ഹൃദയ വിശുദ്ധി കൊണ്ട് നോമ്പിനെ അര്‍ത്ഥപൂര്‍ണ്ണമാക്കണം
ഹൃദയത്തെ ശുദ്ധിയാക്കാനുള്ള പണിപ്പുരയായി റമദാനിലെ ഓരോ ദിനരാത്രങ്ങളെയും ഉപയോഗപ്പെടുത്താന്‍ വിശ്വാസികള്‍ ശ്രമിക്കണം. ഹൃദയത്തിന്റെ പരിശുദ്ധിയാണ് എല്ലാത്തിന്റെയും സത്ത. ആ പരിശുദ്ധിയിലേക്ക് തന്നെയാണ് നാഥന്‍ നോക്കുന്നതും. ഹൃദയത്തിലെ മാലിന്യം കഴുകിക്കളയുകയാണ് ഓരോ വിശ്വാസിയും ആദ്യം ചെയ്യേണ്ടത്. അത് ചെയ്യാതെ പുറമേക്ക് മാന്യത ചമഞ്ഞിട്ട് യാതൊരു കാര്യവുമില്ല. വിശ്വാസിയുടെ ഹൃദയത്തില്‍ ആദ്യം നിറയേണ്ടത് തഖ്‌വയാണ്. തഖ്‌വ ഉണ്ടായാലെ ഏതൊരു പ്രവൃത്തിക്കും പൂര്‍ണ്ണതയുണ്ടാവുകയുള്ളുവെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. 'മനുഷ്യശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാല്‍ ശരീരം നന്നായി. അത് ചീത്തയായാല്‍ ശരീരമാകെ ചീത്തയായി'. എന്നാണ് പ്രവാചക വചനം. പുറമെക്ക് കാണിക്കുന്ന മാന്യത കൊണ്ട് സമൂഹത്തില്‍ വലിയ ആളാവാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ സകല ജനങ്ങളുടെയും മനസ്സിലിരിപ്പ് അല്ലാഹു അറിയുന്നു. ഹൃദയവികാരം മറച്ചുവെച്ച് പുറത്ത് മാന്യത ചമയുന്നവര്‍ക്ക് തങ്ങള്‍ എല്ലാവരെയും പറ്റിച്ചുവെന്ന ചിന്തയുണ്ടാകാം. പക്ഷെ, ഇതെല്ലാം നാഥന്‍ കാണുന്നുണ്ട്. 'ഹൃദയശുദ്ധിയെയാണെനിക്ക് ഇഷ്ടം. ഹൃദയം നന്നാവാതെ ചടങ്ങിന് വേണ്ടി കാട്ടിക്കൂട്ടുന്ന പ്രവൃത്തികള്‍ സ്വീകാര്യമല്ല.' എന്ന് അല്ലാഹു തന്നെ പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ നോമ്പുകാരന് ഹൃദയ വിശുദ്ധിയുടെ പര്യായമായി തീരാന്‍ കഴിയണം. അവനവനെ സമഗ്രമായ പരിവര്‍ത്തനത്തിന് വിധേയമാക്കാനാണ് വ്രതമനുഷ്ഠിക്കുന്നവര്‍ ശ്രമിക്കേണ്ടത്. ആ ഒരു ലക്ഷ്യം എല്ലാവരിലും ഉണ്ടാവണം. തഖ്‌വ നന്നാക്കുക എന്ന ലക്ഷ്യത്തിനായിരിക്കണം ഓരോ നോമ്പുകാരനും പ്രഥമ പരിഗണന നല്‍കേണ്ടത്. ഹൃദയ വിശുദ്ധി വരുത്തി ജീവിതത്തില്‍ നന്മയുടെ സുഗന്ധം പരത്താന്‍ സാധിച്ചാല്‍ അവന്‍ വിജയിച്ചു. മനുഷ്യനെ അടിമുടി മാറ്റിമറിക്കുന്നതിന് വേണ്ടിയാണ് നോമ്പ് നിര്‍ബന്ധമാക്കിയിട്ടുള്ളതെന്ന് നാഥന്‍ പറയുന്നു. താന്‍ അനുഷ്ഠിക്കുന്ന ഓരോ നോമ്പും തന്നിലെന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് ഓരോ വിശ്വാസിയും മനസിനോട് ചോദിക്കേണ്ടതുണ്ട്. ഹൃദയ വിശുദ്ധിയും ശരിയായ തഖ്‌വയും തനിക്ക് ഉണ്ടായിത്തുടങ്ങിയിട്ടുണ്ടെന്ന് സ്വയം ഉറപ്പാക്കണം. പട്ടിണിയല്ല തനിക്കാവശ്യമെന്നും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ പകല്‍ മുഴുവന്‍ പട്ടിണികിടന്ന്, ഒരു ദൗത്യം പോലെ നോമ്പ് നിര്‍വഹിച്ചത് കൊണ്ട് മാത്രമായില്ല. ഇന്നലെ നോറ്റ നോമ്പ് തന്നില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കിയതെന്ന് ചിന്തിക്കുകയും ഒരു മാറ്റവും ഉണ്ടായിട്ടില്ലെങ്കില്‍ അത് തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നിടത്താണ് ഓരോരുത്തരുടെയും വിജയം.

Other Articles

  പുകവലി

  മൂന്നു കവിതകള്‍

  പുണ്യവും സംതൃപ്തിയും മാത്രമല്ല, ആരോഗ്യ സംരക്ഷണം കൂടിയാണ് വ്രതാനുഷ്ഠാനം

  ലൈലത്തുല്‍ ഖദ്‌റിന്റെ ശ്രേഷ്ഠത

  ആയിരം മാസത്തേക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര്‍

  പ്രാര്‍ത്ഥനകള്‍ പൂക്കുന്ന മാസം

  അനുഗ്രഹങ്ങള്‍ വര്‍ഷിക്കുന്ന പുണ്യ രാവിനെ പ്രതീക്ഷിച്ച്

  ശ്വാസോച്ഛാസം തസ്ബീഹില്‍ നിറയുമ്പോള്‍

  മനസ് കരയുന്ന ദിനരാത്രങ്ങള്‍

  അവസാനത്തെ പത്ത്; ഏറെ പുണ്യമേറിയ ദിനരാത്രങ്ങള്‍

  വിശ്വാസി സത്യത്തിന്റെ പക്ഷത്ത് മാത്രമായിരിക്കണം

  വ്രതാനുഷ്ഠാനം പട്ടിണിയുടെ തീക്ഷ്ണത വിളിച്ചുപറയുന്നു

  ബദര്‍ദിന ഓര്‍മ്മയില്‍ സത്യത്തെ കൂട്ടുപിടിക്കാം

  മനുഷ്യന് ഔന്നത്യം നല്‍കുന്നത് കര്‍മ്മങ്ങളുടെ പരിശുദ്ധി

  വെളിച്ചമാകുന്ന റമദാന്‍ പ്രഭാഷണങ്ങള്‍