ക്ഷേത്ര ശില്‍പകലയുടെ വൈദഗ്ദ്യം
ഗുരുക്കന്മാരില്ലാതെ പൗരാണിക ക്ഷേത്രകലകള്‍ കണ്ടുപഠിച്ചും ആചാര്യന്മാര്‍ എഴുതിവെക്കപ്പെട്ട മഹാഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കിയും ക്ഷേത്രകലയില്‍ അശ്വമേധം നടത്തിയ അവിശ്വസനീയമായ ചരിത്രസാക്ഷ്യമാണ് പവിത്രന്‍ വെങ്ങര എന്ന ക്ഷേത്രശില്‍പകലാ വിദഗ്ധന്റേത്.. അസ്ത്രവിദ്യ പഠിക്കാന്‍ ദ്രോണാചാര്യരെ സമീപിച്ച ഏകലവ്യനെ ഗുരുമുഖത്തു നിന്ന് അകറ്റിനിര്‍ത്തപ്പെട്ടത് എന്തുകൊണ്ട് എന്ന പുരാണചരിത്രം നമുക്കറിയാം...
ആ അസ്പൃശ്യവും സങ്കുചിതവുമായ കാഴ്ചപ്പാടില്‍ നിന്നും ദൂരെ മാറിനിന്നു കണ്ടുപഠിച്ചെടുത്തു സ്വായത്തമാക്കിയ വില്ലാളിവീരന്റെ കഥ സ്വയം ഉരുവിട്ടു പഠിച്ച്, മനസ്സില്‍ ഏകലവ്യനെ മനസ്സാ ഗുരുസ്ഥാനത്തു പ്രതിഷ്ഠിച്ചു നേടിയ രാജശില്‍പി പദവിയുടെ ഉത്തുംഗതയിലാണ് ഇന്ന് കണ്ണൂര്‍ വെങ്ങരയിലെ വടക്കേപുരയില്‍ കുഞ്ഞിരാമന്റെയും കടവത്തുവളപ്പില്‍ കല്യാണിയുടെയും മകന്‍ പവിത്രന്‍ വെങ്ങരയുടെ സിംഹാസനാരൂഢം എത്തിനില്‍ക്കുന്നത്..! കല്ലുചെത്തു പണികള്‍ക്കിടയിലാണ് ഒരു ബോധോദയം പോലെ ഒരദൃശ്യശക്തി പലപ്പോഴായി പവിത്രന്റെ ചിന്തകളെ തട്ടിയുണര്‍ത്തിക്കൊണ്ടിരുന്നിടത്തു നിന്നു തുടങ്ങുന്നു, പവിത്രന്‍ വെങ്ങര എന്ന ക്ഷേത്രശില്‍പിയുടെ പുനര്‍ജന്മം... ആ ബോധോദയത്തെത്തുടര്‍ന്ന് ഗുരുക്കന്മാരെത്തേടി പവിത്രന്‍ യാത്ര ചെയ്യായ്കയില്ല.. പക്ഷെ, അവിടെയൊക്കെ ഏകലവ്യന് അനുഭവിക്കേണ്ടി വന്ന സമാനമായ അവമതിപ്പായിരുന്നു പവിത്രന്‍ വെങ്ങരയെ എതിരേറ്റത്.
ക്ഷേത്രകലയില്‍ ചില സമുദായാംഗങ്ങളില്‍ മാത്രം നിലനിന്ന പ്രാമാണിത്തമായിരുന്നു അതിന്റെ ഹേതു. തീയ്യനെന്താണ് ശില്‍പകലയില്‍ യോഗ്യത? എന്നു ചോദിച്ച പ്രമാണി തന്നെ ഒടുവില്‍ പവിത്രന്‍ ചെയ്ത ക്ഷേത്ര ഗോപുരത്തിനു ഉത്തരം വച്ച് കഴുക്കോലു ചാര്‍ത്തിയതിലൂടെയാണ് പവിത്രന്‍ വെങ്ങര ഏകലവ്യനെ ഗുരുസ്ഥാനീയനായി കണ്ടതിന്റെ പൊരുള്‍ വിമര്‍ശകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തതും.
