഒരു സിനിമയ്ക്ക് ജയന്‍ ഡേറ്റ് കൊടുക്കുന്നതിന് മുമ്പ് പ്രേംനസീറിനോട് ഉപദേശം തേടുമായിരുന്നു. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ജയന്റെ വേര്‍പാട് നസീറിനെ ഏറേ ദു:ഖിതനാക്കിയിരുന്നു. സാഹസിക രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും പല തവണ നല്‍കിയിരുന്നതായി ജയന്റെ മരണശേഷം സിനിമ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നു. ജയന്‍ നായകനും നസീര്‍ ഉപനായകനുമായ ചിത്രമാണ് നായാട്ട്. ആദ്യ സിനിമ സ്‌കോപ് ചിത്രമാണ് തച്ചോളി അമ്പു, 70 എം.എം ചിത്രം 1982ല്‍ റിലീസ് ചെയ്ത പടയോട്ടമായിരുന്നു. ആദ്യത്തെ ഡബിള്‍ റോള്‍ ചിത്രം തിരിച്ചടി 1968ല്‍ റിലീസ് ചെയ്തു. മൂന്ന് കഥാപാത്രങ്ങളുമായി എത്തിയ സിനിമയാണ് പുഷ്പാഞ്ജലി. ഹരിഹരന്‍ സംവിധാനം ചെയ്ത അങ്കുരത്തില്‍ നസീറും സുകുമാരനും സുഹൃത്തുക്കളായാണ് വേഷമിട്ടത്. എന്നാല്‍ ജോഷിയുടെ ആരംഭത്തില്‍ സുകുമാരന്റെ അച്ഛനായി നസീര്‍. ഇരുട്ടിന്റെ ആത്മാവ് എന്ന ചിത്രത്തിലെ വേഷം ഹൃദയത്തില്‍ തട്ടുന്നതായിരുന്നു. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത കാര്യം നിസ്സാരം, പ്രശ്‌നം ഗുരുതരം എന്നീ ചിത്രങ്ങളില്‍ നായകനായി. ജോഷിയുടെ അങ്കത്തില്‍ സീമ നസീറിന്റെ മകളായി വേഷമിട്ടപ്പോള്‍ ആലപ്പി അഷ്‌റഫ് സംവിധാനം ചെയ്ത ഒരു മാടപ്രാവിന്റെ കഥ, വനിതാ പൊലീസ് എന്നിവയില്‍ ജോഡിയായി. 1978 ല്‍ റിലീസ് ചെയ്ത ഐ.വി.ശശിയുടെ അമര്‍ഷത്തിന് ശേഷം പിന്നീട് ശശിയുടെ ഒരു ചിത്രത്തില്‍ പോലും അഭിനയിച്ചിട്ടില്ല.
ഇനിയും വിശേഷങ്ങള്‍ ഏറെയുണ്ട് ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ച നായകന്‍. ഏറ്റവും കൂടുതല്‍ നായികമാരോടൊത്ത് അഭിനയിച്ചു. മലയാളത്തിലെ ആദ്യത്തെ കളര്‍ ചിത്രമായ കളളിച്ചെല്ലമ്മയില്‍, ഏറ്റവും കൂടുതല്‍ ഡബിള്‍ റോളിലും സ്ത്രീ വേഷങ്ങളിലും അഭിനയിച്ചു. കുഞ്ചാക്കോ, എം. കൃഷ്ണന്‍ നായര്‍, എ.ബി രാജ്, ശശികുമാര്‍, ഹരിഹരന്‍ എന്നീ പ്രശസ്തരായ സംവിധായകരുടെ ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചു. ഷീലയ്‌ക്കൊപ്പം മാത്രം 100 സിനിമകളില്‍ നായകനായി. ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനിലെ അവതാരകന്‍, ഏറ്റവും കൂടുതല്‍ റിമേക്ക് ചിത്രങ്ങളില്‍ അഭിനയിച്ചു. ഏറ്റവും കൂടുതല്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് ലിപ്പ് കൊടുത്തു. ആരണ്യകാണ്ഡത്തിലെ മണല ചാര്‍ത്തില്‍ എന്ന് തുടങ്ങുന്ന ഗാനത്തില്‍ ഡബിള്‍ റോളില്‍ പാടി അഭിനയിച്ചു. നിരവധി വലിയ ബാനറുകളില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചു. തപാല്‍ സ്റ്റാമ്പില്‍ ആലേഖനം ചെയ്യപ്പെട്ട ആദ്യമലയാള നടന്‍.
സവിശേഷതകള്‍ നീളുന്നു.
പ്രേംനസീറിന്റെ സ്വഭാവ ഗുണങ്ങള്‍ പഠിക്കേണ്ടവരാണ് ഇന്നത്തെ മലയാള സിനിമ നടന്‍മാര്‍. ഒരു ചിത്രം ഹിറ്റായാല്‍ പ്രതിഫലം കുത്തനെ കൂട്ടുകയും പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യുന്നവര്‍ 700 ഓളം ചിത്രങ്ങള്‍ ചെയ്തിട്ടും പ്രേംനസീര്‍ എന്ന കലാകാരന്‍ ഇതൊന്നും ചെയ്തില്ല. അഹംഭാവം തൊട്ടയലത്ത് പോലും എത്തിയില്ലെന്നത് ആ നടന്റെ വലിയ മഹാമനസ്‌കതയെയാണ് വിളിച്ചോതുന്നത്. സിനിമയില്‍ നിന്ന് കിട്ടുന്ന പ്രതിഫലം കൊണ്ട് മണിമാളിക പണിയാനോ സ്വത്തുക്കള്‍ വാരി കൂട്ടാനോ തുനിഞ്ഞില്ല. സിനിമയില്‍ നിന്ന് കിട്ടുന്ന പ്രതിഫലത്തിന്റെ നല്ലൊരു വിഹിതം അദ്ദേഹം കാരുണ്യ മേഖലയിലേക്കാണ് നല്‍കിയത്. നസീറിനെ സ്‌നേഹിക്കുന്നവര്‍ ചരമദിനത്തില്‍ പരിപാടികള്‍ നടത്തുന്നുണ്ടെങ്കിലും അദ്ദേഹത്തോടൊപ്പം അഭിനയിച്ചവരും സഹായം വാങ്ങിയവരൊക്കെ മറന്നു. കഴിഞ്ഞകാലം ഏറെ സഞ്ചരിച്ചാലും അദ്ദേഹത്തിന്റെ നിരവധി കഥാപാത്രങ്ങളായിരിക്കും എന്നും പ്രേക്ഷകരില്‍ നിത്യഹരിതമാകുന്നത്.

Other Articles

  ലൂസിഫറിന്റെ രണ്ടാം ഭാഗം വരുന്നു ' എമ്പുരാന്‍'

  ആ കണ്ണീര്‍ അവര്‍ കണ്ടു; മോളി കണ്ണമാലിക്ക് 'അമ്മ' വീടൊരുക്കുന്നു

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം

  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്

  ശ്വാസോച്ഛാസം തസ്ബീഹില്‍ നിറയുമ്പോള്‍

  മനസ് കരയുന്ന ദിനരാത്രങ്ങള്‍

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം