നാട് മറക്കരുതാത്ത മഹാന്‍...
കറകളഞ്ഞ ആദര്‍ശ ശുദ്ധിയും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും വിട്ടുവീഴ്ചയില്ലാത്ത നീതീബോധവും അനതി സാധാരണമായ പ്രതിപക്ഷ ബഹുമാനവും പരന്ന വായനയും പ്രഭാഷണത്തിന് പ്രത്യേകിച്ച്, ഇംഗ്ലീഷ് പ്രഭാഷണത്തിന് അനുയോജ്യമായ മണിമുഴക്കം പോലുള്ള സ്വരവും ഒരു രാഷ്ട്രീയ നേതാവില്‍ സമ്മേളിക്കുന്നത് വിരളമാണ്. ഈ ഗുണങ്ങളെല്ലാം പ്രത്യക്ഷമായിരുന്നു ഷംനാട് സാഹിബില്‍. കേരള അസംബ്ലിയിലും പാര്‍ലമെന്റിലും തന്റെ പ്രൗഢ ഗംഭീരമായ പ്രഭാഷണങ്ങള്‍ ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചെടുത്തു. ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന പ്രഭാഷകരില്‍ മുന്‍നിരയിലായിരുന്നു അദ്ദേഹം. പക്ഷെ ഷംനാട് സാഹിബിന്റെ മലയാള പ്രഭാഷണങ്ങള്‍ വടക്കന്‍ മൊഴി വഴക്കത്തിലും കര്‍ണ്ണാടക മിശ്രിതത്തിലും ആയതുകൊണ്ട് ഒരിക്കല്‍ രസികനായ സി.എച്ച് പറഞ്ഞു: ഡോന്റ് മര്‍ഡര്‍ മലയാളം.
പ്രശസ്തിയും പദവിയും ആശിക്കാത്ത ഷംനാടില്‍ അതെല്ലാം വന്ന് തന്റെ കാലില്‍ ചുറ്റി എന്നതാണ് ഒരു പ്രത്യേകത. എം.പി ആയതോടെ ഇന്ദിരാഗാന്ധി, വാജ്‌പെയ്, പ്രണബ് മുഖര്‍ജി മുതലായവരോടും മറ്റും ഊഷ്മള ബന്ധം പുലര്‍ത്താനിടയായി. 'യുവര്‍ ഗ്രാന്റ് ഫാദര്‍ ആന്റ് മൈ ഗ്രാന്റ് ഫാദര്‍ വേര്‍ ഹിയര്‍. നൗ വി ദി ടു ഗ്രാന്റ് ചില്‍ഡ്രന്‍ ആര്‍ ഹിയര്‍'എന്ന് ഷംനാട് സാഹിബിന്റെ തലയില്‍ തൊട്ട് ഇന്ദിരാഗാന്ധി പറഞ്ഞത് എന്നും ഉള്‍പുളകത്തോടെ അദ്ദേഹം ഓര്‍ക്കുമായിരുന്നു. പ്രായത്തില്‍ ഷംനാട് സാഹിബും ഞാനും എതാണ്ട് രണ്ട് ദശാബ്ദങ്ങളുടെ ഏറ്റക്കുറവില്‍ അദ്ദേഹം എനിക്ക് ഗുരുതുല്യനായിരുന്നുവെങ്കിലും ചങ്ങാതിയെപ്പോലെയോ സഹപാഠിയെപ്പോലെയോ പെരുമാറാന്‍ ഒരു പ്രത്യേക വാത്സല്യം എനിക്ക് സ്വാതന്ത്ര്യമേകി. സുഖലോലുപതയില്‍ താല്‍പ്പര്യമില്ലാതെ സദാ ഒരു ചിന്താമഗ്നനെപ്പോല കാണപ്പെടുന്ന അദ്ദേഹത്തെ ഞാനൊരിക്കല്‍ മോഡേണ്‍ സൂഫി എന്ന് പറഞ്ഞപ്പോള്‍ പലരിലും സമ്മിശ്ര പ്രതികരണങ്ങളുണ്ടായി. യാതൊരു പരാതിയോ പരിഭവമോ അദ്ദേഹം പക്ഷെ കാണിച്ചില്ല.
ഷംനാട് സാഹിബിന്റെ കൂടെ ഈ കുറിപ്പുകാരനേക്കാള്‍ കൂടുതല്‍ കൊച്ചു കൊച്ചു യാത്രകള്‍ ചെയ്ത മറ്റാരെങ്കിലുമുണ്ടാകുമോ എന്ന് സംശയമുണ്ട്. ലഘുവായ ഉച്ചഭക്ഷണത്തിനായി തീവണ്ടിയില്‍ മംഗലാപുരത്തേക്കും കേവലം ചായകുടിക്കാനായി കാറില്‍ കുമ്പളയിലേക്കും ബാല്യകാല സ്മൃതികളുറങ്ങുന്ന പാഡൂരിലേക്കും ഞങ്ങള്‍ എത്രയോ യാത്ര ചെയ്തു. എനിക്കതിലുണ്ടായിരുന്ന ദുഷ്ടലാക്ക് ചരിത്രം ഗുരുമുഖത്ത് നിന്നും കേള്‍ക്കുക എന്നതായിരുന്നു. അത് ആഹ്ലാദകരവുമായിരുന്നു. ആവര്‍ത്തന വിരസതയില്ലാത്ത ചരിത്രാഖ്യാനം. പത്താമത്തെ വയസ്സില്‍ യത്തീമായത് ഓര്‍മ്മിച്ചുകൊണ്ടാണ് അത് തുടങ്ങുക.
'ലൈസല്‍ യത്തീമുല്ലദീഖദ്മാത്തവാലിദുഹു
ബലില്‍യത്തീമുയത്തീനുല്‍ ഇല്‍മി വല്‍ അദബി'-എന്ന അറബി കവിതാശകലത്തിന്റെ ആശയം സ്വന്തം ജീവിതവിജയം കൊണ്ട് തെളിയിച്ച് ഒരു സമൂഹത്തെ ആവേശം കൊള്ളിച്ചു ഷംനാട് സാഹിബ്. വിശദീകരിക്കാന്‍ ഇവിടെ സ്ഥലം പോരാ.
സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ബാഖവി തങ്ങളും പിന്നീട് പി.എം.എസ്.എ പൂക്കോയ തങ്ങളും മുസ്ലിം ലീഗ് പ്രസിഡണ്ടായിരുന്ന കാലയളവില്‍ നീണ്ട ഒമ്പതു വര്‍ഷക്കാലം മുഖ്യകാര്യദര്‍ശിയായി അഹോരാത്രം പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടായി എന്നതാണ് ഷംനാട് സാഹിബിന് പാര്‍ട്ടിയില്‍ കിട്ടിയ ഏറ്റവും വലിയ പദവി.
അവിഭക്ത കണ്ണൂര്‍ ജില്ലയുടെ പ്രസിഡണ്ട് ഷംനാട് സാഹിബും ജനറല്‍ സെക്രട്ടറി കേയി സാഹിബുമായിരുന്നു. ലീഗിന്റെ പിളര്‍പ്പുകാലത്ത് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ അധ്യക്ഷനും ഷംനാട് സാഹിബ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു. അന്ന് മുഖ്യധാരാ പത്രങ്ങളിലെ മുന്‍പേജില്‍ വായനക്കാരെ അതിശയിപ്പിച്ച വാര്‍ത്ത മുസ്ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എന്നായിരുന്നു. നേതാക്കള്‍ അഖിലേന്ത്യാ ലീഗിലും അണികള്‍ യൂണിയന്‍ ലീഗിലുമായി. കാസര്‍കോട് പെരുമ്പളയില്‍ തന്റെ തെങ്ങിന്‍ തോപ്പിന് നടുവിലുള്ള കൊച്ചു വീട്ടില്‍ ഷംനാട് സാഹിബ് കുടുംബ സമേതം താമസിച്ചിരുന്ന കാലത്ത് സി. എച്ച്. മുഹമ്മദ് കോയ അദ്ദേഹത്തെ അവിടെ ചെന്ന് കാണുകയും സംഭാഷണം നടത്തുകയുമുണ്ടായി.