അരുവിക്കരയില്‍ ശ്രീനാരായണ ഗുരുദേവന്‍ ശിവനെ പ്രതിഷ്ഠിച്ചതിനെ ജാതിക്കോമരങ്ങള്‍ എതിരിട്ടപ്പോള്‍, താന്‍ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണെന്നു പറഞ്ഞു വിമര്‍ശകരുടെ വായടപ്പിച്ച ഗുരുദേവനും മറ്റൊരര്‍ത്ഥത്തില്‍ പവിത്രന്‍ വെങ്ങരയുടെ മനസ്സിന്റെ ഫ്രെയിമില്‍ വരിച്ച രണ്ടാം ഗുരുവാണ്.
അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ഭ്രംശം വന്നുപോയതും ശ്രീനാരായണ ഗുരു പ്രതിഷ്ഠയാല്‍ പ്രശസ്തമായതുമായ തലശ്ശേരിക്കടുത്ത ജഗന്നാഥ ക്ഷേത്രത്തില്‍ത്തന്നെ 2010 ജനുവരിയില്‍ ചുമര്‍ അലങ്കാരങ്ങള്‍ പുനഃസ്ഥാപിച്ചു കൊണ്ട് ക്ഷേത്രശില്‍പകലയിലെ തന്റെ പ്രാഗത്ഭ്യത്തിന് ഹരിശ്രീ കുറിക്കാന്‍ നിമിത്തമായതും.. !
ആ ശില്‍പചാതുരിയെ മാനിച്ച് അന്നത്തെ ദേവസ്വം ബോര്‍ഡ് വകുപ്പുമന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തന്നെ നേരിട്ടുവന്ന് പൊന്നാട ചാര്‍ത്തുകയും ശില്‍പം നല്‍കി ആദരിക്കുകയും ചെയ്തു! തുടര്‍ന്നിങ്ങോട്ട് ക്ഷേത്രശില്‍പി എന്ന നിലയില്‍ പവിത്രന്‍ വെങ്ങരയ്ക്കു നിന്നുതിരിയാന്‍ ഇടമില്ലാത്ത വിധം തിരക്കേറുകയും ചെയ്തു. പയ്യന്നൂര്‍ എടാട്ട് ശ്രീ.തൃക്കൈ മഹാവിഷ്ണു ക്ഷേത്രം പൂര്‍ണ്ണമായും രൂപകല്‍പന ചെയ്യാനുള്ള ക്ഷണമാണ് ഇതിനുപിന്നാലെ പവിത്രനെ തേടിയെത്തിയത് !
ശിലാകൂട വിധിപ്രകാരമാണ് ഈ ക്ഷേത്രനിര്‍മ്മാണത്തിന്റെ പ്രത്യേകത.
രണ്ടു നിലകളോടുകൂടിയ ഈ ക്ഷേത്രം പൂര്‍ത്തീകരിച്ചതാകട്ടെ, ആറുവര്‍ഷമെടുത്തും! ഇവിടെ നിന്നും ക്ഷേത്രനാമകരണത്തോടെ ക്ഷേത്രം കമ്മിറ്റിവക പട്ടും വളയും നല്‍കി ആദരിക്കപ്പെടുകയും ചെയ്തു. അതോടെ മധ്യകേരളത്തില്‍ നിന്നും വിളിവന്നു.
കേരളത്തില്‍ത്തന്നെ ആകെയുള്ള അഞ്ചു ദുര്‍ഗാക്ഷേത്രങ്ങളില്‍ ഒന്നായ തൃശൂര്‍ എളവള്ളി ദുര്‍ഗാക്ഷേത്രവും ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രവും പുനര്‍നിര്‍മ്മിച്ചു കൊണ്ടായിരുന്നു അവിടങ്ങളിലെ ജൈത്രയാത്ര.
അവിടെ നിന്നും എളവള്ളി ദേവസ്വം വക പട്ടും വളയും നല്‍കി ആദരിച്ചതാകട്ടെ ചുനക്കര രാമന്‍ കുട്ടിയും... കൂടാതെ 2000 വര്‍ഷം പഴക്കമുള്ള ചെമ്മന്തിട്ട മഹാക്ഷേത്രത്തിന്റെ ഗോപുരവും പവിത്രന്റെ ശില്‍പവൈദഗ്ദ്ധ്യത്തിനുള്ള ഉദാത്ത മാതൃകയായി..
