വേണം ഒരു മൂക്കുകയര്‍
വാട്‌സ് ആപ്, ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളിലെ വ്യാജവാര്‍ത്താ പ്രചാരണത്തിനെതിരെ ശക്തമായ താക്കീതുയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമാന്തര പത്രപ്രവര്‍ത്തനമെന്ന ലേബലില്‍ സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും കുറച്ച് നിമിഷത്തേക്കെങ്കിലും ആശങ്കയുടെ മുള്‍മുനയിലാഴ്ത്തുകയും ചെയ്യുന്ന ദുഷിച്ച പ്രവണതകള്‍ സത്യസന്ധമായ വാര്‍ത്തകള്‍ അറിയാനുള്ള പൗരന്റെ അവകാശത്തെ തകര്‍ത്തെറിയുകയുമാണ്.
മലയാളത്തിന്റെ അനുഗ്രഹീത നടന്‍ മോഹന്‍ലാലിനെ രോഗിയാക്കിയും സലീം കുമാറിനെ ഒന്നില്‍കൂടുതല്‍ തവണ കൊലപ്പെടുത്തിയും കാസര്‍കോട്ടെ രണ്ട് രാഷ്ട്രീയ നേതാക്കളെ നിര്യാതരാക്കിയും വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നടത്തുന്ന വൃത്തികെട്ട ചെയ്തികളെ നാം ഇനിയും കൈയുംകെട്ടി നോക്കിനിന്നാല്‍ സമൂഹത്തിന് അത് ആപത്താണ്. കൈയിലുള്ള ആന്‍ഡ്രോയിഡ് ഫോണില്‍ ചുരുങ്ങിയ പൈസക്ക് ഡാറ്റ ചാര്‍ജ്ജ് ചെയ്താല്‍ ആര്‍ക്കും ആരെയും കൊല്ലാമെന്നും മാനഹാനി വരുത്താമെന്നുമുളള സ്ഥിതി വിശേഷമാണിന്ന് നിലവിലുള്ളത്. ഇത് അനുവദിച്ചുകൂടാ... ഫേസ് ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങളും വേണ്ടപ്പെട്ടവരും അനുഭവിക്കുന്ന മനോവ്യഥയും കണ്ണുനീരും വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ക്ക് നിസ്സാരമായിരിക്കാം. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി മൊബൈലിലൂടെ ഷെയര്‍ ചെയ്യപ്പെട്ട് സമൂഹത്തില്‍ ഞൊടിയിടയില്‍ പ്രചരിക്കുമ്പോള്‍ അത് മൂലമുണ്ടാകുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങളും കുടുംബങ്ങളുടെ ആകുലതകളും വ്യാജവാര്‍ത്തക്കിരയാകുന്ന വ്യക്തിക്കുണ്ടാകുന്ന മാനസികാഘാതവും വിഷമതകളും പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഇത്തരം ക്രൂരമായ നീക്കങ്ങളെ ശക്തമായ രീതിയില്‍ തന്നെ ചെറുത്തുതോല്‍പിക്കേണ്ടതുണ്ട്.
ഒരു ദിവസത്തിലെ 24 മണിക്കൂറും സോഷ്യല്‍ മീഡിയകളില്‍ രമിക്കുന്ന ആധുനിക സമൂഹം തെറ്റിദ്ധാരണാപരമായ അസത്യപ്രചാരണങ്ങളെ എളുപ്പം വിശ്വസിക്കുകയും ചെയ്യുന്നു. ദിനേന നമുക്ക് മുന്നിലെത്തുന്ന പത്രമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും സത്യമായ വാര്‍ത്തയുമായി എത്തുമ്പോഴേക്കും സോഷ്യല്‍ മീഡിയകളിലെ വ്യാജവാര്‍ത്തകളുടെ ഭീകരമായ പരിണിത ഫലങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരിക്കും. വ്യാജ മരണവാര്‍ത്തകള്‍ പലപ്പോഴും നാട്ടിലുള്ളവരെയും ഗള്‍ഫ് നാടുകളില്‍ കഴിയുന്നവരെയും തെല്ലൊന്നുമല്ല ആശങ്കയിലാഴ്ത്താറുള്ളത്. വാട്‌സ്ആപ്പ് വാര്‍ത്തകള്‍ വിശ്വസിച്ച് ജീവിച്ചിരിക്കുന്ന വ്യക്തിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പത്രമാപ്പീസുകളിലേക്ക് പ്രസ് റിപ്പോര്‍ട്ട് അയക്കേണ്ടതായും റീത്ത് സംഘടിപ്പിക്കേണ്ടതായും വരുന്ന അവസ്ഥ പരിതാപകരം തന്നെ.