ഷംനാട് സാഹിബിനോട് സി.എച്ചിനുണ്ടായിരുന്ന മതിപ്പ് ഒന്നു വേറെ തന്നെയായിരുന്നു. ചന്ദ്രഗിരിപ്പാലത്തിന് 1983ലെ മെയ് മാസത്തില്‍ തറക്കല്ലിടുന്ന ചടങ്ങ്. നാടും നാട്ടുകാരും ആനന്ദാതിരേകത്തോടെ ഒരുങ്ങി നില്‍ക്കുന്നു. തറക്കല്ലിടേണ്ടത് മുഖ്യമന്ത്രി കെ. കരുണാകരന്‍, അധ്യക്ഷത വഹിക്കേണ്ടത് ഉപമുഖ്യമന്ത്രി സി.എച്ചും. രണ്ടു മഹാന്മാരും എത്തിക്കഴിഞ്ഞു. ഷംനാട് സാഹിബ് മാത്രം എത്തിയില്ല. അദ്ദേഹത്തെ ക്ഷണിക്കാന്‍ പാര്‍ട്ടിക്കാരും ഉദേ്യാഗസ്ഥരും മറന്നിരുന്നു. മഹാനായ സി.എച്ച്. മഹാനായ ഷംനാടിനെ എങ്ങനെ മറക്കും? ഷംനാടില്ലാതെ ചടങ്ങ് നടക്കുകയില്ലെന്ന് അര്‍ത്ഥ ശങ്കക്കിടയില്ലാത്ത വിധം ആ മഹാനുഭാവന്‍ പ്രഖ്യാപിച്ചു കളഞ്ഞു. നേതാക്കളും ഉദേ്യാഗസ്ഥരും പരക്കം പാച്ചിലായി. വീട്ടിലോ നാട്ടിലോ ഷംനാട് സാഹിബിനെ കാണാനില്ല.
അദ്ദേഹമാകട്ടെ അല്‍പം മനോവിഷമത്തോടെ മംഗലാപുരത്തേക്ക് വണ്ടി കയറാന്‍ റെയില്‍വെ സ്റ്റേഷനില്‍ കാത്തിരിക്കുകയായിരുന്നു. എങ്ങിനെയെല്ലാം ഷംനാട് സാഹിബിനെ വേദിയിലെത്തിച്ചു. പരിപാടി അല്‍പം വൈകിയാണെങ്കിലും മനോഹരമായി നടന്നു.
ആ ചരിത്ര പുരുഷന്റെ രണ്ടാം ചരമ വാര്‍ഷിക ദിനം ഇക്കഴിഞ്ഞ ആറാം തീയതി നിശ്ശബ്ദമായി കടന്നു പോയി. ആരും ഓര്‍ക്കുകയോ ഓര്‍മ്മിപ്പിക്കുകയോ ചെയ്തതായി കണ്ടില്ല - കാസര്‍കോട് തന്റെ വാര്‍ഡില്‍ അനുസ്മരണ പരിപാടിയുണ്ടായതൊഴിച്ചാല്‍. മൂസ ബി. ചെര്‍ക്കള, മലബാര്‍ അബ്ബാസ്, അഷ്‌റഫ് എടനീര്‍, ശംസുദ്ദീന്‍, റാഫി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, പുതിയപുര ബഷീര്‍, മന്‍സൂര്‍, അബ്ദുല്ല മുതലായവരുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി ചെറുതെങ്കിലും പ്രൗഢോജ്ജ്വലമായിരുന്നു. ഷംനാട് സാഹിബിന്റെ ബന്ധുക്കളായ ഡോ.റഹീം, അഡ്വ. അനസ് മുതലായവരുടെ സാന്നിദ്ധ്യം കൊഴുപ്പേകുകയും ചെയ്തു. വികാര നിര്‍ഭരമായ ഒരന്തരീക്ഷത്തില്‍ എല്ലാവരും ഓര്‍മ്മകള്‍ പങ്കു വെച്ചു. അതൊരു പ്രാര്‍ത്ഥന സദസ്സു പോലെയായി. പരിചയമില്ലാത്ത ഏതോ ഒരു ലോകത്തേക്ക് വിട പറഞ്ഞു പോയ ഷംനാട് സാഹിബോട് കരുണ കാണിക്കേണമേ എന്നും അര്‍ശിന്റെ തണല്‍ ലഭിക്കുന്ന ഏതെങ്കിലും ഒരു വിഭാഗത്തില്‍ അദ്ദേഹത്തെ പെടുത്തേണമേ എന്നുമാണ് ഈ കുറിപ്പുകാരന്റെ പ്രാര്‍ത്ഥന.
Advt.B.F.Abdul Rahman
WritterOther Articles