ലോകത്തിലെത്തന്നെ ഏക വേലൂര്‍ കുറൂര്‍ അമ്മ സ്മാരക ക്ഷേത്രം പണികഴിക്കാനുള്ള അപൂര്‍വ്വ ഭാഗ്യം തേടിവന്നതും പവിത്രന്‍ വെങ്ങരയെത്തന്നെ! ഇതിനുള്ള ആദരസൂചകമായി ആര്യശില്‍പി പുരസ്‌കാരവും പവിത്രനില്‍ മുദ്രചാര്‍ത്തപ്പെട്ടു.
2016 ഫെബ്രുവരി 11 പവിത്രന്‍ വെങ്ങരയ്ക്കു ക്ഷേത്രശില്‍പി എന്ന നിലയിലുള്ള സിംഹസനാരൂഢ പദവി പതിച്ചു കിട്ടിയ ചരിത്രദിനമായിരുന്നു. മാതമംഗലം പറൂര്‍ മണികണ്ഠപുരം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ശ്രീകോവിലും ചുറ്റമ്പലവും ഉപക്ഷേത്രങ്ങളും റിക്കാര്‍ഡ് സമയമായ രണ്ടുവര്‍ഷത്തിനകം പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായിട്ടായിരുന്നു രാജശില്‍പി എന്ന അസാധാരണ അംഗീകാരം തേടിയെത്തിയത്..!
മുന്‍മന്ത്രി കെ.സി.ജോസഫിന്റെ സാന്നിധ്യത്തില്‍ ക്ഷേത്രം തന്ത്രിയും സുനില്‍ പ്രകാശും ചേര്‍ന്നാണ് സ്വര്‍ണ്ണ കങ്കണം കയ്യിലണിയിച്ച് രാജശില്‍പി പദവി പ്രഖ്യാപനം നടത്തിയത്. പ്രശസ്തി പത്രവും പട്ടും നല്‍കിയത് കെ.സി.ജോസഫായിരുന്നു. പിന്നാലെ വെള്ളോറ ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ പുനഃസ്ഥാപിക്കാനുള്ള ഉത്തരവാദിത്വവും പവിത്രന്‍ വെങ്ങരയില്‍ വന്നുചേര്‍ന്നു. പ്രതിക്രമം, ജാതി, തറ എന്നീ ക്രമപ്രകാരമായിരുന്നു ഇതിന്റെ പുനഃസ്ഥാപനം. ഇതിനോടനുബന്ധിച്ച് ശില്‍പിരത്‌നം പുരസ്‌കാരവും പവിത്രന്‍ വെങ്ങരയെ തേടിയെത്തി.. നിലവില്‍ ചെയ്തുവരുന്നതാകട്ടെ, മഹാക്ഷേത്രങ്ങളുടെ പരമ്പരയാണ്. ചന്തപ്പുര വെള്ളിക്കീല്‍ മുതുവാനി വണ്ണാത്തിക്കടവ് ആദിവടേശ്വരം ശ്രീമഹാവിഷ്ണു ക്ഷേത്രം, മുയ്യം മഹാവിഷ്ണു ക്ഷേത്രം, കക്കറ നാഗമുള്ള ചൊവ്വരത്തി മഹാവിഷ്ണു ക്ഷേത്രം, മയ്യല്‍ ഗോപാലകൃഷ്ണ ക്ഷേത്രം, അരീക്കാമല ശിവഗിരി ശിവക്ഷേത്രം, ചെമ്പ്രോട് ശ്രീകൃഷ്ണക്ഷേത്രം തുടങ്ങി പൂര്‍ത്തിയായതും, നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നതുമായ അറുപതോളം ക്ഷേത്രനിര്‍മ്മാണങ്ങളുടെ ചുമതലയും പവിത്രന്‍ വെങ്ങരയുടെ വിശ്വാസാധിഷ്ഠിതയില്‍ അര്‍പ്പിതമാണ്. ഇത്രയൊക്കെ അസാധാരണത്വം പവിത്രന്‍ വെങ്ങര എന്ന ക്ഷേത്രശില്‍പിയില്‍ കുടികൊള്ളുമ്പോഴും അതിനുള്ള പ്രക്രിയയില്‍ പവിത്രന്‍ വെങ്ങരയ്ക്കു ഒരു ഗുരുനാഥന്‍ ഇല്ലായിരുന്നു എന്ന വസ്തുത സമാനതകളില്ലാത്ത വിസ്മയമാണ്. ആദ്യകാലങ്ങളില്‍ സമകാലരായ ചിലരെ സമീപിച്ചിരുന്നെങ്കിലും ആട്ടിയകറ്റുന്ന സമീപനമായിരുന്നു അത്തരക്കാരുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നതെന്ന് പവിത്രന്‍ വെങ്ങര ഖേദപൂര്‍വ്വം ഓര്‍ക്കുന്നു. 'അ' എന്ന അക്ഷരം ആചാര്യന്മാര്‍ എഴുതിയും പറഞ്ഞും തന്നാല്‍ അവരെയാണ് ഗുരുക്കന്മാരായി കണക്കാക്കുന്നതെന്നും ഇവിടെ വായിച്ചറിഞ്ഞപോലെ ഏകലവ്യനുണ്ടായ ദുരവസ്ഥ തനിക്കും അനുഭവിക്കേണ്ടി വന്നതെന്നും പവിത്രന്‍ വെങ്ങര പരിതപിക്കുന്നു.
അതുകൊണ്ടു തന്നെ നിലവില്‍ എഴുതപ്പെട്ട പൗരാണിക മഹാഗ്രന്ഥങ്ങളും പഴയകാല ക്ഷേത്രശില്‍പികള്‍ ചെയ്തിട്ട നിര്‍മ്മാണ ചാതുരികളും കണ്ടും പഠിച്ചും അളന്നും മഹാക്ഷേത്രങ്ങളെ മനസ്സാല്‍ ധ്യാനിച്ചുമുള്ള നിശ്ചയദാര്‍ഢ്യം ഒന്നുമാത്രമാണ് ഈ നേട്ടങ്ങളില്‍ തന്റെ കൈമുതലെന്നും പവിത്രന്‍ വെങ്ങര സമര്‍ത്ഥിക്കുന്നു. ക്ഷേത്രനിര്‍മ്മിതിയിലെ ചെങ്കല്‍ ശില്‍പവേലകളാണ് പവിത്രന്‍ വെങ്ങരയുടെ മുഖമുദ്ര എന്നതും ശ്രദ്ധേയമാണ്. ചെയ്തവയില്‍ ഭൂരിഭാഗവും പഞ്ചപ്രകാരങ്ങളായ മഹാക്ഷേത്രങ്ങളാണുതാനും. അന്തര്‍മണ്ഡലം, അന്തഹാര, മധ്യഹാര, ബാഹ്യഹാര, മര്യാദ എന്നീ അംഗങ്ങളുടെ സൂക്ഷ്മതലങ്ങളെ ആധാരമാക്കിയുള്ളവയാണ് പവിത്രന്‍ വെങ്ങര ചെയ്ത മഹാക്ഷേത്രങ്ങളൊക്കെയും. മനുഷ്യശരീര വിധിപ്രകാരമാണ് മഹാക്ഷേത്രങ്ങളുടെ നിര്‍മ്മിതികളുടെ അനുഷ്ഠാന കര്‍മ്മങ്ങള്‍ കുടികൊള്ളുന്നത്. അതില്‍ ഗര്‍ഭഗൃഹം ശിരസ്സായിട്ടും അന്തരാളം മുഖമായിട്ടും മണ്ഡപം കഴുത്തായിട്ടും അന്തര്‍മണ്ഡലം കൈകളായും വലിയമ്പലം വയറായും ഗോപുരം ദേവഗണങ്ങളുടെ പാദങ്ങളായുമാണ് സങ്കല്‍പിച്ചു വരുന്നത്..
