പ്രണയനിരാസത്തിലെ അരുംകൊലകള്‍...
പ്രണയനിഷേധത്തിന്റെയും വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെയുമൊക്കെ പേരില്‍ ജീവിതം ഹോമിക്കപ്പെട്ട പെണ്‍കുട്ടികളുടെ പട്ടികയിലെ ഒടുവിലത്തെ ഹതഭാഗ്യയാണ് തൃശ്ശൂര്‍ ചിയ്യാരം വത്സാലയത്തില്‍ നീതു (22). രണ്ടു വയസ്സുള്ളപ്പോള്‍ അമ്മ മരിക്കുകയും പിന്നാലെ അച്ഛന്‍ ഉപേക്ഷിച്ചുപോവുകയും ചെയ്തതോടെ അമ്മൂമ്മയുടെയും അമ്മാവന്റെയും തണലിലായിരുന്നു ഈ പെണ്‍കുട്ടിയുടെ ജീവിതം. 3 വര്‍ഷത്തോളമായി എറണാകുളത്ത് ഐ.ടി.കമ്പനിയില്‍ ജീവനക്കാരനായ തൃശ്ശൂര്‍ വടക്കേക്കാട് കല്ലൂക്കാടന്‍ വീട്ടില്‍ നിധീഷുമായി നീതു പ്രണയത്തിലായിരുന്നു. നീതു കൊടകര ആക്‌സിസ് എഞ്ചിനീയറിംഗ് കോളേജിലെ ആവസാനവര്‍ഷ ബിടെക് വിദ്യാര്‍ത്ഥിനിയാണ്. ഫെയ്‌സ് ബുക്കിലൂടെയാണ് നിധീഷുമായി പ്രണയത്തിലാകുന്നത്. ഒരു വര്‍ഷം മുമ്പ് വിവാഹാലോചന നടന്നെങ്കിലും വിവാഹത്തിലെത്തിയില്ല. ഇതേച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് നീതുവിനെ നിധീഷ് കത്തികൊണ്ട് കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ കാരണത്താല്‍ കഴിഞ്ഞ മാര്‍ച്ച് 12ന് രാവിലെ തിരുവല്ല റെയില്‍വേസ്റ്റേഷന്‍ റോഡില്‍ പട്ടാപ്പകല്‍ യുവാവ് പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കഴുത്തില്‍ കുത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീ വെച്ചിരുന്നു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി 8-ാം നാള്‍ മരിച്ചു. കോട്ടയത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ സീനിയര്‍ വിദ്യാര്‍ത്ഥി ക്യാമ്പസില്‍ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത് 2017 ഫെബ്രുവരി 2നാണ്. പാരാ മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. തിരൂരില്‍ ബംഗാളി യുവാവ് 15 കാരിയെ വീട്ടില്‍ കയറി കുത്തിക്കൊന്നത് സെപ്റ്റംബര്‍ 29ന്. പ്രണയം നിരസിച്ചതാണ് കാരണമെന്ന് 25 കാരനായ പ്രതി മൊഴി നല്‍കി. പത്തനംതിട്ടയിലെ കടമ്മനിട്ടയില്‍ പ്രണയം നിരസിച്ച 17 കാരിയെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീവെച്ചത് 2017 ജൂലൈ 14ന്. പെണ്‍കുട്ടി 22ന് മരിച്ചു. പിണക്കത്തിലായ ഭാര്യയെ യുവാവ് നടുറോഡില്‍ പെട്രോള്‍ ഒഴിച്ച് തീവെച്ച് കൊന്നത് 2018 ഏപ്രില്‍ 30ന്. തൃശ്ശൂര്‍ ചെങ്ങാലൂരിലായിരുന്നു സംഭവം. പ്രണയാഭ്യര്‍ത്ഥന നിരസിച്ച കുട്ടിയെ കോളേജില്‍ എത്തി കുത്തിക്കൊന്ന സംഭവം കാസര്‍കോട് സുള്യയില്‍ നടന്നത് 2018 ഫെബ്രുവരി 23ന്. തൃപ്പൂണിത്തുറ ഉദയംപേരൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ വെട്ടിവീഴ്ത്തിയത് ഈയടുത്ത കാലത്താണ്. ഇക്കാലയളവില്‍ പുരുഷന്മാര്‍ തീ കൊളുത്തി കൊന്നത് 7 സ്ത്രീകളെയാണ്. 10 പെണ്‍കുട്ടികള്‍ വിവിധ തരത്തിലുള്ള ഗുരുതര ആക്രമണങ്ങള്‍ക്കും വിധേയരായി.
പ്രണയനിഷേധത്തിന്റെയും വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെയുമൊക്കെ പേരില്‍ വടക്കേ ഇന്ത്യയിലും തമിഴ്‌നാട്ടിലുമൊക്കെ കൊലകള്‍ നടന്നിട്ടുണ്ട്.
