വേണം, ഇനിയും കനത്ത മഴ
കേരളം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ സംഭരണ ശേഷിയുടെ പകുതിയില്‍ താഴെ മാത്രമേ വെള്ളം അവശേഷിക്കുന്നുള്ളൂ. ഇനിയും കനത്ത മഴ ലഭിച്ചില്ലെങ്കില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകും. അണക്കെട്ടില്‍ അവശേഷിക്കുന്ന വെള്ളം ഉപയോഗിക്കുന്നതില്‍ നിയന്ത്രണം ഉണ്ടായാല്‍ വൈദ്യുതി ഉല്‍പാദനത്തെയും ജനജീവിതത്തെയും വ്യവസായ മേഖലയെയും പ്രതികൂലമായി ബാധിക്കും.
കേരളത്തിന്റെ മാത്രം പ്രത്യേകതയാണ് ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പെയ്യുന്ന തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴ. സീസണ്‍ എന്നര്‍ത്ഥം വരുന്ന 'മോസിം' എന്ന അറബ് പദത്തില്‍ നിന്നാണ് മണ്‍സൂണ്‍ എന്ന പദത്തിന്റെ ഉത്ഭവം. ആഫ്രിക്കയുടെ കിഴക്ക് തീരത്ത് നിന്ന് അറബിക്കടലിലൂടെ വീശുന്ന മണ്‍സൂണ്‍ കാറ്റാണ് കേരളത്തിന് മഴ നല്‍കുന്നത്. കേരളത്തിന്റെ കിഴക്കേ അറ്റത്തുള്ള പശ്ചിമഘട്ടം മണ്‍സൂണ്‍ കാറ്റിനെ തടഞ്ഞു നിര്‍ത്തി മഴ പെയ്യിച്ചു ലോകത്ത് മൂന്നു മാസത്തോളം തുടര്‍ച്ചയായി മഴപെയ്യുന്ന അപൂര്‍വ്വ പ്രദേശശങ്ങളില്‍ ഒന്നാക്കി കേരളത്തെ മാറ്റുന്നു.
എന്നാല്‍ ഇപ്രാവശ്യം ജൂലൈ പിന്നിട്ടിട്ടും കേരളത്തിലെവിടെയും കാലവര്‍ഷം ശക്തമായിട്ടില്ല. മഴ കുറയാന്‍ കാരണം മണ്‍സൂണിനു തൊട്ട് മുമ്പ് അറബിക്കടലിലുണ്ടായ 'വായു 'ചുഴലിക്കാറ്റാണെന്നാണ് കാലാവസ്ഥാ പ്രവചനം. എട്ടു ദിവസം വൈകിയെത്തിയ മണ്‍സൂണിന്റെ സഞ്ചാരഗതി തന്നെ 'വായു' മാറ്റി. ഇത്തവണ 1500 ഓളം കിലോമീറ്റര്‍ വ്യാപ്തിയുള്ള ചുഴലിക്കാറ്റിന് അനുസരിച്ചു മണ്‍സൂണ്‍ കാറ്റ് വഴിമാറി സഞ്ചരിക്കുകയായിരുന്നു.
പ്രവചനങ്ങള്‍ക്ക് പിടി കൊടുക്കാതെയാണ് ഇത്തവണ മഴയുടെ പോക്ക്. അതിശക്തമായ മഴ, ഓറഞ്ച് അലെര്‍ട്, ജാഗ്രതാനിര്‍ദേശം, തുടങ്ങിയ കാലാവസ്ഥ പ്രവചനങ്ങളെ തെല്ലും കൂസാതെ മഴ ഇപ്പോഴും ആകാശത്ത് വട്ടം കറങ്ങുകയാണ്.
ജൂണ്‍ മാസത്തില്‍ ദേശീയ തലത്തില്‍ 34.3 ശതമാനമാണ് മഴക്കുറവ്. 158.9 മില്ലിമീറ്റര്‍ മഴക്ക് പകരം 104 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയില്‍ 35 ഉം, മധ്യ ഇന്ത്യയില്‍ 36 ഉം, ദക്ഷിണേന്ത്യയില്‍ 30 ശതമാനത്തിന്റെയും മഴക്കുറവാണ് ജൂണ്‍ 30 വരെ കണക്കാക്കിയിട്ടുള്ളത്. ഇത് നമ്മള്‍ വളരെയധികം പേടിക്കേണ്ടിയിരിക്കുന്ന കുറവ് തന്നെയാണ്.
സംസ്ഥാനത്തെ കാലവര്‍ഷത്തിന്റെ ആദ്യ ദിവസങ്ങളില്‍ അതായത് ജൂണ്‍ ഒന്ന് മുതല്‍ 12 വരെ മഴയില്‍ 30 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. ഈ ദിവസങ്ങളില്‍ കിട്ടേണ്ടിയിരുന്ന മഴ 221 മില്ലിമീറ്റര്‍ ആണ്, എന്നാല്‍ കിട്ടിയത് 155 മില്ലിമീറ്റര്‍ മാത്രം. കഴിഞ്ഞ വര്‍ഷം കാലവര്‍ഷത്തിന്റെ ആദ്യ ദിവസങ്ങളില്‍ 40 ശതമാനത്തിലേറെ കൂടുതല്‍ മഴ ലഭിച്ചിരുന്നു.