ഇതില്‍ ഷഡാധാര പ്രതിഷ്ഠ പ്രാധാന്യമര്‍ഹിക്കുന്നു. ഇത്തരത്തില്‍ അഞ്ചോളം മഹാക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ച ഷഡാധാര പ്രതിഷ്ഠകള്‍ വിധിപ്രകാരം പവിത്രന്‍ വെങ്ങര തന്നെ മുറിച്ചു രൂപകല്‍പന ചെയ്തവയാണ്. നമ്മള്‍ കാണുന്ന ദേവന്റെ രൂപം സ്തൂലശരീരമായും ആറ് ആധാര ചക്രങ്ങളെ ആധാരമാക്കി ഭൂമിക്കടിയില്‍ പ്രതിഷ്ഠിക്കുന്ന ഷഡാധാര പ്രതിഷ്ഠ സൂക്ഷ്മശരീരത്തെയും പ്രതിഫലിപ്പിക്കുന്നു. ശാലയും കൂടവും കോഷ്ടവും ഗവാക്ഷം എന്നിവ ചേര്‍ന്നതും മറ്റു ക്ഷേത്രഭിത്തികളിലെ അലങ്കാരങ്ങളും ഉള്‍ച്ചേര്‍ന്ന ശാലകൂട പ്രക്രിയകളാണ് ഇവിടങ്ങളിലെല്ലാം അവലംബിച്ചിട്ടുള്ളതും! ഇത്രയൊക്കെ ചെയ്തു തീര്‍ത്തപ്പോഴാണ് സ്വന്തം വീട്ടില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന അകലത്തിലുള്ള മാടായി (വെങ്ങര)വടുകുന്ദ ശിവക്ഷേത്രത്തിന്റെ ഇരുനില ഗോപുരം പണിയാന്‍ പവിത്രന്‍ വെങ്ങരയ്ക്ക് ഒരവസരം ആദ്യമായി കൈവന്നത്!
ആരംഭകാലത്ത് ക്ഷേത്രനിര്‍മ്മിതിയില്‍ പവിത്രന്‍ വെങ്ങരയുടെ യോഗ്യതയെ ചോദ്യം ചെയ്ത അതേ തച്ചുശാസ്ത്ര വിദഗ്ധന്‍ ആ ഗോപുരത്തിന് ഉത്തരം വച്ച് കഴുക്കോല്‍ ചാര്‍ത്തേണ്ട വിധി വൈപരീത്യം നേരിടേണ്ടി വന്നത് അവിടെയാണ്!
ആരംഭകാലത്ത് തനിക്കു നേരിടേണ്ടി വന്ന അവമതിപ്പുകള്‍ പവിത്രന്‍ വെങ്ങര ഇന്ന് കഴുകിക്കളയുന്നത് തന്നെ സമീപിക്കുന്ന ക്ഷേത്രശില്‍പകലാ തത്പരരെയെല്ലാം ശിഷ്യഗണത്തിലേയ്ക്ക് സഹര്‍ഷം സ്വാഗതം ചെയ്തു കൊണ്ടാണ്. കുഞ്ഞിക്കണ്ണന്‍ അതിയടം, ഉപേന്ദ്രന്‍ അതിയടം, ബൈജു വടകര, സന്തോഷ് വടകര, സുനില്‍കുമാര്‍ അയനിക്കാട്, മനോജ് ആലക്കാട് എന്നിവരെല്ലാം നിലവില്‍ പവിത്രന്റെ ശിഷ്യഗണങ്ങളാണ്.. അപ്പോഴും പവിത്രനൊരു ദുഃഖം ബാക്കിയാണ്.
സ്വന്തം നാട് ക്ഷേത്രശില്‍പകലയില്‍ രാജശില്‍പി പട്ടം നേടിയ ഇങ്ങനെയൊരാളിനെ അറിയാതെ പോവുകയാണ്; അല്ലെങ്കില്‍ അറിഞ്ഞില്ലെന്നു നടിക്കുകയാണ്. രാജശില്‍പി പട്ടം നേടിയതിന്റെ വിളംബരവുമായി ബന്ധപ്പെട്ട് നാടിന്റെ കണ്ണായ സ്ഥലമായ വെങ്ങര മുക്കില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് 'സാമൂഹിക വിരുദ്ധരിലെ പ്രമുഖരില്‍' ചിലര്‍ രാത്രിയുടെ മറവില്‍ വലിച്ചു കീറിയെറിഞ്ഞാണ് അവര്‍ 'നാടിന്റെ രാജശില്‍പി'യോടു അവമതിപ്പു കാട്ടിയത്.
Manoharan Vengara
writter