പക്ഷെ, വിദ്യാസമ്പന്നരുടെ നാട്ടില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലെന്ന ധാരണകള്‍ തിരുത്തപ്പെടുകയാണ്. കേരളം പതുക്കെ ക്രിമിനല്‍ സ്വഭാവമുള്ളവരുടെ നാടായി മാറുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്, മനോനില കൈവിട്ട് പ്രാകൃതത്വത്തിലേക്കും അരാജകത്വത്തിലേക്കും കൂപ്പുകുത്തുകയാണ്. കേട്ടുകേഴ്‌വിയില്ലാത്ത വിധം കേരളം രോഗഗ്രസ്തമാവുന്നു.
കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെ സഹജീവികളുടെ ജീവനെടുക്കുന്ന പ്രവണത വര്‍ധിക്കുന്നു. പിതൃ-മാതൃ-ബാലഹത്യകള്‍ ഇവിടെ നടക്കുന്നു. നമ്മുടെ സമൂഹത്തിന് ഗുരുതരമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസം അക്കാദമിക് മികവുകളില്‍ ഊന്നല്‍ നല്‍കുമ്പോള്‍, വ്യക്തിത്വവും സ്വഭാവ ഗുണവും കുട്ടികളില്‍ രൂപപ്പെടുത്തുന്നതിന് പരാജയപ്പെടുകയാണ്.
വിദ്യാഭ്യാസത്തിന്റെ മൗലികലക്ഷ്യം സ്വഭാവഗുണം ആര്‍ജ്ജിക്കലാണ്. അലിവ്, ആര്‍ദ്രത, കരുണ, ദയ, സഹിഷ്ണുത, സമചിത്തത, സാഹോദര്യം, മനുഷ്യത്വം എന്നിവ ഇവിടെ അന്യം നിന്നുപോകുന്നു. അവ പുന:പ്രതിഷ്ഠിക്കപ്പെടണം. പ്രണയവും പ്രണയ മന:ശാസ്ത്രവും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. പ്രണയം ശരീരത്തില്‍ ചില ഹോര്‍മോണുകളെ ഉല്‍പാദിപ്പിക്കുന്നുണ്ട്. ശാരീരിക-മാനസിക-വൈകാരികഭാവങ്ങളില്‍ അത് വ്യതിയാനങ്ങള്‍ വരുത്തുന്നുണ്ട്. അവയെല്ലാം പഠനവിഷയമാക്കണം.
പ്രണയനിഷേധം ഇവിടെ പകയായി മാറുകയാണ്. എനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ടെന്ന വാശിയാണ് കൊലയിലേക്കു നയിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ഇഷ്ടം തോന്നിയാല്‍ ഒരുമിക്കുന്നു. ഇഷ്ടമില്ലാതാകുമ്പോള്‍ പിരിയുന്നു. ഇതിനിടയില്‍ കുത്തും കൊലയും പെട്രോളും കത്തിക്കലും ഒന്നുമില്ല. സ്വന്തം വ്യക്തിത്വത്തിലും അസ്ഥിത്വത്തിലുമാണ് അവര്‍ ജീവിക്കുന്നത്.
ആ സ്വാശ്രയത്വശൈലി പിന്തുടരാന്‍ കുട്ടികള്‍ പ്രാപ്തരാകേണ്ടതുണ്ട്. 'പോയാല്‍ പോട്ടേ' എന്നുവയ്ക്കണം. പ്രണയ തകര്‍ച്ച ജീവിതത്തെ ബാധിക്കരുത്. അവനവനില്‍ തന്നെ ആശ്രയിക്കണമെന്ന തത്വം ചൊല്ലി ബന്ധത്തിന്റെ അതിര്‍വരമ്പുകള്‍ നിര്‍ണ്ണയിക്കുവാന്‍ കുട്ടികള്‍ തയ്യാറാവണം.
സഹജീവികളോട് എങ്ങനെ പെരുമാറണമെന്ന് കുട്ടികള്‍ പഠിക്കണം. പിടിവാശിയും പ്രതികാരവും ഗുണം ചെയ്യില്ലെന്ന് തിരിച്ചറിയണം. ക്ഷമിക്കാനും പരിഗണിക്കാനുമുള്ള ഹൃദയവിശാലത മനുഷ്യനന്മയുടെ പ്രതിഫലനമാണ്. നന്മയുടെ തിരിനാളങ്ങള്‍ കത്തിനിന്നില്ലെങ്കില്‍ സമൂഹം കൂരിരുട്ടിലാകും. സംഘടനകളും സമൂഹവും മാതാപിതാക്കളും അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ മുന്നോട്ടു വരിക.
Advt. Charlipol
WRITTEROther Articles