കാലവര്‍ഷം ഒരാഴ്ച വൈകിയാണ് ഇക്കുറി കേരളത്തിലെത്തിയത്. ഇതിന് ശേഷം പെയ്തതില്‍ കനത്ത മഴ എവിടെയും രേഖപ്പെടുത്തിയിട്ടില്ല. തകര്‍ത്തു പെയ്യേണ്ട ജൂണ്‍, ജൂലൈ മാസങ്ങളില്‍ മഴമേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശം കനത്ത ചൂടിനുമിടയാക്കുന്നു. ഇത് കര്‍ഷകരെയും വളരെയധികം ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഒപ്പം തന്നെ ലോഡ്‌ഷെഡിങ് പോലുള്ള വൈദ്യുതി നിയന്ത്രണങ്ങള്‍ക്കും കാരണമാകുമെന്നതില്‍ യാതൊരു സംശയവുമില്ല.
അതേ സമയം ശക്തമായ മഴ ലഭിക്കാത്തത് കാരണം ഭൂരിഭാഗം പ്രദേശങ്ങളിലും ഇപ്പൊ തന്നെ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ നിറഞ്ഞൊഴുകേണ്ട തോടുകളും ചാലുകളുമെല്ലാം വേനല്‍ക്കാലം പോലെ വറ്റിക്കിടക്കുയാണ്. പലയിടത്തും പാറക്കൂട്ടങ്ങളും മണല്‍ത്തിട്ടകളുമൊക്കെ ഇപ്പോഴും വെള്ളത്തിനു മുകളില്‍ കാണാം. കുളങ്ങളും, കിണറുകളും ഇപ്പോഴും നിറഞ്ഞിട്ടില്ല.
കര്‍ഷകരുടെ സ്ഥിതിയും ആശങ്കാജനകമാണ്. നെല്‍ കര്‍ഷകരാണ് ഇതിന്റെ ഏറ്റവും വലിയ ദുരിതമനുഭവിക്കുന്നത്. തോടുകളില്‍ നിന്നും, ചാലുകളില്‍ നിന്നും ഒഴുകി വരുന്ന വെള്ളത്തെ ആശ്രയിച്ചാണ് ഒന്നാംവിള കൃഷിയിറക്കുന്നത്. എന്നാല്‍ വെള്ളമില്ലാത്തതിനാല്‍ പല വയലുകളിലും പണി തുടങ്ങാതെ കര്‍ഷകര്‍ മഴക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. വര്‍ഷകാല പച്ചക്കറി കൃഷിയെയും മഴക്കുറവ് പ്രതികൂലമായി ബാധിക്കുന്നു. ഓണക്കാലം ലക്ഷ്യം വെച്ച് ഇറക്കുന്ന ഇനങ്ങളെയാണ് മഴയില്ലാത്തത് ഏറ്റവും കൂടുതല്‍ ബാധിക്കുക.
നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ജൂലൈ പകുതിയോടെ തന്നെ വൈദ്യുതി നിയന്ത്രണം നേരിടേണ്ടി വരും. മിഥുനം, കര്‍ക്കടകം മാസങ്ങളില്‍ കോരിച്ചൊരിയേണ്ട കാലവര്‍ഷം ദുര്‍ബലമായതും ഡാമുകളിലെ ജലനിരപ്പ് കുറയുന്നതുമാണ് മഴക്കാലത്തും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട അസാധാരണ സാഹചര്യം ഉണ്ടാവുന്നത്.
ഇടുക്കി വയനാട് ജില്ലകളിലൊക്കെ ഗണ്യമായ തോതില്‍ മഴക്കുറവുണ്ട്. നമ്മുടെ ജലവൈദ്യുത പദ്ധതികളൊക്കെ ആ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുമില്ല.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രപോളില്‍ നിന്നും വൈദ്യുതി ലഭിക്കുമെങ്കിലും മതിയായ പ്രസരണ ലൈന്‍ ഇല്ലാത്തതിനാല്‍ വൈദ്യുതി എത്തിക്കാന്‍ കഴിയില്ല. കൊച്ചി ഇടമണ്‍ പ്രസരണ ലൈനുമായി ബന്ധപ്പെട്ടുണ്ടായ നിയമപ്രശ്‌നങ്ങള്‍ കേന്ദ്രപോളില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതിന് തടസ്സമായതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ഇതൊക്കെ വെച്ച് നോക്കുമ്പോള്‍ വൈദ്യുതി നിയന്ത്രണം മാത്രമാണ് വഴി.