കഴിഞ്ഞദിവസം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രചരിച്ച ലീഗ് നേതാവിന്റെ മരണവാര്‍ത്ത് വിശ്വസിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് നിരവധിപേര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തുകയും പരേതനെ നേരില്‍കണ്ട് അവരൊക്കെയും ഞെട്ടിയെന്നുമുള്ള വാര്‍ത്ത കൗതുകകരമായ ഒന്നായി തള്ളേണ്ടുന്നതല്ല. ഇത്തരം ഫെയ്ക്ക് ന്യൂസുകള്‍ അപ്‌ലോഡ് ചെയ്യുന്ന ക്രിമിനലുകളെ തേടിപ്പിടിച്ച് നിയമത്തിന്റെ മുന്നിലെത്തിക്കുകയും അവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുകയുമാണ് വേണ്ടത്.
പത്ര-ദൃശ്യമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ വന്നാല്‍ അത് ബോധ്യപ്പെടുന്നനിമിഷം തിരുത്താന്‍ ബന്ധപ്പെട്ട മാധ്യമങ്ങള്‍ തയ്യാറാവാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയകളിലെ വാര്‍ത്തകളാവട്ടെ ഒരിക്കലും തിരുത്തപ്പെടാറില്ല എന്നതാണ് വാസ്തവം.
മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിന്റെ നിര്യാണത്തെ തുടര്‍ന്ന് ചില ടെലിവിഷന്‍ ചാനലുകളിലും പത്രമാധ്യമങ്ങളിലും അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങളുടേതായിവന്ന ഒരു ചിത്രം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണെന്ന് ബോധ്യമായതോടെ അക്കാര്യം സമ്മതിച്ച് ക്ഷമാപണം നടത്താന്‍ ചില മാധ്യമങ്ങളെങ്കിലും തയ്യാറായി. എന്നാല്‍ ആ ചിത്രം വ്യാപകമായി ഷെയര്‍ ചെയ്ത സോഷ്യല്‍ മീഡിയകള്‍ മൗനം പൂണ്ടത് ആശാവഹമല്ലെന്ന കാര്യം നാമറിയണം.
മനസ്സാക്ഷിയെ നടുക്കിയ മറ്റൊരു വ്യാജ ദുരന്തവാര്‍ത്തകൂടി സോഷ്യല്‍ മീഡിയകളില്‍ ഈയിടെയായി പ്രചരിച്ചുവരികയാണ്. എയര്‍പോര്‍ട്ടിലെ ഒരു ജീവനക്കാരന്‍ വിമാനത്തിന്റെ ടര്‍ബെയിനില്‍ കുടുങ്ങി മാംസക്കഷണങ്ങളായി ചിന്നിച്ചിതറുന്ന ചിത്രവും വീഡിയോയുമാണ് കഴിഞ്ഞ ഒരാഴ്ച വ്യാപകമായി കൈമാറ്റം ചെയ്യപ്പെട്ടത്. ഗള്‍ഫിലെ ഒരു എയര്‍പോര്‍ട്ടില്‍ നടന്ന സംഭവം എന്ന രീതിയിലാണ് ആദ്യം വാര്‍ത്ത പ്രചരിച്ചത്. പിന്നീടിത് ടെക്‌സാല്‍ എല്‍-പാസോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വീഡിയോ ആയി മാറി. എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലായെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
വാര്‍ത്ത വ്യാജമാണെന്നും ചെയ്യുന്നത് നീതിക്ക് നിരക്കാത്തതാണെന്നും അറിഞ്ഞുകൊണ്ട് തന്നെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന നികൃഷ്ട ജീവികള്‍ തങ്ങളുടെ ചെയ്തികള്‍ പരിപോഷിപ്പിക്കാനുളള ഏറ്റവും നല്ല വിളനിലമായി തന്നെ സോഷ്യല്‍ മീഡിയകളെ കാണുന്നുവെന്നതാണ് വസ്തുത.
ആരോടെങ്കിലുമുള്ള വൈരാഗ്യത ഫോട്ടോഷോപ്പ് വഴി ഡിസൈന്‍ ചെയ്തും മറ്റും വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നതിലൂടെ തീര്‍ത്തുകളയാമെന്ന തീരുമാനത്തോടെയുളള ചെയ്തികളെയും സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് ആശങ്കാകുലരാക്കി ആനന്ദം കണ്ടെത്തുന്ന സാമൂഹ്യദ്രോഹ പ്രവണതകളെയും ക്രിമിനല്‍ കുറ്റമായി തന്നെ കണ്ട് ഇത്തരക്കാരെ ജയിലിലടക്കാന്‍ അധികാരികള്‍ തയ്യാറാവേണ്ടിയിരിക്കുന്നു. അതിന്റെ ആദ്യപടിയെന്നോണം നാം വ്യാജപ്രചാരണങ്ങളില്‍ വീഴാതെ അസത്യവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി അധികൃതര്‍ക്ക് വിവരം കൈമാറേണ്ടതുണ്ട്. സത്യമായ വാര്‍ത്തകള്‍ അറിയാനുള്ള അവകാശത്തെ സംരക്ഷിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.
Rashid Manikoth
writterOther Articles