ഏറ്റവും വലിയ സംഭരണിയായ ഇടുക്കിയില്‍ 13 ശതമാനം വെള്ളം മാത്രമാണുള്ളത്. ഇത് 295 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം മാത്രമാണ്. 2190 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം സംഭരിക്കാന്‍ ശേഷിയുള്ള അണക്കെട്ടാണിത്. രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയുടെ അണക്കെട്ടുകളില്‍ 8 ശതമാനമാണ് വെള്ളം. ഇതിലൂടെ ഉത്പാദിപ്പിക്കാനാവുന്നത് 71.26 ദശലക്ഷം യൂണിറ്റ് മാത്രമാണ്. ഇവിടത്തെ സംഭരണ ശേഷി 964.35 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം 1916 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം മൊത്തം സംഭരണികളിലുണ്ടായിരുന്നു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ 1464 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം ഇപ്പ്രാവശ്യം കുറവാണ്.
മാത്രവുമല്ല വേനല്‍ക്കാലത്തിന്നു സമമായ വൈദ്യുതി ഉപയോഗമാണ് ഇപ്പോഴും സംസ്ഥാനത്തുള്ളത്. മുന്‍വര്‍ഷങ്ങളില്‍ ജൂണ്‍ മാസങ്ങളില്‍ പ്രതിദിനം 65 മില്യണ്‍ യൂണിറ്റ് ഉപഭോഗം രേഖപ്പെടുത്തിയിരുന്നത് ഇപ്രാവശ്യം അത് 76 മില്യണ്‍ യൂണിറ്റ് അയി ഉയര്‍ന്നിരിക്കുന്നു.
35 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്തു ഇത്രയും വലിയ അളവില്‍ മഴ കുറയുന്നത്. 1982 ലാണ് സംസ്ഥാനത്ത് ഇതിനു മുമ്പ് വലിയ മഴക്കുറവുണ്ടായത്. മഴയുടെ 50 ശതമാനം മാത്രമേ അന്ന് കിട്ടിയുള്ളൂ. അന്ന് 18 ദിവസം വൈകിയെത്തിയ മണ്‍സൂണില്‍ 323 മില്ലിമീറ്റര്‍ മഴ മാത്രമാണ് ആ ജൂണില്‍ ലഭിച്ചത്.
അന്ന് കൃഷി, വൈദ്യുതി, കുടിവെള്ളം മുതലായവയ്ക്ക് വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇതേ സാഹചര്യം തുടര്‍ന്നാല്‍ 1982 ആവര്‍ത്തിച്ചേക്കാവുമെന്നാണ് കോഴിക്കോട്ടെ ജലവിഭവ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 1982 ലെ ഈ തിരിച്ചടി അന്നത്തെ സമ്പദ്വ്യവസ്ഥയെ വരെ ബാധിച്ചിരുന്നു.
മാത്രവുമല്ല അന്ന് സംസ്ഥാനത്തു ജനസംഖ്യ കുറവായിരുന്ന. വെള്ളം സൂക്ഷിച്ചു ഉപയോഗിച്ചിരുന്നു. എന്നാലിന്ന് നേരെ തിരിച്ചും. ജനസംഖ്യയും കൂടുതലാണ്, വെള്ളത്തിന്റെ ഉപയോഗവും വളരെയധികം കൂടുതലാണ്. അത് കൊണ്ട് തന്നെ ശരാശരി നിലയില്‍ മഴ പെയ്താല്‍ പോലും അത് തികയാതെ വരും. തന്മൂലം ഒരു വലിയ പ്രതിസന്ധിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.
അടിയന്തിര സാഹചര്യത്തെ നേരിടാന്‍ ജലസംരക്ഷണത്തിന്നു വേണ്ടി കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരും. ജലവിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, നദികളില്‍ റെഗുലേറ്ററുകള്‍ സ്ഥാപിച്ചു ജലം സംഭരിക്കുക തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് സി.ഡബ്‌ള്യു.ആര്‍.ഡി.എം (സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവോലോപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റ്) സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. കൂടെ നമ്മളോരോരുത്തരും വ്യക്തിഗതമായി വെള്ളം മിതമായേ ഉപയോഗിക്കൂ എന്നുള്ള തീരുമാനവുമെടുക്കണം. വെള്ളം കുറച്ചു ഉപയോഗിക്കാനുള്ള സൂചനയാണ് മഴക്കുറവിലൂടെ പ്രകൃതി നമുക്ക് തരുന്നതെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
പ്രകൃതി നശീകരണവും, മരങ്ങള്‍ വെട്ടിമാറ്റുന്നതും, മരം വെച്ച് പിടിപ്പിക്കാത്തതും മഴ കുറയാനുള്ള കാരണമായി നാം ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. നല്ലൊരു നാളെക്കായി പ്രകൃതിയെയും, വെള്ളത്തെയും കാത്തു സൂക്ഷിക്കാം.
Hasher Kodiyamma
writterOther Articles